അത്ഭുതമായിരുന്നു എനിക്കവൾ. കടൽക്കാറ്റ് മുടി പിന്നോട്ടടിക്കുമ്പോൾ അതിനെ മാടി ഒതുക്കുകായായിരുന്നു നികിത. മുന്നോട്ടു നോക്കി നിൽക്കുന്ന അവൾക്ക് എന്തോ ഒരു ധൈര്യമുണ്ടെന്നു തോന്നുന്നു. ഞാൻ വന്നത് അവളറിഞ്ഞുകാണുകയില്ല. എല്ലാ ശനിയാഴ്ചത്തെയും പോലെ ഇന്നും ഫോണിൽ ആ ഒറ്റ സംഭാഷണം മാത്രം “നീ വാ ഫോർട്ട് കൊച്ചിക്ക് “. രവിപുരത്തുനിന്നും ഞാൻ ഫോർട്ട് കൊച്ചി വരെ എത്തുന്ന സമയം അവൾക്കേറെക്കുറെ കാണാപ്പാഠമാണ്. അതിനുമെത്രയോ മുന്നെ അവൾ എത്തിക്കാണും. കടലിലേക്ക് നോക്കി നിന്ന്, മനസ്സിൽ വന്നതെല്ലാം തന്നോട് തന്നെ ഉരുവിടുകയാണ് പിന്നെ ചെയ്യാറ്. ഞാൻ വന്ന് വിളിക്കുന്നത് വരെ അതേ നിൽപ്പ്.
കൂട്ടുകാരി എന്ന്പറഞ്ഞ് അനഘ പരിചയപ്പെടുത്തുമ്പോൾ, ഇടക്കൊക്കെ കണ്ടു ചിരിക്കാനുള്ള ഒരു മുഖമെന്നേ ഞാൻ കരുതിയിരുന്നുള്ളു. പക്ഷെ അതിലും എത്രയോ വളർന്നിരിക്കുന്നു നികിത. ഇന്നിപ്പോൾ അവൾ ഉപയോഗിക്കുന്ന പെർഫ്യൂം വരെ എനിക്ക് കാണാപ്പാഠമാണ്. ഡിവോഴ്സിലൂടെ കടന്നു പോകുന്ന ഒരു പെണ്ണെന്നതിലുപരി, ആദ്യമൊന്നും എനിക്ക് അവളെ മനസ്സിലായതുമില്ല. ഇടക്ക് വിളിക്കും, എന്തെങ്കിലുമൊക്കെ ചോദിക്കും. മിണ്ടിയും പറഞ്ഞുമിരിക്കും. ഫോൺ കട്ട് ആയാൽ വീണ്ടും അടുത്ത വിളി വരെ മൗനം തുടരും.
ഒരിക്കൽ അനഘയുമായി എന്റെ ഫ്ലാറ്റിലേക്ക് കയറി വന്നപ്പോഴാണ്, നികിത എന്റെ മുന്നിൽ കൂടുതൽ തുറക്കപ്പെട്ടത്. ഫ്രിഡ്ജ് തുറന്ന് പെപ്സി എടുത്തു കുടിച്ച് സോഫയിലേക്ക് ഇരുന്ന അനഘ പറഞ്ഞത് മുഴുവൻ ഓഫീസിലുണ്ടായ നികിതയുടെ കരച്ചിലിനെക്കുറിച്ചാണ്. “ഈ പെണ്ണ് സമാധാനം തന്നിട്ടില്ല ഇന്ന്”. അനഘ പറഞ്ഞു കഴിഞ്ഞ്, എന്തേ എന്ന ഭാവത്തിൽ ഞാൻ മുഖത്തേക്ക് നോക്കുമ്പോഴേക്കും നികിത ബാൽക്കണിക്ക്പുറത്തേക്ക് നോട്ടം സ്ഥാപിച്ചിരുന്നു. “എടി, ഈ സഞ്ജുവും അറിഞ്ഞിരിക്കട്ടേ, അവനറിയുന്നത് കൊണ്ട് ഒരു കുഴപ്പവും വരാനില്ല”. അനഘ ഇത്പറഞ്ഞത് നികിതക്ക് തീരെ ഇഷ്ടാമായില്ല എന്നനിക്ക് തോന്നി. അതു കൊണ്ടുതന്നെ അടുത്ത വാക്കിനു കാത്തു നില്കാതെ അവൾ ബാൽക്കണിയിലേക്ക് നടന്നിരുന്നു. കൈവരിയിൽ പിടിച്ച് പുറത്തെ മറ്റ് ഫ്ലാറ്റകളിലെ വെളിച്ചങ്ങൾ കണ്ടുനില്ക്കുന്ന നികിതയ്ക്ക് ഉള്ളിന്റെ ഉള്ളിൽ അടക്കാനാവാത്ത സങ്കടമുണ്ടെന്ന് എനിക്ക് തോന്നി. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവൾ ആദ്യം ചോദിച്ചത്. “സിഗററ്റുണ്ടോ സഞ്ജു” എന്നാണ്. ഓരോ തവണയും സിഗരറ്റിന്റെ പുക എടുക്കുമ്പോഴും നികിതയുടെ നെഞ്ച് പിടയുന്നത് ഞാൻ കണ്ടു. “ആരെയും വിശ്വസിക്കരുത് സഞ്ജു” ഇത്പറഞ്ഞുതീർക്കുമ്പോഴേക്കും നികിത കരയുകയായിരുന്നു.
