പൂമുഖം LITERATUREകഥ വിജയ്‌ യേശുദാസും നരിവേട്ടയും

വിജയ്‌ യേശുദാസും നരിവേട്ടയും

ഇതൊക്കെ എന്ത്‌(പുച്ഛംഇമോജി)! ഇത്രമാത്രം പോസ്റ്റ്‌ ചെയ്തിട്ട്‌ ഞാൻ കിടന്നുറങ്ങിയതാണ്‌. രാവിലെ നോക്കുമ്പോൾ ഞങ്ങളുടെ എൻജിനീയറിംഗ്‌ കോളജ്‌ അലൂംനി വാട്ട്സാപ്പ്‌ ഗ്രൂപ്പിൽ കലശലായ അടി നടന്നിരിക്കുന്നു! ഞങ്ങളിൽ കുറച്ചു പേർ ഭൂമിയുടെ ഇങ്ങേ അറ്റത്തു കാനഡയിലും ബാക്കി ബഹുഭൂരിപക്ഷവും ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമൊക്കെ ആയതിനാൽ ഞാൻ ഉറങ്ങുമ്പോഴാണ്‌ മിക്കവാറും ഇത്തരം തമ്മിലടികൾ ഗ്രൂപ്പിൽ നടക്കുക. ഒരു സീനിയർ ചേച്ചി പോസ്റ്റ്‌ ചെയ്ത ‘വിജയ്‌ യേശുദാസ്‌ എലിഫന്റ്‌ അറ്റാക്‌’ എന്ന വിഡിയോയ്ക്ക്‌ കമന്റ്‌ ആയിട്ടാണ്‌ ഞാൻ മേൽപറഞ്ഞ വാചകം എഴുതിയത്‌. വിഡിയോയിൽ ഒരു ഭീകരനായ ഒറ്റയാൻ വിജയ്‌ യേശുദാസിന്റെ ജീപ്പിനു നേരെ നടന്നടുക്കുന്നു. വിജയ് യേശുദാസും കൂട്ടരും ശ്വാസമടക്കി വണ്ടിയിലിരിക്കുന്നു. പക്ഷെ ഒറ്റയാൻ ഒന്നും ചെയ്യാതെ തിരികെ പോവുകയും ചെയ്യുന്നു.

എന്നാൽ ‘ഇതൊക്കെ എന്ത്‌’ എന്ന എന്റെ കമന്റ് ഞങ്ങളുടെ തന്നെ ബാച്ചുകാരിയായ എന്റെ ഭാര്യയെ ലക്ഷ്യം വച്ചെഴുതിയതാണെന്ന് ചിലർ കരുതി. അതു തികച്ചും സ്ത്രീവിരുദ്ധമാണെന്നു ചിലർ വാദിച്ചു. എന്നെ ഗ്രൂപ്പിൽ നിന്നും പുറത്താക്കണമെന്നു ഒരുകൂട്ടർ. അങ്ങനെയല്ല എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നു മറ്റുള്ളവർ. ഇന്ത്യൻ പതാകയേന്തി യൂഎസ്‌ ക്യാപ്പിറ്റൽ ബിൽഡിങ്ങിനു പുറത്തു ട്രംപിനെ വീണ്ടും പ്രസിഡന്റ് ആക്കണമെന്ന് പറഞ്ഞു ഞാൻ കലാപം നടത്തിയകാലത്തു എന്നെ പുറത്താക്കുന്നതിനെ പറ്റി ഇതുപോലൊരു തർക്കം ഉണ്ടായതാണ്‌.

എന്തായാലും ഈ കമന്റ്‌ എഴുതാൻ എന്നെ പ്രേരിപ്പിച്ച കാര്യങ്ങെൾ തുറന്നെഴുതണം എന്നാണ്‌ എന്റെ താല്പര്യം.

