‘എന്തെല്ലാം ജീവിതത്തിൽ സഹിക്കണമെന്ന ചിന്തക്ക് കനംവെച്ചു. എവിടെയോ പ്രകാശം പരക്കുമെന്ന ശുഭപ്രതീക്ഷയിൽ സർവ്വ സാഹസങ്ങൾക്കും മുതിരുന്ന മനുഷ്യരുടെ കഥയോർത്ത് സങ്കടപ്പെടാൻ സമയമില്ല. ഓരോരുത്തരും വലിയ കഥകളായി ജീവിക്കുകയാണ് ബോംബെയിൽ. സാദിഖും നാസറും പറഞ്ഞതു പോലെ വൈവിദ്ധ്യാനുഭവങ്ങളിലൂടെ കടന്നു പോവുകയാണ് പലരും. ആരും അറിയാതെ, ആരോടും പറയാതെ പകർത്താതെ ദൈവസന്നിധിയിലേക്ക് യാത്രപോയ മനുഷ്യർക്ക് പറയാൻ എത്രയെത്ര അനുഭവകഥകളുണ്ടാവും. പിൽക്കാല സമൂഹത്തിന് തണലേകാൻ വെയിൽകൊണ്ട മനുഷ്യർ. അവർ വെട്ടിത്തെളിച്ച പാതകളിലൂടെ സഞ്ചരിച്ചാണ് പലരും പിൽക്കാലത്ത് ജീവിതവേര് മുളപ്പിച്ചത്. അവർ കണ്ട സ്വപ്നങ്ങളാണ് പിൽക്കാലത്ത് പലരുടെയും കണ്ണുകളിലെ വെളിച്ചമായത്.’

കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആദ്യത്തെ ലോഞ്ച് യാത്ര മലയാളിയുടെ പ്രവാസചരിത്രത്തിലെ ആവിഷ്കാരമൂല്യമേറിയ ഒരു അദ്ധ്യായമാണ്. 1950-60-കളിലെ ദാരിദ്ര്യവും തൊഴിൽ ക്ഷാമവും പ്രവാസജീവിതം സ്വീകരിക്കാൻ മലയാളികളെ പ്രേരിപ്പിച്ചു.
1950-60-കളിൽ ദുബൈ, മസ്കത്ത്, അബുദാബി, ദോഹ എന്നിവിടങ്ങളിൽ തൊഴിലവസരങ്ങൾ തുറക്കുമ്പോൾ, കേരളത്തിൽ നിന്നുള്ള നിരവധിപേരാണ് തൊഴിൽ തേടി സമുദ്രമാർഗ്ഗം പുറപ്പെട്ടത്.
വിമാനയാത്രകൾ ആ കാലഘട്ടത്തിൽ തീർത്തും അപരിചിതവും ചെലവേറിയതും ആയതിനാൽ, ലോഞ്ച്/പത്തേമാരി ചെറുകപ്പലുകൾ തുടങ്ങിയവയാണ് പലരും തിരഞ്ഞെടുത്തത്.കണ്ടൽമരത്താൽ നിർമ്മിച്ച ചെറുകപ്പലുകളിൽ ഏകദേശം 20-30 ദിവസങ്ങൾ വരെ നീളുന്ന ദുർഘടമായ യാത്രയായിരുന്നു തുടക്കം. വെള്ളക്ഷാമം, വിശപ്പിന്‍റെ കഠിനത, തീർത്തും ബോധമില്ലാത്ത സമുദ്രയാത്ര ഇവയൊക്കെ കഠിനപ്രതിസന്ധികളായി.
പലരും നടുക്കടലിൽ രോഗബാധയാലും, കാറ്റും മഴയും തിരകളും കാരണവും ജീവിതം തന്നെ നഷ്ടപ്പെട്ടവരായി. ലക്ഷൃസ്ഥാനത്ത് എത്തുംമുമ്പ്, പലരും കുടുംബത്തോടും ലോകത്തോടുതന്നെയും വിടപറഞ്ഞു.