ഹാളിൽ നിന്നും ബാൽക്കണിയിലേക്ക് ഓടിവന്ന അനഘയെ നികിത മുറുക്കെ കെട്ടിപ്പിടിച്ച്കരഞ്ഞു. “എടി പോയവർ പോട്ടെ ഇന്നലെ നീ പോയി നിന്റെ വക്കീലിനെയും ഏർപ്പാട്ചെയ്തില്ലേ”. അനഘ ഇതൊക്കെപ്പറയുമ്പോഴും നികിത വിങ്ങിക്കരയുകയായിരുന്നു. നേരം ഏറെ ഇരുട്ടി, സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത പിസയും കഴിച്ച് ഞങ്ങൾ പിരിയുമ്പോൾ നികിത ഏറെക്കുറെ ഓക്കേ ആയിരുന്നു.
പിന്നീട് നികിതയെ കാണുന്നത് ഒരു മാസം കഴിഞ്ഞാണ്. അതിനിടക്ക് എപ്പോഴോ മൂന്നുനാല് തവണ ഫോണിൽ വിളിച്ചിരുന്നു. അങ്ങനെ വിളിച്ച നേരത്ത് അവളൊരിക്കൽ പറഞ്ഞു “സഞ്ജു, എനിക്ക ഒറ്റക്കാര്യമേ മനസിലാവാതെ ഉള്ളു. അവനെന്താണ്എന്നെ വേണ്ടാതായത്? ഒരു closure കിട്ടിയിരുന്നെങ്കിൽ ഒരു സുഖമുണ്ടായേനെ”. എന്ത് മറുപടി പറയണമെന്ന് ഒരു തുള്ളി ഞാൻ ശങ്കിച്ചെങ്കിലും. “ചില കാര്യങ്ങൾക്ക് ഒരു proper closure ഇല്ലാത്തതാണ് നല്ലത് ” എന്ന്ഞാൻ അവളെ സമാധാനിപ്പിക്കാൻ പറഞ്ഞു. വീണ്ടും കാണുമ്പോൾ പറയാനുള്ളതായി ഞങൾ ഒന്നും മാറ്റിവെച്ചിരുന്നില്ല. എങ്കിലും, തോന്നുമ്പോഴൊക്കെ കാണാനും കാണുമ്പോഴൊക്കെ മിണ്ടാനും ഞങ്ങൾക്കാവുന്നുണ്ടായിരുന്നു. ഒരിക്കൽ ഒരു വൈകുന്നേരം അവളെന്നെ വിളിക്കുമ്പോൾ ആദ്യം കേട്ട ഹല്ലോയിൽ തന്നെ നിറഞ്ഞ സന്തോഷമായിരുന്നു. “എന്താണിത്ര സന്തോഷം മാഡം” എന്ന് ചോദിച്ചപ്പോൾ ഒരു സുഹൃത്ത് പുറത്തു നിന്നു കൊണ്ടുവന്ന ഗ്ലെൻഫെഡിച് വിസ്കിയെക്കുറിച്ച് വാചാലയാകുകയായിരുന്നു അവൾ. “ഇത് നിനക്കു വേണ്ടിയുള്ളതാ, നീ ഫ്രീ ആകുമ്പോഴേ ഇത് പൊട്ടിക്കു.
അന്ന് രാത്രി, എന്റെ ബാൽക്കണിയിൽ വെറും നിലത്തിരുന്ന് ഗ്ലെൻഫെഡിച്ച് ഒരിറക്ക് കുടിച്ചിട്ട് അവൾ പറഞ്ഞു “സഞ്ജു, നീ ഒരു മുത്താടാ, നീ തരുന്ന ഒരു റിലീഫ് ഉണ്ടല്ലോ, അത് വേറെ എവിടെ പോയാലും കിട്ടൂല്ല.” പറഞ്ഞു കഴിഞ്ഞ് ഉടൻതന്നെ ആ ഇരുപ്പിലവൾ എന്നെ കെട്ടിപ്പിടിച്ചു. രാത്രി ഏറെ വൈകുവോളം അവളെന്റെ ഷോൾഡറിൽ ചാരി കിടന്നു. ഓരോ പെഗ്ഗിനൊപ്പവും ഞങ്ങളുടെ മനസ്സ് വീണ്ടും വീണ്ടും ഇളയതാവുകയായിരുന്നു. വെളുക്കുവോളം ഞങ്ങൾ മിണ്ടിയും പറഞ്ഞുമിരുന്നു. നേരം വെളുത്തപ്പോൾ പിരിഞ്ഞു. കാണലും മിണ്ടലും പതിവായി. ഇതിനിടക്ക് ഒരിക്കൽ അവളെനിക്ക് ശരീരം പകുത്തു നൽകി. ആ ബാൽക്കണിയിൽ വെച്ച്തന്നെയാണ്ഞങ്ങളാദ്യമായി ചുംബിച്ചത്. തള്ളി മാറ്റാൻ ശ്രമിക്കുമ്പോഴേക്കും ഞാൻ അവളിലേയ്ക്ക് കൂടുതൽ അടുത്തു. എന്റെ മുടിയിലൂടെ അവളുടെ കയ്യോടുമ്പോൾ ഞാനവളെ കൂടുതൽ ചേർത്തുപിടിച്ചു.

