പൂമുഖം പുസ്തകപരിചയം അകപ്പെട്ട് പോകുന്നവരുടേയും പുറപ്പെട്ട് പോകുന്നവരുടേയും സങ്കടങ്ങളുടെ ധാര

അകപ്പെട്ട് പോകുന്നവരുടേയും പുറപ്പെട്ട് പോകുന്നവരുടേയും സങ്കടങ്ങളുടെ ധാര

സമരൻ തറയിൽ രചിച്ച “വംശധാര “എന്ന നോവലിനെ കുറിച്ച്

കോന്തപ്പൻ കാരണവരെ ചികിത്സിക്കാൻ പോകാൻ, ബ്രഹ്മശ്രീ കുഞ്ഞുമാമി വൈദ്യർ പരികർമ്മിയോട് മഞ്ചലെടുക്കാൻ പറയുന്ന കാലത്തു നിന്നും തുടങ്ങി വർഷങ്ങൾക്കിപ്പുറം കുറുപ്പിനേയും വാസുവിനേയും കൊണ്ട് വിമാനം റൺവേ വിട്ട് കടലിനു മുകളിലെ വിതാനങ്ങളിലേക്ക് പറന്നുയരുന്ന മറ്റൊരു കാലത്താണ് വംശധാരയുടെ അറ്റം ചെന്നു നില്ക്കുന്നത്.

‘വസൂരിപ്പുരയ്ക്കടുത്തായി ജീവന്റെ സാന്നിധ്യമില്ല. കൂരാക്കൂരിരുട്ട് ചൂട്ടുവീശിച്ചെന്നു. വെളിച്ചത്തുണ്ടുകളിൽ ചെറുചെറ്റപ്പുര തെളിഞ്ഞുവന്നു. ഒച്ചയോ അനക്കമോ ഉണ്ടായില്ല. മണലടിച്ചു കയറിയിട്ടുണ്ട്. ചാരിവെച്ച മുൻവാതിൽ മെല്ലെയെടുത്തുമാറ്റി. ചൂട്ടുവീശി, ഒന്നേ നോക്കിയുള്ളു. ഏഴെട്ടണ്ണം തലങ്ങും വിലങ്ങും. അഴുകിയ ഗന്ധം. ദിവസങ്ങളായിരിക്കുന്നു. ഒന്നിനേയും തിരിച്ചറിയാൻ വയ്യ. പിന്നൊന്നും നോക്കിയില്ല കുഴിവെട്ടാനൊന്നും നിന്നില്ല എരിഞ്ഞുകൊണ്ടിരുന്ന പന്തം വസൂരി പുരയ്ക്കുള്ളിലേക്കെറിഞ്ഞ് മണൽപ്പരപ്പിലൂടെ ഇരുളിലേക്കോടി.’

ഒരു കാലഘട്ടത്തിലെ കേരളീയ ജീവിതം മുകളിലെ വരികളിൽ അടയാളപ്പെടുത്തുകയാണ് നോവലിസ്റ്റ്.

ഒരു വ്യക്തിയുടെ ഗഹനമായ ജീവിതാനുഭവങ്ങളും കേരളീയ സമൂഹത്തിന്റെ മാറിവന്ന കാലഘട്ടങ്ങളും അവയുണ്ടാക്കിയ മുറിവുകളും കൃതിയിൽ ദൃശ്യങ്ങളാക്കി അവതരിപ്പിക്കുന്നുണ്ട്. കാലത്തിന്റെ കഠിനതയും ജീവിതത്തിന്റെ അനിശ്ചിതത്വവും ചേർന്നു സമുദായത്തിൽ ഉണ്ടാക്കിയ മുറിവുകൾ.

കോവിലൻ്റെ തട്ടകത്തിന് സമാനമായ ഒരു പ്രാദേശിക ഭാഷയിലാണ് വംശധാരയുടെ ആദ്യഭാഗത്തിൻ്റെ രചന. പിന്നീട് നോവലിൽ കാലം മാറുകയാണ്… അപ്പോൾ അതിനനുസരിച്ച് ഭാഷയും മാറുന്നുണ്ട്. മരുഭൂമിയിലെ സൈറ്റിലുള്ള ക്യാമ്പിലെ ജീവിതത്തിലേക്ക് കടക്കുമ്പോൾ സാർവദേശീയമായതും തത്വചിന്തയുടെ അടരുകൾ നിറഞ്ഞതും, സ്വതന്ത്ര ചിന്ത പുലരുന്നതും സാമൂഹ്യവും രാഷ്ട്രീയവുമായ പരിസരങ്ങളുടെ വിമർശനാത്മകത പ്രതിഫലിപ്പിക്കുന്നതും ആവുന്ന പ്രതിപാദനത്തിന് ആനന്ദിൻ്റെ ഭാഷയോട് സാമ്യം തോന്നാം. ഒപ്പം കവിത തുളുമ്പുന്ന മറ്റൊരു ഭാഷയും ഈ നോവലിൽ ഉടനീളം ദർശിക്കാം.

