പൂമുഖം OPINION കേരള നിയമസഭാ തെരഞ്ഞെടുപ്പും സരിതാനായർ എന്ന സ്ത്രീയും

കേരള നിയമസഭാ തെരഞ്ഞെടുപ്പും സരിതാനായർ എന്ന സ്ത്രീയും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കഴിഞ്ഞ നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്ന് സരിതാ നായരെ വിശേഷിപ്പിച്ചുകൊണ്ട് ശാരദക്കുട്ടി എഴുതിയ ലേഖനത്തോട് പ്രശസ്ത ഫെമിനിസ്റ്റും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ പി. ഗീത പ്രതികരിക്കുന്നു.


 

രിത നായർ എന്നാ സ്ത്രീയോട് എനിക്ക് എന്തെങ്കിലും വിരോധം ഉള്ളത് കൊണ്ടല്ല ഈ കുറിപ്പ് . സോളാർ വിഷയം ഉന്നയിക്കപ്പെട്ടതിനു ശേഷം സരിതയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് ഒരു വലിയ ഫ്ലെക്സ് പട്ടാമ്പി മൂന്നും കൂടിയ അങ്ങാടിയിൽ കണ്ടതിനു ശേഷം ആയിരുന്നു . അത് DYFI യുടേതായിരുന്നു . ഗാന്ധിജിയെപ്പോലെ അർദ്ധ നഗ്നമായി തറ്റുടുത്ത്‌ ഇരു ഭാഗത്ത്‌ ഇരു സ്ത്രീകളുടെയും ചുമലിൽ തൂങ്ങി നില്ക്കുന്ന മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി .അതിൽ ഒരുവൾ സരിത നായരും മറ്റേതു ശാ ലു മേനോനുമായിരുന്നു .ഒരു പെണ്ണിനെ പൊതു ജന മധ്യത്തിൽ ഇത്രയും മോശമായി പരസ്യമായി ചിത്രീകരിക്കുന്ന രാഷ്ട്രീയ പ്രചാരണ ബോർഡ്‌ ഞാൻ അതിനു മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല .ശേഷം ഇന്നോളവുമില്ല .

അഴിമതി കണ്ടു പിടിച്ചത് സരിതാ നായരെന്ന മട്ടിലായിരുന്നു മാധ്യമങ്ങളുടെ അരങ്ങു തകർക്കൽ .ആദ്യ ഘട്ടത്തിൽ ഭരണ കക്ഷിയായ യു ഡി എഫ് ലെ ഒരു വിഭാഗത്തിന്റെയും തുടർന്ന് പ്രതിപക്ഷമായ എൽ ഡി എഫ് ലെ മുഖ്യ കക്ഷിയായ സി പി എം ൻറെയും കയ്യിലെ പ്രത്യക്ഷ ചക്രായുധമായി സരിത ക്രമേണ മാറുകയായിരുന്നു അപ്പോഴൊന്നും പൊതു ഖജനാവിൽ നിന്ന് എന്തെങ്കിലും നഷ്ടം വന്നതായി പ്രതിപക്ഷം പോലും ഉന്നയിച്ചിരുന്നതുമില്ല .ആ നിലക്ക് ലാവ്‌ലിൻ അഴിമതിയേക്കാൾ എത്രയോ നിസ്സാരമായ തട്ടിപ്പായിരുന്നു സോളാറിന്റെത് എന്നാണു മനസ്സിലാക്കേണ്ടി വരുന്നത്. ആരോപണം ഉന്നയിച്ചവരാരും സോളാർ കേസിന്റെ സാങ്കേതികമായ വിശദാംശങ്ങളിൽ തൽപരരായി തോന്നിയുമില്ല. ഇതിന്റെ പേരിൽ നടന്ന പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് സമരം ചീറ്റി പ്പോയ അനുഭവവുമായിരുന്നു .
