യാത്രകള്‍ നിലയ്ക്കാത്ത ഒരത്ഭുതമാണ്. അത് നമ്മെ മുന്നോട്ടും പിന്നോട്ടും പായിക്കുന്നു. വര്‍ഷങ്ങള്‍ യാത്ര ചെയ്ത് ചില ഇടവേളകള്‍ ഉണ്ടാവുമ്പോള്‍ നേരിട്ട് കണ്ടിരുന്ന, അനുഭവിച്ചിരുന്ന മനുഷ്യരും മറ്റ് ജീവജാലങ്ങളും പ്രകൃതിയും എന്നും ഉള്ളില്‍ തിരിച്ചുവന്നുകൊണ്ടേയിരിക്കും. യാത്രകള്‍ തുറന്നിടുന്ന ജാലകങ്ങള്‍ നമ്മെ വീണ്ടും വീണ്ടും നവീകരിക്കുകയും പുനസൃഷ്ടിക്കുകയും ചെയ്യും.
ഒരിക്കല്‍ കണ്ടവരെ പിന്നീട് കണ്ടെന്നു വരില്ല. ചിലരെ കണ്ടുകൊണ്ടേയിരിക്കും. ഭക്ഷണത്തിന്‍റെ രുചികള്‍, വര്‍ത്തമാനത്തിന്‍റെ സംഗീതം, കഷ്ടപ്പാടിന്‍റെ ജീവിതം.. ഇതിനിടയില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍. ജീവിതം അവര്‍ക്കൊരു ശിക്ഷയാണ് ചിലപ്പോള്‍. എങ്ങാനും വീണുകിട്ടുന്ന സന്തോഷങ്ങള്‍.
വടക്കന്‍ ബീഹാറില്‍ ചെല്ലുമ്പോള്‍ കാണുന്ന നാടന്‍ നന്മകള്‍. പുഴമീനും പടവലും ലിട്ടിചോഖയും ബെല്‍ രസും. പാലിന്‍റെ സമൃദ്ധിയില്‍ ഇഞ്ചിരസത്തില്‍ ചൂടുള്ള ചായയും എല്ലാം മനസ്സിനെ അങ്ങോട്ട് വലിക്കുക തന്നെ ചെയ്യും. വെള്ളപ്പൊക്കത്തിലെ കഷ്ടപ്പാടിലും ചിരിക്കാന്‍ ശ്രമിക്കുന്ന ജീവിതങ്ങള്‍.

ഒഡിഷയിലെ ആദിമ ജീവിതവും കൃഷിയും പൈക്കളും. കോര്‍പ്പറേറ്റുകളുടെ മൈനിംഗില്‍ ആട്ടിയിറക്കപ്പെട്ട ജീവിതങ്ങള്‍. അങ്ങിങ്ങായി നടക്കുന്ന ചെറുത്തുനില്‍പ്പുകള്‍. മല്കന്‍ഗിരിയും കിയോഞ്ഞ്ജറും സുന്ദര്‍ഗഡും മയൂര്‍ഭന്‍ജും. എല്ലാം വിത്യസ്ത ആകാശം, ജീവിതം.
യാത്രകള്‍ ചെയ്തിരുന്ന സുനാമി തമിള്‍നാടും, വെള്ളപ്പൊക്കത്തിന്‍റെ അസമും, വരള്‍ച്ചയുടെ മറാത്വാടയും നമ്മെ പഠിപ്പിക്കുന്നത് ഒട്ടേറെ ആണ്.
ബ്രസീലിലെ യാത്രയില്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന, മാറ്റിനിര്‍ത്തപ്പെട്ട ആദിമ ജനതയും അവരുടെ ജൈവ കൃഷി രീതികളും പുതിയൊരു കാഴ്ചയുടെ വാതില്‍ തുറക്കുകയായിരുന്നു.
കെനിയയിലൂടെ നടത്തിയ യാത്രകളില്‍, മൈനിംഗ് കൊണ്ട് തകര്‍ന്ന പ്രകൃതിയും, എച് ഐ വി എയിഡ്സ് രോഗം മൂലം തകര്‍ന്ന ജനതയും, അതിനെ അതിജീവിക്കാനുള്ള സ്ത്രീ നേതൃത്വ ശ്രമങ്ങളും ഒട്ടേറെ ഉള്‍ക്കാഴ്ചകള്‍ ജീവിതത്തിന് നല്‍കി.
ഇന്തോനേഷ്യയിലെ തദ്ദേശ ജനതയുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും, നവീന ചിന്തകളും, ജീവിതത്തെ എപ്പോഴും പുതിയ രീതിയില്‍ വാര്‍ത്തെടുക്കുന്ന രീതിയും കാണിച്ചു തന്നത് പുതിയ അറിവിന്‍റെ ഭൂമികയാണ്.
ഭൂകമ്പത്തിന് ശേഷമുള്ള അതിജീവനത്തെ തദ്ദേശീയ കാഴ്ചപ്പാടില്‍ നോക്കിക്കണ്ട നേപ്പാള്‍ ജനതയും, ശ്രീലങ്കയിലെയും തായ്ലന്‍ഡിലെയും സുനാമിയെ അതിജീവിച്ച സാധാരണ ജനങ്ങളും നൽകിയത് പുതിയ ജീവിതദർശനങ്ങളായിരുന്നു. കാനഡയിലെ വാന്‍കൂവറില്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന വേള്‍ഡ് അര്‍ബന്‍ ഫോറത്തിലെ മാറുന്ന കാലാവസ്ഥയും സുസ്ഥിര നാഗരിക പദ്ധതികളും , ജപ്പാനിലെ സെണ്ടായിയില്‍ നടന്ന ലോക ദുരന്തനിവാരണ കോണ്‍ഫറന്‍സിലെ അറിവുകള്‍ അനുഭവങ്ങൾ ഒക്കെ പുതിയ അറിവിന്‍റെ സ്വയം നവീകരണത്തിന്‍റെ വിത്തുകള്‍ പാകുകയായിരുന്നു.
ഈയടുത്തായി ഫ്രാന്‍സിലെ ബോര്‍ദോയിലെ അന്താരാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുത്തപ്പോള്‍ സമാന്തര സാമ്പത്തിക ക്രമത്തിന്‍റെ പ്രസക്തിയും, ഗിഗ് വര്‍ക്കേര്‍സ് നേരിടുന്ന അനുഭവങ്ങളും, അതിനെ നേരിടാനുള്ള യുവാക്കളുടെ ഉദ്യമങ്ങളും, കുടിയേറ്റക്കാരുടെ പ്രശ്നങ്ങളും എവിടെയും എത്രമാത്രം കഠിനമാണെന്നും തിരിച്ചറിഞ്ഞു.
യാത്രകള്‍ ചെയ്യാതിരിക്കുമ്പോഴും ഈ മനുഷ്യര്രും പ്രകൃതി- ജീവജാലങ്ങളും മനസ്സില്‍ എന്നും യാത്ര ചെയ്തുകൊണ്ടേയിരിക്കും. അത് മറ്റൊരു യാത്രക്കുള്ള ഊര്‍ജം തരും.
കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്