വിഡിയോ കണ്ടപ്പോൾ ഞാനോർത്തത്‌ പണ്ട്‌ ഞാനും എന്റെ സുഹൃത്തു ഒരു ധ്വരയും കൂടെ ബർമയിലെ ഒരു കാട്ടിൽ വച്ച് ഒരു നരിയെ വെടിവെച്ച കാര്യമാണ്. ധ്വര നരിയെ വെടിവെച്ചെങ്കിലും പൊട്ടിയില്ല. ശിപ്പായി ലഹളയ്ക്ക് ശേഷം പശുവിൻ നെയ്യ് പുരട്ടി തോക്ക് തുരുമ്പെടുക്കാതെ സൂക്ഷിക്കുന്ന രീതി വെള്ളക്കാർ നിർത്തിയിരുന്നത് കൊണ്ടാണ് ബിലാത്തിയിൽ നിന്ന് കൊണ്ടുവന്ന ആ തോക്ക് പൊട്ടാഞ്ഞത്. അതുകൊണ്ടുതന്നെ എന്റെ കയ്യിലുണ്ടായിരുന്ന തോക്ക് ഞാൻ കാഞ്ചിവലിച്ചില്ല. വെറുതെ ആ നരിയുടെ മുമ്പിൽ മലയാളികളുടെ അഭിമാനത്തിന് ഭംഗം വരുത്തേണ്ടെന്ന് കരുതി. എന്നാൽ ധിഷണാശാലിയായ ഒരു മലയാളിക്ക് മാത്രം കഴിയുന്ന ഒരു പ്രത്യേക സൈക്കോളജിക്കൽ മൂവ് നടത്തിയാണ് ഞാൻ സായിപ്പിനേം എന്നേം ആ അപകടസന്ധിയിൽ നിന്നും രക്ഷപ്പെടുത്തിയത്.

നരി ഞങ്ങളെ നോക്കി ഏതുസമയവും ആക്രമിക്കും എന്ന മട്ടിൽ സുമാർ ഇരുപത് വാര അകാലത്തിൽ തറയോടമർന്നു, വാൽ ഉയർത്തി, കൂർത്ത നോട്ടവുമായി നിൽക്കുന്നു. ഏതു സമയവും ഞങ്ങൾ നരിക്ക് ഇരയാകാം. ഞാൻ പ്രയോഗിച്ച വിദ്യയുടെ സാങ്കേതികത്വം ഇനി വിവരിക്കാം. താങ്ക്സ് ഗിവിംഗ് ഡിന്നറുകളിൽ വലിയ ടർക്കി കോഴി അവനിൽ വെച്ച് ചുട്ടെടുത്തു തീൻ മേശയിൽ വിളമ്പി വച്ചിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവുമല്ലോ? ടർക്കി മീറ്റ് രണ്ടു തരമായി വച്ചിട്ടുണ്ടാകും. പക്ഷിയുടെ തുടയെല്ലിന്റെ ഭാഗത്തും മറ്റുമുള്ള വൈറ്റ് മീറ്റും ബാക്കിയിടങ്ങളിൽ നിന്നുള്ള ഡാർക്ക് മീറ്റും വെവ്വേറെയായി ആണ് വിളമ്പി വക്കുക. ഇതിൽ ഡാർക്ക് മീറ്റിനു രുചി കൂടുതലാണെങ്കിലും കൊളെസ്റ്ററോളിന്റെ അളവ് കൂടുതലാണ്. വൈറ്റ് മീറ്റ് ആണ് ആരോഗ്യകരം. നമ്മൾ ഇതിൽ ഏതു തിരഞ്ഞെടുക്കണം എന്ന ചിന്തയിൽ പിഞ്ഞാണവും കയ്യിലേന്തി സുമാർ 15 സെക്കന്റ് സമയം മേശക്കു മുൻപിൽ അങ്ങനെ നോക്കി നിന്നു പോകും. നമ്മുടെ നരിയും ഇതേ വിഷമവൃത്തത്തിൽപ്പെട്ടു നിൽക്കുകയാണ് എന്നെനിക്കു മനസ്സിലായി. നരി ആരോഗ്യശീലം ഉള്ളയാളാണെങ്കിൽ വൈറ്റ് മീറ്റ് ആയ സായിപ്പിനെ ആവും ശാപ്പിടുക. എന്നാൽ നരിക്ക് രുചിയാണ് മുഖ്യമെങ്കിൽ ഡാർക്ക് മീറ്റ് ആയ എന്നെത്തന്നെയാണ് ലക്ഷ്യമിടുക. ഞാൻ നരിയുടെ കണ്ണുകൾക്ക് നടുവിലുള്ള സൂക്ഷ്മം മർമ്മ സ്ഥാനത്തേക്ക് എന്റെ തോക്കിന്റെ ഉന്നം പിടിച്ചു നിന്നു. എന്തും സംഭവിക്കാം! വെടി പൊട്ടിയില്ലെങ്കിലും എന്റെ നേരെയാണ് ചാടി വീഴുന്നതെങ്കിൽ തോക്കിന്റെ ബയണറ്റ് നരിയുടെ ഗളത്തിൽ തുളച്ചു കയറ്റണം എന്നതാണ് എന്റെ ഉദ്ദേശം.

