പൂമുഖം LITERATUREകഥ ഗൈഡ്

കംബോഡിയയിലെ പ്നോം പെൻ സിറ്റി അന്താരാഷ്ട്ര വിമാനത്തവളത്തിൽ ഞങ്ങളെയും കാത്ത് ഒരു പ്ലാസ്റ്റിക് ബോർഡും പേറി ഒരാൾ.
ഒറ്റ നോട്ടത്തിൽ പഴയ ചൈനീസ് നേതാവ് ചൗ എൻ ലായി യുടെ വിശാലമായ ചിരിയും, രൂപവും.
കുറുകിയ ശരീരത്തിൽ ഓളം വെട്ടുന്ന ലൂസായ പാൻ്റും ഷർട്ടും.
തലയിൽ ഫിദൽ തൊപ്പി.

ലക്ഷ്വറി കോച്ചിൻ്റെ ലഗേജ് ഡക്കിൽ ബാഗുകൾ കയറ്റി, ശീതീകരിച്ച ബസ്സിലെ സീറ്റുകളിൽ ഞങ്ങൾ നടു നിവർത്തി.
മൈക്കിലൂടെയുള്ള അയാളുടെ തെളിമയാർന്ന ശബ്ദം അറിയിച്ചത് ‘ദങ് ‘ എന്നാണ് തൻ്റെ വിളിപ്പേര് എന്നാണ്.
നല്ല ഇംഗ്ലീഷിൽ അയാൾ ഉരുവിട്ട ഓരോ വാക്കും ഞങ്ങൾക്ക് സ്പഷ്ടമായി കേൾക്കാം.
കംബോഡിയയുടെ ചരിത്രവും, ഭൂമി ശാസ്ത്രവും, ഭാഷയും, കലകളും, പാരമ്പര്യവും ഒഴുക്കുള്ള ഒരു ക്ലാസുപോലെ ഞങ്ങളുടെ പ്രജ്ഞയിലേക്ക്.

ദങ് ഞങ്ങൾ കണ്ട സാധാരണ ഗൈഡുകളിൽ നിന്നും തികച്ചും വ്യത്യസ്തൻ. അയാളുടെ വാക് ധോരണി നിമിഷ നേരത്തിനുള്ളിൽ ബസ്സിനെ ഒരു നിലവാരമുള്ള പ്രസംഗവേദിയാക്കി.
വൈകീട്ടാണ് ഹോട്ടലിൽ ചെക്ക് ഇൻ. അതുവരെ മുൻനിശ്ചയപ്രകാരം സന്ദർശനങ്ങൾ. ദങിൻ്റെ ഭാഷയിൽ മഴയില്ലാത്ത അന്ന് സഞ്ചാരികൾക്ക് ഒരു നല്ലദിവസം.

ചൈനയുടെയും, വിയറ്റ്നാമിൻ്റെയും, കംബോഡിയയുടെയും ഹൃദയരേഖപോലെ മൂന്ന് രാജ്യങ്ങളിലൂടെയും ഒഴുകുന്ന ടോൺലി സാപ് നദിയിലൂടെ ബോട്ടിങ്ങും,
റോയൽ പാലസിലെ സിൽവർ പഹോദയും, ത്രോണ്ഹോളും, 1373 എഡിയിൽ പണിത വാട്ട് ഫ്‌നോം എന്ന ബുദ്ധ ദേവാലയവും, ആസ്വദിച്ചു കഴിഞ്ഞപ്പോൾ സമയം ഉച്ച.

