പൂമുഖം പുസ്തകപരിചയം കവർട്ട്


നക്സൽബാരിയിൽ ആരംഭിച്ച സായുധ വിപ്ലവം ബംഗാളിൽ ഇന്ന് ഏതാണ്ട് പൂർണ്ണമായും കെട്ടടങ്ങിയിരിക്കുന്നു. എങ്കിലും ആ വിപ്ലവത്തിൻ്റെ അലയൊലി ഇപ്പോഴും മധ്യ, കിഴക്കൻ ആദിവാസി മേഖലകളിൽ മുഴങ്ങുന്നുണ്ട്. വനസ്ഥലികൾ മുച്ചൂടും കവരുന്ന ഖനിമാഫിയക്കെതിരെ നക്സലുകൾ ഉയർത്തിയ ജൽ, ജംഗിൾ , ജമീൻ, എന്നീ മുദ്രാവാക്യങ്ങൾ ആദിവാസികളുടെ കാതിൽ തേൻമഴയായി പെയ്തിരുന്നു. അതു കാരണം നക്സൽ ദളത്തിന് ചേക്കേറാൻ അവർ ഇടം നൽകി. പക്ഷേ, അത് ഒരു ദുരന്തമായി കലാശിച്ചു. ആദിവാസികൾക്ക് ശിക്ഷ വിധിക്കുന്ന ഊരുകളിലെ ദൈവത്തറകൾ ദളത്തിൻ്റെ പ്രജാക്കോർട്ടായി മാറി! പ്രാചീനദൈവങ്ങൾക്ക് പകരം പുതിയ വിപ്ലവമൂർത്തികൾ വന്നുചേർന്നു. ഇപ്രകാരം ആദിവാസികൾക്ക് ഒരേ സമയം അനുഗ്രഹവും ശാപവുമായിത്തീരുന്ന നക്സലിസമാണ് രജികുമാർ പുലാക്കാട് എഴുതിയ കവർട്ട് എന്ന നോവലിൻ്റെ ഇതിവൃത്തം. നക്സൽഹിംസയുടെ പേരിൽ നമ്മുടെ നാട്ടിൽ നടക്കുന്ന ഭരണകൂടഹിംസയും, ഗ്രാമങ്ങളിലെ പിന്നോക്കക്കാർ നേരിടുന്ന സാമൂഹ്യമായ അനീതിയും, അസമത്വങ്ങളും, നക്സലുകളുടെ ജംഗിൾ റിപബ്ളിക്കും, സർക്കാരിൻ്റെ കാപട്യങ്ങളും ഉദ്യോഗസ്ഥരുടെ കുതന്ത്രങ്ങളും എല്ലാം ഈ കൊച്ചുനോവൽ ചർച്ച ചെയ്യുന്നുണ്ട്.

1947 ൽ സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇന്ത്യയിലെ ആദിവാസി ജീവിതങ്ങൾക്ക് 1980 വരെ പറയത്തക്ക മാറ്റമുണ്ടായില്ല. സവർണ്ണ ജാതിക്കാരുടെ അക്രമവും ഊരിലെ ദുരാചാരങ്ങളും മൂപ്പൻമാരുടെ ക്രൂരതകളും എല്ലാം ഏതാണ്ട് അതേപടി തന്നെ തുടരുകയായിരുന്നു. എന്നാൽ നക്സലുകളുടെ ആഗമനത്തോടെ ആദിവാസി ഊരുകൾ സാമൂഹ്യമാറ്റത്തിന് വേദിയായി. ഊരിലെ ദുരാചാരങ്ങൾക്ക് അറുതി വന്നു. ഫോറസ്റ്റുകാരുടെയും ഖനി മാഫിയയുടെയും ദയയിൽ കഴിഞ്ഞിരുന്ന ആദിവാസികൾക്ക് നക്സൽദളങ്ങൾ കവചം ഒരുക്കി. പകരം ആദിവാസികൾ അവർക്ക്‌ അന്നവും അഭയവും നൽകി. അതിൻ്റെ ഫലം നിഷ്ടുരമായ പോലീസ് പീഡനമായിരുന്നു. ഒന്നുകിൽ മാവോയിസ്റ്റ് അനുകുലിയാകുക അല്ലെങ്കിൽ ഒറ്റുകാരൻ ആവുക എന്നീ രണ്ടറ്റങ്ങളിലേക്ക് ആദിവാസി ജീവിതങ്ങൾ വലിച്ചുനീട്ടപ്പെട്ടു. അവരുടെ സ്വൈരജീവിതത്തിന് രണ്ടുപേരും വിലകല്പിച്ചില്ല. സുരക്ഷാഓപ്പറേഷനുകളിൽ മനുഷ്യമറയായി ചത്തൊടുങ്ങാനായിരുന്നു ആ പാവങ്ങളുടെ വിധി. ഈ ഏടാകൂടത്തിൽ നിന്ന് നോവലിലെ ഗംഗാറാമിനെ പോലെ ചുരുക്കം ചിലർക്കാണ് രക്ഷപ്പെടാനായത്.

