Home CINEMA ചില അരവിന്ദൻ ഓർമകൾ…

ചില അരവിന്ദൻ ഓർമകൾ…

by
രു തലമുറയെ മൗനത്തിന്റെയും, ചിന്തയുടെയും, കാഴ്ച്ചയുടെയും ഉന്നത മാനുഷിക-സൗന്ദര്യാനുഭവങ്ങളിലൂടെ കടത്തിവിട്ട ജി.അരവിന്ദൻ കടന്നു പോയിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു. അദ്ദേഹത്തിന്റെ ‘ചെറിയ മനുഷ്യനും വലിയ ലോകവും’ മുതൽ, ‘വാസ്തുഹാര’ എന്ന സിനിമക്ക്‌ വേണ്ടി വരെ നമ്മൾ കാത്തിരുന്നു. ആ കാത്തിരിപ്പ് മലയാളിയുടെ നവോത്ഥാന പ്രസ്ഥാനങ്ങൾ മലയാളിയുടെ സര്‍ഗ്ഗബോധത്തിൽ ഉണ്ടാക്കിയ വേർതിരിവിന്റെ കൂടി സാക്ഷ്യപത്രമായി ഇന്നും നിലനില്‍ക്കുന്നു.

അരവിന്ദനെ അരവിന്ദനാക്കിയത് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ അവസാനതാളിലെ കാർട്ടൂൺ പരമ്പര തന്നെയാണ്. കേരളത്തിലെ സാംസ്കാരിക-രാഷ്ട്രീയ മുഖങ്ങളില്‍ സജീവമായ സംവാദങ്ങള്‍ മാതൃഭൂമിയിലൂടെ ആരംഭിച്ചുവരുന്ന കാലമായിരുന്നു അത്. അരവിന്ദന്റെ കാർട്ടൂൺ പരമ്പര മനോരമയിലെ ബോബനും മോളിയും പോലെ വെറും ഫലിതങ്ങള്‍ മാത്രമായിരുന്നില്ല; അവ വായനക്കാരെ ചിന്തയുടെ ലോകങ്ങളിലേക്ക് കൈപിടിച്ച് നടത്തി. സമകാലീനസംഭവങ്ങൾ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ അരവിന്ദൻ വായനക്കാരെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

സ്കൂൾ കുട്ടികളായ ഞങ്ങൾ പോലും മാതൃഭൂമി വായിക്കുന്നവരും, മനോരമ വായിക്കുന്നവരും എന്ന വേര്‍തിരിവുണ്ടാക്കാൻ പ്രാപ്തമായ ഒരു നിലവാരം ഈ കാര്‍ട്ടൂണുകളിലും, ലേഖനങ്ങളിലും ഉണ്ടായിരുന്നു.  ആ കാലത്തിനു തിരശ്ശീല ഇട്ടുകൊണ്ടാണ് അടൂർ ഗോപാലകൃഷ്ണൻ, എം.ടീ, അരവിന്ദൻ എന്നിവർ തങ്ങളുടെ സിനിമകളുമായി മലയാളിയെ മറ്റൊരു സർഗ്ഗതലത്തിലേക്ക് കൊണ്ട് പോയത്. അടൂരും എം ടീ യും നല്ല കഥകളും അനുഭവങ്ങളും സിനിമയിലൂടെ ചിത്രീകരിച്ചപ്പോൾ, അരവിന്ദൻ സ്വന്തം സിനിമകളിൽ അതുവരെയുള്ള വ്യവസ്ഥകളെ മാറ്റി നിർത്തി തന്റെ കാര്‍ട്ടൂണുകളിലേതു പോലെ ആശയങ്ങൾ ദൃശ്യാനുഭവങ്ങളാക്കുകയാണ് ചെയ്തത്.

ഉത്തരായനമോ, തമ്പോ, കാഞ്ചനസീതയോ ഏതുമാവട്ടെ അന്നത്തെ സിനിമാസങ്കല്പങ്ങളെ തന്നെ മാറ്റി മറിക്കുന്ന ദൃശ്യാനുഭവങ്ങളാണ് തന്റെ സിനിമകളിലൂടെ അരവിന്ദന്‍ മലയാളിക്ക് സമ്മാനിച്ചത്.  ‘തമ്പ്’ ഇന്ത്യൻ സിനിമയുടെ ലോകസംവിധായകനായ  സത്യജിത് റായിയെ മത്രമല്ല, അരവിന്ദന്റെ എതിരാളി  എന്ന് നാം കരുതുന്ന അടൂരിനെ പോലും ദൃശ്യമഹിമ കൊണ്ടും, സിനിമാറ്റിക്  സമീപനം കൊണ്ടും കീഴടക്കി.