ശേഷിച്ചവർ, കര കണ്ടവർ ദുബൈ, മസ്കറ്റ്, ഖത്തർ തുടങ്ങിയ തീരങ്ങളിൽ ഇറങ്ങി മത്സ്യബന്ധനം, കെട്ടിട നിർമാണം തുടങ്ങിയ ശ്രമകരമായ ജോലികൾ ചെയ്യാൻ തുടങ്ങി. ഭാഷാപരിമിതിയും സംസ്കാരവ്യത്യാസവും അവരുടെ പ്രവാസജീവിതത്തെ കൂടുതൽ പ്രയാസകരമാക്കി. എന്നാൽ കഠിനമായ ആ യാത്രയിൽ ലക്ഷ്യം കണ്ടവർ വരുംകാലത്തെ മനുഷ്യരുടെ സാമ്പത്തികവും സാമൂഹികവുമായ മാറ്റത്തിന് അടിത്തറയിട്ടവർ കൂടിയായിരുന്നു.
മലയാളിസമൂഹം ആഗോളതലത്തിൽ ഇന്ന് നേടിയ എല്ലാ ഉന്നതിയുടേയും തുടക്കം ആദ്യ ലോഞ്ച് യാത്രക്കാരുടെ ഭാഗത്തു നിന്നുണ്ടായ ത്യാഗങ്ങളാണ്.
നഗരങ്ങളും ഗ്രാമങ്ങളും പുഴകളും മലകളും പിന്നിട്ട് കരിവണ്ടി വിക്ടോറിയ ടെർമിനസിന്റെ പാളങ്ങളിൽ കിതച്ചു നിന്നു. ദിവസങ്ങൾ നീണ്ട യാത്ര മലപ്പുറംജില്ലക്കാരായ സൈദിനേയും ഖാലിദിനേയും ദാമുവിനേയും തളർത്തിയിരുന്നു. കിതച്ചും കുതിച്ചും പ്രതിബന്ധങ്ങളെ അകറ്റാൻ കൂകിവിളിച്ചോടിയ തീവണ്ടി അതിൻ്റെ ലക്ഷ്യസ്ഥാനത്ത് വിശ്രമിക്കുമ്പോൾ, അതിൽ നിന്നും പുറത്തിറങ്ങിയ അനേകം പേരുടെ യാത്ര അവിടെ അവസാനിച്ചിരുന്നില്ല.
ബോംബെയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ലോഞ്ച് യാത്ര ഇന്ത്യയുടെ പ്രവാസചരിത്രത്തിലെ മറ്റൊരു പ്രധാന ഘട്ടമാണ്. 1960-70-കളിലെ ഗൾഫ് ബൂമിന്റെ തുടക്കത്തിൽ, മഹാരാഷ്ട്രയിലെ ബോംബെ തുറമുഖം (ഇന്ന് മുംബൈ) കേരളത്തിൾ നിന്നുള്ള പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിലേക്കുള്ള പ്രധാന കവാടം ആയിരുന്നു. അമ്മാർ കിഴുപറമ്പ് തൻ്റെ ആദ്യ നോവലായ ഇഖാമ യിലൂടെ പറയുന്നത്, ആദ്യകാലത്തെ ദുർഘടമായ ലോഞ്ച് യാത്രയുടെ യാതനകളുടെ കഥയാണ്. സൈദയും ഖാലിദും ദാമുവുംലോഞ്ച് തേടി നടന്നതും പിന്നീട് ലോഞ്ചിൽ യാത്ര ചെയ്തതുമായ അസാധാരണമായ കടൽയാത്രയുടെ കഥ. ബോംബെ അന്ന് ഇന്ത്യയിലെ,സമ്പത്തും തൊഴിൽ സാധ്യതയുമുള്ള ഒരു പ്രധാന തുറമുഖം ആയിരുന്നു.
കേരളത്തിൽ നിന്ന് തീവണ്ടിയിൽ ബോംബെയിലെത്തിയ മലയാളികൾ, അവിടെ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നത് പതിവായിരുന്നു.ബോംബെയിൽ നിന്നും ഗൾഫിലേക്ക് നടത്തിയ ആദ്യ ലോഞ്ച് യാത്ര കേരളത്തിന്റെ ഒരഭിമാന പദ്ധതിയുമായിരുന്നു. ഇന്ന് ആ അനുഭവങ്ങൾ മലയാളിയുടെ പ്രയാസത്തിന്റെയും യാതനയുടെയും ഒരു ഓർമ്മ മാത്രമാണ്. ചരിത്രത്തിൽ അത്രയൊന്നും രേഖപ്പെടുത്തിയിട്ടില്ലാത്ത ആ വാമൊഴി യാത്രാവിവരണങ്ങളുടെ സൂക്ഷ്മമായ അവതരണമാണ് ഇഖാമ എന്ന നോവൽ.
