പൂമുഖം LITERATUREലേഖനം ആർ എസ് എസ് – പ്രത്യയശാസ്ത്രപരമായ ജഡത്വത്തിന്റെ 100 വർഷങ്ങൾ

ആർ എസ് എസ് – പ്രത്യയശാസ്ത്രപരമായ ജഡത്വത്തിന്റെ 100 വർഷങ്ങൾ

ആർ‌ എസ്‌ എസ് അതിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ആർ എസ്സ് എസ്സിന്റെ അപദാനങ്ങൾ പാടി നടന്ന ദിവസങ്ങളാണ് കടന്നുപോയത്. എന്നാൽ അതിന്റെ സ്ഥാപനത്തിന്റെ പശ്ചാത്തലം എന്തായിരുന്നു? അതിന്റെ ആശയങ്ങളുടെ ഉറവിടം എന്താണ്? ഇത് മനസ്സിലാക്കിയാൽ, 100 വർഷത്തെ അവരുടെ യാത്രയുടെ ഉള്ളുകള്ളികൾ മനസ്സിലാക്കാൻ സാധിക്കും.

1885 ൽ ആണ് W.O. Hume എന്ന ബ്രിട്ടീഷുകാരന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിതമാവുന്നത്. അധികം താമസിയാതെ (20 വർഷങ്ങൾക്കപ്പുറം) 1906-ൽ മുസ്ലിം ലീഗും സ്ഥാപിതമായി. കോൺഗ്രസ്സ് ബ്രിട്ടീഷുകാർ സൃഷ്ടിച്ച ഒരു സംഘടനയാണെങ്കിലും, പതിയെ അതിന്റെ നേതൃത്വം ഗോഖലെ, റാനഡെ, തിലക് തുടങ്ങിയ വ്യക്തികളുടെ കൈകളിലായി. താമസം വിനാ അത് സൃഷ്ടാക്കളായ ബ്രിട്ടീഷുകാർക്കെതിരെ സമരം തുടങ്ങി. എങ്കിലും ആ സമരത്തിന് ഒരു pan-indian സ്വഭാവമോ നേതൃത്വമോ ഉണ്ടായിരുന്നില്ല. അതിന് കാരണം അന്നത്തെ ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ നിലനിൽപ്പായിരുന്നു. നൂറുകണക്കിന് നാട്ടുരാജ്യങ്ങളുടെ ഒരു ശ്രുംഖല, നിരവധി ഭാഷകൾ, മതങ്ങൾ, പ്രാദേശിക വകഭേദങ്ങൾ, എന്നിങ്ങനെ നിരവധി ഘടകങ്ങൾ ബ്രിട്ടീഷേതര സമരങ്ങൾ ഇന്ത്യയൊട്ടാകെ വ്യാപിക്കുന്നതിന് തടസ്സം നിന്നു. ഇത്രമാത്രം വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഭൂപ്രദേശത്തിനെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നത് കോൺഗ്രസിന് അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട് അന്നത്തെ യൂറോപ്പിനെയും മറ്റ് പല നാഗരികതകളെയും അനുകരിച്ച് മതത്തെയും വംശീയ സ്വത്വത്തെയും അടിസ്ഥാനമാക്കി സമരമുറകൾ സ്വീകരിക്കുക എന്ന തന്ത്രമാണ് അന്നത്തെ കോൺഗ്രസ്സ് നേതൃത്വവും എടുത്തത്. അന്ന് കോൺഗ്രസ്സിന്റെ തലപ്പത്തുണ്ടായിരുന്ന ബാൽ, പാൽ, ലാൽ എന്നീ ത്രയങ്ങൾ ഹിന്ദു ചിഹ്നങ്ങൾക്ക് ചുറ്റും ഹിന്ദുക്കളെ സംഘടിപ്പിക്കുക എന്ന രീതി അവലംബിച്ചു. മഹാരാഷ്ട്രയിൽ ബാൽ (തിലക്) ന്റെ ഗണേശ പന്തലുകൾ, ബംഗാളിൽ പാൽ (ബിപിൻ ചന്ദ്ര) യുടെ ദുർഗ്ഗ പന്തലുകൾ, പഞ്ചാബിൽ ലാൽ (ലജ്പത് റായ്) യുടെ പ്രാദേശിക ഹിന്ദു സഭകൾ എന്നിങ്ങനെ പോയി സമരത്തിന്റെ ഉറവിടങ്ങൾ.

അതുവഴി ഈ നേതാക്കൾ ഇന്ത്യൻ ദേശീയതയ്ക്ക് ഒരു നിർവചനം സൃഷ്ടിക്കുകയായിരുന്നു. മുസ്ലീം ലീഗ് ഒരു മുസ്ലീം പ്രസ്ഥാനമായി മാറിയപ്പോൾ, കോൺഗ്രസ് ഹിന്ദു പ്രസ്ഥാനത്തിലേക്ക് നീങ്ങുന്നതാണ് പിന്നീട് കണ്ടത്.

