കദദിഹയിലേക്ക്
രാവിലെത്തന്നെ ദീപേന്ദുവിന്‍റെ ഫോൺ വന്നിരുന്നു. ഇന്ന് നമ്മൾ പോകുന്നത് ബന്‍സ്പാല്‍ ബ്ലോക്കിലെ കദദിഹ എന്ന ഗ്രാമത്തിലേക്കാണ്. ഏകദേശം അറുപതോളം കിലോമീറ്റര്‍ ദൂരം. ബുയാന്‍ ആദിമജനത കൃഷിയും കൂട്ടവുമായി ജീവിക്കുന്നിടം. രാവിലെ തന്നെ പുറപ്പെടണം. ഞാൻ താഴെ പോയി ക്രുഷ്ണ ബോഡയുടെ കുശിനിപ്പീടികയിൽ നിന്നൊരു ചായ കുടിച്ച് തണുപ്പിലൂടെ അരിച്ചിറങ്ങുന്ന മഴത്തുള്ളികളെ തൊട്ട്, നനഞ്ഞ് തിരിച്ചു നടന്നു. ക്രുഷ്ണയുടെ ചായ കുടിക്കാന്‍ അവിടെ നല്ല തിരക്കാണ്. പ്രത്യേകിച്ചും തണുപ്പിന്‍റെ രാവിലെ. മഞ്ഞും ഇടക്കെങ്ങാന്‍ ലൈറ്റിട്ട് പോകുന്ന വാഹനങ്ങളും. സമയം രാവിലെ അഞ്ചു മണിയെ ആയിട്ടുള്ളൂ. ഇഞ്ചിയുടെയും കുറുക്കിയ പാലിന്‍റെയും ഒന്നുചേര്‍ന്ന മണം. അപ്പോഴേക്കും ഞാന്‍ രണ്ടു ചായ പറഞ്ഞിരുന്നു. താഴെ അവിടെ വരുന്നവരുടെ മുഖത്ത് നോക്കി നില്‍ക്കുന്ന ദയാപൂര്‍വമായ കണ്ണുകളുള്ള തെരുവുനായകള്‍. അവര്‍ക്ക് ബിസ്കറ്റ് വാങ്ങി കൊടുക്കുന്ന, എവിടെയോ പണിക്ക് പോകാന്‍ തയ്യാറായിരിക്കുന്ന രണ്ടുമൂന്നു പേര്‍. ഞാനും ഒരു പാക്കറ്റ് പാര്‍ലെ ജി ബിസ്കറ്റ് വാങ്ങി നായ്ക്കള്‍ക്ക് കൊടുത്തു. ഇത് പിന്നെ ഒരു നിത്യപ്രവൃത്തിയായി.
കുളിച്ച് റെഡിയായി ഞാൻ താഴെ എത്തുമ്പോഴേക്കും ദീപേന്ദു വണ്ടിയുമായി വന്നിരുന്നു. കൂടെ ഒരാളും. ദീപേന്ദു പരിചയപ്പെടുത്തി. സത്യാ ബിദുരി. മെലിഞ്ഞ ശരീരമുള്ള സത്യ. ചിരിക്കാൻ ശ്രമിക്കുമ്പോഴും മടിയോ പേടിയോ തോന്നിയ മുഖം. എവിടെയോ കണ്ടുമറന്നത് പോലെ. സത്യ കിയൊൻജറിൽ എന്തോ ആവശ്യത്തിന് വന്നതാണ്. നേരം വൈകിയപ്പോൾ ഗ്രാമത്തിലേക്കുള്ള എല്ലാ വണ്ടികളും പോയിരുന്നു. പിന്നീട് ദീപേന്ദുവിനെ വിളിച്ച് ഒരു രാത്രി അവിടെ തങ്ങിയതാണ്.

ഖനനം നടക്കുന്ന മലനിരകളും കാടും ചുകപ്പായൊഴുകുന്ന ചെറുനദികളും കടന്ന് ആനത്താരകളും പച്ചപ്പിന്‍റെ നെൽപ്പാടങ്ങളും താണ്ടി ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ സത്യ തന്‍റെ തുടക്കത്തിന്‍റെയും ഇപ്പോൾ നടക്കുന്ന ജീവിത സംഘർഷങ്ങളുടെയും കഥകൾ ഉപ്പിൽ ചേർത്ത് പറഞ്ഞു തുടങ്ങി.