പെട്ടെന്നാണ് അത് സംഭവിച്ചത്! തീരെ അപ്രതീക്ഷിതമായി എന്ന ചിട്ടപ്രകാരം തന്നെയാണ് എന്ന് വായനക്കാർ മനസ്സിലാക്കികൊള്ളും എന്നതുകൊണ്ടാണ് ഞാൻ അങ്ങനെ എഴുതാഞ്ഞത് . നാം ചിന്തിക്കുന്നതുപോലെ ആയിരിക്കില്ല വിധി. ഇപ്പോഴും അതൊക്കെ ഓർക്കുമ്പോൾ എന്റെ നട്ടെല്ലിൽ കൂടെ ഒരു മിന്നൽ പായും. ഞങ്ങൾ എങ്ങനെ രക്ഷപെട്ടു എന്ന് ഈ ഗ്രൂപ്പിലുള്ള ആർക്കെങ്കിലും ഊഹിക്കാമോ എന്ന ചോദ്യത്തോടെ ഞാൻ പോസ്റ്റ് അവസാനിപ്പിച്ചു.

ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും ആരും എന്റെ പോസ്റ്റ് മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ തുറന്നെഴുതി: നമ്മുടെ ഗ്രൂപ്പിൽ സവിശേഷ ബുദ്ധിയുള്ളവർ കുറവായതുകൊണ്ട് ഞാൻ തന്നെ ബാക്കി കഥ വിവരിക്കാം. ബർമയിലെ ഒരു കാട്ടിനുള്ളിൽ വച്ചായിരുന്നു ഞങ്ങൾ മൃഗയാ വിനോദത്തിൽ ഏർപ്പെട്ടത് എന്ന് മുകളിൽ പ്രസ്താവിച്ചിരുന്നുവല്ലോ. അക്കാലത്തു ബർമ്മയിൽ റബ്ബർ മരങ്ങൾ വച്ചുപിടിപ്പിച്ചു വലിയ പ്ലാൻറേഷൻ തോട്ടങ്ങൾ ഉണ്ടാക്കുക എന്നത് വെള്ളക്കാരുടെ ഒരു രീതി ആയിരുന്നു. തോട്ടത്തിൽ സായിപ്പിന്റെ അതിഥി ആയി തിന്നു കുടിച്ചു രസിക്കാൻ വേണ്ടിയാണ് ഞാൻ അവിടെ ചെന്നത്. കൂട്ടത്തിൽ വല്ല നരിയെയോ കാട്ടുപോത്തിനേയോ ഒക്കെ വെടിവച്ചു അവയുടെ തല സ്റ്റഫ് ചെയ്ത് തറവാട്ടിൽ കൊണ്ടുവന്നു ഭിത്തിയേൽ വെയ്ക്കാം എന്ന ഉദ്ദേശവും ഉണ്ട്. ഈ സംഭവം നടന്നതും അത്തരമൊരു റബ്ബർ കാടിനകത്തു വെച്ചായിരുന്നു എന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ? ഞാനങ്ങനെ തോക്ക് ഉന്നം പിടിച്ചു നിൽക്കുന്നു; നരി ഞങ്ങളിൽ ആരെ വിഴുങ്ങണം എന്നാലോചിച്ചു കുഴങ്ങി, എന്നാൽ ഏതു സമയവും ചാടിവീഴാം എന്ന മട്ടിൽ പതിഞ്ഞു നിൽക്കുന്നു. പതിനഞ്ച് സെക്കന്റ് ആണ് അങ്ങനെ നിൽക്കുക എന്നോർക്കണം. കൃത്യം 14 -ആം സെക്കൻഡിൽ ഒരു റബ്ബർ കായ് മരത്തിനു