പുരുണപാനിയും ജീവിതവും
ഒരു യാത്രയ്ക്കും പര്യവസാനമില്ലെന്ന തിരിച്ചറിവില്‍ നമ്മള്‍ യാത്രചെയ്യുമ്പോള്‍ ഓരോരിക്കലും കാണുന്ന ജനങ്ങള്‍, പ്രകൃതി, മറ്റ് ജീവജാലങ്ങള്‍. അവര്‍ ഇനിയും എത്രയോ കാലം നമ്മോടൊത്ത് നമ്മുടെ മനസ്സിലും ചിന്തയിലും യാത്ര ചെയ്യുന്നു എന്നതാണ് ജീവിതത്തില്‍ യാത്രകള്‍ കൊണ്ട് കിട്ടുന്ന ഒരു ഗുണം. വിവിധങ്ങളായ മനുഷ്യര്‍, സംസ്കാരങ്ങള്‍, ഭൂമി, ജീവജാലങ്ങള്‍ ഒക്കെ നേരിട്ട് കണ്ടു തൊട്ടറിഞ്ഞ് തിരിച്ചുപോരുമ്പോള്‍ ഒട്ടേറെ അനുഭവങ്ങളും അറിവും നമ്മെ ഒന്നുമല്ലാതാക്കി ശൂന്യമാക്കുന്ന അവസ്ഥയാണ് യാത്ര എന്നാണെന്‍റെ തോന്നല്‍.
ഒഡീഷയില്‍ വന്നിട്ട് കുറച്ച് ദിവസങ്ങളായി. വിവിധ ഗ്രാമങ്ങളിലെ ജീവിതങ്ങളെ ഉള്ളോടെ അറിയാന്‍ ശ്രമം. കിയൊൻജർ ഗ്രാമങ്ങള്‍ കൂടാതെ മയൂര്‍ബന്‍ജിലെയും ജാര്‍സ്ഗുഡയിലെയും സുന്ദര്‍ഗഡിലെയും അന്ഗുലിലെയും ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭൂം ജില്ലയിലെയും ഗ്രാമങ്ങളിലും യാത്ര ചെയ്തിരുന്നു. ഓരോ സ്ഥലങ്ങളും ഓരോ ഓര്‍മകളും ഓരോ ജീവിതങ്ങളും. തനതായ നിലനില്പുള്ളവ.

പുരുണപാനി ഗ്രാമം
അതുപോലെ മറ്റൊരു ഗ്രാമം. ഞാനിന്നങ്ങോട്ട് പോകുന്നു. പുരുണപാനി. ഒറിയബിരിഡ എന്ന പഞ്ചായത്തില്‍ ഉള്‍പ്പെട്ട പുരുണപാനിയില്‍ ഏകദേശം അന്‍പതോളം വീടുകള്‍ മാത്രം. ജലത്താലും സ്നേഹത്താലും സമ്പന്നമായ ഒരിടം. ഏകദേശം നാല്‍പ്പത് കിലോമീറ്ററോളം പിന്നിട്ട് ആ കൊച്ചു ഗ്രാമത്തിലെത്തുമ്പോള്‍ അവിടത്തെ മുഴുവന്‍ പേരും ഒന്നിച്ചുകൂടിയിട്ടുണ്ടായിരുന്നു. മണ്ണിട്ട റോഡിലൂടെ ഏകദേശം രണ്ടു കിലോമീറ്റര്‍ നടന്നാണ് ഞങ്ങള്‍ പുരുണപാനിയിലെത്തിയത്. ഇങ്ങോട്ട് വാഹനങ്ങള്‍ക്ക് വരാന്‍ റോഡില്ല. മഴക്കാലത്ത് ഈ വഴികള്‍ ദുഷ്‌കരമാകും. ആഴത്തിലുള്ള ചെളി നിറഞ്ഞതിനാൽ യാത്രയും അപകടകരമാവും. കാളവണ്ടികളും പയ്യിന്‍കൂട്ടങ്ങളും തിങ്ങിനിറഞ്ഞ വലിയ മരങ്ങളുമുള്ള ഗ്രാമം. പച്ചപ്പ് അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോള്‍ ഭൂമി നന്മ കൊണ്ട് പുതച്ചതുപോലെ തോന്നും. ഞാനങ്ങിനെ നടന്നുപോയി.

