രാവിലെ
തുണികൾ കഴുകി അയയിൽ വിരിച്ചിട്ടു.
എട്ട് നാൽപ്പതിൻ്റെ
പിഎ ട്രാവൽസിലിരുന്ന്
പുറകോട്ടോടുന്ന കാഴ്ചകൾ കണ്ട്
പട്ടണത്തിലേക്ക് പോയി.
ഒരു പകലിനെ മുഴുവനായി
കാറ്റിലും പൊടിയിലും തിരക്കിലും
അലിയിച്ചു കളഞ്ഞു.
ഉച്ചയൂണിന് പാത്രം തുറന്നപ്പോൾ
കിട്ടിയ മുടിനാരിന്
ഇന്നിനിയാരെ ചീത്ത വിളിക്കുമെന്നാലോചിച്ച്
ചിരിച്ചു.
മുഷിഞ്ഞ് നാറി മടങ്ങി –
യെത്തുമ്പോൾ
അയയിലെ ഷർട്ട് ഇന്നത്തെ കളി ജയിച്ചെന്ന്
കോളർ ഉയർത്തിക്കാട്ടി.
കാറ്റിൽ പാറി വീണ നമ്മുടെ അടിയുടുപ്പുകൾ
കെട്ടുപിണഞ്ഞ് തളർന്ന് കിടന്നിരുന്നു.
അപ്പോളാർക്കും ഒട്ടും തിരക്കില്ലായിരുന്നു.
മുഴുവനും വളർന്ന ചന്ദ്രൻ
ആകാശത്ത് വെറുതേ കിടന്നു.
തിരക്കുള്ള മേഘങ്ങൾ
നിലാവിനെ മറച്ചു കൊണ്ടേയിരുന്നു.
കിടക്കയുടെ പാതിയിലെ ശൂന്യതയെ
വിഷാദഭരിതമായ ഏകാന്തതകൊണ്ടു
പൂരിപ്പിച്ചു.
രാവിലെയുണരുമ്പോൾ
പാടു വീഴാത്ത തലയിണ,
വേണ്ട സമയത്ത്
ആ വാക്കു കിട്ടാത്തതിനാൽ
പാതിയിലുപേക്ഷിച്ച
ഈ കവിത പോലെ…
(കടപ്പാട് : “Alone for a Week” by Jane Kenyon.)
കവർ ഡിസൈൻ : സി പി ജോൺസൻ