പൂമുഖം CINEMA വയനാടിന്‍റെ ‘പക’ എന്ന നിതിന്‍ ലൂക്കോസ് ചിത്രം ടൊറോന്‍റോ രാജ്യാന്തരചലച്ചിത്രമേളയില്‍

വയനാടിന്‍റെ ‘പക’ എന്ന നിതിന്‍ ലൂക്കോസ് ചിത്രം ടൊറോന്‍റോ രാജ്യാന്തരചലച്ചിത്രമേളയില്‍

തലമുറകള്‍ കൈമാറി താഴേയ്ക്കു വരുന്ന കഥകള്‍ ഓരോ പുതുജന്മങ്ങള്‍ക്കും വിസ്മയങ്ങളാണുണ്ടാക്കുന്നത്. മദ്ധ്യ-തെക്കന്‍ തിരുവിതാം‌കൂറില്‍ നിന്നു വയനാടിനും ചുറ്റുവട്ടങ്ങളിലേയ്ക്കും കുടിയേറിയവര്‍ക്ക് കഥകളുടെ ക്ഷണനേരത്തേയ്ക്കുള്ള വെടിവട്ടങ്ങള്‍ മാത്രമായിരുന്നു പണിത്തിരക്കുകള്‍ക്കിടയില്‍ ആശ്വാസം പകര്‍ന്നിരുന്നത്. മാനസികോല്ലാസങ്ങള്‍ക്ക് ഇടവേളകള്‍ കൊടുക്കാനില്ലാത്തത്ര തിരക്കില്‍ അവര്‍ പണിയെടുത്തുകയറുകയായിരുന്നു. ഒരുവശത്ത് കൊടും കാടുകളില്‍ നിന്നിറങ്ങിവരുന്ന മൃഗങ്ങളുണ്ടാക്കുന്ന ഭീതിയും കൃഷിനാശങ്ങളും. മറുവശത്ത് പൂജ്യങ്ങളില്‍ നിന്നാരംഭിച്ച ജീവിതങ്ങള്‍ക്ക് താങ്ങും തണലും നല്‍കി പച്ചപിടിപ്പിക്കാനുള്ള നെട്ടോട്ടങ്ങള്‍. അതിനിടയില്‍ അവര്‍ നന്മകള്‍ പരസ്പരം പങ്കുവച്ചു. അറിഞ്ഞും അറിയാതെയുമായി അസൂയയും പകയും ആ നന്മകള്‍ക്കിടയിലേയ്ക്ക് നുഴഞ്ഞുകയറി. കൂട്ടായ്‌മകളിലേയ്ക്കും പ്രണയങ്ങളിലേയ്ക്കും അവ വിഷം കലര്‍ത്തി. ശീതയുദ്ധങ്ങള്‍ ഒഴിയാതെ നിലകൊണ്ടു. അങ്ങനെ വല്യമ്മച്ചി പറഞ്ഞ പഴയകാലാനുഭവകഥകളില്‍ നിന്നു വീണുകിട്ടിയ മുത്തുകളെ സ്വാനുഭവങ്ങളുടെ പരുക്കന്‍ നൂലുകളിലേയ്ക്ക് കോര്‍ത്തെടുത്തുണ്ടാക്കിയ കഥയെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ നെഞ്ചിലേറ്റാന്‍ പോവുകയാണ്‌, പക എന്ന ചലച്ചിത്രത്തിലൂടെ നിതിന്‍ ലൂക്കോസ് എന്ന വയനാടുകാരന്‍.