പച്ചപ്പിൽ പൊതിഞ്ഞ മലകള്‍ക്കും ചെമ്മണ്ണിനും ഇടയിൽ ബൈതരണി നദിയുടെ വെള്ളത്തിന്‍റെ നിറവ്. ഗോനസിക മലകളിൽ ഉത്ഭവിച്ച് വിവിധ സ്ഥലങ്ങളിലൂടെ ഒഴുകി ഈ നദി പുരുണപാനിയുടെ വിശാലമായ മടിത്തട്ടില്‍ വിശ്രമിച്ച് പോകുന്നു. ബൈതരണി നദിയുടെ ജലസമൃദ്ധി കൊണ്ട് സമ്പന്നമായ തനത് കൃഷിരീതികള്‍. നെല്ലും റാഗിയും പച്ചക്കറികളും ഇഷ്ടംപോലെ വളരുന്ന മണ്ണ്.അവിടത്തെ കൃഷി രീതികളും സ്ത്രീ നേതൃത്വത്തിന്‍റെ കരുത്തും കണ്ട് മനസ്സ് നിറഞ്ഞു.

തങ്ങളുടെ കൃഷികളെ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഗ്രാമീണര്‍ ഒരു സ്ക്വാഡ് ഉണ്ടാക്കിയിട്ടുണ്ട്. രാത്രി അവര്‍ റോന്ത് ചുറ്റും, ആനകളെ പരമ്പരാഗത രീതി ഉപയോഗിച്ച് വനത്തിലേക്ക് പായിക്കും. ഇന്ന് പല വനത്തിലും മൈനിംഗ് പ്രവര്‍ത്തനം കൂടിയത്കൊണ്ട് ആനകള്‍ക്ക് വസിക്കാനും ഭക്ഷിക്കാനും കാട്ടില്‍ ഒന്നുമില്ലതായി. അവര്‍ ക്രമേണ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങി.
നരഹരിയുടെ ഗീതം