1910 ലെ കോൺഗ്രസിൽ, ഈ പ്രാദേശിക ഹിന്ദു സഭകളുടെ മാതൃകയിൽ രാജ്യവ്യാപകമായി ഒരു “ഹിന്ദു മഹാസഭ” രൂപീകരിക്കാൻ മദൻ മോഹൻ മാളവ്യ നിർദ്ദേശിച്ചു. എന്നാൽ ഈ നിർദ്ദേശം പരാജയപ്പെടുകയാണുണ്ടായത്. 1915 ൽ ഗാന്ധിജി സൗത്ത് ആഫ്രിക്കയിലെ തന്റെ താമസം മതിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി. ഉജ്വലമായ വരവേൽപ്പാണ് അദ്ദേഹത്തിന് മുംബൈയിൽ (അന്നത്തെ ബോംബെ) ലഭിച്ചത്. ഗാന്ധിജിയുടെ വരവോടുകൂടി കോൺഗ്രസ്സിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും ഗതി മാറി. 1924-ൽ ഗാന്ധിജി കോൺഗ്രസിന്റെ പ്രസിഡന്റായി. ഗാന്ധിജിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് അതിന്റെ ഹിന്ദു കുപ്പായങ്ങൾ ഒന്നൊന്നായി അഴിച്ചുമാറ്റാൻ തുടങ്ങി. ഹിന്ദുവിന്റെ സ്ഥാനത്ത് “ഇന്ത്യൻ” എന്ന ആശയം കയറിപ്പറ്റി. ഗാന്ധിജിയുടെ തുടർന്നുള്ള സമരരീതികൾ ഹിന്ദുമതചിഹ്നങ്ങളെ പാടെ ഉപേക്ഷിച്ചു. പകരം, ഹിന്ദു ദേശീയവാദികളെ നേരിടാൻ രാമനെയും രാമരാജ്യത്തെയും വളരെ വിദഗ്ധമായി ആത്മീയതലത്തിൽ പ്രതിഷ്ഠിച്ചു. അതേസമയം തൊഴിലാളികൾ (അഹമ്മദാബാദ് മിൽ പ്രസ്ഥാനം), കർഷകർ (ചമ്പാരൻ), ന്യൂനപക്ഷങ്ങൾ (ഖിലാഫത്ത് പ്രസ്ഥാനം), ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനം (നിസ്സഹകരണ പ്രസ്ഥാനം) എന്നീ മതനിരപേക്ഷ കൂട്ടായ്മയുടെ അടിസ്ഥാനത്തിൽ അദ്ദേഹം ദേശീയ പ്രസ്ഥാനത്തെ നിർവചിച്ചു. കോൺഗ്രസ് അദ്ദേഹത്തിന്റെ നയങ്ങൾ പൂർണ്ണമായും പിന്തുണച്ചു. ഹിന്ദു-മുസ്ലീം ഐക്യം, ഭരണഘടന, പ്രാതിനിധ്യം എന്നിവയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടായിത്തുടങ്ങി.

കോൺഗ്രസ്സിൽ മുസ്ലീങ്ങൾക്ക് ഇടം നൽകുന്നതും മതനിരപേക്ഷനിലപാട് സ്വീകരിക്കുന്നതും മോശമായ കാര്യമായിട്ടായിരുന്നു കോൺഗ്രസ്സിലെ ഹിന്ദുരാഷ്ട്രവാദികൾ കരുതിയിരുന്നത്. പക്ഷെ അപ്പോഴേയ്ക്കും കോൺഗ്രസ്സ് സംഘടന ഹിന്ദു ദേശീയവാദികളുടെയും ചിത്പവന്മാരുടെയും (ഗോഖലെ, റാനഡെ, തിലക്) കൈകളിൽ നിന്ന് വഴുതിപ്പോയിരുന്നു. അങ്ങനെ, ഈ അസംതൃപ്തരായ വ്യക്തികൾ കോൺഗ്രസ് വിടുന്നതിനെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി. സംസ്ഥാന സെക്രട്ടറിയും കോൺഗ്രസിലെ ഒരു പരിചയസമ്പന്നനുമായ ഹെഡ്‌ഗേവാർ തന്റെ ആളുകൾക്കിടയിൽ ചർച്ചകൾക്ക് തുടക്കമിട്ടു. ഈ സമയമായപ്പോഴേക്കും സവർക്കർ ജയിലിൽ നിന്ന് മോചിതനായിരുന്നു. തിലകന്റെ ശിഷ്യൻ മുൻജെ ഇരുവർക്കും ഇടയിലുള്ള ഒരു പാലമായി മാറി. ഒരു പുതിയ സംഘടനയുടെ രൂപരേഖ ഉരുത്തിരിയാൻ തുടങ്ങി.