“ആഹാരത്തിന് ശേഷം നമ്മുടെ സവാരി ട്യൂ യോൾ സെങ് മ്യൂസിയത്തിൽ “
അത് പറയുമ്പോൾ വാചാലനായ ദങിൻ്റെ കണ്ണുകൾ ഒരു പ്രവാചകൻ്റെത് എന്നപോലെ ഞങ്ങളുടെ ഓരോരുത്തരുടെയും കണ്ണുകളിലേക്ക് ഉറ്റുനോക്കുന്നുണ്ടായിരുന്നു. അതുവരെ കണ്ട കാഴ്ചകൾ പോലെ മറ്റൊന്ന് എന്നു മാത്രമേ ഞങ്ങൾ അപ്പോൾ ആ യാത്രയെ കണക്കാക്കിയുള്ളൂ. ലഞ്ചിന് ശേഷം സാമാന്യം നീണ്ട യാത്രക്ക് ശേഷമാണ് ട്യൂ യോൾ സെങ് മ്യൂസിയത്തിലേക്ക് ബസ്സ് എത്തിയത്.മൈക്കിലൂടെ ദങ് തൻ്റെ അനർഗ്ഗളമായ സംഭാഷണം തുടർന്നു.

‘1975 മുതൽ 1978 അവസാനം വരെ, ഉദ്ദേശം മൂന്ന് വർഷവും എട്ടുമാസവും കംബോഡിയ ഭരിച്ച ഏകാധിപതി പോൾപോട്ടിൻ്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിളിപ്പേരാണ് ഖമർ റൂഷ്. അവരുടെ ഭരണ കാലത്തിനുള്ളിൽ ഇരുപത് ലക്ഷത്തിലേറെ ജനങ്ങളെ ബൂർഷ്വാസിയെന്നും ബൂർഷ്വാസികളുടെ കുഴലൂത്തുകാരെന്നും മുദ്രകുത്തി അവർ കൊന്നു കളഞ്ഞു. അതായത് കൊലചെയ്യപ്പെട്ടത് കംബോഡിയയുടെ മൊത്തം ജനസംഖ്യയുടെ അഞ്ചിൽ ഒന്ന്.
ലക്ഷക്കണക്കിന് ആളുകൾ തായ് ലാൻ്റിലേക്ക് പാലായനം ചെയ്തു.
ബൂർഷ്വകളെയും, അവരുടെ കുഴലൂത്തുകാരെയും ,ബുദ്ധിജീവികളെയും, പ്രൊഫഷണലുകളെയും, ഉന്നത വിദ്യാഭ്യാസവിചക്ഷണരേയും മറ്റും ഉന്മൂലനം ചെയ്യുക എന്ന ചൈനീസ് വിപ്ലവ രീതി പോൾപോട്ട് കംബോഡിയയിൽ നടപ്പിലാക്കി.
ഖമർ വാസ്തുവിദ്യ നിറഞ്ഞുനിന്ന ബുദ്ധ ക്ഷേത്രങ്ങൾ ഒന്നാകെ അവർ ഇടിച്ചു നിരത്തി. 1978 ൽ വിയറ്റ്നാം കംബോഡിയ ആക്രമിച്ച് കീഴടക്കിയതിന് ശേഷം മാത്രമേ പോൾപോട്ടിൻ്റെ കിരാതവാഴ്ച അവസാനിച്ചുള്ളൂ. പക്ഷേ, ഭരണത്തിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പെ പോൾപോട്ട് പ്രധാന തെളിവുകൾ പലതും നശിപ്പിച്ചിരുന്നു.

