“മിയ കുൾപ്പ” (Mea Culpa) ഒരു ലാറ്റിൻ വാക്യമാണ്. അർത്ഥം “എന്റെ തെറ്റ്” അല്ലെങ്കിൽ “എന്റെ കുറ്റസമ്മതം” എന്നതാണ്. പാപസമ്മതത്തിലും, മാനസിക പരിമിതികൾ അംഗീകരിക്കുമ്പോഴും, പൊതുവേദികളിൽ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴും ഉപയോഗിക്കുന്ന വാക്ക്. ഈ വാക്യം കത്തോലിക്കാ ദിവ്യബലിയിൽ നിന്നാണ് ഉത്ഭവിച്ചത്, അതിൽ വിശ്വാസികൾ Confiteor പ്രാർത്ഥനയിൽ “mea culpa, mea culpa, mea maxima culpa” (എന്റെ പിഴ , എന്റെ പിഴ, എന്റെ ഏറ്റവും വലിയ പിഴ) എന്ന് ആവർത്തിച്ച് പറയാറുണ്ട്. ഇതിന്റെ ഉദ്ദേശ്യം സ്വന്തം തെറ്റുകൾ അവബോധിക്കുകയും, അതിനുവേണ്ടി ഖേദം പ്രകടിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഒറ്റത്തവണത്തെ തെറ്റിനേക്കാൾ ആഴത്തിലുള്ള മനസ്സാക്ഷിക്കുത്തിനെയും, മാനസിക ശുദ്ധീകരണത്തെയും സൂചിപ്പിക്കുന്നതു കൂടിയാണ്. ആരെങ്കിലും “Mea culpa” എന്നു പറയുമ്പോൾ, അത് വെറും ഖേദപ്രകടനം മാത്രമല്ല, മറിച്ച് താൻ അതിൽ നിന്ന് പാഠം കണ്ടെത്തിയിരിക്കുന്നു എന്നും, അതിൽനിന്ന് മോചനം ശ്രമിക്കുന്നുവെന്നും ഉദ്ദേശിക്കുന്നുണ്ട്.
ജോസഫ് അതിരുങ്കൽ എഴുതിയ നോവൽ പറയുന്ന വിഷയവും മറ്റൊന്നല്ല. മുറിവേറ്റവരോട് ഒരു ക്ഷമയെങ്കിലും പറഞ്ഞ് പാപവിമുക്തനാകാൻ ശ്രമിക്കുന്ന കുഞ്ഞുമോന്റെ ജീവിതത്തിലെ അഴിയാക്കുരുകളാണ് മിയ കുൾപ്പയുടെ ഇതിവൃത്തം. എൻ്റെ പിഴ എൻ്റെ വലിയ പിഴ എന്നു ചിന്തിക്കേണ്ടിവരുന്ന അയാളുടെ ജീവിത സന്ദർഭങ്ങളെ ആഴത്തിൽ വിശകലന വിധേയമാക്കുകയാണ് ഗ്രന്ഥകാരൻ ചെയ്യുന്നത്.