ഇരുപതിലേറെ ജോലിക്കാരും നൂറിലേറെ യാത്രക്കാരുമായി ഒരു മാസക്കാലം സാഹസികമായി കടൽ താണ്ടിയ ഒരു ലോഞ്ചിൻ്റെ കഥയാണത്. യാത്ര തുടങ്ങിയ ചിലർ യാത്ര അവസാനിക്കുമ്പാേൾ കൂടെ ഉണ്ടായിരുന്നില്ല എന്ന ‘സങ്കടൽ’ കൂടിയാണവർ താണ്ടിയത്. കാറ്റും പേമാരിയും കൊടുങ്കാറ്റും കടൽകൊള്ളക്കാരും തിമിഗംലവും തടസ്സപ്പെടുത്തിയ ആ യാത്രയിൽ കൂടെ സഞ്ചരിച്ച ഒരാളുടെ യാത്രാവിവരണം പോലെ സൂക്ഷ്മമായി നോവലിസ്റ്റ് ഓരോ ദൃശ്യങ്ങളും പകർത്തിയെഴുതിയിട്ടുണ്ട്. കേട്ടുകേൾവികൾക്കപ്പുറം അനുഭവത്തിൻ്റെ കയ്പ്പുനീര് ഇത്ര കൃത്യമായി അടയാളപ്പെടുത്താൻ അതൊരു വിനോദയാത്രയായിരുന്നില്ലല്ലോ. ജിവന്മരണ പോരാട്ടമായിരുന്നു!. ആ കാഴ്ചകളെയാണ് ഒരു ഹോളിവുഡ് സിനിമയുടെ ത്രില്ലോടെ ഇഖാമയിൽ വായിച്ചെടുക്കാൻ കഴിയുന്നത്.
ഫിക്ഷൻ്റെ സാദ്ധ്യതകളെ മുൻനിർത്തി കഥപറച്ചിലിൽ കാഴ്ച, ശബ്ദം, ചിന്തകൾ എന്നിവയിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ, ഡോക്യുമെന്ററി/ റിപ്പോർട്ടിംഗ് എന്നിവയുടെ ആധികാരികത കൂടി കയ്യാളുന്ന ഒരെഴുത്തു രീതിയാണ് നോവലിൻ്റെ ക്രാഫ്റ്റ്. ചരിത്ര സംഭവങ്ങളിലൂടെ കടന്നുപോരുന്ന ആ കാലഘട്ടത്തെ കൂടി നോവൽ ആവിഷ്കരിക്കുന്നുണ്ട്.
1967 മാർച്ച് ആറിന്റെ പ്രഭാതത്തിന് ഒട്ടേറെ പ്രത്യേകതകൾ ഉണ്ടായിരുന്നു.രണ്ടാം ഇഎംഎസ് മന്ത്രിസഭയിൽ പൊന്നാനിക്കാരുടെ സഖാവ് ഇമ്പിച്ചി ബാവ ഗതാഗതമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏൽക്കുകയാണ്. ഈ ദിവസം ഖാലിദ് ഓർക്കാൻ ഒരു കാരണമുണ്ട്.അന്നേദിവസം ഇമ്പിച്ചിബാവയുടെ സത്യപ്രതിജ്ഞ കാണാൻ ഒട്ടേറെ പേർ പൊന്നാനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ അന്ന് വലിയ തിരക്കായിരുന്നു ആൾക്കൂട്ടത്തെ വകഞ്ഞ് മാറ്റിയാണ് ഖാലിദ് അവിടെനിന്ന് ബോംബെക്ക് വണ്ടി കയറിയത്. (പേജ്: 38)
ശിവസേനക്കാരും തമിഴന്മാരും തമ്മിൽ ബോംബെയുടെ വിവിധഭാഗങ്ങളിൽ ആയിടെ ആണ് തൊഴിൽതർക്കം രൂക്ഷമായത്. ‘ബോംബെയിൽ തൊഴിൽ മറാട്ടികൾക്ക്’ എന്ന വാദം വലിയ സംഘർഷത്തിലേക്ക് നീങ്ങി. ആയിരങ്ങളുടെ വ്യാപാരസ്ഥാപനങ്ങളും ജീവനും അപഹരിക്കപ്പെട്ടു.
“ആയിടെ, ലോഞ്ചിൽനിന്ന് സാധനങ്ങൾ ശേഖരിച്ച് കരയിലേക്ക് കൊണ്ടുവരുമ്പോൾ മസ്താൻ്റെ സംഘത്തിലുള്ളവർ ചരക്കുകൾ കവർന്നു. അവരോട് എതിർത്ത് നിന്നാൽ ജീവൻ തന്നെ ബാക്കിയുണ്ടാവില്ല.സാധനങ്ങൾ എല്ലാം കവർന്ന് അവർ ബോട്ടിൽ തിരിച്ചു പോയപ്പോൾ കരയിൽ സാധനങ്ങൾ ഇല്ലാതെ എത്തിയാലുണ്ടാകുന്ന പ്രശ്നങ്ങളോർത്ത് അപ്പോൾ തോന്നിയ ബുദ്ധിമോശമാണ് വഞ്ചി ഗുജറാത്ത് തീരത്തേക്ക് കൊണ്ടുപോവുക എന്നത്. അവിടെനിന്നുമാണ് ദുബായിക്ക് പുറപ്പെടുന്ന ഈ ലോഞ്ചിൽ കയറിയത് “തമിഴ്നാട്ടിലെ തൂത്തുക്കുടി സ്വദേശിയായ ഇളംങ്കോവൻ്റ കഥ കേട്ടുനിന്ന മൂവർക്കും അക്കാലത്തെ ഒരു ശരാശരി ഹിന്ദി സിനിമ കണ്ടപോലെ തോന്നി (പേജ്: 112)
ഇത്തരത്തിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ മനുഷ്യരുടേയും വർത്തമാനവും ചരിത്രവും കോർത്തിണക്കി ഇഖാമ എന്ന കൃതി, തിരമാലകൾ പറഞ്ഞ അസാധാരണമായ കടൽയാത്രയുടെ ചുരുൾ നിവർത്തുകയാണ്.
ഒപ്പം,ലോഞ്ച് നിർമ്മാണത്തെയും അതിൽ ഉപയോഗിക്കുന്ന മരത്തെയും കുറിച്ചും അതിൻ്റെ മറ്റു നിരവധി കാര്യങ്ങളെപ്പറ്റിയും കിറുകൃത്യമായി കണക്കുകളോടെ ഒട്ടും പിഴവില്ലാതെ പറഞ്ഞു പോകുന്നുണ്ട് എന്ന വസ്തുത കൂടി സൂചിപ്പിക്കേണ്ടതുണ്ട്.
മരങ്ങൾ അടക്കമുള്ള ചരക്കുകൾക്കൊപ്പം നൂറിലേറെ പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള ആ ലോഞ്ചിൻ്റെ ഓരോ ഇഞ്ച് ഭാഗവും എങ്ങനെയിരിക്കുന്നുവെന്ന് അസാമാന്യമായ നിരീക്ഷണപാടവത്തോടെ സൂക്ഷ്മമായി എഴുതിഫലിപ്പിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. ലോഞ്ചിൽ ഭക്ഷണം പാകംചെയ്യുന്നതും അത് വിതരണം ചെയ്യുന്നതും മുതൽ പ്രാഥമിക കർമ്മങ്ങൾ നടത്താൻ ക്ലേശമനുഭവിക്കുന്നത് വരെയുള്ള വിവരണങ്ങൾ വാമൊഴിയിൽനിന്ന് കേട്ടെഴുതുക ദുഷ്കരമാണ്. എഴുത്തുകാരൻ്റെ പ്രാവീണ്യം കാണാൻ കഴിയുന്നത് അത്തരത്തിലാണ്.
നോവലിന്റെ അവതാരികയിൽ കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതുന്നു.
“ഇഖാമ എന്ന പുസ്തകത്തിന് സത്യത്തിൽ കൃതിയെ അപഗ്രഥനം ചെയ്തുള്ള ഒരു കുറിപ്പല്ല ആവശ്യം. എല്ലാ അശ്രദ്ധയും കളഞ്ഞ് ഇഖാമയിലൂടെ യാത്ര ചെയ്യുകയാണ്, കുറച്ചുകൂടി കടത്തിപ്പറഞ്ഞാൽ ധ്യാനാത്മകമായ ഒരു വായനയാണ് പുസ്തകം ആവശ്യപ്പെടുന്നത്. മലയാളിയുടെ ഗൾഫ് ഭൂതകാലത്തിന്റെ അടഞ്ഞുപോയ പ്രവിശ്യകളിലേക്ക് വെളിച്ചംവിതറൽ കൂടിയാണത്. അഗാധവും നിരാലംബവുമായ ഭൂതകാലയാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.”
അങ്ങനെയൊരു ലോഞ്ചിൽ ഒരു മനുഷ്യക്കൂട്ടം കടൽ നടുക്ക് ഉണ്ടെന്ന് പുറംലോകത്തൊരാൾക്കും അറിയില്ല. അതിലെ മുഴുവൻ മനുഷ്യരെയും കാണാതായാൽ പോലും ആർക്കും ആരോടും മറുപടി പറയേണ്ടതില്ല. ഏജൻറുമാർക്ക് അവരുടെ കമ്മീഷനും ലോഞ്ച് ഉടമയ്ക്ക് അയാളുടെ കാശും ലഭിച്ചുകഴിഞ്ഞു. അറബ് മണ്ണിൽ എത്തിയാലും ആഴക്കടലിൽ ജീവൻ നഷ്ടപ്പെട്ടാലും അവർക്കൊന്നും ആരെയും ബോധിപ്പിക്കേണ്ടതില്ല. സ്വന്തമായ വിലാസവും യാത്രാരേഖകളുമില്ലാതെ ജീവസന്ധാരണത്തിന് വേണ്ടി ഇറങ്ങി പുറപ്പെട്ട മനുഷ്യർ. അവരുടെ ഉള്ളൊരുക്കങ്ങളും സ്വപ്നവും ദുരിതവും അവരുടേതു മാത്രമാണ്. നഷ്ടപ്പെടുന്നത് അവർക്കും അവരുടെ കുടുംബത്തിനും മാത്രമാണ്. ലോഞ്ചുകളിൽ സഞ്ചരിച്ച് വാഗ്ദത്തഭൂമിയിൽ എത്താതെ ജീവൻ നഷ്ടപ്പെട്ടവർ നിരവധിയുണ്ട്. വീടകങ്ങളിൽ കാത്തിരിക്കുന്ന മാതാപിതാക്കളോ, ഭാര്യയോ, സഹോദരിയോ, മക്കളോ അവരുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചു ഓരോ കാലൊച്ചയും കാതോർക്കും. നിരാശയോടെ അവരും മണ്ണിലേക്ക് മടങ്ങുന്നതോടെ ആ കാത്തിരിപ്പും മറവിയുടെ അനന്തതയിൽ ലയിക്കും. അതെ, അത്തരത്തിൽ വാക്കില്ലാതെ പോയവർക്ക് വാക്കായി തീരുകയാണ് അമ്മാർ കിഴുപറമ്പ് തൻ്റെ നോവലായ ഇഖാമയിലൂടെ.
ഇനി നോവലിൽ ഞാൻ കണ്ട പോരായ്മയെക്കുറിച്ച് പറയാം.
പ്രവാസത്തെ കുറിച്ചുള്ള നോവലുകളെ പരാമർശിക്കുമ്പോൾ ആദ്യം മനസ്സിൽ വരുക, സ്വാഭാവികമായും ജനകീയവായനയിൽ വിജയിച്ച” ആടുജീവിതം” തന്നെയാണ്. ആടുജീവിതം ഒരു വ്യക്തിയുടെ ദുരിതങ്ങളുടെ ചിത്രീകരണമായിരുന്നെങ്കിൽ ‘ഇഖാമ’ യിലൂടെ പറയുന്നത്, ഒരു ചരിത്രത്തിൻ്റെ തുടക്കം കുറിച്ച യാത്രകളുടെ ദുരിതമാണ്. അത്തരത്തിൽ ഗംഭീരമായ ഒരു ഇതിവൃത്തമാണ് നോവലിൻ്റേത്. അതിൻ്റെ അസംസ്‌ക്രുതവസ്തു എന്ന നിലയ്ക്ക് എഴുത്തുകാരന്റെ സൃഷ്ടിപരമായ ചിന്തകളോടൊപ്പം, കഥാപാത്രങ്ങൾ, പശ്ചാത്തലം, സ്ഥലകാലങ്ങൾ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിവരങ്ങൾ, വിഷയം, ഭാഷ, ശൈലി, ചരിത്ര സംഭവങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾ കൈപ്പിടിയിൽ ഉണ്ടായിട്ടും ഉള്ളുലയ്ക്കുന്ന ഒരു വായന സാദ്ധ്യമായിട്ടില്ല എന്നാണ്, ഞാനെന്ന വായനക്കാരന് അനുഭവപ്പെട്ടത്. മറ്റൊരാൾ വേറൊരു വിധത്തിലായിരിക്കാം അഭിപ്രായപ്പെടുക.