ആ സിനിമ തീര്‍ച്ചയും അരവിന്ദന്റെ ഏറ്റവും മികച്ച സിനിമയാണെന്ന് അടൂരിനെ ഈയിടെ കണ്ടപ്പോഴും പറയുകയുണ്ടായി. എങ്ങനെയാണ് ഒ.വി.വിജയനും, പ്രൊഫ. സതീഷ് ബഹദൂറും ചേര്‍ന്ന് ഉത്തരായനത്തിന് ദേശീയ ബഹുമതി നേടിക്കൊടുത്തത് എന്നും അടൂര്‍ വിശദമായി സംസാരിച്ചു.

തമ്പ് എന്ന ചിത്രം, ഒരു ചിത്രകാരന്റെ കാരിക്കേച്ചറിങ്ങ് പോലെ ഒരു ഗ്രാമജീവിതത്തിന്റെയും സര്‍ക്കസ് കൂടാരത്തിന്റെയും പരിച്ഛേദമായിരുന്നപ്പോള്‍, കാഞ്ചന സീത ഒരു ബെർഗ്മാൻ  ചിത്രം  പോലെ നമ്മെ തത്വചിന്തയുടെ ലോകത്തേക്കാണ് കൂട്ടിക്കൊണ്ട് പോയത്.  ആന്ധ്രയിലെ രാജമുടിരിയിലെ വനാന്തരങ്ങളിൽ രാമനെയും സീതയെയും പ്രാകൃതസമൂഹത്തിലെ കഥാപാത്രങ്ങൾ ആക്കുമ്പോള്‍ അരവിന്ദൻ നമ്മെ, സര്‍ഗ്ഗാത്മകതയുടെ മറ്റൊരു ലോകത്തേക്കാണ് കൂട്ടിക്കൊണ്ട് പോകുന്നത്. ഒരു രാമായണകഥയെ, തത്വചിന്തയോട് ചേർത്ത്- അതും പ്രകൃതി-പുരുഷ സങ്കല്പവുമായി ഒരു സിനിമ  രൂപ കല്പന ചെയ്യുക എന്നത് തന്നെ അരവിന്ദന്‍ എന്ന മനുഷ്യനെ ഒരു മഹാനായ കലാകാരനാക്കുകയാണ്. വാല്മീകിയുടെ ശബ്ദം ജോൺ അബ്രഹാമിന്റെ ആയിരുന്നുവെന്നും,  സംസ്കൃത വാക്കുകള്‍  ഒരു കുട്ടിയെ പോലെ പഠിച്ചാണ് ജോണ്‍ അബ്രഹാം അവതരിപ്പിച്ചത് എന്നും എവിടെയോ വായിച്ചതോര്‍ക്കുന്നുണ്ട്. അരവിന്ദന് മഹാന്മാരായ കലാകാരന്മാരെക്കൂടി തന്നോടൊപ്പം കൊണ്ട് നടക്കുവാൻ കഴിഞ്ഞിരുന്നു എന്നതിന്റെ കൂടി  തെളിവാണത്.

G-Aravindan-visits-Bharat-Gopy-Sets-of-Ulsavapittennu

രാജൻ കക്കനാടനെ നായകനാക്കി ‘എസ്തപ്പാൻ’ എന്ന ചിത്രം ചെയ്തത് ഗോത്രവര്‍ഗക്കാരെ രാമനും, ലക്ഷ്മണനുമാക്കി കാഞ്ചനസീത ചെയ്തതുപോലെ തന്നെ അക്കാലത്ത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സിനിമയായിരുന്നു. ആ സിനിമ കടൽത്തീരത്തെ സാധാരണക്കാരായ മനുഷ്യരുടെ വിശ്വാസങ്ങളുടെ ഉള്ളറകളിലേക്കുള്ള ഒരു യാത്രയാക്കിയത് അരവിന്ദന്റെ സര്‍ഗ്ഗത്മകതയുടെ കഴിവ് തന്നയാണ്.

