നേപ്പാളിലേക്കുള്ള മുൻകാല യാത്രകൾക്കൊക്കെ ഓരോ ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. ഗ്രാമസമൂഹങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും, കാലാവസ്ഥാവ്യതിയാനവും പ്രകൃതിദുരന്തങ്ങളും അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നേരിട്ടറിയാനും, അതിനെ നേരിടാൻ താഴെത്തട്ടിൽ ഗ്രാമീണരുടെ ഒരു നെറ്റ് വർക്ക് എന്ന രീതിയിൽ എന്തെല്ലാം ചെയ്യാനാകുമെന്ന് ചിന്തിക്കാനുമായിരുന്നു ഈ യാത്രകൾ. സ്ത്രീനേതൃത്വസംഘടനകളുടെ ഒരു അന്താരാഷ്ട്ര ശൃംഖലയുമായി ഒന്നിച്ച്, ഗ്രാമജീവിതനേതൃത്വങ്ങളുമായി ചേർന്ന് വിവിധ സമൂഹങ്ങളുമായി അടുത്തറിയാൻ അവസരം ലഭിച്ചിരുന്നു.
ആ യാത്രകളിലാണ് അവരുടെ വീടുകളും കൃഷിയും വഴികളും പുഴകളും എല്ലാം ഹിമാലയൻ മലകളുടെ സ്വഭാവവുമായി ചേർന്നാണ് കിടക്കുന്നത് എന്നും പ്രകൃതിയിൽ ഉണ്ടാകുന്ന ഓരോ മാറ്റവും അവരുടെ ജീവിതത്തിൽ എത്ര പെട്ടെന്നാണ് പ്രത്യക്ഷപ്പെടുന്നതെന്നും മനസ്സിലായത്.
അതുകൊണ്ടുതന്നെ നേപ്പാൾ-ടിബറ്റൻ അതിർത്തിയിൽ ഇപ്പോൾ ഉണ്ടായ ദുരന്തത്തിന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ അത് മറ്റൊരു ദേശത്തെ വാർത്തയായി തോന്നിയില്ല. അവിടെ ഒരു പാലം തകർന്നാൽ ഒരു ഗ്രാമം ഒറ്റപ്പെടാം. ഒരു റോഡ് മണ്ണിനടിയിലായാൽ ആശുപത്രിയിലേക്കുള്ള വഴി ഇല്ലാതാകാം. ഒരു പുഴയുടെ സ്വഭാവം പെട്ടെന്ന് മാറിയാൽ അതിന്റെ കരയിൽ ജീവിക്കുന്നവർക്ക് പ്രതികരിക്കാൻ പോലും സമയം കിട്ടാതെ പോകാം. ടൂറിസം കോറിഡോർ കൂടിയാകുമ്പോൾ ഇതിന്റെ ആഘാതം കൂടുന്നു.
ഇത്തവണ സംഭവിച്ചതും അത്തരമൊന്നാണ്. ആദ്യ വാർത്തകൾ വന്നപ്പോൾ പലവിധ വിവരങ്ങളായിരുന്നു പുറത്തുവന്നത്. പിന്നീട് ലഭിച്ച ഉപഗ്രഹ ചിത്രങ്ങളും മറ്റും കൂടുതൽ വ്യക്തമായ ചിത്രം നൽകി. ഹിമാലയത്തിലെ മഞ്ഞുപാളികളിലൊരു വലിയൊരു ഭാഗം തകർന്നുവീണു. മഞ്ഞിനൊപ്പം പാറയും മണ്ണും ശക്തമായി താഴേക്ക് പതിച്ചു. ലെൻഡെ ഖോല നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടു. വെള്ളവും മഞ്ഞും പാറയും ചെളിയും ചേർന്ന വലിയൊരു കുത്തൊഴുക്ക് താഴേക്കിരമ്പി. ഹിമാലയൻ മലകളിൽ പെട്ടെന്ന് സംഭവിച്ച ഒരു മാറ്റം താഴേക്ക് പ്രവഹിച്ചതായിരുന്നു.
ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഹിമാലയത്തെ നമ്മൾ എങ്ങനെ കാണുന്നു എന്നതും പ്രധാനം. മഞ്ഞുമൂടിയ കൊടുമുടികൾ മാത്രമല്ല ഹിമാലയം. അതിന്റെ മടിത്തട്ടിൽ സംഭരിച്ചിരിക്കുന്ന വെള്ളവും, അവിടെ നിന്ന് ജനിക്കുന്ന പുഴകളും, ആ പുഴകളെ ആശ്രയിച്ച് ജീവിക്കുന്ന അനേകം സമൂഹങ്ങളുമാണ് ഹിമാലയം.
മലകളിലെ മഞ്ഞ് ജലമായി ചെറുതോടുകളിലേക്കും അരുവികളിലേക്കും ഒഴുകി പുഴകളാകുന്നു. പുഴകൾ വലിയ നദികളായി ഗർത്തങ്ങളിലൂടെ സമതലങ്ങളിലേക്കെത്തുന്നു. അതിനാൽ മുകളിലെ മലകളിൽ സംഭവിക്കുന്ന മാറ്റം താഴെയുള്ള മനുഷ്യരുടെ ജീവിതത്തിൽ എത്താൻ അധിക സമയം വേണ്ടിവരില്ല.
നേപ്പാളിൽ നിന്ന് ബീഹാറിലേക്ക് നോക്കുമ്പോൾ ഈ ബന്ധം കൂടുതൽ വ്യക്തമാണ്.
ബിഹാറിൽ പ്രവർത്തിക്കുകയും യാത്ര ചെയ്യുകയും ചെയ്ത കാലത്ത് ഗണ്ഡക്, കമല, കോസി തുടങ്ങിയ നദികളെ അടുത്തുനിന്ന് കാണാൻ കഴിഞ്ഞിട്ടുണ്ട്. അവിടെയുള്ള മനുഷ്യരുടെ ജീവിതത്തിൽ നദിക്ക് എത്ര വലിയ സ്ഥാനമാണുള്ളതെന്ന് അന്നേ മനസ്സിലായിരുന്നു.
നദി അവിടെ ഒരു ഭീഷണിയല്ല. അത് കൃഷിയാണ് മണ്ണാണ് ഉപജീവനമാണ്. പക്ഷേ അതേ നദി ചിലപ്പോൾ വീടുകളിലേക്ക് കയറിവരുന്നു. ഒരു കുടുംബത്തിന്റെ വർഷങ്ങളായുള്ള സമ്പാദ്യം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇല്ലാതാക്കുന്നു. ബിഹാറിൽ മഴ പെയ്യാത്ത സമയത്തും അവിടെ പ്രളയമുണ്ടാകാം. നേപ്പാളിലെ മലനിരകളിൽ കനത്ത മഴ പെയ്യുമ്പോൾ അതിന്റെ വെള്ളം താഴേക്കൊഴുകിവരും. നദികൾ പെട്ടെന്ന് നിറയും. ചിലപ്പോൾ മുകളിലെ പ്രദേശങ്ങളിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകളും പാറയിടിച്ചിലുകളും മഞ്ഞ് തകർച്ചകളും നദിയുടെ ഒഴുക്കിനെ വളരെ വേഗം മാറ്റും. അപ്പോൾ മലകളിൽ പെയ്ത മഴ കാണാത്ത ഒരാൾക്ക് താഴെ പ്രളയത്തെ നേരിടേണ്ടിവരും. നേപ്പാളിൽ പെയ്യുന്ന മഴയും ബിഹാറിലെ ഒരു കർഷകന്റെ വയലും തമ്മിൽ നൂറുകണക്കിന് കിലോമീറ്ററിന്റെ ദൂരമുണ്ടാകാം. പക്ഷേ വെള്ളത്തിന് അതൊരു ദൂരമല്ല. ഒരു നദിയെ ഒരു പ്രദേശത്തിന്റെ മാത്രം നദിയായി കാണാൻ കഴിയില്ല.
ഇന്ന് നേപ്പാളിലെ ഹിമാലയത്തിൽ സംഭവിച്ച കാര്യത്തെ നോക്കുമ്പോഴും ഇതുതന്നെയാണ് ഓർമ്മ വരുന്നത്. മലകളിൽ എന്താണ് സംഭവിച്ചത് എന്നറിയുന്നതിന് മുമ്പ് തന്നെ അതിന്റെ ആഘാതം താഴെ എത്തിക്കഴിഞ്ഞിരിക്കാം. അവിടെയാണ് ദുരന്ത മുന്നറിയിപ്പിന്റെ വലിയൊരു ചോദ്യം ഉയരുന്നത്. നമുക്ക് മുന്നറിയിപ്പ് നൽകാൻ എത്ര സമയം കിട്ടും?
ഒരു നദിയിൽ വെള്ളം പതുക്കെ ഉയരുമ്പോൾ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കുറച്ച് സമയം കിട്ടും. പക്ഷേ മഞ്ഞുപാളിയുടെ വലിയൊരു ഭാഗം പെട്ടെന്ന് തകർന്നുവീഴുകയും മഞ്ഞും പാറയും വെള്ളവും ഒരുമിച്ച് താഴേക്ക് പതിക്കുകയും ചെയ്യുമ്പോൾ സമയം വളരെ കുറവായിരിക്കും.
ഇന്ന് ദുരന്തം വരുമ്പോൾ ആളുകൾ ആദ്യം മൊബൈൽ ഫോൺ എടുക്കുന്നു. സംഭവിക്കുന്നതെല്ലാം പകർത്തുന്നു. ആ ദൃശ്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ മറ്റുള്ളവരിലേക്കെത്തുന്നു. പക്ഷേ ആ പകർത്തിക്കൊണ്ടിരിക്കുന്ന മനുഷ്യന് അടുത്ത നിമിഷം എവിടേക്ക് രക്ഷപ്പെടണം എന്നറിയുമോ?
ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ ഇത്തരം നിമിഷങ്ങൾക്ക് വലിയ വിലയുണ്ട്. പരിചിതമായ വഴികൾ വെള്ളത്തിനടിയിലാകാം. പാലം കാണാതാകാം. വൈദ്യുതി നിലയ്ക്കാം. ഫോൺ ബന്ധം മുറിയാം. പുറത്തുനിന്നുള്ള സഹായം എത്തുന്നതിന് മുമ്പ് ഗ്രാമത്തിലുള്ളവർക്ക് തന്നെ എന്തെങ്കിലും ചെയ്യേണ്ടിവരും.
അവിടെയാണ് തയ്യാറെടുപ്പിന്റെ യഥാർത്ഥ പ്രസക്തി. മുന്നറിയിപ്പ് ലഭിക്കുക മാത്രമല്ല, മുന്നറിയിപ്പ് ലഭിച്ചാൽ ഒരുമിച്ച് എങ്ങനെ പ്രതികരിക്കണമെന്നത് പ്രധാനമാണ്. ദുരന്തം വന്നാൽ ആരെങ്കിലും പുറത്തുനിന്ന് വന്ന് രക്ഷിക്കുമെന്ന പ്രതീക്ഷയിൽ മാത്രം ഒരു സമൂഹത്തിന് ആശ്രയമർപ്പിക്കാൻ കഴിയില്ല. ഗ്രാമത്തിനുള്ളിൽ തന്നെ ഒരു ചെറിയ സംവിധാനം ഉണ്ടാകണം.
ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന യുദ്ധങ്ങളും സംഘർഷങ്ങളും പ്രകൃതിക്ക് ഏൽപ്പിക്കുന്ന ആഘാതങ്ങൾ, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം, വനനശീകരണം, യുദ്ധങ്ങൾ എന്നിവ പരസ്പരം വേർതിരിച്ചുനിർത്തി കാണാൻ കഴിയാത്ത ഒരു കാലത്തേക്കാണ് നമ്മൾ നീങ്ങുന്നത്. ഒന്നിന്റെ ആഘാതം മറ്റൊന്നിനെ കൂടുതൽ രൂക്ഷമാക്കുന്ന ഈ തുടർച്ചയാണ് വരുംതലമുറയെ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത്.
സുരക്ഷിതമായ ഒരു ലോകത്തെക്കുറിച്ച് രാജ്യങ്ങൾ ഒരുമിച്ച് നടത്തുന്ന ചർച്ചകൾ എങ്ങുമെത്താതെ പോകുന്നു. മാറുന്ന പ്രകൃതിയോടൊപ്പം നമ്മുടെ ദുരന്തനിവാരണ രീതിയും ചിന്തയും മാറണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും ഇവിടെ വലിയൊരു പങ്കുണ്ട്. വലിയ അളവിലുള്ള വിവരങ്ങൾ വേഗത്തിൽ പരിശോധിച്ച് അപകടസാധ്യതകൾ തിരിച്ചറിയാനും മുന്നറിയിപ്പുകൾ കൂടുതൽ വേഗത്തിൽ എത്തിക്കാനും അതിന് സഹായിക്കാനാകും. പക്ഷേ സാങ്കേതികവിദ്യ മാത്രം നമ്മളെ രക്ഷിക്കില്ല. ആ വിവരം മനുഷ്യരിലെത്തണം. അവർക്കത് മനസ്സിലാകണം. അടുത്ത നിമിഷം എന്തുചെയ്യണമെന്ന് അവർക്കറിയണം.
ദുരന്തങ്ങൾ മനുഷ്യരെ മാത്രം ബാധിക്കുന്നതല്ല. മൃഗങ്ങൾക്കും പക്ഷികൾക്കും എല്ലാ ജീവജാലങ്ങൾക്കും കൃഷിക്കും മണ്ണിനും അതിന്റെ വലിയ ആഘാതമുണ്ട്. ഹിമാലയത്തിലെ ഒരു മഞ്ഞുപാളി ഇളകുമ്പോൾ അതിന്റെ ശബ്ദം ആദ്യം കേൾക്കുന്നത് മലകളായിരിക്കും. പക്ഷേ അതിന്റെ ആഘാതം വളരെ ദൂരെയുള്ള ജീ വിതങ്ങളിലും എത്താം. നമ്മൾ സംരക്ഷിക്കേണ്ടത് മനുഷ്യനും പ്രകൃതിയും മൃഗങ്ങളും നദികളും മലകളും ചേർന്ന ഒരു ജീവിതവ്യവസ്ഥയെയാണ്.
യാത്രികൻ.


