സോളാർ തട്ടിപ്പുകൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ കൂടെയുള്ള പുരുഷന്മാരും ശാലു മേനോനും പോയി മറയുകയും സരിത മാത്രമായി തീരുകയും ചെയ്തു തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾക്ക് ഏതാനും മാസങ്ങൾക്ക് മുൻപേ പൊന്തി വന്ന സി ഡി വിവാദം അതീവ പരിഹാസ്യമായിരുന്നു ക്രമേണ മുൻ നിലപാടിൽ നിന്ന് കടക വിരുദ്ധമായി സരിതയെ ഒരു വീര നായികയായി ചിത്രീകരിചു കൊണ്ട് പ്രതിപക്ഷം മുമ്പോട്ടു പോയി. സരിതയാകട്ടെ ഓരോ ദിവസം ഓരോ ഭരണാധികാരിയുടെ പേര് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു . സാഫോ കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത എൻ. പി. ചന്ദ്രശേഖരനെപോലുള്ളവർ സരിതയുമായി നടത്തിയ അഭിമുഖങ്ങൾ കൈരളി ചാനലിലൂടെ തുരുതുരെ സംപ്രേഷണം ചെയ്യപ്പെട്ടു. ഏറ്റവുമൊടുവിൽ പിതൃ തുല്യനെന്നു സരിത ഒരിക്കൽ വിശേഷിപ്പിച്ച മുഖ്യ മന്ത്രിയുടെ ക്ലിഫ് ഹൌസ് പീഡനം ഉന്നയിക്കപ്പെട്ടപ്പോൾ സംഗതികൾ പിടിവിട്ടു. കേരള ഹൈക്കോടതി സരിതയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് വിധിചു. മുഖ്യമന്ത്രി ചില മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇത്തരമൊരു ഘട്ടത്തിലെത്തിയപ്പോൾ പ്രതിപക്ഷത്തിന് സരിതയെ പരസ്യമായി എടുത്തു പയോഗിക്കുന്നതിനു ചില തടസ്സങ്ങൾ വന്നു. താത്രിക്കുട്ടി മാതൃകയിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാതൃകയായി ചിത്രീകരിക്കപ്പെടുമ്പോൾ ഫലത്തിൽ ഈ തടസ്സം മാറിക്കിട്ടുന്നു എന്ന മെച്ചമേയുള്ളൂ.
തികച്ചും ആണ്മാത്ര കേന്ദ്രീകൃതമായ ഈ തിരഞ്ഞെടുപ്പിൽ ഒരു വിഭാഗം ആണുങ്ങളുടെ കയ്യിലെ ചട്ടുകമായി ഒരു സ്ത്രീ വീണ്ടും മാറുകയാണ് . അതിലപ്പുറം ഒന്നും ഈ ബിംബ വൽക്കരണത്തിലൂടെ മറ്റൊന്നും സംഭവിക്കുന്നില്ല .