ഗ്രാമം ചുറ്റി നടന്നു കണ്ട് അവര്‍ കൂടിയിരിക്കുന്ന സ്ഥലത്തേക്ക് പോയി. എല്ലാവരും തങ്ങള്‍ ഉണ്ടാക്കിയ വിളവുകള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചക്കയും, നെല്ലും, വിവിധയിനം കിഴങ്ങു വര്‍ഗങ്ങളും മറ്റ് കാട്ടിന്‍ കായ്കളും ഉണ്ട്. അവിടെയാണ് ഞാന്‍ നരഹരിയെ കാണുന്നത്. കയ്യില്‍ ഒരു ചെറിയ തുടി.
ഓര്‍മ്മകളും പോരാട്ടങ്ങളും ഒന്നിച്ചുചേര്‍ന്ന നരഹരി ദെഹൂരി. കഷണ്ടി കയറിയ നിഷ്കളങ്കമായ ചിരിയുള്ള നരഹരി. അറിയപ്പെടുന്ന പാട്ടുകാരൻ. കിയൊൻജറിലെ ആദിമ ജനതയെ സംഗീതം കൊണ്ടും ആവിഷ്കാരം കൊണ്ടും തങ്ങളുടെ പഴയ ജീവിതത്തിന്‍റെയും, പ്രകൃതിയുമായി ഇണങ്ങി കഴിഞ്ഞിരുന്ന കാലത്തിന്‍റെയും, പിന്നീട് കോര്‍പ്പറേറ്റുകള്‍ വന്ന് തങ്ങളുടെ കാട് പിടിച്ചടക്കി ജീവിതം ദുസ്സഹമാക്കിയതിന്‍റെയും,മാലിന്യം നിറഞ്ഞ് പുഴകള്‍ മരിക്കുന്നതിന്‍റെയും, ജീവിജാലങ്ങള്‍ ഇല്ലാതാവുന്നതിന്‍റെയും, ചരിത്രം പരിചയപ്പെടുത്താൻ പാട്ട് പാടി നൃത്തം ചെയ്ത് വള്ളിപോലെ പടര്‍ന്നയാൾ. ഒരിക്കല്‍ അവര്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും മക്കളായിരുന്നു. ഇന്നതെല്ലാം നഷ്ടപ്പെട്ടതിന്‍റെ വേദന പാടി ആടുകയാണ് നരഹരി.
ധരണിമേലി
കിയൊന്‍ജര്‍ എന്ന് പറയുമ്പോള്‍ അധികാരത്തിനെതിരെയും അനീതികള്‍ക്കെതിരെയും പല ചരിത്രപ്രസക്തമായ പോരാട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് ഇവിടം. അതിലൊന്നാണ് രാജയുമായി ബുയന്‍ ഗോത്രത്തിനുണ്ടായിരുന്ന ബന്ധം തകര്‍ന്ന, ധരണിധര്‍ നായിക്കിന്‍റെ നേതൃത്വത്തില്‍ 1891 മുതല്‍ 1893 വരെ നടന്ന ധരണിമേലി എന്നറിയപ്പെട്ടിരുന്ന കലാപം. ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ അവര്‍ രാജാവിനെയും ഗോത്രങ്ങളെയും തമ്മിലടിപ്പിച്ചു. രാജാവിന് എല്ലാ രീതിയിലും സംരക്ഷണവും നല്‍കിയിരുന്ന ഗോത്രവര്‍ഗങ്ങളായിരുന്നു ബുയനും ജുവാങ്ങും. കൂലി കൊടുക്കാതെ അടിമകളെപ്പോലെ പണിയെടുപ്പിച്ചിരുന്ന ബേഥി സമ്പ്രദായത്തിനെതിരെ നടന്ന ഈ കലാപം മുന്നോട്ടുള്ള പല ഗോത്ര മുന്നേറ്റങ്ങളുടെയും അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്‍റെയും തുടക്കമായിരുന്നു. ധരണി നായിക്കിനെ ആറു വര്‍ഷം തടവിലയച്ചെങ്കിലും പിന്നീട് വിട്ടയച്ചു. 1864 ല്‍ കുസുമിത ഗ്രാമത്തില്‍ ജനിച്ച ധരണി നായിക്ക് സര്‍വേ ഓവര്‍സിയര്‍ ആയി ജോലി ചെയ്യുമ്പോള്‍ ആണ് ഗോത്രജനതയെ ചൂഷണം ചെയ്യുന്നത് നേരിട്ട് കാണേണ്ടി വന്നത്. ഇതിനെതിരെ വിരല്‍ ചൂണ്ടി സമരം തുടങ്ങിയ ധരണി നായിക്ക് അവസാനകാലം 1914-ല്‍ മരിക്കുന്നത് വരെ കട്ടക്കില്‍ ആയിരുന്നു ജീവിച്ചിരുന്നത്. അദ്ദേഹം ഇന്നും ബുയന്‍ ജനതയുടെ ആരാധ്യനായി അവരുടെ ഓര്‍മ്മയില്‍ ശക്തമായി നിലകൊള്ളുന്നു.
തിരിച്ചുപോരുമ്പോള്‍ ബന്‍സ്പാലും കദദിഹയും ബോധ ബിദുരിയും ഗ്രാമങ്ങളും കൃഷിയും മണ്ണും കെന്തുവും നിബിഡ സാല്‍ മരങ്ങളും പോരാട്ടങ്ങളും ജുവാങ്ങും ബുയനും എല്ലാം മനസ്സില്‍ എന്നത്തേക്കുമുള്ള ഓര്‍മ്മകളായി മാറിയിരുന്നു. ഒരുപാട് സ്നേഹവും പ്രതീക്ഷയും അത്പോലെ തന്നെ ഉത്കണ്ഠയും മനസ്സില്‍ കടന്നുകൂടി. എന്നാലും ഈ ജനവിഭാഗങ്ങളെല്ലാം വരുംകാലങ്ങളില്‍ കൂടുതല്‍ കരുത്തോടെ കരുതലോടെ ജീവിതത്തില്‍ മുന്നോട്ടു പോകുമെന്ന പ്രതീക്ഷയോടെ ഈ യാത്ര അവസാനിപ്പിക്കുന്നു.

















കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്