കോവിഡ് എന്ന മഹാമാരി പിടിപെട്ട് കുറച്ചുനാൾ ആശുപത്രിയിൽ കിടക്കേണ്ടി വന്നപ്പോൾ കുഞ്ഞുമോനിൽ ഉണ്ടായ തിരിഞ്ഞുനോട്ടമാണ് ജീവിതത്തിൽ സംഭവിച്ച, ചെയ്തു പോയ പാപങ്ങളെ കുറിച്ചുള്ള ആധിയിലേയ്ക്ക് എത്തിക്കുന്നത്. മരണാനന്തരം പാപങ്ങൾക്ക് കിട്ടാൻ പോകുന്ന ശിക്ഷയെക്കുറിച്ച് കുഞ്ഞുമോർ വ്യാകുലനാണ്. പക്ഷേ അതൊരിക്കലും സ്വർഗ്ഗ-നരകങ്ങളെ പറ്റിയുള്ളതല്ല. അതിലയാൾ വ്യാകുലനുമല്ല. ചെയ്തുപോയ പാപങ്ങളെ ഈ ലോകത്ത് തന്നെ പൊറുത്തു കിട്ടാൻ കുഞ്ഞുമോൻ അലയുന്നതാണ് നോവലിൽ കാണുന്നത്. ആ അലച്ചിൽ പ്രവാസലോകത്തുനിന്ന സ്വദേശമായ കഠിനപുരത്തേയ്ക്കും, പഴയ മുതലാളിയായ ഉണ്ണൂണ്ണിച്ചായൻ്റെ വീട്ടിലേക്കും, കൂട്ടുകാരൻ മോഹനൻ്റെ വീട് നിൽക്കുന്ന തങ്കക്കുടി ദ്വീപിലേക്കും, കാമുകി ജെസിയുടെ വീട്ടിലേക്കും, സുൽത്താൻ ബത്തേരിയിലേക്കും, ചന്ദ്രൻ സ്വപ്നഗിരിയുടെ ഗ്രാമത്തിലേക്കും, ഹെബ്രാൻ കോട്ടേജിലെ ലീലാമ്മയാൻ്റിയിലേക്കും, അനുഷ ദമയന്തിയെ കാണാൻ ശ്രീലങ്കയിലെ ജാഫ്നയിലേക്കും വരെ എത്തിച്ചേരുന്നു.

ജാഫ്നയിലേക്കുള്ള അയാളുടെ എത്തിച്ചേരൽ നോവലിനെ അപ്പാടെ തല തിരിച്ചിട്ട് വായിക്കുന്നു. കുഞ്ഞുമോൻ എഴുന്നേൽക്കുമ്പോൾ ജാഫ്നയിൽ നേരം പുലർന്നു വരുന്നതേയുണ്ടായിരുന്നുള്ളു. ഇളം തണുപ്പും കാറ്റും നിറഞ്ഞ പ്രഭാതം. തെങ്ങോലകൾക്കിടയിലൂടെ അരിച്ചെത്തുന്ന പ്രഭാതത്തിന്റെ ചുവപ്പുരാശി. കഠിനപുരത്ത് രാവിലെ കേൾക്കുന്നത് തട്ടുമലയിലെ ക്രഷറിൽ പാറക്കൂട്ടങ്ങൾ തകർന്നുവീഴുന്നതിന്റെ ഒച്ചയാണെങ്കിൽ, ഇവിടെ ഇരിക്കുമ്പോൾ അടുത്തെവിടയോ ഉള്ള കടലിന്റെ ഇരമ്പമാണ്. കഠിനപുരത്തെ കാറ്റിന് വെടിമരുന്നിന്റെയും പാറപ്പൊടിയുടെയും ഗന്ധമാണെങ്കിൽ ഇവിടത്തെ നനവുള്ള കാറ്റിന് ഉപ്പുരസമാണ്. തിരകളുടെ ഇരമ്പലിന്റെ ദിശ തിരിച്ചറിഞ്ഞു തെങ്ങിൻതോപ്പിലൂടെ നടന്ന് എവിടെയോ മറഞ്ഞിരിക്കുന്ന തീരത്തേക്ക്പോയി കുറെ നേരം ഏകനായി ഇരിക്കാൻ കുഞ്ഞുമോൻ ആഗ്രഹിച്ചു. കഴിയുമെങ്കിൽ ആ തീരം വഴി ആഴക്കടൽ കണ്ടുകണ്ട് ധനുഷ്കോടിയിലേക്ക് നടക്കണം. നാല്പതു കിലോമീറ്റർ ദൂരമാണ് ഇന്ത്യയിലേക്കുള്ളതെന്നാണ് മുത്തണ്ണ പറഞ്ഞിരിക്കുന്നത്. അത് വലിയ ദുരമല്ല. ജീവിതത്തിൻ്റെ സവിശേഷ സന്ദർഭങ്ങളിൽ നമ്മുടെ ഒരു ചെയ്തി, കൈക്കൊണ്ട ഒരു നിലപാട്, അപരന്റെ ജീവിതത്തിൽ സൃഷ്ടിച്ച ചുഴലിക്കാറ്റുകൾ നാം അറിഞ്ഞുകൊള്ളണമെന്നില്ല. ജാഫ്നയിലെ അനുഷ ദമയന്തിയും അത്തരമൊരു ചുഴലിക്കാറ്റിൽ കടപുഴകി കാറ്റിൽ എല്ലാം ഉലഞ്ഞാടിയ ഭൂതകാലത്തിൻ്റെ ഉപ്പുരസമുള്ളവളാണ്.
ഭൂതകാലത്തിലേക്ക് ഊളിയിടാനും പാപം, പുണ്യം, നിത്യജീവൻ തുടങ്ങിയ ആശയങ്ങൾ യഥാർത്ഥത്തിൽ എപ്രകാരമാണ് നിലനിൽക്കുന്നത് എന്ന തിരിച്ചറിവ് നൽകാനും കുഞ്ഞുമോന് അലയേണ്ടി വരുന്നു. അന്ത്യവിധിയെക്കുറിച്ചുള്ള ഓർമ്മ കുഞ്ഞുമോനിൽ അത്രമേൽ പുകയുന്നുണ്ട്. അയാളിപ്പോൾ കേൾക്കുന്നതെന്തും അവസാനിക്കുന്നത് അന്ത്യവിധി എന്ന വാക്കിലാണ്. തൻ്റെ സമയം അടുത്തുവോ എന്ന് അയാൾ ഭയന്നു. സ്വയം നവീകരിക്കാനും ക്രമപ്പെടുത്താനുമുള്ള മുന്നറിയിപ്പ് അജ്ഞാതനായ ആരോ തനിക്ക് തന്നുകൊണ്ടേയിരിക്കുന്നു എന്നാണ് തൻ്റെ അലച്ചിന് അയാൾ കണ്ടെത്തുന്ന സ്വയം സമാധാനം.
“നിങ്ങൾ ജീവിച്ചു മരിച്ചു. ഒക്കെ ശരി തന്നെ, പക്ഷേ ചെയ്ത സൽക്കർമ്മം എന്ത്?’എന്ന ഒരു ചോദ്യം കുഞ്ഞുമോനെ അലട്ടുന്നു.
ചെയ്ത കർമ്മങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെയല്ലേ കണക്കാക്കേണ്ടത്?
നമ്മുടെ ജീവിതം ഒരിക്കൽ അവസാനിക്കുമ്പോൾ, പിന്നിൽ എന്താണ് ബാക്കി നിൽക്കുന്നത്?
നമ്മളാൽ ഒരാൾക്ക് സഹായം കിട്ടിയോ? ഒരു വാക്ക് കേട്ട് ആർക്കെങ്കിലും ആശ്വാസം തോന്നിയോ?
ആരെയെങ്കിലും നീട്ടിയ ഒരു കൈ പിടിച്ച് കരകയറ്റിയോ ?.
ഒരിക്കലും തിരിച്ചറിയപ്പെടാതെ പോകുന്ന ചില സൽക്കർമ്മങ്ങൾ ഉണ്ട്. ഓർമ്മകളുടെ അഗ്രത്തിൽ മാത്രം തങ്ങിനില്ക്കുന്നവ. അതിനായുള്ള ശ്രമം നടത്തുന്ന കുഞ്ഞുമോനെന്ന കഠിനപുരത്തുകാരനെ ഏറെ കഠിനതകളാണ് കാത്തു നിന്നിരുന്നത്.
പുനരുത്ഥാനത്തിൽ ദേഹി ഏത് വിധം ആയിരിക്കുമെന്ന് കുഞ്ഞുമോൻ ആലോചിക്കുന്നുണ്ട്. ശരീരം മണ്ണിൽ ചേർന്നാൽ അവശേഷിക്കുന്നത് ആത്മാവാണെങ്കിൽ അതിനു രൂപമുണ്ടോ, അതിന് വേദനകൾ ഏറ്റുവാങ്ങാൻ കഴിയുമോ? എത്തും പിടിയും കിട്ടാത്ത ചോദ്യങ്ങൾ. മരണാനന്തര അവസ്ഥയെക്കുറിച്ചുള്ള തത്വചിന്ത. “പുനരുത്ഥാനത്തിൽ ദേഹി എത്രത്തോളം ശരീരസ്വഭാവം നിലനിറുത്തും?” എന്ന ചോദ്യത്തിൽ ഒരു വ്യക്തിയുടെ ഭൗതികാനന്തര അവസ്ഥ എങ്ങനെയാകുമെന്ന് കുഞ്ഞുമോൻ മനസ്സിൽ കൊള്ളാൻ ശ്രമിക്കുകയാണ്.
മരണമെന്ന അജ്ഞാതത്തിനെക്കുറിച്ചുള്ള മനുഷ്യ മനസ്സിന്റെ സ്വാഭാവിക ഉത്കണ്ഠ കുഞ്ഞുമോനിൽ ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. ജീവിതത്തിൽ ചെയ്തു പോയ തെറ്റുകൾ തിരുത്താൻ തീരുമാനിച്ചപ്പോൾ എവിടെ നിന്ന് തുടങ്ങണം എന്നതാണ് കുഞ്ഞുമോനെ കുഴപ്പിച്ച മറ്റൊരു ചോദ്യം. ഏറ്റവും ഒടുവിൽ ചെയ്ത തെറ്റിൽ നിന്നും പിന്നോട്ട് പോകണോ ഓർമ്മയിൽ ആദ്യം വരുന്ന തെറ്റിൽ നിന്ന് മുന്നോട്ടു വരണോ എന്ന് അയാൾക്ക് സംശയമായി. ഏറെ നേരത്തെ ആലോചനക്ക് ശേഷം ഓർമ്മയിൽ ആദ്യം വരുന്നത് എന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാൽ പാപങ്ങളുടെ ഒരു നിര അയാളിലേക്ക് ചങ്ങലക്കണ്ണികൾ പോലെ അയാൾ പോലും അറിയാതെ വന്നു ചേരുകയാണ്. ന്യായവിധിയെക്കുറിച്ച് നിരവധിയായ സംശയങ്ങൾ കുഞ്ഞുമോൻ്റെ മനസ്സിനെ വന്നു മൂടുന്നുണ്ട്.
കുഞ്ഞുമോന്റെ ചിന്തകൾ വലിയ നീഗൂഢതയിലേക്കാണ് നീങ്ങുന്നത്—ന്യായവിധിയുടെ സമയം, അതിന്റെ സ്വഭാവം, തിരുത്തലിന്റെ സാധ്യത. “പൊറുക്കലും പുണ്യഫലവും എവിടെയാണ്?”
“ചെയ്തുപോയ തെറ്റുകൾ അന്ത്യവിധിയിൽ തീർത്തും നിർണ്ണായകമാകുമോ, അതോ പൊറുക്കപ്പെടുമോ?”
മരണാനന്തരജീവിതം ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പിക്കാൻ ഇന്നുവരെ ആർക്കും കഴിഞ്ഞിട്ടില്ല. വിവിധ മതങ്ങൾ, ദാർശനിക ആശയങ്ങൾ, ആധികാരികമായ പ്രാചീന ഗ്രന്ഥങ്ങൾ എന്നിവ അതിനെക്കുറിച്ച് വ്യത്യസ്തമായ വിശദീകരണങ്ങൾ നൽകുന്നുണ്ടെങ്കിലും ഇതുവരെ ശാസ്ത്രീയമായ തെളിവുകളൊന്നും അതിനെ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച ശേഷം തിരികെയെത്തി അനുഭവങ്ങൾ പങ്കിട്ടിരിക്കുന്നവരിൽ ചിലർ ദൃശ്യങ്ങൾ എന്ന നിലയിൽ ചില വിവരണം നൽകാറുണ്ട്. അവർ വെളിച്ചം കാണുന്നതായോ, ഒരു നിർഭാഗ്യസ്ഥിതിയിലൂടെ കടന്നുപോകുന്നതായോ, പ്രിയപ്പെട്ടവരെ കാണുന്നതായോ പറയാറുണ്ട്. എന്നാൽ, ഇത് മനസ്സിലും മസ്തിഷ്‌കത്തിലും ഉണ്ടാകുന്ന സൈക്കോളജിക്കൽ പ്രതിഭാസമാകാമെന്നു ശാസ്ത്രലോകം വാദിക്കുന്നു.
നമ്മുടെ ജീവനും മരണവും ഒരു വൻ രഹസ്യമാണ്. അതുകൊണ്ട് തന്നെ സ്വർഗ്ഗവും നരകവും യാഥാർത്ഥ്യമാണോ അതോ മനുഷ്യമനസ്സിന്റെ സൃഷ്ടിയാണോ എന്നത് വ്യക്തിഗത വിശ്വാസത്തിന്റെയും അനുഭവത്തിന്റെയും കാര്യമാണ്. ഈ യൂണിവേഴ്സൽ ട്രൂത്തിനെയാണ് ജോസഫ് അതിരുങ്കൽ തൻ്റെ നോവലിൻ്റെ വിഷയമായി കണ്ടെത്തിയത് എന്നത് തീർച്ചയായും പ്രശംസനീയമാണ്.
നമ്മുടെ പുതിയ കാലത്തെ പല നോവലുകളും ലഘുവായ വിഷയങ്ങളാണ് അഭിസംബോധചെയ്യാൻ ശ്രമിക്കുന്നതതെന്ന് നിരൂപകർ പലരും ചൂണ്ടിക്കാട്ടിയ കാര്യമാണ്. ലോകമെമ്പാടുമുള്ള മനുഷ്യരുടെ ജീവിത സത്യങ്ങൾ അഭിസംബോധന ചെയ്യുന്ന നോവലുകൾ മലയാളത്തിൽ വളരെ ചുരുക്കമാണ്. ലോകമെങ്ങുമുള്ള മനുഷ്യരാശി എക്കാലത്തും നേരിടുന്ന ഒരു പ്രശ്നമാണ് പാപവും പുണ്യവും മരണാനന്തര ജീവിതവുമൊക്കെ. അത്തരമൊരു വിഷയത്തെ ചർച്ച ചെയ്തു എന്നതു തന്നെയാണ് മിയ കുൾപ്പ എന്ന നോവലിൻ്റെ സവിശേഷത. അതോടൊപ്പം, കോവിഡ് കാലത്തെ പ്രവാസികളുടെ ജീവിതത്തിൻ്റെ അനിശ്ചിതത്വത്തേയും നോവൽ അഭിസംബോധന ചെയ്യുന്നു.
മൃത്യുവിലേക്കുള്ള ദൂരം ഏറ്റവും കുറഞ്ഞുവന്ന ആ ആശുപത്രിക്കിടപ്പിൽ കുഞ്ഞുമോൻ ഓർത്തതത്രയും നാടിനെക്കുറിച്ചായിരുന്നു. ഒറ്റനോട്ടത്തിൽ ഇത്രമാത്രമോ എന്നു തോന്നിക്കുന്നതൊക്കെയും അയാളെ സംബന്ധിച്ച് വിലമതിക്കാനാവാത്തതായി.
നാട്ടിൽ പോയി കുടുംബത്തെ കണ്ടിട്ട്, വീടിനു മുന്നിലൂടെ ഒഴുകുന്ന പുഴയിൽ ഒരിക്കൽ കൂടി മുങ്ങിക്കുളിച്ചിട്ട്, നാനാതരം നാട്ടുമരങ്ങൾ ഇടതൂർന്നു വളരുന്ന തൊടിയിൽ ഇളം കാറ്റേറ്റ് ഒരിക്കൽക്കൂടി നടന്നിട്ട്, നാട്ടിലെ പുരാതനമായ ശിവക്ഷേത്രത്തിൽ ഒരു ഉത്സവം കൂടി കൂടിയിട്ട് വരണമെന്ന് അയാളുടെ പ്രാർത്ഥനയായിരുന്നു. പട്ടികയിലെ മോഹങ്ങളുടെ സ്ഥാനം ഓരോ പ്രാവശ്യവും മാറിമറിഞ്ഞു. പലതും കൂട്ടിച്ചേർത്തു. ഒന്നും വെട്ടി കളയാനും തോന്നിയില്ല. ഒന്നിനും യോഗ്യതയില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ നിമിഷമാണ്, ഇനിയൊരു ജന്മമുണ്ടെങ്കിൽ കഴിവതും തെറ്റുകൾ പറ്റാതെ ജീവിക്കാനും, ചെയ്ത തെറ്റുകൾ തിരുത്താനും ശ്രമിക്കാമെന്ന പ്രതിജ്ഞ കുഞ്ഞുമോൻ എടുത്തത്.
മഹാമാരിക്കാലത്തെ പേടിപ്പെടുത്തുന്ന ഏകാന്തത, രോഗാതുരമായ ഒറ്റപ്പെടൽ, ആശുപത്രിവാസം, മരണങ്ങൾ, ജോലി നഷ്ടപ്പെടൽ തുടങ്ങിയ ജീവിതത്തിലെ സങ്കീർണ്ണങ്ങളായ നിരവധി പ്രശ്നങ്ങളിൽ ഒരാളുടെ മനസ്സ് ഏതൊക്കെ വിധത്തിൽ പാകപ്പെടുന്നുവെന്ന് മിയ കുൾപ്പയിൽ ചർച്ച ചെയ്യുന്നുണ്ട് അനുഷ ദമയന്തി എന്ന പെൺ സുഹൃത്തിനെ കാണാൻ ശ്രീലങ്കയ്ക്ക് പോകുന്നുവെന്ന് തുറന്നു പറഞ്ഞപ്പോൾ കുഞ്ഞുമോൻ്റെ ഭാര്യ കുഞ്ഞുമോൾ പറഞ്ഞു: ” ക്ഷേമം തിരക്കാൻ പോകുന്നതിന് ഒന്നും ഞാൻ എതിരല്ല. പക്ഷേ, ഒരാഴ്ചയിൽ കൂടുതൽ സമയം എടുക്കരുത്. ഇനിയും ഒറ്റയ്ക്ക് കഴിയാൻ എനിക്കു വയ്യ. ഒരു ജീവിതം മുഴുവനും ഒറ്റയ്ക്ക് ജീവിച്ചു തീർത്തവരാണ് നമ്മൾ. അത് ഓർമ്മവേണം.” സ്നേഹപൂർവ്വം കൊടുത്ത ആ വാക്കിനെ നിരസിക്കാൻ കുഞ്ഞുമോന് കഴിയുമായിരുന്നില്ല. പ്രവാസിയുടെ ഭാര്യയുടെ ജീവിതം കാത്തിരിപ്പിന്റെയും ഉത്തരവാദിത്തത്തിന്റെയും നിസംഗതയുടെയും ത്യാഗത്തിന്റെയും സമന്വയമാണ്. ഒറ്റക്കായ ജീവിതമാണത്.
മാസങ്ങളും വർഷങ്ങളും നീളുന്ന കാത്തിരുപ്പ്. കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും അവളുടെ ചുമലിലാണ്. അച്ഛന്റെ അഭാവം നിറയ്ക്കാൻ അമ്മ ഇരട്ടചുമതലകൾ ഏറ്റെടുക്കുന്നു. ജീവിതത്തിന്റെ ഒഴുക്കിനൊപ്പം ഭർത്താവിന്റെ വേർപിരിയലിലുള്ള ദുഃഖം ആരോടും തുറന്ന് പറയാൻ കഴിയാത്ത അവസ്ഥ. അതോടൊപ്പം തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള കരുത്ത് കണ്ടെത്തേണ്ടതും അവളുടെ കടമയാണ് പ്രവാസിയുടെ ഭാര്യയുടെ ജീവിതം ദൈനംദിന പോരാട്ടങ്ങളുടെ ആഴത്തിലുള്ള കഥയാണ്, എന്നാൽ അതിന്റെ പുഞ്ചിരിക്കു പിന്നിലെ തളർച്ച വളരെ ചുരുക്കം പേർക്ക് മാത്രമേ മനസ്സിലാക്കാൻ കഴിയു. അത്തരത്തിൽ കുഞ്ഞുമോളെ കൂടി അടയാളപ്പെടുത്തിയാലേ ഈ വായന പൂർണ്ണമാവുകയുള്ളു.