ചരിത്രവഴികളിലൂടെ
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമരഭൂമിയായിരുന്ന കിയൊന്‍ജറിലെ ബന്സ്പാല്‍ എന്ന ചെറിയ അങ്ങാടിയിലൂടെ കടന്നു പോവുമ്പോള്‍ ഈ ഇടങ്ങള്‍ അതിജീവനത്തിന്‍റെ പോരാട്ടം നടത്തി താല്‍ക്കാലിക വിജയം കണ്ടെത്തിയത് അതിതീക്ഷ്ണവും കടുപ്പമേറിയതുമായ വഴികളിലൂടെയായിരുന്നു എന്ന് കൂടെ ഉണ്ടായിരുന്ന സൂര്യ മിശ്ര പറഞ്ഞു. ചെറിയ തണുത്ത കാറ്റിനെയും തീരാന്‍ പോകുന്ന മഞ്ഞിനേയും കൂടെ കൂട്ടി മുന്നോട്ടു പോകുമ്പോള്‍ റോഡ് മെല്ലെ ചെറുതായും വനത്തിന്‍റെ പച്ചപ്പ് കൂടിയും വന്നു. രണ്ടുവശത്തും വലിയ സാല്‍ മരങ്ങള്‍. ഈ മരങ്ങള്‍ സര്‍ക്കാരിന്‍റെ സംരക്ഷണ വിഭാഗത്തില്‍ പെട്ടതാണ്. ഇവരുടെ ജീവിതത്തിന്‍റെ ഭാഗമായ സാല്‍ മരങ്ങള്‍ ജാര്‍ഖണ്ടിലും ഒഡീഷയിലും ഛത്തീസ്ഗഡിലും മറ്റും ഗോത്രങ്ങള്‍ക്കിടയില്‍ പലവിധ ആചാരങ്ങള്‍ക്കു വേണ്ടിയും പ്ലേറ്റ് നിര്‍മ്മാണത്തിലും മറ്റും പ്രധാനമായി ഉപയോഗിക്കുന്നു.
റോഡിന്‍റെ ഇരുവശത്തുകൂടെ സൈക്കിളില്‍ വിറകുമായി അങ്ങാടിയില്‍ വില്‍ക്കാന്‍ പോകുന്നവര്‍. ഒരു വശത്തുകൂടെ തലയില്‍ വിറകുമായി വീട്ടിലേക്ക് നടന്നു പോകുന്ന സ്ത്രീകളും കുട്ടികളും. ടാറിട്ട റോഡ് പതിയെ ഇല്ലാതായി. കുറെക്കൂടെ മുന്നോട്ട് പോകുമ്പോള്‍ സര്‍ക്കാരിന്‍റെ ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം നട്ടുപിടിപ്പിച്ച കശുമാവിന്‍ തോട്ടങ്ങള്‍. ഇവിടത്തെ ആവാസവ്യവസ്ഥയെ താറുമാറാക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍. പക്ഷെ ഈ കൊമേര്‍ഷ്യല്‍ കൃഷി ഏറ്റെടുത്ത് നടത്തുന്നത് പുറത്തുനിന്ന് വന്ന മുണ്ട സമുദായമാണ്. മുണ്ടയും ഭുയാനും ജുവാനും തമ്മില്‍ ചെറിയ അകല്‍ച്ചയും സംഘര്‍ഷങ്ങളും ഇവിടെ പതിവാണ്.
വിശ്രമത്തിനായി ഞങ്ങള്‍ വണ്ടി നിര്‍ത്തി. കാടിനുള്ളിലേക്ക് കുറച്ചു നടന്നു. അവിടെ ഒരു വലിയ സാല്‍ മരത്തില്‍ പച്ചയില്‍ വെള്ള അക്ഷരത്തില്‍ ഒഡിയയില്‍ എഴുതിയ ഒരു ബോര്‍ഡ് കണ്ടു. കാടുകളില്‍ പുറത്ത് നിന്നാരും പ്രവേശിക്കരുത് എന്ന് വനം വകുപ്പിനെ കൊണ്ട് ഔദ്യോഗികമായി ബോര്‍ഡുകള്‍ വെപ്പിച്ച ജനതയാണ് കദദിഹയിലും പ്രദേശത്തും ഉള്ളത് എന്നും ഇതവരുടെ പോരാട്ടത്തിന്‍റെ വിജയപ്രതീകമാണെന്നും ദീപെന്ദു പറഞ്ഞു. ദീപെന്ദുവും ഈ സമരത്തില്‍ പങ്കുചേര്‍ന്നിരുന്നുവത്രെ.

