പൂമുഖം LITERATUREകവിത കവിതാകലാപങ്ങൾ

കവിതാകലാപങ്ങൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

നിന്റെ കവിതകൾ ഒരിക്കലും
കലാപാഹ്വാനങ്ങളായിട്ടില്ല.
ആഹ്വാനങ്ങളുടെ കലാപം
മാത്രമായിരുന്നു അവയൊക്കെ.
നിന്റെ കവിതകൾ ഇന്നേവരെ
കലാപകാരണങ്ങളായിട്ടേയില്ല.
കാരണങ്ങളുടെ കലാപം മാത്രമാണ്
അവയിൽ ഉരുണ്ടുകൂടാറുണ്ടായിരുന്നത്.
നിന്റെ കവിതയിൽ പ്രാസം ഉണ്ടാവില്ല.
സുനിശ്ചിതമായ തോതോ താളമോ
അവയിൽ കണ്ടെന്നുവരികയില്ല.
നിന്റെ കവിതകളെ നാലുപാദങ്ങളിൽ
ഭംഗിയോടെ നിരത്തിനിർത്താനാവില്ല.
നാന്ദിവാക്യങ്ങളോ ശുഭാന്ത്യങ്ങളോ
അതിന്റെ ആഖ്യാനശൈലിയാകുന്നതേയില്ല.
ഇതിനെല്ലാം ഒരു ന്യായീകരണവും
ആരും നിന്നിൽ നിന്നും പ്രതീക്ഷിക്കരുത്.
കാരണം കാൽപ്പനികതയുടെ മുകളിൽ
കെട്ടിപ്പൊക്കിയ വിശാലസൗധമല്ലത്.
നീ നിന്റെ കവിതയെ കണ്ടെടുത്തത്
ഭഗ്നമോഹാവശിഷ്ടങ്ങൾക്കിടയിൽ
കുരുങ്ങിക്കിടക്കുന്ന വരികളായാണ്.
ഒട്ടൊട്ടുടഞ്ഞും ചതഞ്ഞും മുറിഞ്ഞും
ചോരവാർന്നും കിടക്കുന്നതായിട്ടാണ്.
പേരില്ലാത്ത ശവക്കുഴിയിൽ നിന്നും
എന്നെങ്കിലും തിരിച്ചെത്തുമെന്നു കരുതി
പുത്രനെ കാത്തിരിക്കുന്ന പിതാവിന്റെ
ചുടുനിശ്വാസങ്ങൾക്കിടയിൽ നിന്നാണ്
പലപ്പോഴും കവിത പൊട്ടി വിരിയുന്നത്.
നെറ്റിയിൽ മരണമുദ്ര പേറുന്ന മാടുകളുടെ
രോദനങ്ങൾ ബധിരകർണ്ണങ്ങളിൽത്തട്ടി
പ്രതിദ്ധ്വനിക്കുന്നതിനാലായിരിക്കണം
അവ പലപ്പോഴും ആർദ്രമായിപ്പോകുന്നത്.
സ്വന്തം മണ്ണിൽനിന്നും നിഷ്കാസിതരായ
അഭയാർത്ഥികൾക്കിടയിലൂടെ
ഒഴുകിയെത്തുന്നതിനാലാവണമവയ്ക്ക്
നിയതരൂപം കൈവരിയ്ക്കാനാവാത്തത്.
വിധവകളുടെയും പിതൃരഹിതരുടേയും
രോദനങ്ങളിൽ പടരുന്നതിനാലാവണം
ലവണസാഗരം അവയിൽ ചേക്കേറിയത്.
അടിമകളുടേയും അടിച്ചമർത്തപ്പെട്ടവരുടേയും
പ്രാർത്ഥനകളും സങ്കീർത്തനങ്ങളും
ഒരിക്കലും സംഗീതാത്മകമായിരുന്നില്ലല്ലോ.
കദനങ്ങളുടേയും വേദനകളുടേയും സ്വരം
മധുരമായ ഈരടികളിലൊതുങ്ങാറേയില്ല.
കവിതകൾ കലാപങ്ങൾ കൊളുത്തുന്നില്ല
കലാപങ്ങളെ എരിച്ചു തീർക്കുന്നേയുള്ളൂ.
ആകയാൽ നീയിനിയും കവിതയെഴുതുക.
ഒന്നുമില്ലെങ്കിലും കലാപങ്ങളിൽ നിന്നും
മണ്ണിനെ മറച്ചുപിടിക്കാനെങ്കിലും നിനക്കാവട്ടെ.

കവർ: വിത്സൺ ശാരദ ആനന്ദ്

Comments

You may also like