അടിമ ചിത്രം വരയ്ക്കുമ്പോൾ
ആദ്യം ചക്രവർത്തിയെ വരയ്ക്കുന്നു
ഒരിക്കലും ഇളകാത്ത സിംഹാസനം,
രത്നകീരിടം, ചെങ്കോൽ വരയ്ക്കുന്നു

അതിരിടൽ പുതുകാര്യമല്ലാത്തതു കൊണ്ട്
അതുവരയ്ക്കാനവരെ
ആരും പഠിപ്പിക്കേണ്ട
സ്ഥൂലമല്ലെന്നു ഒരിക്കലും സമ്മതിക്കാത്ത
ശുഷ്ക രാജ്യത്തിൻറെ വെറും അതിരുകൾ.

അടിമ കച്ചവടക്കാരെ മറക്കാറില്ല
സ്വന്തം വില വാങ്ങാനറിയാത്തവർക്കു
ഇടനിലയില്ലാതെ മറ്റൊരുപായവുമില്ലല്ലോ
പണം മാത്രം വളരെ ഭംഗിയായി വരയ്ക്കും

ആടയാഭരണങ്ങൾ വരച്ചുചേർക്കാറില്ല
അതു വാക്കാൽ തുന്നി ചേർക്കാറാണ്
കൊട്ടിൻമ്പുറം* ചേർക്കാൻ മറക്കാറില്ല
വര(ള)** തികയുമ്പോൾ ആചാരപ്പെടണമല്ലോ

ഒറ്റവർണത്തിൽ പ്രജകളെ വരച്ചുവെയ്ക്കും
വർണമില്ലെങ്കിലും വർണ്ണചിത്രമെന്നു പറയും
പാണന്മാരുണ്ടാകാറില്ല, സ്വയമതാകും
സ്വന്തം ചിത്രം അടയാളപ്പെടുത്താറില്ലെന്ന്.

ഒരിക്കലും സൂര്യോദയം കാണാത്തതുകൊണ്ടു
കുറ്റാക്കുറ്റിരുട്ടല്ലാതെ സുര്യനെ വരയ്ക്കാറില്ല
പക്ഷെ സൂര്യശോഭയെന്ന സ്തുതിക്കു ലോപമില്ല
പ്രശംസയുടെ പാണൻ പാട്ട്, ഒട്ടും കുറയരുതല്ലോ

വരയ്ക്കാനറിയാത്ത അടിമകൾ വരച്ചു കൊണ്ടിരിക്കും
മഹത്തരമെന്നു പാടിപുകഴ്ത്താൻ ആൾക്കൂട്ടമുണ്ടല്ലോ
വിധേയത്വത്തിനു പരിധി നിശ്ചയിക്കാത്തിടത്തോളം
വാങ്ങി വിൽക്കാൻ എന്തിനമാന്തം കാണിക്കണം?

എന്നെങ്കിലുമൊരിക്കൽ ഒരു വസന്തത്തിൽ,
വരയ്ക്കാനറിയുന്നവർ വരച്ചുതുടങ്ങുന്നതും
ഉപാധിയില്ലാതെ കാലമതു നെഞ്ചേറ്റുന്നതും
നമുക്കു കാത്തിരിക്കാം, കിനാവു കാണാം

അങ്ങിനെ സംഭവിക്കുന്നില്ലെങ്കിൽ,
അടിമ വരച്ച ചിത്രങ്ങളിൽ അഭിരമിച്ചു
ചത്ത് കെട്ടു പോകാനാണ് നിയോഗമെന്ന്
ഓർമ്മിക്കാൻ ഇനി ഒട്ടും വൈകിക്കൂടാ.


കൊട്ടിൻമ്പുറം* : തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ഒരു പ്രത്യേക സ്ഥലം.
അവിടെ വെച്ചാണ് പട്ടും വളയും കൊടുത്തു ആചാരപ്പെടുത്താറ്.

വള തികയുക** : ഒരുനാടൻ പ്രയോഗം. ചില പാമ്പ് വർഗങ്ങൾക്കു ശരീരം മുഴവൻ
വളയം ഉണ്ടായാലേ വിഷം നിറയു എന്ന വിശ്വാസം.

കവർ: സുധീർ എം എ

+ posts

സ്വദേശം കണ്ണൂർ ജില്ലയിലെ മൊറാഴ. പ്രവാസി.