ആമുഖം
അമ്മയുടെ എഴുത്ത് മുഴുമിപ്പിക്കാന്‍ അമ്മയ്ക്ക് പറ്റിയിരുന്നില്ല. അസുഖവും വാര്‍ദ്ധക്യവും സങ്കടവും അമ്മയെ പിടികൂടി. അസുഖവും പോരാട്ടവീര്യവും സൂക്ഷ്മനിരീക്ഷണവും മറ്റുള്ളവരെ സഹായിക്കാനുള്ള തൃഷ്ണയും ഒക്കെ കൂടിയ അമ്മയുടെ ജീവിതം അന്നത്തെ മറ്റ് പലരുടെയും ജീവിതം പോലെ ഒന്നായിരുന്നു. അമ്മ ചിലത് കുറിച്ചിട്ടു എന്ന് മാത്രം. ഒരു സ്ത്രീ എങ്ങിനെ തന്‍റെ ജീവിതം നോക്കിക്കാണുന്നു എന്നതും അന്നത്തെ പുരുഷ കേന്ദ്രീകൃത അവസ്ഥയിൽ അവര്‍ ഏതെല്ലാം അവസ്ഥകളില്‍ക്കൂടെ പോയി എന്നതും, അപ്പോഴും അറിവുകൊണ്ടും വീര്യം കൊണ്ടും സ്നേഹം കൊണ്ടും എങ്ങിനെ അവര്‍ക്ക് ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങാന്‍ പറ്റിയെന്നുതും രാഷ്ട്രീയത്തോടൊപ്പം കുടുംബവും എങ്ങിനെ കൊണ്ടുപോകാമെന്നതും ആ കാലത്തെ സ്ത്രീകള്‍ പ്രയോഗത്തിൽ വരുത്തിയിരുന്നു.

അമ്മ വായിച്ചിരുന്ന പുസ്തകങ്ങൾ തനതായ ജീവിതങ്ങളായിരുന്നു. പൈസ കടം വാങ്ങാൻ വരുന്നവർക്ക് ഓടിപ്പോയി ആരോടെങ്കിലും വാങ്ങിക്കൊടുത്ത് പിന്നെ തിരിച്ചു ചോദിക്കാത്ത, ജില്ലാ സംസ്ഥാന സമ്മേളനങ്ങളിൽ ചുവന്ന ബ്ലൗസ് ഇല്ലാത്തവർക്ക് ചുവന്ന തുണി വാങ്ങി തയ്പ്പിച്ച് കൊടുത്ത, ‘കൂയി’ എന്ന് നീട്ടി വിളിച്ച് പെണ്ണുങ്ങളെ കൂടെ കൂട്ടിയ, പാവപ്പെട്ട പെൺകുട്ടിയെ കല്ല്യാണം കഴിപ്പിക്കാൻ നാട് നീളെ നടന്ന് പൈസ പിരിച്ച് കല്ല്യാണം കഴിപ്പിച്ച, കുടുംബശ്രീ മാതൃക വരുന്നതിന് മുൻപേ ആഴ്ചക്കുറി (ഒരു രൂപ മുതൽ രണ്ട് രൂപ വരെ) തുടങ്ങി പാവപ്പെട്ട പെണ്ണുങ്ങളെ സഹായിച്ച, എന്തിനേറെ അന്നത്തെ എട്ടാം തരം പാസ്സായപ്പോൾ മൂത്ത ഏട്ടൻ പാസ്സായില്ല എന്ന സങ്കടത്താൽ സ്കൂൾ ടീച്ചർ പോസ്റ്റ് വേണ്ട എന്ന് വെച്ച അമ്മ. ആലയും പുല്ലും പയ്യും പാലും കൃഷിയും രാഷ്ട്രീയവും മുറുകെ പിടിച്ച് നടത്തിയ ജീവിതം.
ആവള, കോഴിക്കോട് ജില്ലയിൽ ചെറുവണ്ണൂർ പഞ്ചായത്തിലാണ്. കുറ്റിയാടി പുഴയുടെ, പെരിഞ്ചേരി കടവ് ഗുളികപ്പുഴ എന്നിവയുടെ തെക്കുഭാഗത്ത്, ആവണ പാണ്ടിയും കുറൂരക്കടവും കഴിഞ്ഞ് മഠത്തിൽ മുക്ക് വരെ ഉള്ള പ്രദേശം. ഇതിനുള്ളിൽ പകുതി പാണ്ടിയും ബാക്കി പ്രദേശവും ആണ്. പാണ്ടിയുടെ തെക്ക് ഭാഗത്ത് കരയോട് ചേർന്ന് കിടക്കുന്ന അഞ്ചു വീടുകൾ ഉള്ള ഒരു തുരുത്ത്. തുരുത്തിന് കിഴക്ക് ഭാഗത്ത്, തണ്ണീർപ്പന്തലിന്‍റെ പടിഞ്ഞാറ് ‘താഴെക്കുറൂര’ എന്ന വീട്. ഈ പറമ്പ് ഫലവൃക്ഷങ്ങൾ നിറഞ്ഞ കരപ്രദേശവും ബാക്കി നാലേക്കറോളം കണ്ടൽക്കാടുകളും. വേനലിൽ പച്ചക്കറികളും കപ്പയും കൃഷി ചെയ്യുന്ന കൊല്ലിയും ചേർന്നതാണ്. മഴക്കാലമായാൽ ഇതൊക്കെ വെള്ളത്തിലായിരിക്കും. ഏറ്റവും അടിയിൽ ഒരു കുണ്ടു കുളവും ഉണ്ട്. തുരുത്ത് ഒറ്റപ്പെടും. പിന്നെ തോണിയിലേ ചുറ്റുപ്രദേശങ്ങളിൽ പോകാനാവൂ.
നാരായണി ഇളയമ്മ ആ പ്രദേശത്തെയും കുടുംബ വീടിനെയും പറ്റി ഇങ്ങനെ കുറിച്ച് വെച്ചിരിക്കുന്നു:
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കന്മാരും പ്രവർത്തകരും തമ്മിലുള്ള ചര്‍ച്ചയും അടുപ്പവും, സഹോദരങ്ങളുടെ സജീവ രാഷ്ട്രീയ ഇടപെടലുകളും ഇളയമ്മയുടെ കുറിപ്പുകളിൽ വരുന്നുണ്ട്.

ഇളയമ്മ പറയുന്നു:
1945 ന് മുന്‍പ് മുതല്‍ തന്നെ സ: കൃഷ്ണപ്പിള്ള വീട്ടില്‍ വന്നു തുടങ്ങി. പകല്‍ സമയത്ത് കുറൂര തുരുത്തില്‍ തന്നെയുള്ള കച്ചവടമില്ലാത്ത പീടികയുടെ അറയുടെ മുകളിലോ താഴെ കുറൂര തന്നെ അട്ടത്തോ തന്നെ കഴിഞ്ഞുകൂടും. രാത്രി വൈകിയാല്‍ അച്ഛന്‍ അത്യാവശ്യം ചില തന്റേടികളെ വീട്ടില്‍ സംഘടിപ്പിച്ചിരിക്കും. അവര്‍ക്ക് കൃഷ്ണപ്പിള്ള സ്റ്റഡിക്ലാസ് നടത്തും. ഞാന്‍ അന്ന് മൂന്ന് വയസ്സുള്ള കുട്ടിയാണ്. ഞാന്‍ ഉറങ്ങാതെ കിടന്ന് ക്ലാസ് തുടങ്ങിയാല്‍ കൃഷ്ണപ്പിള്ളയുടെ മടിയില്‍ ചാടി ഇരിക്കുമത്രേ. എനിക്ക് ഓര്‍മ്മയില്ല. അമ്മയും ഏട്ടന്മാരും പറഞ്ഞു കേട്ടതാണ്. ഇങ്ങനെ പല ദിവസങ്ങളോളം പല പ്രാവശ്യമായി സഖാവ് സ്റ്റഡി ക്ലാസ് നടത്തിയിട്ടുണ്ട്. അദ്ദേഹം പാമ്പുകടിയേറ്റ് മരിച്ചത് ഞങ്ങളറിഞ്ഞ ദിവസം വീട്ടില്‍ ചോറ് പോലും വെച്ചിട്ടില്ല. അത്ര സങ്കടമായിരുന്നു. അന്നെനിക്ക് നല്ല ഓര്‍മ്മയുണ്ട്. സഖാവ് താമസിച്ചത് മുഴുവന്‍ ഒളിവിലാണ്.
പിന്നെ വരുന്നത് A.K.G. യാണ്. A.K.G ദിവസങ്ങളോളം 1948 വരെയുള്ള കാലയളവില്‍ ഒളിവിൽ താമസിച്ചിട്ടുണ്ട്. അത് എനിക്കു നല്ല ഓര്‍മ്മയുണ്ട്. പകല്‍ മുഴുവനും കണ്ടല്‍കാടിനുള്ളിലും അട്ടത്തും പീടികപ്പുറത്തും എല്ലാം കഴിയും. രാത്രി വീട്ടിലെത്തും സ്റ്റഡി ക്ലാസും ഒക്കെയായി കഴിയും. പിന്നെ പിന്നെ ആളുകള്‍ ഇതൊക്കെ മണത്തറിയാന്‍ തുടങ്ങി. പിന്നെ ഇങ്ങനെ ഒളിച്ചുകഴിയുന്നവരെ പിടിച്ച് പോലീസിനെ ഏല്‍പ്പിക്കാനുള്ള ശ്രമമായി.അപ്പോഴേക്കും മൂത്ത ഏട്ടനെ (ടി കെ അപ്പുക്കുട്ടി നമ്പ്യാര്‍) പാട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്തു കൊണ്ട്പോയിരുന്നു. സി.കെ.ജി യുടെയും എ.കെ.ജി യുടെയും ക്ലാസുകള്‍ കേട്ട് ഏട്ടന്‍ ഒരു കോണ്‍ഗ്രസ്സായി.

അമ്മ പറഞ്ഞ ഓരോർമ്മ
ഒഞ്ചിയം വെടിവെയ്പ്പില്‍ വെടികൊണ്ട കോണ്‍ഗ്രസ് രാമക്കുറുപ്പ് പരിക്കുകളോടെ പുഴ കടന്ന് രാത്രി ഞങ്ങളുടെ ആവള താഴക്കുറൂര വീട്ടിലാണെത്തിയത്. പിറ്റേ ദിവസം അമ്മ എന്നോടാണ് ഷര്‍ട്ടലക്കാന്‍ പറഞ്ഞത്. എനിക്കന്ന് പതിമൂന്ന് വയസ്സ് പ്രായം. ഞാന്‍ അലക്കുകയാണെങ്കില്‍ ആരും (ഒറ്റുകാര്‍) സംശയിക്കുകയില്ല എന്നും മാസമുറ ആയ തുണി അലക്കുകയുമാണെന്ന് വിചാരിക്കുകയും ചെയ്യും എന്നും അമ്മ.
സുഹൃത്ത് ചെമ്പോടന്‍ പൊയില്‍ നാരായണന്‍ പറയുന്നത് കേള്‍ക്കൂ
“എന്‍റെ ചെറുപ്പത്തില്‍ ചെമ്പോടന്‍പൊയില്‍ ഭാഗത്തുള്ള ഞങ്ങൾ സിനിമ കാണുന്നത് അമ്മാളു അമ്മ കൂട്ടിക്കൊണ്ടുപോയിട്ടാണ്. പെണ്ണുങ്ങൾ അമ്മമാർ പണിയെല്ലാം കഴിഞ്ഞ് വൈകുന്നേരം കൂത്താളി വയല്‍ വഴി അമ്മാളു അമ്മയുടെ നേതൃത്വത്തിൽ പേരാമ്പ്രക്ക് നടക്കും. സിനിമ കണ്ട് തിരിച്ച് പോരും വഴി പല കഥകളും പറഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും അര്‍ദ്ധരാത്രി ആയിട്ടുണ്ടാകും. ലോകത്തെ സ്ക്രീനിലൂടെ കാണിച്ചു തന്ന അമ്മാളു അമ്മയെ ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റില്ലലോ.”
എന്‍റെ മറക്കാനാവാത്ത ചില ഓര്‍മ്മകള്‍
ഞാനന്ന് പേരാമ്പ്ര ഹൈസ്കൂളില്‍ എട്ടാംതരത്തില്‍ പഠിക്കുന്ന കാലം. ഒരു നാള്‍ പാച്ചറുടെ പീടികയിലെ പൊറാട്ടയും കഴിച്ച് പേരാമ്പ്രയിലേക്ക് നടന്ന് താമരശ്ശേരി വഴി കണ്ണൂര്‍ക്ക് പോകുന്ന പ്രകാശ് ബസ്സില്‍ കയറിയിരുന്നു. അധികം പേരൊന്നുമില്ല. ഞാൻ ഏറ്റവും പിറകിലത്തെ സീറ്റിൽ ഇരുന്നു. ഡോ.കെ.ജി. അടിയോടിയുടെ ആസ്പത്രി സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും നാട്ടിലെ രണ്ടു പാര്‍ട്ടി സഖാക്കള്‍ കയറിയിരുന്നു. മരക്കാടി സ്റ്റോപ്പ് കഴിഞ്ഞ് പേരാമ്പ്ര വിട്ടപ്പോള്‍ ഒരു കെട്ട് നോട്ടീസുമായി വന്ന ഒരു സഖാവ് വല്ലാത്ത വിജയമുഖത്തോടെ എന്‍റെ കയ്യില്‍ ഒരു നോട്ടീസ് തന്നു. ആ നോട്ടീസ് ബസ്സിൽ എല്ലാവർക്കും വിതരണം ചെയ്യുന്നുമുണ്ടായിരുന്നു. ചുവന്ന കടലാസ്സില്‍ കറുത്തയക്ഷരത്തിൽ എഴുതിയ ആ നോട്ടീസ് ഞാന്‍ കൌതുകത്തോടെ വാങ്ങി വായിച്ചു. സ:… വിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. ആകെ തരിച്ചുപോയി. അച്ഛനില്ലാത്ത പാര്‍ട്ടി. അപ്പോഴേക്കും സ്ഥലം കല്ലോട് കഴിഞ്ഞിരുന്നു. ബസ്സിറങ്ങിയ ഉടനെ കിതയ്ക്കുന്ന നെഞ്ചോടെ വീട്ടിലേക്കോടി. വീട്ടിലെത്തുമ്പോഴേക്കും അമ്മ പൈക്കള്‍ക്ക് പുല്ലരിഞ്ഞു കൊടുത്തു ക്ഷീണം തീര്‍ക്കാന്‍ ഒരു കട്ടന്‍ചായ കുടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഓടി അടുക്കളയില്‍ കയറി ഞാന്‍ നോട്ടീസ് അമ്മക്ക് നീട്ടി. അത് വായിച്ച് അമ്മ ഒന്നും പറഞ്ഞില്ല. ഒരൊറ്റയിരിപ്പ്. ഞങ്ങളുടെ ജീവിതത്തെ പാടെ തകര്‍ത്തുമറിച്ചുകളഞ്ഞ ആ ദിനങ്ങള്‍. അമ്മയുടെ മനോനില തെറ്റി ഏറെക്കുറെ മൌനിയായി, വിഷാദരോഗിയായി കുറെക്കാലം. വിഷാദത്തിന്‍റെ തണുത്ത പുതപ്പ് മെല്ലെ അമ്മയെ പൊതിഞ്ഞു. പിന്നീട് അമ്മ മരിക്കുന്നത് വരെ ആ വിഷാദത്തിൽ നിന്നും പൂർണമായും മുക്തയായിരുന്നില്ല.
അച്ഛൻ കോഴിക്കോട് വെസ്റ്റ് ഹിൽ ബ്രിട്ടീഷ് പോലീസിലും പിന്നീട് മിലിട്ടറി റിക്കോർഡ് ബ്യൂറോവിലും മിലിറ്ററി ഇൻ്റലിജൻസ് കോറിലും പ്രവർത്തിച്ച് രഹസ്യ കമ്മ്യൂണിസ്ററ്റ് സെൽ ഉണ്ടാക്കി പട്ടാളത്തിൽ നിന്ന് പിരിച്ചുവിടപ്പെടുകയും പിന്നീട് തിരിച്ചെടുക്കപ്പെടുകയും ചെയ്തു. അവസാനം അമ്മയുടെ നിർബ്ബന്ധ പ്രകാരം പട്ടാളത്തിൽ നിന്ന് 1964 ൽ പിരിഞ്ഞു പോരുമ്പോൾ ഉണ്ടായിരുന്നത് കുറെ മെഡലുകൾ മാത്രമായിരുന്നു. അച്ഛന്‍ പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് വന്നപ്പോൾ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സമയം. കൂത്താളിയുടെ ച്രക്കിട്ടപാറ ഉൾപ്പെടെ) 1964 ലെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞപ്പോള്‍ കെ എസ് ആർ ടീ സി യില്‍ ക്ലര്‍ക്കായി കാര്‍ഡ് വന്നത് നിരാകരിച്ച് പഞ്ചായത്ത് പ്രസിഡന്റായി.
പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച അച്ഛന്‍ കോൺഗ്രസ്സിലേക്കും പിന്നീട് സിപിഐ യിലേക്കും ചെറിയ കാലം പോയെങ്കിലും അച്ഛൻ്റെ ജനിതക ഘടന അതിൽ നിൽക്കാനാകാതെ നിശ്ശബ്ദനാകുകയും, പട്ടാളക്കാരുടെ സംഘടനയായ (Kerala State Ex-Service League (KSESL) സംസ്ഥാന തലത്തിൽ രൂപം കൊടുക്കുന്നതിൽ വ്യാപൃതനാകയും, കല്ലോട് വീനസ് തിയ്യറ്റേഴ്സുമായി ബന്ധപ്പെട്ട് നാടകവും ACT എന്ന സംഘടനയുമായി പേരാമ്പ്രയിൽ സന്തോഷം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. അതിൽ അച്ഛൻ വിജയിച്ചോ എന്ന് എനിക്കിന്നുമറിയില്ല.
കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്
അടുത്ത ഭാഗങ്ങളിൽ വായിക്കാം അമ്മയുടെ എഴുത്തിലൂടെ...