മനോഹരമായ ഒരു ദൃശ്യവത്കരണത്തോടെയാണ് നോവൽ അവസാനിക്കുന്നത്. കുഞ്ഞുമോൻ്റെ വീട്ടിലെ പുരാതനമായ നാട്ടുമാവ് ഒരു ധ്യാനഗുരുവിനെ പോലെ അയാളോട് കഥ പറയുകയാണ്.
“എല്ലാം മാറിപ്പോകും കുട്ടി. പക്ഷേ, ഒരു മരം അതിൻ്റെ സ്ഥാനം മാറ്റില്ല. പറഞ്ഞ വാക്കും മാറ്റില്ല. നൂറ്റാണ്ടു കഴിഞ്ഞിട്ടും ഞാൻ നിന്നേടത്തുതന്നെ നിൽക്കുന്നു. നീ വിശ്വസിച്ച പ്രസ്ഥാനങ്ങൾ, നേതാക്കൾ എല്ലാം നിന്നെ കൈവിട്ടില്ലേ… ഒരു മരത്തിൻ്റെ ശബ്ദം നിങ്ങൾ കേൾക്കുന്നുവോ എന്നത് മറ്റൊരു കാര്യം.” കുഞ്ഞുമോൻ അത്ഭുതത്തോടെ കേട്ട് നിന്നു.
“പരദേശിയായി ജീവിക്കുന്ന നാളുകളിലെല്ലാം നീ ഈ നാടിനെയും വീടിനെയും ഈ നാട്ടിലെ ചന്തമുള്ള പെണ്ണുങ്ങളെയും മനസ്സിൽ ചുമന്നു. നിൻ്റെ സ്വപ്നത്തിൽ ഇവിടത്തെ കുളങ്ങളും വഴിത്താരകളും കടന്നുവന്നു. എന്നെയൊഴിച്ച് ഒട്ടുമിക്ക എല്ലാവരെയും നീ ഓർത്തു. ഒരിക്കൽപ്പോലും നിൻ്റെ ഓർമ്മയിൽ ഞാൻ കടന്നുവന്നില്ല. ഞാൻ ആഴത്തിൽ മുറിവേൽപ്പിക്കാത്തതുകൊണ്ടും, ഓർമ്മയിൽ വെയ്ക്കാനുള്ള വലിയ സന്തോഷം തരാത്തതുകൊണ്ടുമാവാം നിനക്ക് ഞാൻ ആരുമല്ലാതെ പോയത് “. മരം വിഷാദപൂർവ്വം ചിരിച്ചു.

നീണ്ട കാലത്തെ ധ്യാനത്തിൽനിന്ന് ഉണർന്നതുപോലെ മരം ആത്മസങ്കടങ്ങളുടെ കെട്ടഴിച്ചു.
‘നീണ്ട യാത്രകൾ, ജീവിതത്തെ പരിചയപ്പെടാനുള്ള ദീർഘകാല ദേശാടനം—അവയുടെ അന്ത്യഗതി സ്വന്തം മണ്ണിലേക്കുള്ള തിരിച്ചുവരവാണ്.’ ഈ വാക്കുകളിൽ നിന്ന് പ്രവാസിയുടെ ആന്തരിക വേദനയും തിരിച്ചറിവും എത്രത്തോളം ആഴത്തിലുള്ളതാണെന്ന് മനസ്സിലാക്കാം.
മനുഷ്യന്റെ ജീവിതയാത്രക്കും പ്രകൃതിക്കുമിടയിലുള്ള ബന്ധം ഈ കഥപറച്ചിലിൽ ഉരുക്കിയെടുത്തിരിക്കുന്നു. മാവിന്റെ നിശ്ചലതയും അതിന്റെ അറിവും വർഷങ്ങളായി കണ്ടറിഞ്ഞ അനുഭവങ്ങളും ഒരേ സമയം നമ്മെ സംരക്ഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
കവർ: വിൽസൺ ശാരദ ആനന്ദ്

