ഞാൻ വിചാരിക്കുന്നത് ഭരണപക്ഷ –പ്രതിപക്ഷ നിർണ്ണയം നടക്കുന്ന ഈ തെരഞ്ഞെടുപ്പില്ലായിരുന്നെങ്കിൽ സരിതാനായരെന്ന സ്ത്രീയെ നാം പരിചയപ്പെടുക പോലുമുണ്ടായിരുന്നില്ല എന്നതാണ്. ഈ തെരഞ്ഞെടുപ്പിലെ പുരുഷാധികാരത്തെ തൃപ്തിപ്പെടുത്തും മട്ടിലുള്ള അവരുടെ നീക്കങ്ങൾ പ്രഖ്യാപിക്കുന്നത് കർതൃത്വമാണോ ഇരയാകലാണോ?

നൂറ്റാണ്ടിലെ സമര നായികയെന്ന് പറയുമ്പോൾ നൂറ്റാണ്ടിന്റെ തുടക്കം എവിടെയാണ് ? 1916 ? 2000? അതോ 2016?.അതേതായാലും പേരറിയുന്നതും അറിയാത്തതുമായ നിരവധി സമര മുന്നേറ്റ ങ്ങളിലൂടെയാണ് പെണ്ണ് ഇന്നിക്കാണുന്ന അവസ്ഥയിലെങ്കിലും എത്തിയത് . കല്ലും മാലയും ബഹിഷ്കരിച്ചും മാറ് മറച്ചും ഘോഷ ബഹിഷ്കരിച്ചും തോലും വിറകും ശേഖരിച്ചും അവൾ കടന്നു വന്ന വഴികൾ ചോരയും കണ്ണീരും നിറഞ്ഞതായിരുന്നു കെ. ആർ ഗൌരി മുതൽ സി. കെ. ജാനു വരെയുള്ളവർ പലരും ഇന്നും നമുക്കൊപ്പം ജീവിച്ചിരിക്കുന്നു .ഇവർക്കിടയിൽ അജിതയും സാറാ ജോസെഫും ഉണ്ട് . ചിത്രലേഖയും സെലീന പ്രാക്കാനവും കെ കെ. രമയുമുണ്ട് .വ്യത്യസ്ത രാഷ്ട്രീയ ധാരയുടെ പ്രവർത്തന രീതിയുടെ ആശയ ലോകത്തിന്റെ പ്രതിനിധികളാണിവർ . എങ്കിലും നൂറ്റാണ്ടിന്റെ ചരിത്രം പറയുമ്പോൾ തെളിഞ്ഞും തിളങ്ങിയും നിൽപ്പവർ. ഇനിയുമുണ്ട് മറ്റൊരു വിഭാഗം – ജീവിക്കുന്നവരും മരിച്ചവരും. മഹാരാജാക്കന്മാരുടെയും രാജ കുമാരന്മാരുടെയും കാമ വെറിക്കിരയായിട്ടും ചത്ത തിനൊക്കുമേ ജീവിച്ചിരിക്കിലും പോരാട്ടം തുടരുന്ന സൂര്യ നെല്ലിയിലെ പെണ്കുട്ടി. അവൾക്കു പേരില്ല രൂപമില്ല ശബ്ദമില്ല. അതുകൊണ്ട് തന്നെ വെളുത്തിട്ടാണോ നായരാണോ മണി മണി പോലെ ഇംഗ്ലീഷ് പറയുമോ എന്നൊന്നും നമുക്കറിയില്ല. ഒരു വ്യവസായത്തിനും മുടക്കാൻ മുതലില്ലാത്തവൾ. പത്താം തരം പാസാവാത്തവൾ.
മറ്റൊരു വിഭാഗം പെൺകുട്ടികൾ ജീവിച്ചിരിക്കാനുള്ള അവകാരം നഷ്ടപ്പെട്ടവരാണ്. –ശാരി (നായരാണ്) അനഘ (നമ്പൂരിയാണ്) സൗമ്യ (ജാതിയറിയില്ല) ഇവർ മാധ്യമങ്ങൾക്കു മുമ്പിൽ വന്നിട്ടില്ല. ഇവരിലെത്രപേരുടെ നീതിക്കു വേണ്ടി ഇവിടെയുള്ള രാഷ്ട്രീയ കക്ഷികൾ സെക്രട്ടേറിയറ്റ് വളഞ്ഞു എന്നതിനു തെളിവില്ല. പക്ഷേ ഒന്നെനിക്കുറപ്പുണ്ട്. ഇവരുടെകൂടി ചിലവിലാണ് കേരളത്തിലെ പെൺജീവിതം, മാധ്യമങ്ങളുടെ രസരാജാസ്വാദന സാധ്യതകൾക്കു പുറത്താണിവരെങ്കിലും.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഇന്നോളം ആണുങ്ങൾ തമ്മിലുള്ള മൽസരമാണ്. ഈ അൺകളിയുടെ പശ്ചാത്തലമില്ലായിരുന്നെങ്കിൽ സരിതാനായരെന്ന പാവം പെണ്ണിനെ ആരുകൊണ്ടുനടക്കുമായിരുന്നു?എത്ര മാധ്യമങ്ങൾ ആഘോഷിക്കുമായിരുന്നു?അപ്പോൾ ഏത് ആണധികാരത്തിനെ ചെറുക്കുന്ന വിമോചന മാതൃകയാണവർ? ഞാൻ വിചാരിക്കുന്നത് ഭരണപക്ഷ –പ്രതിപക്ഷ നിർണ്ണയം നടക്കുന്ന ഈ തെരഞ്ഞെടുപ്പില്ലായിരുന്നെങ്കിൽ സരിതാനായരെന്ന സ്ത്രീയെ നാം പരിചയപ്പെടുക പോലുമുണ്ടായിരുന്നില്ല എന്നതാണ്. ഈ തെരഞ്ഞെടുപ്പിലെ പുരുഷാധികാരത്തെ തൃപ്തിപ്പെടുത്തും മട്ടിലുള്ള അവരുടെ നീക്കങ്ങൾ പ്രഖ്യാപിക്കുന്നത് കർതൃത്വമാണോ ഇരയാകലാണോ? നമ്മൾ പെണ്ണുങ്ങളെങ്കിലും ഇത്തരം ചതിക്കുഴികൾ തിരിച്ചറിയണമെന്നാണ് എന്റെ അഭിപ്രായം. അതാണ് ഏത് സരിതയ്ക്കും കൊടുക്കാവുന്ന ഏറ്റവും വലിയ നീതി.

Comments

You may also like