സമരൻ തറയിൽ

180 വർഷം മുമ്പത്തെ കയ്പമംഗലം, തൃപ്രയാർ, തുടങ്ങിയ മണലാേരഗ്രാമങ്ങളുടെ ചരിത്രത്തിലൂടെ, സമുദ്രതീരത്തോട് ചേർന്ന സംസ്‌കാരപരിണാമത്തെ ആധികാരികതയോടെ അവതരിപ്പിക്കുന്നതാണ് നോവലിൻ്റെ ആദ്യഭാഗം.

തൃത്തറത്തറവാടിന്റെ കോലായിലിരുന്ന് പാറോതി മൂത്തപുത്രൻ ശേഖരനു കഥ പറഞ്ഞു കൊടുത്തു. മലാക്കയിലേക്കും പെനാങ്ങിലേക്കും പോകുന്ന പായക്കപ്പലുകളിൽ ഒരിടം കിട്ടാൻ നല്ല പുത്തൻ കൊടുക്കണം. മച്ചാട്ടെ ശങ്കരൻകുട്ടിക്കും തൊറയിലെ വേലപ്പനരയനും കരയാംവട്ടത്തെ കേശവൻനായർക്കും ജ്വരം പിടിച്ചു. കടൽ കടക്കണം പെനാങ്ങിലേക്ക് പോണം. വംശധാര മലയാളികളുടെ പ്രാചീന നാടുവിടലിന്റെ സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക ഭാവങ്ങളെ ചിത്രീകരിക്കുന്നുണ്ട്. തൃശൂർ, പൊന്നാനി തുടങ്ങിയ പ്രദേശങ്ങൾക്കിടയിൽ കടൽപാതകൾക്കു മുമ്പിൽ നിലകൊള്ളുന്ന സാധാരണക്കാരുടെ മോഹങ്ങളും വേദനകളും ഈ വരികളിലൂടെ ഉയർന്നുവരുന്നു.

പായ്ക്കപ്പലുകൾ ആ കാലത്തിന്റെ ഒരു നിർണായക ഘടകമാണ്. മലാക്കയിലേക്കും പെനാങ്ങിലേക്കും കപ്പലുകളിൽ ജോലി തേടി പുറപ്പെട്ട മലയാളികളുടെ യാത്രകൾ കേരളീയജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുള്ള ചരിത്രസംഭവമാണ്. നാടുവിടലിന് മുൻപുള്ള ജീവിതത്തിലെ ശോഷണവും, നാടുവിട്ടവർക്ക് നേരിടേണ്ടിവന്ന വെല്ലുവിളികളും ഇവിടെ സൂക്ഷ്മമായി പ്രത്യക്ഷപ്പെടുന്നുണ്ട്‌.

പഴയ കാലത്തിലെ ചില മാമൂലുകൾ തെറ്റുന്നതിങ്ങനെ…
കുഞ്ഞിക്കോരു പെണ്ണിൻ്റെ പേറ് സ്വന്തം വീട്ടിലാക്കി.ഏഴാം മാസം പ്രസവത്തിന് പെണ്ണിന്റെ വീട്ടിലേക്ക് പോകുക എന്ന, അന്നുവരെ ഉണ്ടായിരുന്ന ഒരു കീഴ് വഴക്കത്തെ ‌ തെറ്റിച്ച്‌ സ്ത്രീകേന്ദ്രികൃതമായ സംരക്ഷണത്തിനു മുൻ‌ഗണന നൽകി അവളെ സ്വന്തം വീട്ടിൽ തന്നെ നിർത്താൻ കുഞ്ഞിക്കോരു നടത്തുന്ന നീക്കമാണ് മാമുല് തെറ്റിക്കുന്നത്.