നിധിൻ ലൂക്കോസ്

‘പക’ (River of Blood) സെപ്‌റ്റംബര്‍ 9 മുതല്‍ 18 വരെ ടൊറോന്‍റോയില്‍ നടക്കുന്ന രാജ്യാന്തരചലച്ചിത്രമേള (TIFF) യില്‍, ഇതുവരെ പുറത്തുവന്ന പേരുകളിലെ ഒരേയൊരു ഇന്ത്യന്‍ ചലച്ചിത്രമാണ്‌. ചിത്രത്തിന്‍റെ ആഗോളപ്രദര്‍ശനോദ്ഘാടനം ടൊറോന്‍റോയിലാണ്‌ നടക്കുന്നത്. കോവിഡ് 19 മൂലം രാജ്യത്ത് നിലവിലുള്ള നിയമങ്ങളനുസരിച്ചാണ്‌ ചലച്ചിത്രോത്സവം ചിട്ടപ്പെടുത്തിയിട്ടുള്ളത്. നാനൂറോടടുത്ത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുള്ള മേളയില്‍ ഇക്കുറി നൂറോളം ചിത്രങ്ങളേയുള്ളു. മുപ്പത്തഞ്ചോളം തീയേറ്ററുകളിലായി നടക്കാറുള്ള ചിത്രപ്രദര്‍ശനങ്ങള്‍ ഇരുപതോളം വേദികളിലും ബാക്കി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലായുമാണ്‌ നടക്കുന്നത്. സിനിമാപ്രവര്‍ത്തകരും മാധ്യമപ്രതിനിധികളും ഏറിയ പങ്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലാവും മേളയിലെ ചിത്രങ്ങള്‍ കാണുന്നത്. ചര്‍ച്ചകളും അഭിമുഖങ്ങളും അങ്ങനെതന്നെയാവും ജനങ്ങളിലേയ്‌ക്കെത്തുന്നത്.

പൂനെയിലെ ഫിലിം ആന്‍റ് ടെലിവിഷന്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് ശബ്ദസന്നിവേശത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ നിതിന്‍ ലൂക്കോസ് ഇതിനകം ഇരുപതിലധികം ചിത്രങ്ങളുടെ ശബ്ദസം‌വിധാനം നിര്‍‌വ്വഹിച്ചിട്ടുണ്ട്. അദ്ദേഹം സം‌വിധാനം ചെയ്യുന്ന ആദ്യകഥാചിത്രമാണ്‌ ‘പക’. ചിത്രനിര്‍മ്മാണത്തില്‍ ഇന്‍സ്റ്റിട്യൂട്ടില്‍ കൂടെപഠിച്ചവരും മുന്‍‌ഗാമികളുമായി വളരെപ്പേര്‍ പങ്കാളികളായിട്ടുണ്ട്. ഫൈസല്‍ അഹമ്മദ് സംഗീതസം‌വിധാനമൊരുക്കിയ ‘പക’യുടെ ഛായാഗ്രഹണം ഹൈദരാബാദുകാരനായ ശ്രീകാന്ത് കാബോത്തിന്‍റേതാണ്‌. ജോബിന്‍ ജയനും, അരവിന്ദ് സുന്ദറും, പ്രമോദ് സുന്ദറും ചേര്‍ന്നാണ്‌ പകയുടെ ശബ്ദസന്നിവേശം നിര്‍‌വ്വഹിച്ചിരിക്കുന്നത്. ദില്ലിക്കാരിയും മലയാളിയുമായ അരുണിമ ശങ്കറാണ്‌ ചിത്രത്തിന്‍റെ എഡിറ്റര്‍. അഖില്‍ രവി പദ്‌മിനിയാണ്‌ പ്രൊഡക്‌ഷന്‍ ഡിസൈനര്‍. ചലച്ചിത്രാഭിനയത്തില്‍ ഉപരിപഠനം നടത്തിയ സൂരജ് തിരഞ്ഞെടുക്കപ്പെട്ട അഭിനേതാക്കള്‍ക്കായി അഭിനയക്കളരി ഒരുക്കിയിരുന്നു. മാനന്തവാടിയിലും സമീപപ്രദേശമായ അയിലമൂലയിലുമായി 35 ദിവസത്തെ ചിത്രീകരണമാണ്‌ നടന്നത്.