ഹരിനാഥ് എന്ന പത്രപ്രവർത്തകനാണ് നോവലിൽ ആഖ്യാതാവ്. അയാളുടെ ദണ്ഡകാരുണ്യ എന്ന നോവലാണ് ‘കവർട്ടി’ൻ്റെ കഥാപശ്ചാത്തലം. നോവൽരചനക്കിടയിൽ എഴുത്തുകാരൻ നേരിടുന്ന പ്രതിസന്ധികളും താളുകളിൽ ചിതറി കിടപ്പുണ്ട്. അതിൽ ഏറെ പ്രധാനപ്പെട്ടത് ഒരേ സമയം നായകനും വില്ലനും ആയ ഗംഗാറാമിനെക്കുറിച്ചുള്ള തിരിച്ചറിവുകളാണ്. നക്സലുകളുടെ പ്ലീനറി സമ്മേളനം കവർ ചെയ്യാൻ കാട്ടിൽ എത്തുമ്പോഴാണ് ദളത്തിൻ്റെ ഉപകമാന്റർ ആയ ഗംഗാറാമിനെ ഹരിനാഥ് പരിചയപ്പെടുന്നത്.

രജികുമാർ പുലാക്കാട്

നായകന്റെ പശ്ചത്താലം ഊരുകളാണ്. ഊരിൻ്റെ വാലുപോലെ കിടക്കുന്ന തുറന്ന ചതുപ്പിലെ കുടിലുകളിലാണ് ആദിവാസികൾ വസിച്ചിരുന്നത്. മറ്റ് ജാതിക്കാരുമായി ഇടപഴകുന്നതും പൊതുകിണറ്റിൽ നിന്ന് വെള്ളം കോരുന്നതും ശിവാലയത്തിൽ പ്രവേശിക്കുന്നതും അവർക്ക് പാടെ നിഷേധിക്കപ്പെട്ടിരുന്നു. അവ ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിച്ചിരുന്നു. കൃഷി ചെയ്യാൻ ഒരു തരി മണ്ണില്ലാത്ത അവർ അരച്ചാൺ വയറിനായി സവർണ്ണരായ റെഡ്ഡിമാരുടെ പാടങ്ങളിൽ അടിമകളെ പോലെ പണിയെടുത്തു.

ഊരിലെ ജാതിവിവേചനത്തിൽ നിന്നാണ് സംഭവശ്രേണിയുടെ തുടക്കം. ചായപീടികയിൽ സവർണർക്ക് ഗ്ലാസും അധ:കൃതർക്ക് ക്ലാവ് പിടിച്ച തകരലോട്ടയും ആണ്. കടയ്ക്ക് പുറത്തുള്ള പുളിമരഞ്ചോട്ടിൽ പോയാണ് ദളിതർ ചായകുടിച്ചിരുന്നത്. കോളേജിൽ പഠിക്കുന്ന ഗംഗാറാം ആ വിവേചനത്തെ എതിർക്കാൻ തുനിഞ്ഞപ്പോൾ ഷെട്ടിയും ഉന്നതകുലരും ചേർന്ന് അയാളെ പുളിമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചവശനാക്കി. തുടർന്നു ഊരുവിലക്കും ഏർപ്പെടുത്തിയപ്പോൾ അവൻ്റെ മനസ്സിൽ പ്രതിഷേധം ആളിക്കത്തി. പിന്നെ അമാന്തിച്ചില്ല നക്സലെറ്റ് ദളത്തിൽ ചേരാൻ. ആശയത്തേക്കാൾ ഉപരിയായി സാമൂഹ്യപരമായ വിവേചനവും നീതിനിഷേധവും ആണ് ആദിവാസികളെ നക്സലിസത്തിൻ്റെ ഭാഗമാകാൻ പ്രേരിപ്പിക്കുന്നത് എന്ന് നോവലിസ്റ്റ് ഉദാഹരിക്കുന്നു.