മുകളിൽ നിന്നും പൊട്ടിത്തെറിച്ചു! മൂന്നു കുരുക്കൾ ആണ് ഒരു റബര് കായിൽ ഉണ്ടാവുക. ചൂട് കൊണ്ട് അവ പൊട്ടിത്തെറിക്കും. ഒരു മരത്തിന്റെ ചുവട്ടിൽ തന്നെ എല്ലാ കുരുക്കളും വീണു കിളിർക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ശക്തമായ പൊട്ടിത്തെറിയിലൂടെ മരം അതിന്റെ കുരു ദൂരേയ്ക്ക് പായിക്കുന്നത്. അങ്ങനെ പൊട്ടിത്തെറിച്ച ഒരു കുരു നമ്മുടെ നരിയുടെ കൃത്യം മർമ്മത്തു തന്നെ കൊണ്ടു! കൊണ്ടതും നരി ജീവനും കൊണ്ട് തിരിഞ്ഞോടി. ഓടി ഓടി പലയിടങ്ങളിലും ഒരു പമ്പാനദി ഉണ്ടോ എന്നന്വേഷിച്ചു, ഒടുവിൽ ബർമയിലെ പമ്പ പോലെ തോന്നിക്കുന്ന ഒരു നദിയുടെ കുറുകെ പമ്പകടന്നു.

നരിയും ധ്വരയും ഞാനീ നിമിഷം ഈ രഹസ്യം വെളിപ്പെടുത്തുന്നതുവരെ വിശ്വസിച്ചിരുന്നത് എന്റെ തോക്കിൽ നിന്നുതിർന്ന വെടി കൊണ്ടതുകൊണ്ടാണ് നരി പാഞ്ഞു പോയത് എന്നാണ്. ഏതായാലും പിൽക്കാലത്തു ഞാൻ സംഭവം ഇന്ത്യൻ കരസേനക്കും പല സംസ്ഥാന പോലീസ് സേനകൾക്കും ഒരു പുതിയ സാങ്കേതിക വിദ്യ ആയി കൈമാറി. അങ്ങനെയാണ് അക്കൂട്ടർ അക്രമാസക്തരായ ജനക്കൂട്ടങ്ങൾക്ക് നേരെ റബ്ബർ ബുള്ളറ്റ് പായിക്കുക എന്ന രീതി തുടങ്ങിയത്.

ബർമയിൽ 1936 -ൽ തന്നെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് നിലവിൽ വന്നിരുന്നു. ഞാൻ വെടി പൊട്ടിച്ചു നരി ചത്തിരുന്നുവെങ്കിൽ ഞാനും ധ്വരയും ദീർഘകാലം ജയിലിൽ കിടക്കേണ്ടിവന്നേനെ. അങ്ങനെ സംഭവിക്കാതെ തന്നെ നരിയുടെ വായിൽ നിന്നും എന്നെയും ധ്വരയെയും രക്ഷപ്പെടുത്തിയത് കഥയിൽ ഞാൻ കാണിച്ച ബ്രില്യൻസ് ആണെന്ന് നിരൂപകർ എഴുതി. വെടി കൊണ്ട നരിയുടെ പിൽക്കാല ജീവിതത്തെ ആസ്പദമാക്കി ഞാൻ ഒരു തിരക്കഥ നിർമ്മിച്ചു വരികയാണ്. വലിയ ദാർശനിക ചിന്തകൾ ഉയർത്തുന്ന ഒരു ചലച്ചിത്രം ആയിരിക്കും അത്. അതേപ്പറ്റി ചില കാര്യങ്ങൾ കൂടി ഇവിടെ പ്രസ്താവിക്കുവാൻ ആഗ്രഹിക്കുന്നു.

