കനത്തമഴ നനുത്ത വെയിലിനു
ബാറ്റൺ കൈമാറുകയായ്.
അലസതയുടെ കമ്പളം പുതച്ച്
പെയ്തൊഴിഞ്ഞ മഴയെപ്പുകഴ്ത്തി ഞാനെന്റെ ഉമ്മറപ്പടിയിൽ..
പലവഴി അലഞ്ഞു നടന്നിരുന്ന വന്ധ്യമേഘങ്ങൾ കൂട്ടം കൂടിയും തമ്മിലടിച്ചും
മിന്നൽപ്പിണർച്ചുരിക വീശിയും
യുദ്ധകാഹളം മുഴക്കവേ
കാർമേഘപ്പുടവയിൽ മഴവിൽച്ചിത്രം
ചേർന്നിരുന്ന ആകാശക്കമ്പളത്തിനു കരിവേഷപ്പകർച്ച..
ദേവതാരുവിന്റ കൊമ്പിലെ കൂട്ടിൽ മുട്ടയിൽ നിന്നു പുറത്തേക്കെത്താൻ
വെമ്പൽ കൂട്ടുന്ന ഓമനകൾക്കരികെ
ഭയന്ന അമ്മക്കുരുവിയെ ആരും കണ്ടില്ല
അവളുടെ ആർദ്രമായ വിളി മഴയിൽ മുങ്ങി കാറ്റിലലിയവേ ..
വേവലാതി പൂണ്ടു കാറ്റ് ആടിക്കളിച്ചു…
മണ്ടൻകാറ്റ്…
രോമക്കുപ്പായക്കാരൻ ദേവതാരുവിന്റെ കൊമ്പിലെ കുഞ്ഞാറ്റയുടെ കൂടു
വീഴാറായത് കാറ്റിന്റെ വേവലാതി കൊണ്ടു മാത്രം.
ആർദ്രമായ രോദനം കാതിലെത്തവേ
നൊമ്പരം ഘനീഭവിക്കവേ
എന്റെ നെഞ്ചിനുള്ളിലെ മേളക്കാരൻ
ദ്രുതതാളത്തിൽ കൊട്ടിപ്പാട്ടു തുടങ്ങി ..
വീഴാറായ കൂട്ടിലെ വിരിയാറായ മുട്ടകളും ..
പെയ്തൊഴിഞ്ഞ മാനവും ..
ഇവർക്കിടയിൽ ആർദ്രമായി
കുഞ്ഞൻകുരുവിയും കൂട്ടുകാരിയും…
പിന്നെ ഞാനും..
തെളിഞ്ഞ വെയിലിൽ
താളം തെറ്റിച്ചു തിരുവാതിരയാടി
തുമ്പിക്കൂട്ടങ്ങൾ..
നനഞ്ഞ ഇലകളിലൊരായിരം കുഞ്ഞു സൂര്യന്മാർ..
പെയ്തൊഴിഞ്ഞ സന്തോഷത്തിൽ
വെൺപട്ടുവാരിയുടുത്ത്
പശ്ചിമാംബരം..
ഇവരെല്ലാം പൂർവസ്ഥിതിയിലേക്ക്…
എത്രയോ കുഞ്ഞുകിളികൾക്ക് കൂടൊരുക്കാൻ
നിന്നുകൊടുത്ത ശക്തനായ രോമക്കുപ്പായക്കാരന്റെ ശാഖക്കു
ഇന്നെന്തുപറ്റി..?
ഓരോതവണ കുഞ്ഞുങ്ങൾ വിരിയുമ്പോഴും
അമ്മക്കിളിക്കൊപ്പം സന്തോഷം പങ്കിട്ടു കാറ്റിലാടികളിച്ച
ദേവതാരുവിന് എന്തുപറ്റി?
വിധിയാണെന്നും
ഓരോജീവനും ജനിക്കാൻ
നിയോഗം വേണമെന്നും ജാമ്യമെടുത്ത്
കാറ്റ് മുങ്ങിയതു കണ്ടിട്ടോ
എന്റെ ഭാവമാറ്റം കണ്ടിട്ടോ
രോഷം പൂണ്ട് ദേവതാരുവിന്റെ
ചില്ലയൊന്നു വിറകൊണ്ടു .
കൂടൊന്നനങ്ങി..
കുരുവിയുടെ ശബ്ദം മധുരമായി ..
ഒരു ദിവസത്തെ ആയുസ്സുമായി വന്ന തുമ്പികൾക്കും ..
ആകാശയാത്രയിൽ പാതിവഴി താണ്ടി മടങ്ങിയ എനിക്കും
ചുണ്ടിടം പൊട്ടാറായ മുട്ടകൾക്കും
അമ്മക്കുരുവിക്കും
ഒരേ താളം …ഒരേ ലയം
പ്രകൃതിയുടെ സ്വന്തം താളലയം..

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്