വാസ്തവത്തിൽ 1924 ൽ ആർ‌എസ്‌എസ് രൂപീകരിക്കപ്പെട്ടിട്ടില്ല. ആ വർഷം ഒരൊറ്റ മീറ്റിംഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് വർഷത്തെ നിഷ്‌ക്രിയത്വത്തിന് ശേഷം, 1926-ൽ ഹിന്ദുദേശീയവാദികൾ വീണ്ടും കണ്ടുമുട്ടി. പുതിയ സംഘടനയ്ക്ക് ഉതകുന്ന പേര് കണ്ടെത്തുന്ന ജോലിയിൽ മുഴുകി. പല പേരുകളും ഉയർന്നുവന്നു – സാരി പതാക മണ്ഡൽ, ഹിന്ദു സേവക് സംഘം, ഭാരത് ഉദ്ധാരക് മണ്ഡൽ, മുതലായവ. 1926-ൽ, അതെല്ലാം വെടിഞ്ഞ് “രാഷ്ട്രീയ സ്വയംസേവക് സംഘ്” എന്ന് സംഘടനയ്ക്ക് നാമകരണം ചെയ്തു. സംഘടനയുടെ പേര് തീരുമാനമായി, ഇനി അതിന്റെ പ്രത്യയശാസ്ത്രം വികസിപ്പിക്കേണ്ടതുണ്ട്. അപ്പോൾ, പ്രചോദനം എവിടെ നിന്ന് നേടണം? അതിനാൽ, വികസിത രാജ്യങ്ങളിലേക്ക് നോക്കി.

യൂറോപ്പിലേക്ക്

1924 നും 1940 നും ഇടയിൽ എഴുതിയ പുസ്തകങ്ങളിലാണ് ആർ‌എസ്‌എസിന്റെ പ്രത്യയശാസ്ത്രം പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഈ കാലയളവിൽ, ഫാസിസം വളർന്നുവരുന്ന ലോകശക്തിയായിരുന്നു, ഇറ്റലി അതിന്റെ മക്കയും, മുസോളിനി അതിന്റെ മിശിഹയുമായിരുന്നു. ഫാസിസത്തിന്റെ വിജയം പല രാജ്യങ്ങളെയും അത്ഭുതപ്പെടുത്തി. മിക്ക രാജ്യങ്ങളിലും ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾ ഉയർന്നുവന്നു. ഇന്ത്യയിൽ, സവർക്കറും ഗോൾവാൾക്കറും ഫാസിസത്തിന്റെ സ്വാധീനവലയത്തിൽ പെട്ടു. അതിനാൽ, അവർ എഴുതിയ എല്ലാ പ്രത്യയശാസ്ത്ര പുസ്തകങ്ങളുടെയും അടിസ്ഥാനഘടന ഈ രീതിയിൽ രൂപപ്പെട്ടു:

കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. ഇറ്റാലിയൻ ഫാസിസത്തെക്കുറിച്ചുള്ള ഫയൽ മോഷ്ടിക്കുക. ആധുനിക കമ്പ്യൂട്ടർ ഭാഷയിൽ പറഞ്ഞാൽ,

Step 1-
Open the file
1- Control A – Select All
2- Control C – Copy
3- Control N – Open New File
3- Control V – Paste
4- Control S – Save as “Hindutva”

Step 2- Control H – Find and Replace

A- Find Italy – Change with India
B- Find Roman Pride – Change with Indian Pride
4- Find Jews – Change with Muslims