ദങിൻ്റെ വാക്കുകൾ ഞങ്ങളെ സ്തബ്ധ രാക്കി . ബസ്സിൽ നിന്നും പുറത്തുവന്ന ഞങ്ങൾ മുൻപിൽ കണ്ടത് ഏക്കറുകൾ വരുന്ന കോമ്പൗണ്ടിൽ ഒരു വലിയ ഹൈ സ്കൂൾ മന്ദിരം.
ദങ് തുടർന്നു.
‘പോൾപോട്ടിൻെറ എസ് 21 എന്ന പീഡന കേന്ദ്രം പ്രവർത്തിച്ചിരുന്നത് ഇവിടെ.
ഇതിൻ്റെ പഴയ പേര് ടൂ വോൾ സ്വെ പ്രേ ഹൈസ്കൂൾ. ഇവിടെ മാത്രം 12,000 ൽ അധികം തടവുകാർ നരകയാതന അനുഭവിച്ച് മൃഗീയമായി കൊല്ലപ്പെട്ടു.
പോൾപോട്ടിൻെറ കാലത്ത് സ്വകാര്യ സ്വത്തും, മതങ്ങളും, പാഠ്യപദ്ധതിയും മറ്റും നിരോധിക്കപ്പെട്ടു.
കംബോഡിയക്കാർ കൃഷിയല്ലാതെ മറ്റൊന്നും ചെയ്യരുത് എന്നയാൾ കൽപ്പന പുറപ്പെടുവിച്ചു. കൃഷിപ്പണി അറിയാത്തവരെക്കൊണ്ട് നിർബന്ധപൂർവ്വം കൃഷിപ്പണി ചെയ്യിച്ചു.
ജനങ്ങളെ കൊല്ലാൻ പോലുമുള്ള അധികാരം പാർട്ടി അണികൾക്കും, രഹസ്യ പോലീസിനും കൈവന്നു.
ജനങ്ങൾ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ കിടന്ന് പിടഞ്ഞ് മരിച്ചു.
വെടിവച്ചും, പട്ടിണിക്കിട്ടും, തലയിൽ ചുറ്റിക കൊണ്ട് അടിച്ചും കൊന്നതിന് ശേഷം അവരെ ഒരുമിച്ച് കുഴിച്ചുമൂടി.
ചുറ്റിക കൊണ്ട് തലക്ക് അടിച്ച് കൊന്നത് കുട്ടികളെ. അതും അവരുടെ മാതാപിതാക്കളുടെ കണ്മുൻപിൽ വച്ച്.
കൊല നടത്താൻ ഉപയോഗിച്ചിരുന്ന സ്ഥലങ്ങൾ ചരിത്ര ഏടുകളിൽ ഇന്നും അറിയപ്പെടുന്നത് കില്ലിങ്ങ് ഫീൽഡ്സ് അഥവാ കൊലനിലങ്ങൾ എന്നാണ്.
കൊന്നവരിൽ സാമൂഹ്യമായും, സാംസ്കാരികമായും, സാഹിത്യപരമായും, കലാപരമായും, മതപരമായും, വിദ്യാഭ്യാസപരമായും, സാമ്പത്തികമായും, ഉന്നത ശ്രേണിയിൽ ഉള്ളവരും, അവരുടെ ബന്ധുക്കളും, കൂട്ടുകാരും, മറ്റും ഉണ്ടായിരുന്നു. കോൺസെൻട്രേഷൻ ക്യാമ്പുകളും, ജയിലുകളും ആക്കി മാറ്റിയ ക്ലാസ് മുറികൾ ഞങ്ങൾ നേരിട്ടുകണ്ടു. ഇരുമ്പ് കട്ടിലുകളിൽ ചങ്ങലകളാൽ ബന്ധിച്ച് പൈശാചിക പീഡനം നടത്തിയതിൻ്റെ അവശിഷ്ടങ്ങൾ അങ്ങിനെതന്നെ സൂക്ഷിച്ചിട്ടുള്ളത് ദങ് ഞങ്ങൾക്ക് കാട്ടിത്തന്നു.
ഒരു ചെറിയ ക്ലാസ്സ് മുറിയിൽ പന്ത്രണ്ട് ചെറിയ ജയിലറകൾ ഒരുക്കിയിരിക്കുന്നത് പട്ടിണിക്കിട്ട് കൊല്ലേണ്ട തടവുകാർക്ക് വേണ്ടിയായിരുന്നുവത്രെ!

