പൂമുഖം EDITORIAL നമുക്ക് മുഖം തിരിക്കാം

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : നമുക്ക് മുഖം തിരിക്കാം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

ദാരിദ്ര്യത്തെക്കുറിച്ചു നാം സംസാരിച്ചിട്ട് എത്ര കാലമായിക്കാണും?

സർക്കാർ അംഗീകരിച്ച കണക്ക് അനുസരിച്ചു തന്നെ 25 കോടി ജനങ്ങൾ അതീവ ദരിദ്രരായ ഒരു രാജ്യം.

25 കോടി.

ഏകദേശം അമേരിക്കയുടെ ജനസംഖ്യയുടെ അത്ര ജനങ്ങൾ.

UPA ഭരണകാലത്തു നിരന്തരം ചർച്ച ചെയ്യപ്പെട്ട ഒരു വാക്കുണ്ടായിരുന്നു: ദാരിദ്ര്യ രേഖ. ഏതു ദിവസ വരുമാനത്തിന് താഴെയാണ് ഒരു വ്യക്തി ദരിദ്രനായി കണക്കാക്കുക എന്നതിന്റെ സൈദ്ധാന്തിക ചട്ടക്കൂടാണിത്. അന്ന് ഇന്ത്യയിലെ സാമ്പത്തിക വിദഗ്‌ധർ നിശ്ചയിച്ചത് ദിവസം 32 രൂപ കിട്ടുന്നയാൾ ഈ രേഖക്ക് കീഴിൽ വരും എന്നാണ്.

32 രൂപ ….ഒരു ദിവസം

അഞ്ചു വ്യക്തികൾക്ക് താമസിക്കാൻ 42 നിലയുടെ വീട് പണിയുന്ന ധനികരുടെ നാട്ടിൽ ഈ സംഖ്യയുടെ അശ്ലീലം ആരെയും അലട്ടിയില്ല. അമേരിക്കൻ സർവകലാശാലയിൽ നിന്ന് ഗവേഷണം കഴിഞ്ഞ വിവേക ശാലികളായ രണ്ടു ചെറുപ്പക്കാർ ഇതിന്റെ സത്യം അറിയാൻ ഒരു സാമൂഹിക പരീക്ഷണം നടത്തിയെങ്കിലും.

എങ്കിലും, ഈ വിദഗ്ധരോട് നമുക്ക് നന്ദിയുണ്ട്. ഒന്നുമല്ലെങ്കിലും അവർ ഈ മഹാരാജ്യത്തു ദാരിദ്ര്യം ഉണ്ട് എന്ന് സമ്മതിച്ചല്ലോ. അതേക്കുറിച്ചു പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്തല്ലോ.

എന്ന് മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും സവിശേഷമായ ദാരിദ്ര്യ നിർമാർജന പദ്ധതി MGNREGA അക്കാലത്തു നടപ്പാക്കുകയും ചെയ്തു. ഈ പദ്ധതി രൂപകൽപന ചെയ്തതിൽ പ്രമുഖനായ ജാൻ ഡ്രീസ് ഈ കാലഘട്ടത്തെക്കുറിച്ചു എഴുതുന്നുണ്ട്. Sense and sensibility: Jholawala economics for everyone എന്ന പുസ്തകത്തിൽ.

എന്നാൽ, കഴിഞ്ഞ അഞ്ചു വര്ഷം ഈ ചർച്ച തന്നെ ഉണ്ടായില്ല. എത്ര പരിമിതിയുണ്ടെങ്കിലും സ്ഥിതിവിവരക്കണക്കുകൾ നിരന്തരം പ്രസിദ്ധീകരിക്കുകയും വിശകലനം ചെയ്യുകയും നമ്മുടെ ശീലമായിരുന്നു. അതുപോലും നാം വേണ്ട എന്ന് വച്ചു. ഒരു പ്രതിഷേധവും നാം ഉയർത്തിയില്ല.

കാരണം ഈ രാജ്യത്തു ഒരു അമേരിക്കയുടെ അത്രയും അതി ദരിദ്രർ ഉണ്ടെങ്കിൽ മറ്റൊരു അമേരിക്കയുടെ അത്രയും വരുന്ന ഒരു മധ്യ വർഗ്ഗവും ഉണ്ടായിരുന്നു. നാം ആ അമേരിക്കയുടെ ഭാഗമായിരുന്നു. ഇത് നമ്മുടെ ഭാവി സ്വപ്നങ്ങളുടെ ഭാഗമായിരുന്നു. ഇവിടെ, നമ്മുടെ തൊട്ടടുത്ത് ഇത്രയും തീക്ഷ്ണമായ ദാരിദ്ര്യം ഉണ്ട് എന്ന യാഥാർഥ്യത്തിലേക്ക് കണ്ണയക്കാൻ സ്വാഭാവികമായും നാം വിസമ്മതിച്ചു.

ഹർഷ് മന്ദർ പറയുന്നത് പോലെ സത്യത്തിൽ നിന്ന് മുഖം തിരിക്കാൻ നാം സ്വയം പരിശീലിച്ചു. നമ്മുടെ 70 കിലോ ശരീരം ചുമന്നു സൈക്കിൾ റിക്ഷ ചവിട്ടുന്ന വൃദ്ധനായ തൊഴിലാളിയോട് പത്തു രൂപയ്ക്കു വേണ്ടി തർക്കിച്ചു. സ്വന്തം വീട്ടിൽ പണിയെടുക്കാൻ വരുന്ന അബലയായ സ്ത്രീക്ക് അവകാശപ്പെട്ട വേതനം നൽകാൻ പോലും മടിച്ചു.
ഒരുപക്ഷെ, കേരളത്തിൽ ജീവിക്കുന്നവർക്ക് ഈ വൈരുധ്യം ഇത്രയേറെ തീക്ഷ്ണമായി തോന്നില്ല. പ്രകടമായ ദാരിദ്ര്യം കേരളത്തിൽ അത്ര ദൃശ്യമല്ലാത്തതിനാൽ. എന്നാൽ, അതല്ല ഡൽഹിയിൽ ജീവിക്കുന്നവരുടെ അവസ്ഥ. Gated community ജീവിതത്തിന്റെ സുരക്ഷക്കപ്പുറത്തു ഇന്ത്യൻ യാഥാർഥ്യത്തിന്റെ തീക്ഷ്ണമായ സത്യത്തെ നേരിൽ കാണുമ്പോൾ മുഖം തിരിച്ചു നടന്നു പോകുന്നവരിൽ ഒരാളാണ് ഞാനും.

അബലനും ഭീരുവുമായ ഒരു സാധാരണ ഇന്ത്യൻ മധ്യവർഗ ജീവി.

എങ്കിലും, ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരഞ്ഞെടുപ്പിന്റെ ഈ കാലത്തെങ്കിലും ദാരിദ്ര്യം നാം ചർച്ച ചെയ്തിരുന്നു എങ്കിൽ എന്ന് വൃഥാ ആഗ്രഹിച്ചു പോകുന്നു.

മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങൾക്ക് സ്വയം ഉള്ളടക്കം സൃഷ്ടിക്കാൻ കഴിയും എന്ന് നാം കരുതുന്ന സാമൂഹിക മാധ്യമങ്ങളിൽ പോലും തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ എത്ര ഉപരിപ്ലവമായി തുടരുന്നു. കാരണം ഞാനടങ്ങുന്ന മധ്യവർഗം തന്നെയാണ് ഈ ഉള്ളടക്കവും നിശ്ചയിക്കുന്നത്.

നമ്മുടെ താല്പര്യങ്ങൾ മാത്രം ഇവിടെ പ്രതിഫലിക്കും.

2013ൽ കൊടുത്ത ഒരു അഭിമുഖത്തിൽ നോം ചോംസ്കി പറഞ്ഞു:

“ഞാൻ കണ്ടിട്ടുള്ള ഏതു രാജ്യത്തെക്കാളും ദാരിദ്ര്യവും അടിച്ചമർത്തലും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇത് ഏറെ നാടകീയവുമാണ്. എന്നാൽ, ഇതേക്കാൾ എന്നെ അമ്പരപ്പിക്കുന്നതു ദാരിദ്ര്യത്തോട് സമ്പന്ന വർഗ്ഗങ്ങൾ കാണിക്കുന്ന ഉദാസീനതയാണ്. ..ഡൽഹിയിലെ തെരുവികളിൽ കൂടി നടക്കുമ്പോൾ നിങ്ങൾക്കിത് കാണാതിരിക്കാനാവില്ല. എന്നാൽ ഇത് കണ്ടില്ലെന്നു നടിച്ചു അയഥാർത്ഥമായ ഒരു കുമിളയിൽ ജീവിക്കാൻ നമുക്ക് കഴിയും.”

