പൂമുഖം രാഷ്ട്രീയം കലാകാരന്റെ സാമൂഹിക ഉത്തരവാദിത്തം?

കലാകാരന്റെ സാമൂഹിക ഉത്തരവാദിത്തം?

സെൻസർ സർട്ടിഫിക്കറ്റ് നേടി തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമയാണ് എമ്പുരാൻ. രണ്ടുദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഈ സിനിമ കയറി എന്നതുതന്നെ ഇതിന്റെ ജനപ്രീതിയാണ് കാണിക്കുന്നത്. അതിൽ പ്രതിപാദിച്ചിരിക്കുന്ന ഗുജറാത്ത് കലാപവും കൂട്ട ബലാൽസംഗവും കെട്ടുകഥയല്ല. നാമെല്ലാം ജീവിച്ചിരിക്കുന്ന കാലത്ത് നടന്ന ദുരന്തമാണ്. എന്നാൽ ചില വർഗ്ഗീയശക്തികൾക്ക് അതത്ര സുഖിച്ചില്ല. അതേ ശക്തികൾ ഭരിക്കുന്ന ഇന്ത്യയിൽ ഇങ്ങനെയൊക്കെ സിനിമ ഇറക്കാൻ “ഇവ്വളവ് ധൈര്യമാ?” എന്ന മട്ടിൽ കുറെ കൂലിപട്ടാളങ്ങൾക്ക് ഹാലിളകി. പിന്നെ നാം കാണുന്നത് സെൻസർ ബോർഡോ കോടതിയോ മറ്റ് അധികാരികളോ ആവശ്യപ്പെടാതെ തന്നെ വിവാദപരാമർശങ്ങൾ ഒഴിവാക്കാൻ സിനിമയുടെ നിർമ്മാതാക്കൾ മുന്നിട്ടിറങ്ങുന്ന വിചിത്ര കാഴ്ചയാണ്. പ്രബുദ്ധമെന്ന് നാം നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്ന കേരളത്തിലാണ് ഇതെല്ലം നടക്കുന്നതെന്ന് ആലോചിക്കുമ്പോൾ ദുഖവും കോപവും തോന്നുന്നു.

ഇതിനെല്ലാം മകുടം ചാർത്തുന്നതായി മോഹൻലാലിൻറെ അനാവശ്യ പ്രസ്താവന. അത് ഞാൻ വീണ്ടും വായിക്കുകയായിരുന്നു. എത്ര അപകടകരമാണ് അദ്ദേഹത്തിന്റെ വാക്കുകൾ എന്ന് നോക്കൂ.

(1) “ഒരു കലാകാരൻ എന്ന നിലയിൽ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തിനോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്.” മോഹൻലാൽ പറയുന്നു. അതായത്, ഗോധ്ര ട്രെയിൻ തീപിടിത്തത്തെ പിന്തുടർന്ന് ഗുജറാത്തിൽ മുസ്ലിംകൾക്ക് നേരെ ആക്രമണവും കൂട്ട ബലാൽസംഗവും (ബിൽക്കിസ് ബാനു ഉൾപ്പെടെ) നടത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് അദ്ദേഹത്തിന്റെ കടമയാണെന്ന്! എങ്ങനെയുണ്ട്!

(2) “എന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്.” ആരാണ് മോഹൻലാലിൻറെ ഈ പ്രിയപ്പെട്ടവർ? എന്റെ അറിവിൽ എമ്പുരാൻ സിനിമയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലും സംഘപരിവാർ പ്രസിദ്ധീകരണമായ Organizer-ലും കുറെ എതിർപ്പുകൾ വന്നതൊഴിച്ചാൽ പൊതുജനം ഈ സിനിമയെ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണുണ്ടായത്. എങ്കിൽ, സിനിമ കണ്ട ലക്ഷോപലക്ഷം പ്രേക്ഷകരോ അതോ സോഷ്യൽ മീഡിയയിൽ വിഷം വമിക്കുന്ന കുറെ സംഘപരിവാർ അനുകൂലികളോ, ആരാണ് മോഹൻലാലിൻറെ പ്രിയപ്പെട്ടവർ? അദ്ദേഹം വ്യക്തമാക്കിയാൽ കൊള്ളാം.

(3) മോഹൻലാലിൻറെ പ്രസ്താവനയിൽ ഉടനീളം പ്രകടമാകുന്ന കുറ്റബോധവും നാം കാണാതിരുന്നുകൂടാ.

ആവിഷ്കാരസ്വാതന്ത്ര്യം കുപ്പത്തൊട്ടിയിൽ.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like