യഥാർത്ഥത്തിൽ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് ഞങ്ങൾ ആണോ? വെറും റബ്ബർ വെടി മാത്രം കൊണ്ട നരിയല്ലേ? ഇനി രണ്ടു കൂട്ടരും ഒരുമിച്ച് രക്ഷപ്പെട്ടു എന്ന് വിവക്ഷിച്ചാൽ തന്നെ, പിൽക്കാലത്ത് ആ നരി കൊന്നൊടുക്കിയ ഒട്ടനവധി മൃഗങ്ങൾക്ക് രക്ഷപ്പെടുവാൻ കഴിഞ്ഞില്ല എന്നൊരു ദാർശനികപ്രശ്നം ഇവിടെ ഉയർന്നു വരുന്നില്ലേ? എന്നെങ്കിലും ഒരു കാലത്തു മെത്രാൻ ആകാം എന്ന് മന:പായസം ഉണ്ട് നടന്നിരുന്നു. കുറെ യുവ പള്ളീലച്ചന്മാർ ‘രക്ഷാസങ്കല്പം ഭാരതീയ ദർശനത്തിൽ’ എന്നൊക്കെയുള്ള പേരുകളിൽ ഈ വിഷയത്തിൽ പ്രബന്ധങ്ങൾ എഴുതി ഡോക്ടറേറ്റ് സമ്പാദിച്ചു.

ബർമ്മയിലെ ഞങ്ങളുടെ സാഹസിക കഥ നാട്ടിലൊക്കെ പാട്ടായി. പിന്നെ പാട്ടുപുസ്തകമായി. ആലുവാ മണപ്പുറം, മാരാമൺ കൺവെൻഷൻ, മണ്ണടി ചന്ദനക്കുടം, വയലാ വയൽ വാണിഭം, കിളിവയൽ മരമടി തുടങ്ങി നാലാൾ കൂടുന്നിടത്തെല്ലാം പാട്ടുപുസ്തകം ചൂടപ്പം പോലെ വിറ്റുപോയി. അപ്പത്തിന്റെ ചൂട് പോകാതിരിക്കാൻ അപ്പം വേറെ ചട്ടിണി വേറെ എന്ന നിലയ്ക്കായിരുന്നു വ്യാപാരം. കഥ കേട്ട പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഞങ്ങൾ രണ്ടാളുടെയും ബഹുമാനാർത്ഥം ദില്ലിയിലെ നാലും കൂടുന്ന ഒരു കവലയിൽ വെച്ച് ഒരു വിരുന്നു സൽക്കാരം നടത്തി. ഇപ്പോൾ ഉത്തരാഖണ്ടിൽ പെടുന്ന രാജ്യത്തെ ആദ്യ ദേശീയ ഉദ്യാനത്തിന് ജിം കോർബെട് പാർക്ക് എന്ന് നെഹ്‌റു പേരിട്ടിരുന്ന കാലമാണത്. ഒരു വിദേശിയുടെ പേര് ആ പാർക്കിന് ഇട്ടതിന്റെ പേരിൽ കോൺഗ്രസിലെ സിണ്ടിക്കേറ്റ് വിഭാഗം അദ്ദേഹത്തെ ഒരുപാട് പഴി പറഞ്ഞിരുന്നു.

