പൂമുഖം OPINION കാളിദാസനോടുമാവാം നീതി.

കാളിദാസനോടുമാവാം നീതി.

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

 

ഈ വർഷത്തെ പത്താം ക്ലാസ് മലയാള പാഠപുസ്തകത്തിൽ , എൻ വി കൃഷ്ണവാരിയർ എഴുതിയ “കാളിദാസൻ” എന്ന ലേഖനത്തിന്റെ പഠനപ്രവർത്തനമായി നല്കിയ കാളിദാസ ശ്ലോകത്തിൽ ഭീമമായ അബദ്ധങ്ങളുണ്ട് .

പുസ്തകത്തിൽ ഇങ്ങനെ കൊടുത്തിരിക്കുന്നു :

സഞ്ചാരിണീ ദീപശിഖേവ രാത്രൗ
യംയം വൃതീയായ പതിംവരാസാ
നരേന്ദ്രമാർഗാ ഇവ പ്രപേംദ
വിവർണ്ണഭാവം സസഭൂമിപാല:

തെറ്റ് 3 തരത്തിലാണ് .

(1) അക്ഷരത്തെറ്റ് : വൃതീയായ എന്നല്ല വ്യതീയായ എന്നാണു വേണ്ടത് .
പ്രപേംദ എന്നല്ല പ്രപേദേ എന്നാണു വേണ്ടത് .
(2) ഒരു പദം തന്നെ ഉപേക്ഷിച്ചിരിക്കുന്നു: നരേന്ദ്രമാർഗ എന്നല്ല നരേന്ദ്രമാർഗാട്ട എന്നാണു വേണ്ടത് . അട്ടം എന്നാൽ മാളിക, ഉയർന്നസ്ഥലം, മാടം എന്നെല്ലാം അർത്ഥം .(3) വാക്കുകൾക്കിടയിൽ അവശ്യം വേണ്ട വിടവ് ഉപേക്ഷിച്ചിരിക്കുന്നു. യംയം എന്നല്ല യം യം എന്നാണു വേണ്ടത്. പതിംവരാസാ എന്നല്ല പതിംവരാ സാ എന്ന് പദച്ഛേദം കാണിക്കണമായിരുന്നു. സസഭൂമിപാല: എന്നത് സ സ ഭൂമിപാല: എന്നെഴുതിയിരുന്നെങ്കിൽ ഉചിതമായേനെ.

അതായത്
സഞ്ചാരിണീ ദീപശിഖേവ രാത്രൗ
യം യം വ്യതീയായ പതിംവരാ സാ
നരേന്ദ്രമാർഗാട്ട ഇവ പ്രപേദേ
വിവർണ്ണഭാവം സ സ ഭൂമിപാല :
എന്നെഴുതണമായിരുന്നു.

വാക്കുകൾക്കിടയിലെ വിടവ് സാങ്കേതികകാരണം പറഞ്ഞ് ഒഴിവാക്കിയാലും മറ്റേത് രണ്ടും തികഞ്ഞ അനാസ്ഥയും മാതൃകാപാഠം എന്ന ടെക്സ്റ്റ് ബുക്കിനെ സംബന്ധിച്ച ധാരണയ്ക്ക് വിരുദ്ധവുമാണ് .
പല ക്ലാസ്സുകളിലും ആ പാഠം എടുത്തുകഴിഞ്ഞു. സംഭവിച്ച തെറ്റിനെക്കുറിച്ച് ഒരു സ്കൂളിലും വിശദീകരണക്കുറിപ്പ് എത്തിയിട്ടില്ല. പാഠ പുസ്തകം കുട്ടികൾക്കുള്ളതാണ്. ഒരു തെറ്റുസംഭവിച്ചാൽ അത് തെറ്റാണെന്നും ശരിപാഠം ഇന്നതാണെന്നും അവരെ അറിയിച്ചിരിക്കണം.  അതും പാഠപുസ്തക സമിതിയുടെ കടമയാണ് .
രാത്രൗ (രാത്രിയിൽ )സഞ്ചാരിണീ ദീപശിഖാ (സഞ്ചരിക്കുന്ന ദീപശിഖ ) ഇവ (എന്നപോലെ ) പതിംവരാ സാ (പതിയെ വരിക്കാൻ ഒരുങ്ങിയ അവൾ )യം യം (ആരെ ) വ്യതിയായ (മറികടന്നുവോ) സ സ ( ആ ) ഭൂമിപാലന: ( രാജാവ് ) നരേന്ദ്രമാർഗാട്ട (രാജവീഥിയിലെ മാളിക ) ഇവ (എന്നപോലെ )വിവർണഭാവം ( കാളിമ, മങ്ങൽ) പ്രപേദേ ( പ്രാപിച്ചു) എന്നു വിശദാംശങ്ങളും വ്യാകരണസൂചനകളും ഇല്ലാത്ത ശരാശരി പദച്ഛേദം .
സഞ്ചരിക്കുന്ന ദീപശിഖയിലെ വെളിച്ചം തട്ടി രാത്രിയിൽ രാജപാതയിലെ മാളികകൾ തിളങ്ങുന്നു, അടുത്തനിമിഷം ദീപശിഖ അകന്നുപോകുമ്പോൾ മാളികകൾ മങ്ങുന്നു. ആ ദീപശിഖ പോലെയാണു ഇന്ദുമതി. അവൾ സ്വയംവരപന്തലിൽ അടുത്തുവരുമ്പോൾ ഇപ്പോൾ വരണമാല്യം ചാർത്തും എന്നു കരുതി ഓരോ രാജാവിന്റെയും മുഖം തിളങ്ങുന്നു; വരണമാല്യം ചാർത്താതെ അവൾ അടുത്ത രാജാവിന്റെ അരികിലേക്ക് പോകുമ്പോൾ മുഖം മങ്ങുന്നു.
ഈ ശ്ലോകത്തിനു കുണ്ടൂർ നാരായണമേനോന്റെ വിവർത്തനം നന്നായില്ല എന്നാണു എന്റെ പക്ഷം . വിവർത്തനം ഇങ്ങനെ:
“ഇരവിലിഹ നടന്നിടും വിളക്കൊ –
ത്തരമവളാരെ വെടിഞ്ഞുപോവതെന്നാൽ
പരമൊരു തെരുവില്പ്പുരം കണക്കാ
നരവരനാർന്നു തദാ വിവർണഭാവം “


പാഠപുസ്തകക്കാർക്ക് അല്പംകൂടി ശ്രദ്ധയാവാം , ചുരുങ്ങിയത് കാളിദാസന്റെ കാര്യത്തിലെങ്കിലും ,അല്ലേ ?

Comments
Print Friendly, PDF & Email

നിരൂപകൻ. സാസ്കാരികപ്രവർത്തകൻ. മടപ്പള്ളി ഗവ. കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.

You may also like