പൂമുഖം LITERATURE വെറ്റ്റന്‍സ്

വെറ്റ്റന്‍സ്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

രാജ്യാതിർത്തിയില്‍ മുപ്പത്തിമൂന്നു കൊല്ലം
പട്ടാളക്കാരനായിരുന്നു, പ്രഭ.
വിരമിച്ചു.
ഇരുപത്തിയൊന്ന് കൊല്ലായി. നോക്ക്,
എന്നെയും നിന്നെയും പോലെ.

നീ പോലീസായിരുന്നു. ഞാന്‍ കള്ളനായിരുന്നു.

പ്രഭയുടെ കാര്യം തന്നെ പറയുന്നു.

ഈ രാത്രിയും വീട്ടുമുറ്റത്തുണ്ട്
അയാളുടെ കഥകള്‍ കേട്ട് ഉറക്കം തൂങ്ങുന്ന നായയുണ്ട്
ഇരുപത്തിയൊന്ന് ദിവസമായി നായ പ്രഭയുടെ കൂടെയുണ്ട്
അതിന്റെ തന്ത കൊണ്ടുവന്നാക്കിയതാണ്. അതും ഒരു നായയാണ്‌
ഇന്നും നോക്ക്, നായയെ ഉറങ്ങാന്‍ വിട്ട് പ്രഭ പോയി
രാത്രിയില്‍, അതിര്‍ത്തി വരെ പോയി.
ടെലികോം ടവര്‍ വരെ പോയി. നാട് അവിടെ തീര്‍ന്നു.
കുറച്ചു നേരം അവിടെ അങ്ങനെ നിന്നു.
മാനത്തേക്ക് നോക്കി.
മാനത്ത് വിമാനം പോലെ നീന്തുന്ന
എട്ടു മീനുകളെയും കണ്ടു , അതോ ഒമ്പതോ.
ഒരാള്‍ വൃദ്ധനാവാന്‍ അയാളുടെ ആയുസ്സ് മാത്രം മതി.
നിന്നെ നോക്ക്. എന്നെ നോക്ക്.

നാളെയും പ്രഭ പുറത്തിറങ്ങും
ഇനി ഞാന്‍ നാളെ എന്നല്ല ഇന്നലെ എന്ന് പറയുന്നു.
ഒരാള്‍ വൃദ്ധനാവാന്‍ അയാളുടെ ഇന്നലെകളും നാളെകളും മതി.

ഇന്നലെ പ്രഭ പുറത്തിറങ്ങി. പകല്‍ എട്ടു മണിക്ക്.

നായ പിറകെ ഓടി. ചിലപ്പോള്‍ നടന്നു. ചിലപ്പോള്‍
തിരിഞ്ഞുനിന്ന്‍ മൂത്രം ഇറ്റിച്ചു. അതിനെ
അതിന്റെ തന്ത കൊണ്ടുവന്നാക്കിയതാണ്, അതോ തള്ളയോ.
അവയ്ക്ക് വേറെയും മക്കളുണ്ട്. ഒന്ന് ചത്തു.
നോക്കാതെ റോഡുമുറിച്ച് കടന്നു, അതിന്
ഒരു കണ്ണേ ഉണ്ടായിരുന്നുള്ളൂ. ആ വഴി വന്ന
ഒരു വണ്ടിക്കും കണ്ണുണ്ടായിരുന്നില്ല.

പ്രഭയുടെ കാര്യം തന്നെ പറയുന്നു.
നായ പിറകെ നടന്നു, പ്രഭ പറഞ്ഞതൊക്കെ മൂളിക്കേട്ടു.
മൂളാത്തപ്പോള്‍ പ്രഭ ദേഷ്യപ്പെട്ടു.
നീ മൂളാത്തത് എന്ത്, എനിക്ക് ദേഷ്യം വരാത്തത് എന്ത്

പ്രഭയുടെ കാര്യം തന്നെ പറയുന്നു.

പെട്ടെന്ന്‍, എട്ടോ ഒന്‍പതോ മീനുകള്‍
മാനത്തുനിന്നും താഴേക്ക്
പറന്നു.
ഇന്നലെ രാത്രി മുഴുവന്‍
മാനത്ത്
നീന്തിയ
അതേ
വിമാനങ്ങള്‍.

പ്രഭ
പിറകോട്ട്
ഓടി.
നിലത്ത് കിടന്നു.
നായയും പിറകോട്ട്‌ ഓടി.
നിലത്ത് കിടന്നു.
അതിന്റെ കൂടപിറപ്പ് ചത്തതാണ്.
പ്രഭ കരഞ്ഞു. ഉറക്കെയുറക്കെ കരഞ്ഞു.
ജോലിയില്‍ നിന്നും വിരമിച്ച പട്ടാളക്കാര്‍ കരയുന്നപോലെ.
കുറച്ചു മുമ്പേ നീ കരഞ്ഞ പോലെ. നീ പോലീസായിരുന്നു
നിന്‍റെ കരച്ചില്‍ കേട്ട് എനിക്ക് കരയാന്‍ തോന്നിയ പോലെ
ഞാന്‍ കള്ളനായിരുന്നു.

പ്രഭ കരഞ്ഞു. കരഞ്ഞു. കരഞ്ഞു.
മീനുകള്‍ തിരിച്ചു പോയി, പ്രഭ തിരിച്ചു പോയി
നായ പോയി, അതിനും ശീലമായി.

പ്രഭയുടെ കാര്യം തന്നെ പറയുന്നു
നീ പോലീസും ഞാന്‍ കള്ളനും പ്രഭ പട്ടാളക്കാരനുമായിരുന്നു.
നായ നായയുമായിരുന്നു.
പ്രഭയും നീയും ഞാനും
നമ്മളൊക്കെ പണിക്ക് പോയിരുന്നു.
അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ,
നമ്മള്‍ വെറ്റ്റന്‍സ് ആണെന്ന്.

കരച്ചില്‍ നിര്‍ത്ത്.

Comments
Print Friendly, PDF & Email

കവി, കഥാകൃത്ത്, നോവലിസ്റ്റ്. പട്ടാമ്പി സ്വദേശി. ഇപ്പോൾ തൃശൂരിൽ താമസിക്കുന്നു.

You may also like