വിശേഷ ദിവസങ്ങളിൽ ജാതിയിൽ താഴ്ന്ന ചെറുമക്കൾക്ക് ചേമ്പിലയിട്ട് വിളമ്പിയിരുന്ന കുഴികൾ കുഞ്ഞിക്കോരു മൂടി.ഭക്ഷണത്തിൽ ജാതിയും അവകാശങ്ങളും അടിസ്ഥാനമാക്കി വിഭജനമുണ്ടായിരുന്ന സമുദായത്തിൽ സമത്വത്തിനുള്ള ആദ്യചുവടായിരുന്നു കുഴികുത്തി അതിൽ ചേമ്പില വെച്ച് ഭക്ഷണം വിളമ്പുന്ന സമ്പ്രദായം മാറ്റൽ. അത് ആ കാലഘട്ടത്തിൽ ചിന്തിക്കാൻ പോലും ആവാത്തതായ അടയാളം കുത്തലായിരുന്നു.ചേമ്പിലയിലെ വിളമ്പലിൽ നിന്ന് എല്ലാരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സമ്പ്രദായത്തിലേക്കുള്ള മാറ്റം ജാതീയതയുടെ വിവേചനം അവസാനിപ്പിക്കൽ ആയിരുന്നു.

അന്നോളം ഒരു പെണ്ണും തൻ്റെ കുഞ്ഞിനെ ആദ്യാക്ഷരമെഴുതിക്കാൻ ആശാനടുത്ത് പോയിട്ടില്ല. തറവാട്ടു കാരണവന്മാരായ ആണുങ്ങൾക്കു മാത്രം അവകാശപ്പെട്ട ആ ചടങ്ങാണ് കാളിക്കുട്ടി തെറ്റിച്ചത്. വിദ്യാഭ്യാസമേഖലയിൽ സ്ത്രീയുടെ ഇടപെടലും, ചിട്ട പ്പെടുത്താൻ പോകുന്ന നിലവാരവും, കാളിക്കുട്ടിയുടെ എഴുത്താണിക്കുന്നിലേക്ക് കുഞ്ഞിനെ എഴുത്തിനിരുത്താൻ പോകുന്ന പ്രവർത്തനത്തിലൂടെ ഉയർത്തിക്കാട്ടുന്നു.

മാമൂലുകളുടെ തിരസ്കാരം വേറെയും ഉണ്ട്. കുഞ്ഞേലായി അനിയത്തിയുടെ വിവാഹം താഴ്ന്ന ജാതിക്കാരനായ രാമകൃഷ്ണനെ കൊണ്ട് കഴിപ്പിക്കുന്നത്, അയ്യപ്പൻ സ്വന്തം ഭാര്യ ലളിതയെ അനുജന് വിവാഹം ചെയ്ത് കൊടുക്കുന്നത്.

ഇത്രയും വലിയ ഒരു നോവലിൽ പോലും കാര്യങ്ങൾ വളരെ കുറുക്കി പറയാൻ ശ്രമിക്കുന്ന നിരവധി സന്ദർഭങ്ങളുണ്ട്. വായനക്കാരന് പൂരിപ്പിക്കാൻ അവസരം കൊടുക്കുന്ന രീതിയിൽ ചില ഒറ്റവരിയിൽ ഒതുക്കി നിർത്തുന്ന പരാമർശങ്ങൾ.

ആശാൻ കുശലാന്വേഷണത്തിനിടയിൽ എന്തോ ഓർമ്മിച്ചെടുത്ത് അന്വേഷിച്ചു.
“അല്ല മോനെ ആ ഫിദല് വന്നൂന്ന് കേട്ടല്ലൊ ശര്യാണോ “
“ശര്യാ, അത് ലാറ്റിനമേരിക്കേലാ മാഷേ ബാത്തിസ്റ്റാ വീണു. ഫിദല് കയറി. ക്യൂബക്ക് ശ്വാസം വീണു.”
ഒരു പുതിയ ലോകത്തിന്റെ ഉണർവിനെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഉദയത്തിനെയും നിർണ്ണയിച്ച ചരിത്രഘട്ടത്തെ നോവലിൽ രണ്ടു വരികളിൽ ഇങ്ങനെ ആവിഷ്ക്കരിച്ചിരിക്കുന്നു.

‘വാസുവിന് അകാരണമായി ഭയം തോന്നി. ഒരു ചെറുപ്പക്കാരന് ഭ്രാന്തുപിടിക്കാൻ മാത്രം പാകത്തിലായിരിക്കുന്നു ഈ നാട് എന്ന് ഭീതിയോടെ ഓർത്തു. രക്ഷപ്പെടണം ഏതു വിധേനയും അവനുറച്ചു.’ തൊഴിൽ രഹിതനായ ഒരാളുടെ ആശങ്ക, കേരളീയർ പ്രവാസികളായതിൻ്റെ തുടക്കം. വാസുവിന്റെ അനുഭവത്തിലൂടെ കാലഘട്ടത്തിന്റെ സാമൂഹികമായ സങ്കീർണതകളെ ചൂണ്ടിക്കാട്ടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് കേരളത്തിൽ തൊഴിൽരാഹിത്യം ഒരു വലിയ പ്രശ്നമായത്. വിദ്യാഭ്യാസവും, വ്യവസായവൽക്കരണത്തിന്റെ കുറവുമാണ് നിരവധി യുവാക്കളെ തൊഴിൽ അഭിലാഷത്തിൽ നിരാശരാക്കിയത്. മുകളിൽ ഉദ്ധരിച്ച വാക്യം ആ കാലഘട്ടത്തിന്റെ അടങ്ങിയ അനിശ്ചിതത്വത്തെയും നിരാശയെയും കാണിക്കുന്നു.

ഇത്തരം സാഹചര്യങ്ങളിലാണ് കേരളീയർ ആദ്യമായി ഭയവും പ്രതിസന്ധികളും മറികടക്കാൻ പ്രവാസജീവിതം ഒരു മാർഗമായി കണ്ടുതുടങ്ങിയത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആളുകളുടെ പ്രവാഹം 1970-കളിൽ വളരെ ശക്തമായി തുടങ്ങിയെങ്കിലും അതിന് മുമ്പുതന്നെ നിരവധി ആളുകൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും തൊഴിൽ തേടി പോയിരുന്നു. വാസുവിന്റെ ഭയം “രക്ഷപ്പെടണം” എന്ന നിശ്ചയത്തിലേക്ക് അവനെ നയിച്ചതുപോലെ, അത് കേരളീയരുടെ ഒരു വലിയ വിഭാഗത്തിന്റെയും ജീവിത മാർഗമായിത്തീർന്നു.

“അടിയന്തരാവസ്ഥ അറബിക്കടലിൽ ഇന്ദിര ഈസ് നോട്ട് ഇന്ത്യ
ജസ്റ്റിസ് സിൻഹ എവിടെയാണ്
കരിക്കട്ട അക്ഷരങ്ങൾ ഭൂമിയിലേക്ക് തുറിച്ചു നോക്കി”

ഈ വരികൾ ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രതിരോധത്തിന്റെ ശക്തമായ കാവ്യാത്മകമായ പ്രകടനമാണ്. ഇതിൽ അടിയന്തരാവസ്ഥക്കാലവും അന്നത്തെ സംഭവങ്ങളും, മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും തകർച്ചയും സൂചിതമായിരിക്കുന്നു. ജനാധിപത്യത്തിൽ വ്യക്തിപൂജയ്ക്കും അധികാരത്തിന്റെ കേന്ദ്രീകരണത്തിനുമെതിരായ ശക്തമായ ഒരു പ്രഖ്യാപനമായിരുന്നു. വ്യക്തി രാജ്യത്തിനും ജനാധിപത്യത്തിനും മുകളിൽ കയറാൻ ശ്രമിക്കുന്നതിനെ വിമർശിക്കുന്നു. തുടർന്നു നീതിയും നീതിന്യായവ്യവസ്ഥയും അടിയന്തരാവസ്ഥക്കാലത്ത് തകരാറിലായിരുന്ന അനുഭവവും ചോദ്യമായി ഉയർന്നുവരുന്നു.