ഏഴ് കോഴ്സ് ഡിന്നറിന്റെ ഇടയിൽ നെഹ്‌റു എന്റടുത്തു വന്ന് എന്നെ ആലിംഗനം ചെയ്‌തുകൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു “താങ്കൾ ജിം കോർബെറ്റിനെകാൾ കേമൻ ആണെന്നാണ് ഞാനറിയുന്നത്”. മൂപ്പരുടെ മനസ്സിലിരുപ്പ് മണത്തറിയാൻ ഞാനൊരു ശ്രമം നടത്തി. ആകെക്കൂടി ഒരു വാടിയ റോസാപ്പൂവിന്റെ മണം മാത്രമാണ് പിടിച്ചെടുക്കാൻ കഴിഞ്ഞതെങ്കിലും കാര്യങ്ങളൊക്കെ ഞാൻ ശരിയായി ഊഹിച്ചെടുത്തു. ഈ തന്ത പിൽക്കാലത്ത് നമ്മുടെ ഈയെമ്മെസ് മന്ത്രിസഭയെ പിരിച്ചുവിടുമെന്നും, അയാളുടെ മോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ജയപ്രകാശ് നാരായണന്റെ കിഡ്നി കേടുവരുത്തുമെന്നും, മുന്നിൽ കണ്ട ഞാൻ വല്യ ലോഗ്യം ഒന്നും ഭാവിക്കാൻ പോയില്ല. എങ്കിലും ഞാൻ ചില ഉപാധികൾ മുൻപോട്ടു വെച്ചു. എന്റെയോ എന്റെ കൂടെയുണ്ടായിരുന്ന മണ്ടൻ സായിപ്പിന്റെയോ പേരുകൾക്ക് ഭാരത സർക്കാർ യാതൊരു പ്രസിദ്ധിയും നൽകരുത്. ഈ കഥയിലെ യഥാർത്ഥ ഹീറോ ലോകത്താദ്യമായി റബ്ബർ വെടി കൊണ്ട നരിയാണ്. അതുകൊണ്ട് നാം ആദരിക്കേണ്ടത് ആ നരിയെ ആണ്. ഭാരതത്തിന്റെ ദേശീയ മൃഗമായി നരിയെ പ്രഖ്യാപിക്കണം. നെഹ്‌റുവിന് ബഹുത് സന്തോഷം! വീണ്ടും എന്നെ ആലിംഗനം ചെയ്തു കൊണ്ട് അദ്ദേഹം നൂറു വട്ടം സമ്മതം എന്ന് പറഞ്ഞു. ആ തക്കത്തിന് എന്റെ രണ്ടാമത്തെ കണ്ടിഷൻ കൂടെ ഞാൻ അങ്ങേരുടെ ചെവിയിൽ ഓതി. “ഇന്ത്യയുടെ വിദേശ നയം ചേരിചേരാ നയം ആയിരിക്കണം.” നെഹ്‌റു ഞെട്ടിത്തരിച്ചു നിന്ന് പോയി! “താങ്കൾ എന്തിനാണ് ഈ ചേരയെ ഒക്കെ ബഹുമാനിക്കുന്നത്?”

“ക്ഷമിക്കണം ഹുസൂർ, ഒരിക്കൽ ഒരു ചേരയെ തിന്നുന്ന നാട്ടിൽ ചെന്നപ്പോൾ നടുത്തുണ്ടം തന്നെ തിന്നു പോയതു കൊണ്ടുള്ള മനസ്താപം കാരണമാണ്.”ഇമ്മിണി ഭാരം നിറഞ്ഞ ഹൃദയവുമായാണ് നെഹ്‌റു അത്താഴ വിരുന്നിൽ നിന്ന് മടങ്ങിയത്. അങ്ങനെ ഞാൻ അറിയാതെ തന്നെ എന്നിൽ ഒരു മൃഗസ്‌നേഹി വളർന്നു വരുന്നത് തെല്ലൊരത്ഭുതത്തോടെ ഞാൻ മനസ്സിലാക്കുകയായിരുന്നു!

വര : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like