കദദിഹ ഗ്രാമം
ഗോണാസിക, ഗന്ധമര്‍ദ്ദൻ തുടങ്ങിയ കൊടുമുടികൾക്കടുത്തുള്ള കദദിഹ ഒരു ചെറിയ ഗ്രാമമാണ്. ഏകദേശം നാല്‍പ്പതോളം വീടുകളില്‍ താമസിക്കുന്ന ജുവാംഗ് ജനത. ഇവിടം സാൽ, മഹുവ, മാവ്, കെന്തു തുടങ്ങിയ മരങ്ങളെക്കൊണ്ട് സമൃദ്ധമാണ്. ഞങ്ങള്‍ ഗ്രാമത്തിലെത്തുമ്പോള്‍ സമയം പത്തു മണി കഴിഞ്ഞിരുന്നു. ഞാന്‍ മെല്ലെ പുറത്തിറങ്ങി. മണ്ണിട്ട ചുകന്ന റോഡ്. സര്‍ക്കാരിന്‍റെ ചെടിവെച്ചു പിടിപ്പിക്കല്‍ പരിപാടി ഇവിടെ തുടങ്ങിയിരുന്നു. ഗ്രാമവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തല്‍ക്കാലം അത് നിര്‍ത്തവെച്ചതാണ്. ചെടികളധികവും തദ്ദേശീയമല്ലാത്തതും, റോഡിന്‍റെ പണി ശരിക്ക് നടക്കാത്തതും എതിർപ്പിന്‍റെ ചില കാരണങ്ങളായിരുന്നു. വളരെയടുത്ത് തന്നെ അന്‍ഗുൽ ജില്ലയുടെ മലനിരകളും അതിർത്തിയും കാണാം. ഇവിടെ നിന്ന് മൂന്നു കിലോമീറ്റര്‍ കഴിഞ്ഞാല്‍ അന്‍ഗുല്‍ ജില്ലയായി. ഒരിക്കല്‍ അവർ സംഗീതം പോലെ ജീവിച്ച ഇടം. പിന്നീട് കാട്ടിൽ നിന്ന് ആട്ടിയിറക്കപ്പെട്ട് താഴെ മൺകുടിലുകൾ കെട്ടി താമസിക്കുന്ന ഇവരുടെ നിത്യവൃത്തി കൃഷിയും പശുപരിപാലനവുമാണ്.
ഈ ഗ്രാമം ഒരിക്കല്‍ സന്തോഷത്തിന്‍റെയും പിന്നീട് പോരാട്ടത്തിന്‍റെയും പ്രതീകമായിരുന്നു. ഞാന്‍ അവര്‍ കൂടിയിരിക്കുന്ന ഭാഗത്തേക്ക് ചെന്നു. ഗ്രാമത്തിലെ കുട്ടികളും കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും അവിടെ കൂടിയിരുന്നു. സിമന്റ് കൊണ്ട് കെട്ടിയ ഒരു തറ. ഒരു ചെറിയ ഗ്രൌണ്ട്. അതിനടുത്ത് ഒരു അംഗന്‍വാടി. തറയില്‍ അവര്‍ ഉത്പാദിപ്പിച്ച കൃഷി ഉല്‍പ്പന്നങ്ങൾ പ്രദര്‍ശിപ്പിച്ചിരുന്നു. അപൂര്‍വ്വ ഇനങ്ങളായ പത്ത് മുപ്പതോളം നെല്ലിന്‍ വിത്തുകളും, പലവിധ കിഴങ്ങ് വര്‍ഗങ്ങളും, അരിയും മലരും, വെണ്ടക്ക, കയ്പ്പക്ക, വഴുതിനങ്ങ തുടങ്ങി വിവിധ പച്ചക്കറികളും മില്ലെറ്റിൻ വിത്തുകളും, പിന്നെ ഇതു ചേര്‍ത്തുണ്ടാക്കിയ ഭക്ഷണ വിഭവങ്ങളും. ഇതെല്ലാം അവര്‍ പ്രകൃതിരീതിയില്‍ കൃഷി ചെയ്ത് ഉണ്ടാക്കുന്നതാണ്.അവര്‍ പുറത്തുനിന്ന് ഒന്നും തന്നെ വാങ്ങാറില്ല. രണ്ടു മൂന്ന് ചെറുപ്പക്കാര്‍ തുടിയും ബാന്‍ഡുമായി വന്നു. ഗ്രാമ മൂപ്പനായ ബോധ ബിദുരി തന്‍റെ തുടിയുടെ ചരടുകൾ മുറുക്കുകയായിരുന്നു. ചുളിഞ്ഞ ആ മുഖത്ത് ഒരു പാട് കഷ്ടപ്പാടിന്‍റെയും പോരാട്ടത്തിന്‍റെയും ആട്ടിയോടിക്കലിന്‍റെയും അടയാളങ്ങൾ കാണാമായിരുന്നു. നഷ്ടപ്പെട്ട ജൈവലോകത്തിന്‍റെ, സങ്കടത്തിന്‍റെ ഓര്‍മ്മത്തുരുത്തിലൂടെ ബോധ പറഞ്ഞു തുടങ്ങി. പറയൽ പാട്ടിലേക്കും പിന്നെ നൃത്തത്തിലേക്കും ആവാഹിച്ചു. സ്ത്രീകളും കുട്ടികളും യുവാക്കളും ഒരരുവി പോലെ ഒന്നിച്ചു ചേർന്നു. ഒരേ താളത്തിലും മേളത്തിലും അവര്‍ ഒന്നായൊഴുകി. ഏകദേശം അൻപതോളം വീടുകളുള്ള കദദിഹ ഗ്രാമം. ബോധ ബിദൂരിയുടെ കുടുംബം ആറ് പേരടങ്ങിയതാണ്. പന്ത്രണ്ടോളം പശുക്കളും പത്തിരുപത് ആട്ടിൻകൂട്ടങ്ങളും കുറെ കോഴിക്കുഞ്ഞുങ്ങളും അടങ്ങുന്ന അവരുടെ കുടുംബം മണ്ണ് കൊണ്ട് മെഴുകിയ വീട്ടിൽ ഒന്നായി പുലരുന്നു.

പിധ സമ്പ്രദായം
ഇതെല്ലം കണ്ടതിന് ശേഷം ഞാന്‍ അവരുടെ മൂപ്പന്മാരുടെ ഒരു മീറ്റിംഗില്‍ പങ്കെടുത്തു. കിയോഞ്ജർ ഉൾപ്പെടെ ഒഡീഷയിലുടനീളമുള്ള വിവിധ ഗോത്ര സമൂഹങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന ഒരു പരമ്പരാഗത ഗോത്രഭരണ രീതിയാണ് പിധ സമ്പ്രദായം. ഇതൊരു ആചാരപരമായ ഭരണ-നീതിന്യായ സമ്പ്രദായമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും ഗ്രാമപഞ്ചായത്തിന് സമാന്തരമായി തദ്ദേശീയമായ സംഘർഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും, ആചാരപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിലും പിധ ഒരു പരിധിവരെ പങ്ക് വഹിക്കുന്നുണ്ട്. പ്രത്യേകിച്ച് ഭൂയാൻ, ജുവാങ് തുടങ്ങിയ ഗോത്ര വിഭാഗങ്ങൾക്കിടയിൽ. ഒപ്പം അവര്‍ തങ്ങളുടെ പ്രശ്നങ്ങളും അതിനെ നേരിടാന്‍ വേണ്ട ഉപായങ്ങളും അവിടെ ചര്‍ച്ച ചെയ്തു. വനം വകുപ്പ് അവരോട് ചോദിക്കാതെ എടുക്കുന്ന നടപടികളും അതിനെതിരെ പ്രക്ഷോഭം എങ്ങിനെ സംഘടിപ്പിക്കണമെന്നുള്ള കാര്യങ്ങളും വളരെ ഗൌരവമായി അവര്‍ ഉന്നയിക്കുന്നത് കേട്ടു. ഇതെല്ലം ‘പിധ’യുടെ വേണ്ടപ്പെട്ടവര്‍ എഴുതി എടുക്കുന്നുമുണ്ടായിരുന്നു. വളരെ ഔദ്യോഗികമായി, തികച്ചും ജനാധിപത്യപരമായി നീങ്ങുന്നു ഇവരുടെ പിധ സമ്പ്രദായം. മൂപ്പന്മാരില്‍ പ്രായവും ആരോഗ്യവും കാരണം പലരും പിന്മാറിയപ്പോള്‍ പിധയുടെ തലപ്പത്ത് വന്നത്, പുറത്തു പോയി ജോലി ചെയ്തവരും പുറം ലോകത്തെ കൂടുതല്‍ അറിയുന്നവരും ആണ്. ആധുനിക രീതിയിലുള്ള സമീപനവും വസ്ത്രധാരണ രീതിയും സംഭാഷണവും പുതിയ കാലത്തിന് വേണ്ട തന്ത്രങ്ങള്‍ മെനയാനുള്ള കഴിവും ഇവര്‍ക്ക് ഒരുപാട് ഗുണം ചെയ്യും.