‘പോക്കുവെയിൽ’ കണ്ട്, നിങ്ങളുടെ നായകൻ  ഷണ്ഡനാണോ എന്ന് ചോദിച്ച പെണ്‍കുട്ടിയെ  അരവിന്ദൻ ഡൽഹിയിൽ നോക്കി നിന്നതും ഓര്‍ക്കുന്നു. സുഹൃത്തായ സക്കറിയ മുതൽ  എല്ലാവരും ഇടപെട്ടതോടെ അരവിന്ദന്റെ ശൈലി മാറ്റം ആ സിനിമയ്ക്ക് ശേഷം  സംഭവിച്ചു. ഒരിടത്ത്, ചിദംബരം എന്നീ ചിത്രങ്ങള്‍ ആ മാറ്റത്തിന്റെ തെളിവയിരുന്നു. ‘കാഞ്ചന സീത’യിൽ “എടാ കുതിരേ നീയെങ്കിലും ഒന്ന് മിണ്ടൂ” എന്ന് ആക്രോശിച്ച  പ്രേക്ഷകര്‍ തന്നെ  ചിദംബരത്തെ  അന്നത്തെ ഒരു ഹിറ്റ്‌  സിനിമയാക്കി മാറ്റി. അന്ന് 25 ലക്ഷം കളക്ഷൻ കിട്ടിയ പടം, 5 ലക്ഷത്തിന് അരവിന്ദൻ വിതരണക്കാരന് വില്‍ക്കുകയുണ്ടായി. അങ്ങനെയാണ് ‘വാസ്തുഹാര’ക്ക് വേണ്ടിയും അരവിന്ദന് കടമെടുക്കേണ്ടി വന്നത്.

പത്ത് ഫീച്ചർ സിനിമകളിലും, ഏഴു  ഹ്രസ്വചിത്രങ്ങളിലുമായി അരവിന്ദന്റെ സർഗാത്മകത  ചിതറിക്കിടക്കുന്നു. കാവാലം നാരായണ പണിക്കരുടെ ‘അവനവൻ കടമ്പ’ എന്ന തനത് നാടക വേദിയുടെ  ഉത്ഭവം  രൂപകല്പന ചെയ്തതും, അതിന്റെ രംഗശില്പി ആയതും അരവിന്ദനായിരുന്നു. നെടുമുടി വേണു എന്ന മഹാനായ നടനെ മലയാളത്തിനു നല്കിയതും  മറ്റാരുമല്ല. കടമ്പയിലൂടെയും, തമ്പിലൂടെയും അരവിന്ദന്‍ വേണുവിനെ നെടുമുടി വേണുവാക്കി മാറ്റി.

സംഗീതം അരവിന്ദന്റെ മറ്റൊരു  കഴിവായിരുന്നു. പ്രസംഗത്തിന് ക്ഷണിച്ചാൽ വേദിയിൽ രവീന്ദ്ര സംഗീതം പടി കാണികളെ അമ്പരപ്പിച്ചിരുന്ന അരവിന്ദനെ ഞാൻ ഓർക്കുന്നു. ഇവിടെ ഇങ്ങനെ ഒരു വലിയ മനുഷ്യൻ ജീവിച്ചിരുന്നു എന്നും, ഈ  മനുഷ്യനെ കാണാനും, ചങ്ങാത്തം  കൂടാനും, ഒരു സിനിമയിൽ  അഭിനയിക്കാൻ പോലും ക്ഷണം  കിട്ടാനും (നടന്നില്ല)  ഭാഗ്യമുണ്ടായത് ഒരു സ്വകാര്യാഹങ്കാരമായി ഞാന്‍ കരുതുന്നുണ്ട്.

മലയാളിയുടെ സംസ്കാരത്തിന്റെ  അത്യുജ്ജ്വലമായ, ആഘോഷിക്കപ്പെടേണ്ട ഒരു  ഉന്നത മനുഷ്യന്റെ സ്ഥാനം തന്നെയാണ് ഒരു മലയാളിയുടെ മനസ്സില്‍ എന്നും അരവിന്ദനുള്ളത്.

end line

Comments
Print Friendly, PDF & Email

You may also like