ഈ പ്രശ്നങ്ങൾക്കു മധ്യ വർഗത്തിന് കൃത്യമായ പരിഹാരമുണ്ട്. രണ്ടക്കത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥ. ഈ വളർച്ചയുടെ ഭാഗമായി താഴേക്ക് trickle down ചെയ്യുന്ന ധനം. കടലിലെ ജലനിരപ്പിനൊപ്പം കപ്പൽ ഉയരുന്നത് പോലെ സമൂഹം ഒന്നാകെ ഉയർച്ച കൈവരിക്കും എന്നതാണ് ഈ സിദ്ധാന്തം. ഈ സിദ്ധാന്തം വച്ചാണ് പ്രമുഖ നിയോ ലിബറൽ സാമ്പത്തിക ശാസ്ത്രജ്ഞർ NREGA പോലുള്ള ക്ഷേമ പദ്ധതികളെ എതിർത്തത്.
എന്നാൽ, ലോകമെമ്പാടും ഉണ്ടാവുന്നത് തൊഴിൽ രഹിത വളർച്ചയാണ് എന്ന് അവർ അംഗീകരിക്കുന്നില്ല. തോമസ് പിക്കെറ്റിയെ പോലുള്ള വിദഗ്‌ധർ ചൂണ്ടി കാണിക്കുന്നത് പോലെ ലോകമാകെ അവിശ്വസനീയമാം വിധം അസമത്വം വളരുന്നു എന്നും അവർ കാണില്ല. പരിമിതമായ പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിലൂടെ മാത്രമേ ഇനി വളർച്ച സാധ്യമാവൂ എന്നത് അവർക്കു ഉൽക്കണ്ഠ സൃഷ്ടിക്കുന്നില്ല. ഭീമാകാരമായ വളർച്ചയുടെ പ്രക്രിയയിൽ സമൂഹത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നു എന്നത് അവർക്കു പ്രശ്നമല്ല. വളർച്ചയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന വൻ നഗരങ്ങളിൽ പകുതി ജനങ്ങൾ ചേരികളിൽ ഒരു തൊഴിൽ സുരക്ഷയും ഇല്ലാതെ ജീവിക്കുന്നു എന്നത് ഈ സിദ്ധാന്തത്തിൽ നിഴൽ വീഴ്ത്തുന്നില്ല.

നീതിയില്ലാത്ത ഈ വളർച്ചയിൽ ഏറ്റവും ആലംബ ഹീനരായി സ്ത്രീകളും കുട്ടികളും ആദിവാസികളും മറ്റ് പാർശ്വ വത്കൃത ജനവിഭാഗങ്ങളും വിസ്‌മൃതിയിൽ ആണ്ടു പോകുന്നു.

മനുഷ്യ വിരുദ്ധമായ വികസനത്തിന്റെ മറുപുറം ഭൂരിപക്ഷ വർഗീയതുടെ വളർച്ചയാണ്. ജനസംഖ്യയുടെ 17 ശതമാനം വരുന്ന മുസ്ലിം ജനത ഈ പ്രക്രിയയിൽ പങ്കാളികൾ പോലുമല്ല.

മറുഭാഗത്തോ? തൊണ്ണൂറുകളുടെ തുടക്കത്തിൽ രണ്ടു ഡോളർ ബില്ല്യണേഴ്‌സ് ആണ് ഇന്ത്യയിൽ ഉണ്ടായിരുന്നത് എങ്കിൽ 2012ൽ അത് 46 ആയി ഉയർന്നു. 176 ബില്യൺ ഡോളർ ആണ് അവരുടെ മൊത്തം ആസ്തി. അതായത് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 10 ശതമാനം 46 പേരുടെ കയ്യിൽ.

എങ്കിലും സാർവത്രിക വരുമാന വിതരണം എന്ന ഒരു ആശയം ചിലർ മുന്നോട്ടു വക്കുമ്പോൾ അതിനെ പുച്ഛിച്ചു തള്ളാൻ മുഖ്യധാരാ സാമ്പത്തിക വിദഗ്ധർക്ക് ഒരാലോചന പോലും വേണ്ട. ഒരു പക്ഷെ വേണ്ടത്ര പ്രായോഗികമായി ആ പദ്ധതി അവതരിപ്പിക്കാൻ കഴിഞ്ഞിരിക്കില്ല. എന്നാൽ ഏറെ കാലത്തിനു ശേഷം ദരിദ്രരെക്കുറിച്ചു മുൻ നിര രാഷ്ട്രീയ കക്ഷികൾ ചിന്തിച്ചു തുടങ്ങുന്നു.

എന്നാൽ, നാം മധ്യ വർഗത്തിന് ഇതിപ്പോഴും പരിഗണനാ വിഷയമല്ല. നാം വീണ്ടും മുഖം തിരിച്ചു നടന്നു പോവും.

കഴിഞ്ഞ ഇരുപതു വർഷമായി ഇന്ത്യൻ ഭരണകൂടം വാർധക്യ പെൻഷൻ ആയി നൽകുന്നത് പ്രതിമാസം 200 രൂപയാണ്.
ഞാനിപ്പോൾ swiggy വഴി ഓർഡർ ചെയ്യാൻ പോകുന്ന പിസക്ക് അതിനേക്കാൾ കൂടുതലാവും.

നമുക്ക് മുഖം തിരിക്കാം

Comments
Print Friendly, PDF & Email

You may also like