ഗൾഫ് പണം ആദ്യമായി വീട്ടിലെത്തിയ സന്ദർഭത്തിൻ്റെ ആഹ്ലാദം ഒരിടത്ത് കാണാം. കമലയ്ക്ക് ആശ്വാസമായി അഭിമാനം തോന്നി -തന്റെ കുട്ടിയും കടൽ കടന്നുപോയി. ജോലിയായി. കാശയച്ചുതുടങ്ങി ഇനി ചോദ്യങ്ങളുടെ മുന്നിൽ കമലക്ക് പകച്ചു നിൽക്കേണ്ടതില്ല. അല്ലെങ്കിൽ പുറത്തിറങ്ങിയാൽ കാണുന്നവരൊക്കെ അന്വേഷിക്കും “മോൻ പോയിട്ട് വല്ലോം മെച്ചായോ”? “ഒന്ന്വായില്ല” എന്ന് കമല പറയും. ഇനിയിപ്പോൾ അവൾക്ക് അഭിമാനത്തോടെ പറയാം,ഇതാ എൻ്റെ മകൻ പേർഷ്യയിലെത്തി ജോലിയായി പണം അയച്ചു തുടങ്ങി. പ്രവാസം കേരളത്തെ അഭിവൃദ്ധിപ്പെടുത്താൻ തുടങ്ങിയ ഒരു കാലത്തെ നോവൽ വരച്ചിടുന്നു.

വാസുവും കൂട്ടുകാരൻ തർലോചനും തൊഴിലിടത്തെ അസമത്വത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് നോക്കു.
“നയിക്കുന്നവരും നയിക്കപ്പെടുന്നവരും കഷ്ടപ്പെടുന്നവരും സുഖമനുഭവിക്കുന്നവരും എവിടെയുമുണ്ട്. എന്നുമുണ്ട്. അതുവഴിയേ ലോകം നിലനിൽക്കുന്നുള്ളു. അതിലെന്തിത്ര അത്ഭുതം” കുന്നിറങ്ങുമ്പോൾ തർലോചൻ പറയുന്നുണ്ടായിരുന്നു. പക്ഷേ എവിടെയോ എന്തോ അലിയാതെ കിടന്നിരുന്നു അതെന്താണെന്നോർത്ത് ആ കൊടുംതണുപ്പിലും വാസുവിന് ഉറക്കം നഷ്ടപ്പെട്ടു. മനുഷ്യാധ്വാനത്തെ കുറിച്ചുള്ള വാസുവിൻ്റെ ചിന്ത മറ്റൊരു വിധമാണെന്ന് എഴുത്തുകാരൻ പറയുന്നു.

ഒരു നിമിഷം വാസുവിന്റെ മനസ്സു പിടഞ്ഞു. ഇവിടെ അധ്വാനത്തെ മൊത്തമായി വിലയ് ക്കെടുത്തു കൊണ്ടുവന്നിരിക്കുകയാണ്. ഇവരുടെ വിയർപ്പ് കൊണ്ട്, അദ്ധ്വാനശക്തി കൊണ്ട് ഇവിടെ മണലിടങ്ങൾ മാറി വരും. കെട്ടിടസമുച്ചയങ്ങൾ ഉയരും. വിമാനത്താവളം പണിതീരും. വിമാനങ്ങൾ പറന്നുയർന്ന് ആകാശങ്ങളെ ചേർത്തു കെട്ടും. രാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാകും വംശങ്ങൾ ഇണങ്ങും, ഇണചേരും. അതോടെ ഇപ്പോൾ വന്നിറങ്ങുന്നവരൊക്കെ തിരിച്ചയക്കപ്പെടും അങ്ങനെ ആവാതെ തരമില്ലല്ലോ.

ഒരു സാഹിത്യകൃതി ദാർശനികമായ തലത്തിലേക്ക് ഉയരുന്നതോടൊപ്പം കാവ്യാത്മകമായി അവതരിപ്പിക്കുന്ന വിധം നോക്കു. “പാഴ് മലകളിൽ നദികളും, താഴ് വരകളുടെ മധ്യേ ഉറവകളും ഞാനും ഉണ്ടാക്കും. അവ മരുഭൂമിയിലെ ജലാശയവും വരണ്ട പ്രദേശത്തെ നീരുറവയുമാകുന്നു. മരുഭൂമിയിൽ ദേവദാരു, കരുവേലകം, കൊളുന്ത്, ഒലിവ് എന്നിവ ഞാൻ നടും. മണലാരണ്യത്തിൽ സരള വൃക്ഷവും പൈൻ മരവും പുന്നയും വെച്ചുപിടിപ്പിക്കും.’

പ്രകൃതിയും മനുഷ്യരും തമ്മിലുള്ള സഹജീവിതവും അതിൽ ഉൾചേർന്ന ആത്മീയതയും ശക്തമായി പ്രതീകവൽക്കരിച്ചിരിക്കുന്നു. ഈ ഭാഗം വളരെ ആഴമുള്ള വായനയ്ക്കുള്ളതാണ്. മരുഭൂമിയിൽ വിടരാനുള്ള പുതു ജീവനത്തിന്റെ പ്രതീക്ഷ അടയാളപ്പെടുത്തുന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും പ്രവാസത്തിൽ എത്തിപ്പെട്ട ചിലരുടെ കത്തെഴുതാനും വായിക്കാനും അറിയാത്ത സങ്കടങ്ങൾക്ക് വാസു തുണയാവുന്നുണ്ട്. അക്ഷരമറിയാത്തവർ കത്ത് കിട്ടിയാൽ അതുമായി വാസുവിനെ തേടിയെത്തും എളുപ്പമല്ലാത്ത ഒരു പ്രവൃത്തിയാണ് വായന. വടിവില്ലാത്ത അക്ഷരങ്ങൾക്കുള്ളിൽ നിന്ന് വായിച്ചെടുത്താൽ മാത്രം പോരാ അതിൻ്റെ വ്യാഖ്യാനങ്ങളും പൊരുളും വരെ വിവരിച്ചു കൊടുക്കേണ്ടതായി വരും. അതീവ താല്പര്യമെടുത്തു അവരോട് സംവദിക്കുന്നത് കൊണ്ട് അവർക്കിടയിൽ ഒരു പാലമുണ്ട് എപ്പോഴും നടന്നെത്താവുന്ന സൗഹൃദത്തിൻ്റെ പാലം. ഒരു ശുശ്രൂഷകനായി പ്രവർത്തിക്കുന്ന വാസുവിന്റെ മാനവികതയ്കും അടയാളമാണ് ഈ ഇടപെടൽ.

കിരിയാക്കോസ് എന്ന സൈപ്രസുകാരൻ മേലുദ്യോഗസ്ഥൻ വാസുവിനോട് തൻ്റെ നാടിൻ്റെ ചരിത്രം പറയുന്നുണ്ട് ചരിത്രം മനുഷ്യന്റെ ദുരന്താനുഭവങ്ങളുടെ രേഖാപത്രവുമാണ്. സൈപ്രസിലെ തർക്കങ്ങളും ദുരന്തങ്ങളും, അതുമൂലം മനുഷ്യരുടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളും ഈ ഭാഗത്ത് ആവിഷ്ക്കരിക്കുന്നു.

മുന്തിരിത്തോട്ടങ്ങൾ വിളഞ്ഞുകിടന്ന സൈപ്രസിന്റെ സമാധാനകാലം തുർക്കിപ്പടയുടെ ആക്രമണത്തോടെ അവസാനിക്കുന്നു. ഗ്രീക്കുകാരുടെ കുടുംബങ്ങൾ തുർക്കികളുടെ കീഴിലേക്ക് വലിച്ചുനീക്കപ്പെടുകയും, പലർക്കും ഭൂരിഭാഗം തോട്ടങ്ങളും ഭൂമിയും നഷ്ടപ്പെടു കയും ചെയ്യുന്നു. കാമ്പുകൾ, രക്തപുഴകൾ, വിവേചന രേഖകൾ എന്നിവ പങ്കുവെച്ച് ഒരു രാജ്യം വിഭജിക്കപ്പെടുമ്പോൾ സാധാരണ ജനങ്ങൾ എത്തിപ്പെടുന്ന ദുരവസ്ഥ ആഴത്തിൽ അവതരിപ്പിക്കുന്നു. മനുഷ്യജീവിതത്തിന്റെ കരുത്തും, ദു:ഖത്തിന്റെ ഭാരം ചുമക്കുന്നവരുടെ അവസ്ഥയും മനോഹരമായി പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു. “വംശധാര” എന്ന നോവലിന്റെ ഗാഢമായ സാമൂഹിക, രാഷ്ട്രീയ പരിസരങ്ങളിലെ ഏറ്റവും കരുത്തുറ്റ പ്രത്യക്ഷങ്ങളിലൊന്ന്.

എട്ടുമണിക്കൂർ ജോലിയെന്ന അവകാശത്തെ നോവലിൽ അവതരിപ്പിക്കുന്നുണ്ട്. നോവലിലെ ഈ സന്ദർഭം, തൊഴിലാളികളുടെ അവകാശങ്ങളും അവരുടെ പ്രാധാന്യവും പ്രമേയമാക്കുന്ന ശക്തമായ പ്രസ്താവനയാണ്. നിയമം അനുവദിക്കുന്നതിനപ്പുറം ജോലി നിർബന്ധിതമാക്കുന്നത് തെറ്റായ പ്രവൃത്തിയാണ്, തൊഴിലാളികളുടെ അവകാശങ്ങൾക്കെതിരെ പ്രവർത്തിക്കലാണ്. സാമൂഹിക-രാഷ്ട്രീയ പ്രമേയത്തിന്‍റെ ഭാഗമാകുന്ന ഈ വാചകങ്ങൾ “വംശധാര” എന്ന നോവലിന്റെ സമൂഹപരമായ പ്രതീക്ഷകളെയും യാഥാർത്ഥ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു.

AWC- ഏഷ്യൻ വെൽഫെയർ കമ്മിറ്റി എന്ന ഒരു സംഘത്തിൻ്റെ പ്രവർത്തനങ്ങൾ നോവലിൽ കടന്നുവരുന്നുണ്ട്. “നമ്മളും മറ്റൊരു രാജ്യത്താണ് ഇവിടത്തെ നിയമം നോക്കി പണിയെടുത്ത് നാല് കാശുണ്ടാക്കാൻ വന്നവർ. അല്ലാതെ കൊടി പിടിക്കാനും കുഴപ്പം ഉണ്ടാക്കാനുമില്ല. ആരും നിർബന്ധിച്ചു കൊണ്ടുവന്നതല്ല, നമ്മൾ കേറി വന്നതാ. അവര് ജോലി തന്നു. താൽപര്യല്ലെങ്കിൽ വിട്ടുപോകാം അല്ലാതെ ഇവിടെ കിടന്നു ബഹളം വച്ചതുകൊണ്ട് വല്ല കാര്യമുണ്ടോ”ഇതാണ് സാധാരണ ഒരു പ്രവാസിയുടെ ചിന്ത.

പ്രവാസജീവിതം എന്തെന്നാൽ അവരുടെ നിയമങ്ങളും സംസ്കാരവും മാനിച്ച് സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകുക എന്നതാണ്. പ്രവാസികളുടെ പ്രാഥമിക ലക്ഷ്യം കുടുംബത്തിനും ജീവിതത്തിനും വേണ്ടി സാമ്പത്തിക സുരക്ഷ നേടുക എന്നതായിരിക്കുകയാണ്. അയൽരാജ്യത്തിന്റെ നിയമങ്ങളും സമൂഹത്തിന്റെ ചട്ടങ്ങളും മാനിച്ചു ജീവിക്കുന്നവരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരെ വെൽഫെയർ സംഘം സന്ദർശിക്കുന്ന സംഭവങ്ങൾ നോവലിൽ ചർച്ചയാകുന്നുണ്ട്.

സൈറ്റിൽ കലാപം ഉണ്ടായ സമയത്ത് നടക്കുന്ന കോൺഫറൻസ് നോവലിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ‘അടച്ചിട്ട കോൺഫ്രൻസ് ഹാളിൽ ഒരു ശബ്ദം പോലും കേട്ടിരുന്നില്ല അതിനുള്ളിൽ ആരും തന്നെ ഇല്ലെന്ന് തന്നെ വിചാരിക്കുന്നു ഓരോരുത്തരും തങ്ങളുടെ ശബ്ദം തന്നെയാണ് ഏറെ ഭയന്നത് നിങ്ങൾ 10 വാക്യങ്ങൾ എഴുതൂ അതിൽ നിന്ന് നിങ്ങളെ തൂക്കിക്കൊല്ലാനുള്ള വകുപ്പ് കണ്ടെത്താൻ കഴിയും എന്ന് പറഞ്ഞ ന്യായാധിപനെ കുറിച്ചൊന്നും മീറ്റിങ്ങിൽ പങ്കെടുക്കുന്നവർ കേൾക്കാനിടയില്ല. എന്നാൽ തങ്ങളുടെ വാക്കുകളിൽ കുറ്റാരോപണ തെളിവുകൾ കണ്ടെത്തിയേക്കാം എന്ന ഭയമുണ്ടായിരുന്നു. ശ്രദ്ധയോടെ കരുതലോടെ അളന്നു മുറിച്ചു വാക്കുകൾ ഉപയോഗിക്കാനും എല്ലാവരും ശ്രദ്ധിച്ചു.’ ഈ വാക്കുകളിൽ വ്യക്തമാണ് സൈറ്റ് ഓഫീസിലെ കാർക്കശ്യം. ചോദ്യങ്ങൾ ആവശ്യമെങ്കിലും അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല എന്ന് സൈറ്റിലെ ഉദ്യോഗസ്ഥനായ കുട്ടിയുടെ വാക്കുകൾ ശ്രദ്ധേയമാണ്.

