പൂമുഖം സ്മരണാഞ്ജലി വരയിലെ അണയാത്ത തിരി (ആർടിസ്റ്റ് നമ്പൂതിരി അനുസ്മരണം)

വരയിലെ അണയാത്ത തിരി (ആർടിസ്റ്റ് നമ്പൂതിരി അനുസ്മരണം)

നമ്പൂതിരിവരയുടെ രൂപമാനങ്ങളിൽ കുറച്ച് അതിശയോക്തിയുണ്ട്. ആ വരകളുടെ പ്രത്യേകതയും അതാണല്ലാേ? സ്ത്രീ സൗന്ദര്യ ദര്‍ശനത്തിലും ആവിഷ്കാരത്തിലും നമ്പൂതിരി ചിത്രങ്ങളിൽ അതു പോലൊരു ശില്പഭംഗി ദർശിക്കാൻ കഴിയും. മുഖലാവണ്യത്തേക്കാള്‍ അംഗലാവണ്യമാണ് നമ്പൂതിരി രചനയെ തരളമാക്കുന്നത്-പ്രത്യേകിച്ച് മുലകളും നിതംബങ്ങളും. പൗരാണിക ക്ഷേത്ര ശില്‍പങ്ങളിലും ഇവയ്ക്ക് പ്രാധാന്യമുണ്ടായിരുന്നല്ലോ.

പ്രശസ്ത നിരൂപകനായിരുന്ന എം.കൃഷ്ണൻ‌ നായർ‌ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു.

എം.ടിയുടെ രണ്ടാമൂഴം വാരികയിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ നാം പണ്ടു കേട്ട കഥകളിലെ, കണ്ട ബാല-നാടക-സിനിമകളിലെ ഭീമനായിരുന്നില്ല അത് എന്ന് അതിശയപ്പെട്ടു.ഭീമൻ്റെ ചിത്രങ്ങൾ ഏറെ വ്യത്യസ്തമായിരുന്നു. നമ്പൂതിരിയുടെ രേഖാചിത്രങ്ങളിലെ ഭീമനെ മാറ്റി നിർത്തി മറ്റൊരു ഛായ കണ്ടെടുക്കാൻ കഴിയാത്തവിധം അത് വായനക്കാരുടെ മനസ്സിൽ പതിഞ്ഞു.

പോക്കറ്റ് കാർട്ടൂണുകൾ ശ്രദ്ധേയമായിരുന്നു ഒരു കാലത്ത്, മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്ന നമ്പൂതിരിയുടെ ‘നാണിയമ്മയും ലോകവും’. മലയാളത്തിലെ ആദ്യകാല പൊളിറ്റിക്കൽ കാർട്ടൂണുകളിലൊന്നായിരുന്നു. നാണിയമ്മയുടെ കാഴ്ചപ്പാടിൽ സമൂഹത്തെ നോക്കിക്കാണുകയായിരുന്ന ആ കാർട്ടൂൺ വരകളിൽ പോലും നമ്പൂതിരി വരയിലെ അംഗലാവണ്യം നിലനിർത്തിയെന്നതാണ് ആ വരയുടെ മാന്ത്രികത.

മലയാള നോവൽ, ചെറുകഥ ആഖ്യാനങ്ങളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ ചിത്രകാരന്മാരുടെ ആദ്യ നിരയിൽ ചില പേരുകൾ എക്കാലവും ഓർത്തെടുക്കാം . രണ്ടാമൂഴത്തിനും (ഭീമൻ, ദ്രൗപദി)വി.കെ.എൻ‌. കഥകൾ‌ക്കും വരച്ച നമ്പൂതിരിയും , യയാതിയുടെ ചിത്രീകരണം നടത്തിയ എ. എസും ആനവാരിയും പൊൻകുരിശും തുടങ്ങിയ ബഷീർ കഥാപാത്രങ്ങൾവരച്ച എം വി ദേവനും,, മുമ്പേ പറക്കുന്ന പക്ഷികൾക്കു ചിത്രങ്ങൾ വരച്ച മദനനും ആണ് അതിൽ പ്രധാനികൾ.

കഥകൾ വായിക്കാനും ചിത്രങ്ങൾ വരയ്ക്കാനും ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ നമ്പൂതിരി തൊണ്ണൂറുകളുടെ ആദ്യകാലത്ത് തന്നെ മനസ്സിൽ പതിഞ്ഞിരുന്നു. പിന്നീട് ചിത്രംവര ഉപജീവനമായി സ്വീകരിച്ചപ്പോൾ നമ്പൂതിരി ചിത്രങ്ങളെ പലപ്പോഴും കോപ്പിയടിച്ചു വരച്ചിട്ടുണ്ട്.

