ആദ്യമായ്
നാട്ടിൽ പോയപ്പോൾ
കാണാത്ത മകൾക്കായ്
കൊണ്ടുപോയ
നീലക്കണ്ണുകളുള്ള പാവക്കുട്ടി
ഇപ്പോഴും
വീട്ടിലെ ചില്ലലമാരിക്കുള്ളിലുണ്ട്
കണ്ണുകളിലെ സ്ഫടിക നീലിമ മങ്ങാതെ
ചുണ്ടിലെ ഇളം പുഞ്ചിരി മായാതെ
ഓരോ അവധിക്കാലത്തും
വെറുതെ
അതിനെയെടുത്ത് താലോലിക്കും
ഒട്ടും വളരാത്ത
അതിന്റെ സ്വർണ്ണ മുടിയിൽ തലോടും
കുഞ്ഞിക്കാലുകളിലെ
കൊലുസുകളിൽ താളമിടും
എത്ര കാലം കഴിഞ്ഞു,
ആ പാവക്കുട്ടി വലുതായില്ല
ഇനിയൊരു നാൾ
പ്രവാസത്തിന്റെ പടിയിറങ്ങി
വീട്ടിലേക്ക് മടങ്ങിചെല്ലുമ്പോഴും
അത് അവിടെത്തന്നെയുണ്ടായിരിക്കും
അന്ന്
മകൾ അവളുടെ മകളോടൊപ്പം
അകലെയെവിടെയോ
പാതി ഹൃദയം മുറിച്ചെടുത്ത
മറ്റൊരു പ്രവാസത്തിന്റെ
കനലിലുരുകുകയായിരിക്കും
അവളുടെ ചില്ലലമാരിക്കുള്ളിലും
നീലക്കണ്ണുകളുള്ള
ഒരു പാവക്കുട്ടിയുണ്ടായിരിക്കും ….
കഥ, കവിത രംഗങ്ങളിൽ സജീവ സാന്നിദ്ധ്യം. ഇപ്പോൾ സൗദിയിലെ ദമാമിൽ ജോലി ചെയ്യുന്നു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി.