അമ്മേ, പേടിയാകുന്നെനിക്ക്
ഏറേനേരമായീമണൽപ്പരപ്പിൽ
പൂഴ്ന്നുകിടക്കുന്നല്ലോ
അനങ്ങാൻ വയ്യാതെ,ശ്വസിക്കാനും,
ഇവിടെ ഞാൻ ഒറ്റയ്ക്കാണ്!
ഇരുട്ടത്തവർ പൊയ്പ്പോയെങ്ങോ
മണൽവാരിയെൻമൂക്കും വായുമടച്ച്,
എന്തോ ഭാരമെൻ നെഞ്ചിലും കയറ്റിവച്ച്.
ഇങ്ങു വരുമ്പോൾ
തെളിച്ചമുണ്ടായിരുന്നാകാശത്തു,
വായിൽ മധുരവും.
ഇപ്പോൾ ദുർഗന്ധമാണ് ചുറ്റും!
മിന്നുന്നുണ്ടകലെയവിടെയോ വെളിച്ചപ്പൊട്ടുകൾ
ഉടയുന്നു കുപ്പിച്ചില്ലുകൾ
വഴുവഴുത്ത നാവുകൊണ്ടട്ടഹസിക്കുന്നു,
ആരൊക്കെയാണവർ?
ഭയമാകുന്നമ്മേ
ഇരുട്ടത്താദ്യമല്ലേ ഞാൻ!
പിടയും കുഞ്ഞുമീനുകളെ
ചിറകരിഞ്ഞു
പച്ചയ്ക്കു തിന്ന്,
ബാക്കിയായ മുള്ളുകൊണ്ടെൻ
കണ്ണുകൾ കൊത്തിപ്പറിച്ചവറ്റകൾ,
പിന്നെ മണൽപ്പൊത്തിൽ മുഖം
പൂഴ്ത്തി, കാലുകൾ കൂട്ടിക്കെട്ടി വലിച്ചൂ നിർദ്ദയം.
ചുറ്റുംനിന്ന്
കലപിലകൂട്ടുന്നു പട്ടികൾ,
കടിച്ചുവലിക്കുന്നെൻ ചുണ്ടുകൾ
മണക്കുന്നു ദേഹമാകെ,ശേഷം നക്കിനക്കി
കുടഞ്ഞുകുടഞ്ഞ്,
ഒരു കീറത്തുണിപ്പോലെ.
വായ്തുറക്കാൻ വയ്യല്ലോയെനിക്ക്
കുടുങ്ങിക്കിടപ്പുണ്ട്,മണൽത്തരികൾ,
വായു കടക്കുന്നിടത്തെല്ലാം.
കേൾക്കുന്നുണ്ടോയെൻ്റ
ഒച്ചയില്ലാനിലവിളി, ചൊല്ലമ്മേ
ഞാൻ ചെയ്ത തെറ്റെന്ത്?
അച്ഛൻവരുമ്പോഴമ്മപറയണേ,
ഞാനിനി പലഹാരപ്പൊതി തട്ടിപ്പറിക്കില്ല,
വാവയെ കൊഞ്ചിച്ച് ഇക്കിളി കൂട്ടില്ല,
അമ്മയുരുട്ടിയ മാമുണ്ടു ചിരിക്കില്ല,
മുറ്റത്തെ പൂക്കളിറുത്തുകളിക്കില്ല,
നിലാവത്തു മുറ്റത്തേക്കിറങ്ങില്ല,
വാവടെ മിഞ്ഞകട്ടുകുടിക്കില്ല.
മറക്കരുതമ്മയെന്നെയൊരിക്കലും
ഈ കുഞ്ഞിപ്പെണ്ണിൻ കുറുമ്പിനെ!
അമ്മമനം പിടഞ്ഞൂ മകളെ കാൺകെ,
ചൊല്ലി,തുറക്ക നീ കണ്ണുകളെന്നോമനേ, വിളിക്ക അമ്മേയെന്നുറക്കെയുറക്കെ.
എൻ മനം കുളിർക്കട്ടെ, ഒരിക്കൽകൂടെ.

കവർ : സി പി ജോൺസൻ