“വിചാരിക്കും പോലെയല്ല കാര്യങ്ങൾ. 5000 പേരെ വെച്ച് ചെയ്യുന്ന പണിയാണ്. കുട്ടിക്കളിയല്ല കോടികളുടെ കാര്യമാണ്. എന്തായാലും അവർ കാണാതിരിക്കില്ല. ചെറിയ നീക്കായാലും അതൊക്കെ ശ്രദ്ധിക്കാൻ ആളോളുണ്ട്. ഓരോ വാക്കും നീക്കവും ചോർത്തി കൊടുക്കും. ഒരു വിചാരം ഉണ്ടാവണം. കൂട്ടംകൂടുന്നതും, രാത്രിയിൽ ഓരോരുത്തരുടെ സന്ദർശനവും ചർച്ചയും ഒക്കെ മതിയാവും, ഓരോ സംശയത്തിനും വഴിവയ്ക്കാൻ കുറച്ചു കരുതലൊക്കെ വേണമായിരുന്നു.”

കാറ്റടിച്ചു വിട്ടിരിക്കുന്നു. ഇനി ഒന്നും ചെയ്യാനില്ല. അതിങ്ങനെ വീശിക്കൊണ്ടിരിക്കുന്നു. മരുപ്പരപ്പ് നീണ്ടു നിവർന്ന് എന്തിനും പോകുന്ന കിടപ്പാണ്. അതിൻ്റെ ധൂളികൾ എത്ര ഉയരുമെന്ന് പറയാൻ വയ്യ. പിടിച്ചുകെട്ടാൻ ഒരു മാന്ത്രികനായ സഞ്ചാരിയോ ഒട്ടകക്കൂട്ടങ്ങളോ, ആകാശം ചുറ്റുന്ന നക്ഷത്ര കണ്ണുകളോ വന്നെന്നു വരില്ല. മരുപ്പരപ്പിൽ കാറ്റ് ഒരു പ്രബലശക്തിയായി മാറിയിരിക്കുന്നു, വീശലിന്റെ അതിരില്ലാത്ത സ്വാതന്ത്ര്യം പറഞ്ഞുതരാനാവാത്ത അനിശ്ചിതത്വം നൽകുന്നു.

കേരളത്തിൻ്റെ സാമൂഹിക രാഷ്ട്രീയ വികാസചരിത്രത്തിൻ്റെ പശ്ചാത്തലത്തിലൂടെ, കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ച മുതൽ അടിയന്തരാവസ്ഥവരെയും ഗൾഫ് ജീവിതത്തിന്റെ ഘട്ടങ്ങളെയും അടയാളപ്പെടുത്തിയ ബൃഹത് നോവൽ. ആഖ്യാന കൈത്തഴക്കത്താൽ മികവാർന്ന വംശധാര ഒരു കാലഘട്ടത്തിൻ്റെ ചരിത്രപരമായ അടയാളപ്പെടുത്തലാണ് നിർവഹിക്കുന്നത്. പ്രാദേശിക സംസ്കൃതിയുടെ സൂക്ഷ്മധാരകളെ അതിവിപുലമായ തോതിൽ അടയാളപ്പെടുത്തുന്ന നോവൽ കൂടിയാണ് വംശധാര.

ഗ്രീൻ ബുക്സിൻ്റെ സ്ഥാപകരിൽ ഒരാളായ സമരൻ തറയിൽ, തൃശ്ശൂർ ജില്ലയിൽ കയ്പമംഗലം ഗ്രാമത്തിൽ ജനിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളം യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ജോലി ചെയ്തു. കൃതികൾ: സൈക്കിൾ, ആകാശം ബാക്കി, പാഠം ഒന്ന് ജൂൺ. ഗാസാ പാശം.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like