‘പക’ ദേശീയചലച്ചിത്രവികസന കോര്‍പ്പറേഷന്‍റെ (NFDC) ഫിലിം ബസാര്‍ ലാബ് 2020 ല്‍ നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ചിത്രത്തിന്‍റെ പ്രാഥമികപതിപ്പ് കണ്ടതോടെ ബോളിവുഡ് സം‌വിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കാശ്യപ് നിര്‍മ്മാണപങ്കാളിയാകാന്‍ താല്‍‌പര്യം പ്രകടിപ്പിച്ചു. നിതിന്‍ തന്നെ ശബ്ദസന്നിവേശം നടത്തിയ ‘മല്ലേശം’ എന്ന തെലുങ്ക് ചിത്രത്തിന്‍റെ സം‌വിധായകനായ രാജ് രാച്ചക്കൊണ്ടയാണ്‌ ‘പക’യുടെ മുഖ്യനിര്‍മ്മാതാവ്. അനുരാഗ് കാശ്യപിന്‍റെ, ഭാഷയ്‌ക്കതീതമായി നല്ല സിനിമയ്ക്കായുള്ള അന്വേഷണങ്ങളാണ്‌ ‘പക’യിലേയ്ക്ക് എത്തിച്ചേരുന്നതിനും ടൊറോന്‍റോ മേളയിലേയ്‌ക്കെത്തിക്കുന്നതിനും സഹായകമായത്.

‘എബി’യിലും ‘ലൂക്ക’യിലുമൊക്കെ അഭിനയിച്ച് ‘ഒറ്റമുറിവെളിച്ച’ത്തിലൂടെ സംസ്ഥാനപുരസ്ക്കാരം നേടിയ വിനീത കോശിയെപ്പോലെ അപൂര്‍‌വ്വം ചിലരേ ഈ ചിത്രത്തില്‍ സിനിമാലോകത്തിനു കുറച്ചെങ്കിലും പരിചിതരായുള്ളു. നാട്ടുകാരും സുഹൃത്തുക്കളുമായ ബേസില്‍ പൗലോസ്, നിതിന്‍ ജോര്‍ജ്, ജോസ് കിഴക്കന്‍, അതുല്‍ ജോണ്‍, ജോണ്‍ മണിക്കല്‍ എന്നിവരാണ്‌ മറ്റു പ്രധാനവേഷങ്ങള്‍ ചെയ്തിരിക്കുന്നത്.

വയനാടന്‍ ജീവിതത്തെക്കുറിച്ച് വന്ന ചലച്ചിത്രകഥകളില്‍ കൂടുതലും അവിടുത്തെ ആദിമനിവാസികളെക്കുറിച്ചുള്ളതായിരുന്നു. ‘പക’ അതിനൊരു അപവാദമായി മാറുകയാണ്‌. അങ്ങനെ അനേകം നിഗൂഢതകള്‍ ഒളിപ്പിച്ചൊഴുകുന്ന ഒരപ്പ് പുഴയും പരിസരപ്രദേശങ്ങളും വയനാടന്‍‌ജീവിതവും ആഗോളവ്യാപകമായി പരസ്യപ്പെടാന്‍ പോകുകയാണ്‌, പക എന്ന ചിത്രത്തിലൂടെ. മലയാളികള്‍ക്ക്, പ്രത്യേകിച്ചും വയനാട്ടുകാര്‍ക്ക് അഭിമാനാര്‍ഹമായ ഒരു ആവിഷ്ക്കാരമായിരിക്കും ഈ ചിത്രം എന്നുള്ളതിന്‍റെ മുന്‍‌കൂര്‍ തെളിവാണ്‌ ടൊറോന്‍റോ പോലെയുള്ള ചലച്ചിത്രമേളയിലേയ്ക്കുള്ള ഈ ചിത്രത്തിന്‍റെ യാത്ര. നവാഗതസം‌വിധായകര്‍ക്കുള്ള ‘ഡിസ്‌ക്കവറി വിഭാഗ’ത്തിലാണ്‌ ‘പക’ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. സം‌വിധായകരുടെ ആദ്യത്തെയോ രണ്ടാമത്തെയോ ചിത്രങ്ങള്‍ മാത്രമേ ഈ വിഭാഗത്തില്‍ പരിഗണിക്കപ്പെടുകയുള്ളൂ.

കോവിഡ് 19 നിലവിലുള്ളതിനാല്‍ കാനഡയിലെ ഒന്‍‌ടേറിയോ പ്രവിശ്യയില്‍ നിലവിലുള്ള നിബന്ധനകള്‍ പാലിച്ചാവും സെപ്റ്റംബര്‍ 9 മുതല്‍ 18 വരെ ചലച്ചിത്രോത്സവം സംഘടിപ്പിക്കപ്പെടുന്നത്.

പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like