രണ്ടായിരത്തിൻ്റെ ആദ്യ പാതിയിലെ ഒരു വേനലവധിക്കാലത്ത് ഷാർജയിൽ സമരൻ തറയിൽ സംഘടിപ്പിച്ച രണ്ടു മാസം നീളുന്ന ചിത്രകലാ ക്യാമ്പിൽ വെച്ചാണ് നമ്പൂതിരിയെ ആദ്യമായി കാണുന്നത്. കുട്ടികൾക്കു വേണ്ടിയായിരുന്നു മുഖ്യമായും ആ പഠനക്കളരിയൊരുക്കിയത്. ക്യാമ്പിൻ്റെ സമാപന നാളുകളിൽ പങ്കെടുക്കാൻ ഷാർജയിൽ ആർട്ടിസ്റ്റ് നമ്പൂതിരിയും എത്തിച്ചേരുന്നുവെന്നത് കുട്ടികളേക്കാൾ ഹരം പകർന്നത് ക്ലാസെടുക്കുന്ന അദ്ധ്യാപകർക്കായിരുന്നു. ചിത്രം വരയ്ക്കുന്ന ഏതൊരാൾക്കും നമ്പൂതിരിയെ കാണുകയെന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത ആഹ്ളാദം തന്നെയാണെല്ലോ.

മാതൃഭുമിയിലും കലാകൗമുദിയിലും മലയാളത്തിലും മറ്റും കണ്ടിട്ടുള്ള നമ്പൂതിരി വരകളെ അടുത്തറിയാൻ സാധിച്ച നാളുകൾ.

ദൂരെ നിന്ന് വരകളിൽ മാത്രം അറിയുന്ന ഒരാളെ ആദ്യമായി കണ്ടതിൻ്റെ അത്ഭുതത്തോടൊപ്പം രണ്ടുനാൾ ഒന്നിച്ച് നിൽക്കാൻ കൂടി കഴിയുന്നത് എത്രമാത്രം സന്തോഷകരമെന്ന് പറയേണ്ടതില്ലല്ലോ. കഥകളിപ്പദങ്ങളുടെ ചെണ്ട താളത്തോടൊപ്പം നമ്പൂതിരി അന്നവിടെ കഥകളി ചിത്രം വരച്ചത് അവി സ്മരണീയമായ കാഴ്ചയും കേൾവിയുമായിരുന്നു.

അവസാന ദിവസം പ്രദർശിപ്പിച്ച ക്യാമ്പിലെ അദ്ധ്യാപകരുടെ ചിത്രങ്ങളിൽ എൻ്റെ മമ്മൂട്ടിയും മോഹൻലാലും ബഷീറും, അറബി വൃദ്ധയും കൊച്ചുവാവയുമൊക്കെ ഉണ്ടായിരുന്നു. ഓരോ ചിത്രങ്ങളും നോക്കിക്കണ്ട് മികവും പോരായ്മയും ഒരു ഗുരുവിനെ പോലെ അദ്ദേഹം പറഞ്ഞു തന്നു.

ആയിടെയാണ് ഞാൻ സമാഹരിച്ച “മണൽ ജലം കാലം എന്ന കഥാപുസ്തകം പുറത്തിറങ്ങിയത്. പുസ്തകത്തിൻ്റെ ഒരു കോപ്പി അദ്ദേഹത്തിന് കൊടുത്തപ്പോൾ ” രമേഷ് ചിത്രകാരൻ മാത്രമല്ല കഥയെഴുതുന്ന ആളുകൂടിയാണെ”ന്ന് സമരേട്ടൻ എന്നെ പരിചയപ്പെടുത്തി. കുറച്ച് നേരം എൻ്റെ മുഖത്തേയ്ക്ക് നോക്കിയ അദ്ദേഹം ‘മണൽ ജലം കാലത്തി’ൻ്റെ ഉൾപേജിൽ ഒരാളുടെ മുഖം നിമിഷനേരം കൊണ്ട് വരച്ചു തന്നു. ആ ചിത്രത്തിന് എവിടെയൊക്കെയോ എൻ്റെ ഛായയുണ്ടായിരുന്നു. അതിൽപ്പരം എന്താനന്ദമാണ് ഒരു ചിത്രകല വിദ്യാർത്ഥിക്ക് ഗുരുതുല്യനായ വലിയ കലാകാരനിൽ നിന്നും ലഭിക്കേണ്ടത്!

ശില്പി, ചിത്രകാരൻ തുടങ്ങിയ ഇടങ്ങളിൽ തൻ്റെ കലാപരമായ ഇടപെടലുകൾ നടത്തുമ്പോഴും രേഖാചിത്രങ്ങൾ തന്നെയാണ് എന്നും നമ്പൂതിരിയുടെ കരുത്തായി നിന്നത്. ഇത് അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളിലും മെറ്റൽ റിലീഫുകളിലും പോലും കാണാനാവും. ശില്പങ്ങളിൽ നിന്നും ഉൾക്കൊണ്ട രേഖകളുടെ ത്രിമാന പ്രതീതി നിറഞ്ഞു നിൽക്കുന്നവയാണ് നമ്പൂതിരിയുടെ ചിത്രകലാലോകം.

വരപോലെതന്നെ ലളിതവും നിഷ്കളങ്കവുമായിരുന്നു ആ ജീവിതവും. വരയിലെ പ്രകാശം ബാക്കിവെച്ച് നമ്പൂതിരി അണഞ്ഞുപോയിരിക്കുന്നു.

മലയാള സാഹിത്യത്തിന്, കലാലോകത്തിന് നികത്താൻ കഴിയാത്ത വിടവ് തന്നെയാണ് ആ വലിയ കലാകാരൻ്റെ തിരോധാനം.

ഓർമ്മകൾക്ക് മുമ്പിൽ ആദരവോടെ പ്രണാമം.

രമേഷ് പെരുമ്പിലാവ്

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like