അങ്ങിനെ വെടിവെപ്പും, മർദ്ദനവും, പട്ടിണിയും, ചുറ്റിക പ്രയോഗവും മൂലം 12, 000ൽ ഏറെ ജീവനുകൾ ആ സ്കൂളിൽ തന്നെ മരിച്ചുവീണു. അവിടെ കൊല്ലപ്പെട്ട അനേകരുടെ വീണ്ടെടുത്ത തലയോട്ടികൾ അവിടെ രണ്ട് ഷോ കേസ്സുകളിൽ അടുക്കി വെച്ചിരിക്കുന്ന കാഴ്ചകണ്ട് ഞങ്ങൾ എല്ലാവരും സ്തബ്ധരായി.

ഏകാധിപത്യം എത് നിറത്തിലും, ഭാവത്തിലും എതിർക്കപ്പെടേണ്ടതാണ്.
കേന്ദ്രീകൃത ജനാധിപത്യം എന്ന ഓമനപ്പേരിൽ അവർ ഒരുക്കുക ഏകാധിപത്യം.
പാർട്ടിചട്ടക്കൂടിൽ ഏകാധിപതിയുടെ ചുറ്റും അയാളുടെ എന്ത് അതിക്രമത്തിനും പരിചയായി വർത്തിക്കുന്ന പ്രവർത്തകർ. അവർ സ്വന്തം അഭിപ്രായം പറയാൻ ഭയപ്പെടുന്ന വെറും പന്നിക്കൂട്ടങ്ങൾ. ലെനിനിസ്റ്റ് തിയറിഎല്ലാം പ്രയോഗത്തിൽ പൂർണ്ണമായി വളച്ചൊടിക്കപ്പെടും.

ഇതെല്ലാം ഉറക്കെ എല്ലാവരോടുമായി വിശദമാക്കുന്നതിനിടയിൽ ദങിൻ്റെ ശബ്ദം അടിക്കടി വിറക്കുന്നുണ്ടായിരുന്നു. ഷോ കേസ്സുകളിൽ നിറച്ചിരിക്കുന്ന തലയോട്ടികൾക്ക് മുമ്പിൽ ദങ്, ഞങ്ങൾ ചുറ്റുമുണ്ട് എന്ന സത്യം മറന്ന്, പ്രാർത്ഥനാ നിരതനായി കൈകൂപ്പി നിന്നു.
അയാളുടെ കണ്ണുകളിൽ കണ്ണുനീർ തളം കെട്ടി.

ഡിജിറ്റൽ വര : വർഷ മേനോൻ

മോട്ടുസൂചിയുടെ വീഴ്ച്ച പോലും ശബ്ദായമാനമാക്കുന്ന നിശബ്ദതയിൽ ഞങ്ങൾ ആ ഇരുണ്ട ചരിത്ര സ്മാരകങ്ങൾ ഓരോന്നും വീഡിയോയിൽ പകർത്തി.
തിരിച്ച് ബസ്സിൽ കയറിയപ്പോൾ ദങ് ഇരുന്നത് എൻ്റെ തൊട്ടടുത്ത സീറ്റിൽ.
ചിന്താവിഷ്ടനായ ദങിനെ സമാധാനിപ്പിക്കാനായി ഞാൻ പറഞ്ഞു, ” പോൾപോട്ടിൻെറ ഭരണം മൂന്ന് വർഷം കൊണ്ട് അവസാനിച്ചല്ലോ, ഭാഗ്യം”

ദങ് എൻ്റെ കണ്ണിലേക്ക് ഉറ്റുനോക്കി. എന്നിട്ട് പറഞ്ഞു,

” എൻ്റെ അച്ഛൻ അന്ന് കമ്പൂച്ചിയ സർവ്വകലാശാലയിൽ ചരിത്രാദ്ധ്യാപകൻ.
അന്ന് എനിക്ക് മൂന്നു വയസ്സ്. അച്ഛൻ്റെയും അമ്മയുടെയും വിവാഹം കഴിഞ്ഞ് നാലുവർഷം.
അമ്മയുടെ ഒരു സ്നേഹിതയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എന്നെയും കൂട്ടി അമ്മ ഗ്രാമത്തിലേക്ക് പോയ ദിവസം. അന്നാണ് അച്ഛനെ പോൾപോട്ടിൻെറ പോലീസ് പട്ടണത്തിലെ ഞങ്ങളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
ബൂർഷ്വാസിയുടെ കുഴലൂത്തുകാരൻ എന്നതാണ് അവർ അച്ഛന് നൽകിയ മുദ്ര.
അറസ്റ്റിനോടൊപ്പം അവർ വീട് ഗവൺമെൻ്റിലേക്ക് കണ്ടുകെട്ടി. പിന്നീട് അവർ അത് പൊളിച്ച് ഒരു വഴി പണിതു.
ഇനിയാരും കംബോഡിയയുടെ യഥാർത്ഥ ചരിത്രം പഠിപ്പിക്കാൻ ഉണ്ടാകരുത് എന്നതായിരുന്നു അവരുടെ വാശി.
അച്ഛനെ താമസിപ്പിച്ചിരുന്നത് ഈ കോൺസെൻട്രേഷൻ ക്യാമ്പിൽ.
അവർ അദ്ദേഹത്തെ ഇവിടെ വച്ച് ഇഞ്ചിഞ്ചായി കൊന്നു.
കൊലചെയ്യപ്പെട്ടു കുഴിച്ചുമൂടിയവരുടെ കൂട്ടത്തിൽ അച്ഛനും.
വീണ്ടെടുക്കപ്പെട്ട് അലമാരിയിൽ വച്ചിട്ടുള്ള തലയോട്ടികളിൽ ഒന്ന് ഒരുപക്ഷേ, അച്ഛൻ്റേതാകാം.
തുടർന്നുള്ള ഞങ്ങളുടെ ജീവിതം സഹനങ്ങളുടെ നടുവിലൂടെ.
നല്ല വിദ്യാർത്ഥി ആയിരുന്നു എങ്കിലും എൻ്റെ വിദ്യാഭ്യാസം മുടങ്ങി.
എങ്കിലും നാളിതുവരെ ഒരു ടൂർ ഗൈഡ് ആയി ഞാൻ കുടുംബം പോറ്റി.
ഭാര്യയും, രണ്ട് മക്കളും, അമ്മയും ചേർന്നതാണ് എൻ്റെ ചെറിയ കുടുംബം.
ആഴ്ചയിൽ ഒരിക്കലെങ്കിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ എത്തുന്ന സഞ്ചാരികളോട് നടന്ന ചരിത്ര സത്യം വിശദീകരിച്ചുകൊണ്ട് ഞാൻ ഈ മ്യൂസിയത്തിൽ എത്തും.
ചരിത്രം വിശദമാക്കുമ്പോൾ ഞാൻ മാനസികമായി അച്ഛനെപ്പോലെ ഒരു ചരിത്രാദ്ധ്യാപകനാകും.
ബസ്സ് ഞാൻ എൻ്റെ ക്ലാസ്സ് റൂമാക്കും.
ഭൂഗോളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവർ എൻ്റെ ശ്രോതാക്കൾ.
വീണ്ടും വീണ്ടും ഈ മ്യൂസിയത്തിൽ എത്തുമ്പോൾ ഞാൻ അച്ഛന് സമീപം എത്തിയതുപോലെ.
അച്ഛനുവേണ്ടി ചരിത്ര സത്യങ്ങൾ ഞാൻ നിരന്തരം വിളിച്ചു പറയുന്നു എന്ന കാര്യം അദ്ദേഹത്തെ ഞാൻ മൗനിയായി അറിയിച്ചു കൊണ്ടേയിരിക്കും.”

ദങ് പറഞ്ഞു നിർത്തി.

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.