തിരിച്ച് നടക്കുമ്പോള്‍
ബോധ പറഞ്ഞതോർക്കുന്നു, പണ്ടൊക്കെ കാട്ടിൽ പോഡു കൃഷിയായിരുന്നു (shifting cultivation). ഒന്നോ രണ്ടോ വര്‍ഷം ഒരിടത്ത് കാട് തെളിയിച്ച് കൃഷി ചെയ്യുന്ന രീതി. ഒഡീഷയിലും ജാര്‍ഖണ്ടിലും മറ്റു പല സ്ഥലങ്ങളിലും ഉണ്ടായിരുന്ന പരമ്പരാഗത കൃഷിരീതി. കാട് വെട്ടി രണ്ടോ മൂന്നോ വര്‍ഷം പ്രത്യേകിച്ച് വളവും മറ്റും ചെയ്യാതെ സ്വാഭാവികമായ രീതിയില്‍ കൃഷി നടത്തി,പിന്നീട് മറ്റൊരു സ്ഥലം നന്നാക്കി കൃഷി ചെയ്തിരുന്നു ഇവര്‍. മുന്‍പ് കൃഷി ചെയ്ത സ്ഥലം സ്വാഭാവികവും തനതുമായ വളര്‍ച്ചയോടൊപ്പം മണ്ണ് ഫലഭൂയിഷ്ഠമാകാന്‍ വിടുന്നു. കാടുകള്‍ നഷ്ടപ്പെട്ടതോടെ ഇന്നാ കൃഷിരീതിയെല്ലാം അന്യംനിന്നിരിക്കുന്നു. ഇപ്പോള്‍ സ്ത്രീകളും യുവാക്കളും മില്ലറ്റ് കൃഷിയും സ്വാഭാവിക കൃഷിരീതികളും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

ഞാന്‍ താഴെ റോഡിലേക്കിറങ്ങുമ്പോള്‍ ഒന്ന് രണ്ടു കുടുംബങ്ങള്‍ സഞ്ചിയും കെട്ടുമായി എങ്ങോട്ടോ പോകാന്‍ തയ്യാറായി നില്‍ക്കുന്നു. അവര്‍ മകര സംക്രാന്തി പ്രമാണിച്ച് ബന്ധുവീടുകളിലേക്ക് പോകുകയാണ്. നാരായണ്‍ ബിദുരി മുറുക്കിയ ചുവപ്പിന്‍റെ പല്ലുകളോടെ നിഷ്കളങ്കമായി ചിരിച്ചു. പലരും പല സ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍. ഇനി കുറച്ചു ദിവസം അവിടത്തെ ഉത്സവങ്ങളും ആഘോഷങ്ങളും കഴിഞ്ഞേ ഇവര്‍ തിരിച്ചു വരൂ.
കന്ധധര്‍ വെള്ളച്ചാട്ടം

ഞങ്ങള്‍ തിരിച്ച് കിയോഞ്ജ്ർക്ക് പോകുന്ന വഴിയില്‍ നിന്ന് അടുത്താണ് കന്ധധര്‍ വെള്ളച്ചാട്ടം എന്ന് ഒന്നിച്ചുണ്ടായിരുന്ന സുര്യ മിശ്ര പറഞ്ഞു. സമയമുള്ളത്കൊണ്ട് അങ്ങോട്ട് പോകാമെന്ന് തീരുമാനിച്ചു. മൈനിംഗ് ട്രക്കുകള്‍ നിരനിരയായി പോകുന്ന കാഴ്ചകള്‍. പ്രധാന വഴിയില്‍ നിന്നും ഞങ്ങള്‍ ഇടത്തോട്ട് തിരിഞ്ഞു. ഏകദേശം ഒരെട്ടു കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ വെള്ളച്ചാട്ടത്തിന്‍റെ അരികിലേക്ക് പോകേണ്ട ബോര്‍ഡുകള്‍ കണ്ടു. വാഹനങ്ങളുടെ എണ്ണം കൂടിയിരിക്കുന്നു. പലതും വെസ്റ്റ് ബംഗാളില്‍ നിന്ന് വരുന്ന ടൂറിസ്റ്റ് ബസ്സുകള്‍. ജീപ്പും മറ്റുമായി തദ്ദേശീയ ടൂറിസ്റ്റുകള്‍ വേറെ. ഗേറ്റ് കടക്കുന്നതിന് മുന്നേ വണ്ടിയില്‍ ഒരാള്‍ കയറിയിരുന്നു. ദീപെന്ദു ഫോണ്‍ ചെയ്ത് മൂപ്പരോട് ആദ്യമേ പറഞ്ഞിരുന്നു. ശങ്കര്‍ കിഷന്‍ എന്ന് സ്വയം പരിചയപ്പെടുത്തി. ഈ നാട്ടുകാരനാണ്. കാടിനും ആദിവാസികളുടെ പോരാട്ടത്തിനും സമരം ചെയ്ത മനുഷ്യന്‍. ഇന്ന് പലരും ഒറ്റപ്പെട്ടെങ്കിലും സമരവീര്യം കുറഞ്ഞിട്ടില്ല. അദ്ദേഹത്തിന്‍റെ പരിചയം കാരണം ഞങ്ങള്‍ക്ക് വേഗം വെള്ളച്ചാട്ടത്തിന്‍റെ ഗേറ്റിന് ഉള്ളില്‍ കടക്കാന്‍ പറ്റി. ഏകദേശം മുന്നൂറോളം പടിക്കെട്ടുകള്‍. ഞങ്ങള്‍ മേലോട്ട് കയറി ചെന്നപ്പോള്‍ ഏകദേശം അഞ്ഞൂറോളം മീറ്റര്‍ മേലെ നിന്ന് മൃദുവായി നൂല് പോലെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം. അതിന്‍റെ മൂന്ന് ഭാഗവും ഉള്ള കൂറ്റന്‍ മലകൾ ധാതുക്കളാല്‍ സമ്പന്നവുമാണ്. ഈ സ്ഥലങ്ങള്‍ കോര്‍പറേറ്റുകള്‍ ഈയടുത്ത് സര്‍വ്വേ ചെയ്തിരിക്കയാണെന്നും അതിന് സര്‍ക്കാരിന്‍റെ എല്ലാവിധ പിന്തുണയുമുണ്ടെന്നും സങ്കടത്തോടെ ശങ്കര്‍ പറഞ്ഞു. അതോടെ ഈ വെള്ളച്ചാട്ടവും ഇവിടെയുള്ള കാലാവസ്ഥയും ജീവിതവും ഒരിക്കലും തിരിച്ചു വരികയില്ല എന്ന സങ്കടവും ഞാന്‍ ശങ്കറിന്‍റെ മുഖത്ത് കണ്ടു.
നിസ്സഹായതയുടെ മുറിവുകളുമായി അവരില്‍ നിന്ന് വിട പറയുമ്പോള്‍ ഗ്രാമങ്ങളില്‍ സ്ത്രീകളും യുവാക്കളും നടത്തുന്ന പുത്തന്‍ കൃഷിരീതികളും പോരാട്ടങ്ങളും മുന്നോട്ടുള്ള പ്രതീക്ഷ നല്‍കി മനസ്സ് തണുപ്പിച്ചു. ഞങ്ങള്‍ കിയോന്ജര്‍ എത്തുമ്പോള്‍ സമയം എട്ടു മണി. രാത്രി അതിന്‍റെ സ്വാഭാവിക രീതിയില്‍ തണുപ്പിനെ കൂട്ടുപിടിച്ച് ഉറങ്ങാന്‍ തയ്യാറെടുത്തിരുന്നു. വീണ്ടും നാളെ മറ്റൊരു ഗ്രാമത്തിലേക്ക് പോകണമെന്നത് കൊണ്ട് ഹോട്ടലില്‍ നിന്നും തവ റൊട്ടിയും തൈരും ബിണ്ടി ഫ്രൈയും കഴിച്ച് ഉറങ്ങാന്‍ കിടന്നു.
(തുടരും)