ഒരു നോവലിൽ കേന്ദ്രകഥാപാത്രം ഇല്ലാതിരിക്കുക എന്നത് ചിലപ്പോൾ പോരായ്മ എന്നതിലേക്കും മറിച്ച് സവിശേഷത എന്നതിലേക്കും മാറാം. ഇതനുസരിച്ച് നോവലിന്റെ ഗുണവും ദൗർബല്യവും വ്യത്യാസപ്പെടും. പ്രാധാന്യമുള്ള ഒരാൾ ഇല്ലെങ്കിൽ കഥയുമായി വായനക്കാർക്ക് ഒരു ബന്ധം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാവാം. ആ മുഖ്യവ്യക്തി ഇല്ലാത്തതിനാൽ കഥാക്രമം അമിശ്രിതമാകാം.കഥയോട് വായനക്കാരന് ഒരു താല്പര്യരാഹിത്യം തോന്നാം.കാരണം കഥയുടെ നിലനിൽപ്പിനും വികാസത്തിനും ഒരു കേന്ദ്രകഥാപാത്രം പ്രധാനമാണ്.

അത്തരത്തിൽ ഒരു തോന്നൽ ‘ഇഖാമ’യുടെ വായനയിലും കടന്നു വരുന്നുണ്ട്. കൃത്യമായ ഒരു കേന്ദ്രകഥാപാത്രത്തെ നോവലിൽ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല,അല്ലെങ്കിൽ എഴുത്തുകാരൻ ശ്രമിച്ചില്ല എന്ന് പറയാം. അതിനാൽ അലസമായ കഥനം കഥയുടെ പ്രവാഹത്തെ കൂടുതൽ പടർന്നതും ചിതറിയതും ആയി തോന്നിപ്പിക്കുന്നു. എന്നാൽ മറ്റൊരു കാഴ്ചപ്പാടിലൂടെ കാണുമ്പോൾ കേന്ദ്രകഥാപാത്രത്തിന്റെ അഭാവം പുതിയ ഒരു ശൈലിയായി എഴുത്തുകാരന് വാദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പ്രായോഗികമായ രചനാശൈലി പ്രദർശിപ്പിക്കാനും നോവലിനെ വ്യത്യസ്തമാക്കാനും സഹായിക്കുന്നതാണെന്ന് പറയാൻ സാധിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ ചില എഴുത്തുകളിൽ വ്യക്തിഗത പ്രാധാന്യം കുറവായുള്ള സാമൂഹിക പ്രമേയങ്ങൾ അധികം ശ്രദ്ധയാകർഷിക്കുന്നത് ഉദാഹരണമായി പറയാം. അതിനാൽ, കേന്ദ്രകഥാപാത്രമില്ലാത്ത നോവൽ ഒരു പോരായ്മയോ പരിമിതിയോ അല്ലായിരിക്കാം. മറ്റൊരു ആവിഷ്‌ക്കാരശൈലിയാണ്. എന്നാൽ അത് രചനയുടെ സ്വഭാവത്തിനും വായനക്കാരന്റെ പ്രതീക്ഷയ്ക്കുമനുസരിച്ച് വിജയകരമായിരിക്കണം.ഈ പുസ്തകത്തിൻ്റെ വായനയ്ക്ക് ആ വ്യത്യസ്തമായ ശൈലി ഗുണം ചെയ്യട്ടെ എന്ന് ആശിക്കാം.
മറ്റൊരു ന്യൂനത തോന്നിയത്, നോവൽ വളരെ കുറച്ചു മാത്രമേ പറഞ്ഞിട്ടുള്ളു എന്നാണ്. പറയാൻ ഒരുപാട് ബാക്കി വെച്ചാണ് പൊടുന്നനെ നോവൽ അവസാനിക്കുന്നത്.