ഇന്നവൾ എന്നെ ഈ കടൽത്തീരത്തേയ്ക്ക് വിളിച്ചത് കേസിന്റെ അവസാനദിവസത്തെ വിശേഷങ്ങൾ പറയാനാണ്. അവളങ്ങനെ നിൽക്കട്ടെ, തിരകളെ കാണട്ടെ. ഓരോന്നും വന്ന് പഴയതിനെ മായ്ക്കുന്നത് അവൾ കണ്ടറിയട്ടെ. പെട്ടെന്ന് നികിത പുറകോട്ട് തിരിഞ്ഞപ്പോൾ ഞാനും അവളും അറിയാതെ ഞെട്ടി. “എടാ, അങ്ങനെ അതിനൊരു ഫുൾ സ്റ്റോപ്പ് ആയി. എനിക്ക് ഹരിയോട് സംസാരിക്കണമായിരുന്നു. ഞാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും അവൻ മുഖം തരാതെ പോയ്‌ക്കളഞ്ഞു”. അവളെ നോക്കി ഞാൻ തലയാട്ടിയപ്പോഴേക്കും അവൾ തുടർന്നു. “അല്ലെങ്കിലും നീ ഒരിക്കൽ പറഞ്ഞതു പോലെ ചിലകാര്യങ്ങൾക്ക് ഒരു proper closure തന്നെ ആവശ്യമില്ല.” ഞാൻ നികിതയെ നോക്കി ചിരിക്കാൻ ശ്രമിച്ചു. “ഞാനും പോകുവാ സഞ്ജു, കൊച്ചി എന്നേ എനിക്ക് മടുത്തു തുടങ്ങി. നീയും അനഘയുമാണ് ആകെ ഇവിടെയുള്ളത്”. എന്റെ മുഖം വിളറി, ആ വിളർച്ചയിലും ഞാൻ ചിരി വരുത്തി. എന്റെ കണ്ണിലെ ഈർപ്പം ഞാൻ തിരിച്ചറിഞ്ഞു. അത് പുറത്തേക്ക് കവിയാതെ ഞാൻ നോക്കി. “അടുത്ത ആഴ്ച പോണം ഡാ, അയർലണ്ട് വിസ വന്നു, ആരോടും പറഞ്ഞില്ല”. എനിക്ക് ദേഹം തരിച്ചു. ചെറിയ വിറയൽ പോലെ. ഒരു നിമിഷത്തേക്ക്, ആളുകൾ നിറഞ്ഞ ഒരു ബസ്സ്റ്റോപ്പിൽ ഒറ്റയ്ക്ക് നിൽക്കുന്ന എന്നെത്തന്നെ ഞാൻ കണ്ടു. എനിക്ക് ചിരിക്കാൻ കഴിയുന്നില്ല. ഞാൻ ചിരിച്ചു. അവളെ കെട്ടിപ്പിടിച്ചു. “എടാ ഒരു ചായ കുടിച്ചാലോ”. നികിത അതു പറഞ്ഞ് തിരിഞ്ഞു നടന്നു. അവളുടെ പിറകിൽ തനിച്ചായ എനിക്ക് ഒരൊറ്റ ചിന്ത മനസ്സിൽ പൊടിച്ചു. എന്റെ ഹൃദയത്തിന്റെ താളം കൂടിയത് അവൾ കേട്ടുകാണുമോ. ആ തരിപ്പ് അവളൊരിക്കലും അറിയാതെ ഇരിക്കട്ടെ.
കവർ : സുധീർ Ma
വര : പ്രസാദ് കാനാത്തുങ്കൽ
എറണാകുളം ജില്ലയിലെ വൈറ്റിലയിൽ ജനനം. അച്ഛൻ പി. എസ്സ് സുധാകരൻ, അമ്മ വനജ പി. എസ്സ്. റേഡിയോ-ടിവി അവതാരകൻ, ഷോ പ്രൊഡ്യൂസർ, മ്യൂസിക് എഡിറ്റർ, കോപ്പി റൈറ്റർ എന്നീ നിലകളിൽ പ്രവർത്തിചുവരുന്നു. ഇപ്പോൾ ഇൻഡിവുഡ് ലൈവിൽ സീനിയർ കോണ്ടെന്റ് പ്രൊഡ്യൂസർ ആയി ജോലി ചെയ്യുന്നു.

