എന്തായാലും, മാഗി നൂഡിൽസിനേക്കാൾ വേഗത്തിൽ ഇന്ത്യൻ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം സൃഷ്ടിക്കപ്പെട്ടു. കൃഷ്ണൻ, ഗീത, ചാണക്യൻ, ഉച്ച-നീചത്വം, വഞ്ചന, സത്യസന്ധതയില്ലായ്മ, വിദ്വേഷം, സംസ്കൃത വാക്യങ്ങൾ തുടങ്ങിയ മസാലക്കൂട്ടുകൾ ചേർത്ത് ന്യൂഡിൽസിനെ കൂടുതൽ സ്വാദിഷ്ടമാക്കി ഹിന്ദുദേശീയവാദികൾക്ക് മുമ്പിൽ വിളമ്പി. അക്കാലത്ത് യൂറോപ്പിൽ, മദർ ലിബർട്ടി, മദർ ജർമ്മനിക്ക, മദർ ഇറ്റാലിയ, മദർ ബ്രിട്ടാനിക്ക, തുടങ്ങിയവ ദേശീയ ചിഹ്നങ്ങളായി പ്രചാരത്തിലുണ്ടായിരുന്നു. അവരെല്ലാം സിംഹത്തിൽ സവാരി ചെയ്തു, മൂർച്ചയുള്ള ആയുധങ്ങൾ വീശി, മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തി. ഇവിടെ ഇന്ത്യയിൽ, അബനീന്ദ്രനാഥ ടാഗോർ ഒരു ഭാരതമാതാവിനെ സൃഷ്ടിച്ചു. അവർ ദരിദ്രയും, നിരാലംബയും, ദുരിതമനുഭവിക്കുന്നവളുമായി കാണപ്പെട്ടു. അവർ ഒരു കോട്ടൺ വസ്ത്രം ധരിച്ചു, നാല് കൈകളിൽ ഒന്നിൽ ഒരു പുസ്തകവും, മറ്റൊന്നിൽ ഒരു നെല്ലുകറ്റയും, അടുത്തതിൽ ഒരു വെളുത്ത തുണിയും, പിന്നൊന്നിൽ ഒരു മത ജപമാലയും പിടിച്ചു. ഈ മാതാവ് ഒട്ടും ഭയാനകയല്ല, അതിനാൽ അത് നിരസിക്കപ്പെട്ടു. ഏറ്റവും അപകടകാരിയും, ഭയപ്പെടുത്തുന്നതുമായ ബ്രിട്ടാനിയ മാതാവ്, സാരി ധരിച്ച്, വാളിന് പകരം ഒരു ത്രിശൂലം ധരിച്ച്, ഒരു സിംഹത്തിൽ ഇരുന്നു. ഇന്ത്യയുടെ ഒരു ഭൂപടം പിന്നിൽ ഒട്ടിച്ചു. അമ്മയും തയ്യാറാണ്!!!

സംഘടനയ്ക്ക് ഒരു യൂണിഫോം ആവശ്യമായിരുന്നു. ഫാസിസ്റ്റുകളുടെ തവിട്ട് ഷർട്ട് വെള്ള പൂശി (കാരണം അത് ഇവിടുത്തെ പോലീസ് യൂണിഫോമായിരുന്നു). ഹാഫ് പാന്റ്‌സും കറുത്ത തൊപ്പിയും ബെൽറ്റും അതേപടി തുടർന്നു. ഫാസിസ്റ്റുകൾ തോക്കുകൾ കൈവശം വച്ചിരുന്നു. ഇവിടെ പക്ഷെ തോക്ക് കൈവശം വെക്കുന്നത് അത്ര എളുപ്പമല്ലാത്തതിനാൽ കുറുവടി കൈവശം വെച്ചു. കുറിപ്പുകൾ എടുക്കാൻ മൂഞ്ചെജി ഇറ്റലിയിലേക്ക് പോയി. അദ്ദേഹം മുസ്സോളിനിയെ സല്യൂട്ട് ചെയ്ത ശേഷം അയാളെ “ഇറ്റലിയിലെ ശിവജി” എന്ന് വിളിച്ച് മടങ്ങി. അങ്ങനെയാണ് ആർ‌എസ്‌എസ് സ്ഥാപിതമായത്.

1945 ൽ അപമാനിക്കപ്പെട്ട ആശയം ആഗോള ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു. അത് ചീഞ്ഞ് ദുർഗന്ധം വമിക്കുന്നതും വെറുപ്പുളവാക്കുന്നതുമായി മാറി. എന്നിട്ടും, പ്രത്യയശാസ്ത്രപരമായി, സവർക്കറുടെയും ഗോൾവാൾക്കറുടെയും പേജുകളിൽ കുടുങ്ങിയ ആളുകൾ അതേ ചിന്തയെയും ചിഹ്നങ്ങളെയും സ്വന്തം അജ്ഞതയെയും ഈ ആധുനികകാലത്തും ആഘോഷിക്കുകയാണ്. 1940 മുതൽ അവരുടെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആ അജ്ഞത അവർ നാണയങ്ങളിൽ അച്ചടിക്കുകയാണ്. മുസോളിനി ശൈലിയിലുള്ള യൂണിഫോമും മുസ്സോളിനി തൊപ്പിയും ധരിച്ച മൂന്ന് മൂഢർ ഇന്ത്യൻ ഫാൻസി വസ്ത്രം ധരിച്ച മദർ ബ്രിട്ടന് ഫാസിസ്റ്റ് സല്യൂട്ട് നൽകുന്നതായി ഈ നാണയങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നു. അമ്മയുടെ കൈയിൽ ഒരു ത്രിവർണ്ണ പതാക പോലുമില്ല. 

ഹേ റാം!

കവർ: സുധീർ എം എ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.