ദളത്തിൻ്റെ ഘടന യാഥാർഥ്യബോധത്തോടെയാണ് വിവരിക്കുന്നുത്. കമാണ്ടർ മധ്യവയ്ക്കനായ ക്രാന്തിയാണ്. അയാൾ മുനിയെ പോലെ സദാ മൗനിയാണ്. ഹിംസയ്ക്ക് മുകളിൽ സമൂഹത്തിലെ ഏറ്റവും അവശവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയാണ് വിപ്ലവമെന്ന് അയാൾ വിശ്വസിച്ചു. വൈദികജന്മികുടുംബത്തിൽ ജനിച്ച അരുന്ധതിയാണ് വിപ്ലവരീതികൾ അംഗങ്ങളെ പഠിപ്പിച്ചിരുന്നത്. ഗോദാവരിയിലെ ഒരു ജൻമിയുടെ പീഡനത്തിന് ഇരയായ സുബ്ബമ്മ എന്ന വോൾഗയും കൊളേജിൽ നിന്ന് വിപ്ലവപാതയിലേക്ക് തിരിഞ്ഞ രാം നായിക്കും ആദിവാസികളും ചേർന്ന അംഗങ്ങളുടെ സ്വഭാവ ചിത്രീകരണത്തിലേക്ക് നോവലിസ്റ്റ് അത്ര കണ്ട് വ്യാപരിക്കുന്നില്ല. എന്നാൽ വോൾഗയുടെ ചിത്രീകരണത്തിന് ധാരാളിത്തമുണ്ട്. മാദിഗ നാഗപ്പനെകുറിച്ചുള്ള വീരഗാഥ ആവേശകരമാണ്.

ഗോദാവരിയിലെ സമ്മക്ക – സാരലമ്മ മിത്ത് വോൾഗയുടെ ജീവിതവുമായി ഇഴചേർത്താണ് പറയുന്നത്. ഗ്രാമീണതക്ക് നിറം പകരാനായി ആദിവാസികളുടെ ഇടയിലെ നാടോടിപ്പാട്ടുകളും നോവലിൽ ചേർത്തിരിക്കുന്നു. അതുപോലെ നക്സൽ മുദ്രാവാക്യങ്ങളും ആവേശജനകമാണ്. പ്രത്യേകിച്ച് നക്സൽ അക്ഷരമാല -A for Arms, B for Bengal, C for Charu Muajumdar കൗതുകം ജനിപ്പിക്കുന്നതാണ്. വിപ്ലവത്തിൻ്റെ നൈതികതയും അതോടൊപ്പം ആത്യന്തികമായ പരാജയവും ഹരിനാഥ് നോവലിൽ പറയുന്നുണ്ട്. അതേ സമയം വിപ്ലവകാരികളെ പരിഹസിക്കാൻ ഒരിക്കലും തയ്യാറാകുന്നില്ല. അവരെ സഹാനുഭൂതിയോടെ ചേർത്തുനിർത്തുന്നു. ഗവൺമെൻ്റിൻ്റെ മനുഷ്യത്യമില്ലായ്മയും പോലീസിൻ്റെ ഏറ്റുമുട്ടൽ കൊലപാതകവും വരച്ചുകാട്ടുമ്പോൾ നോവലിസ്റ്റിൻ്റെ ധാർമ്മികരോഷം അണപൊട്ടിയൊഴുകുന്നു.

ഇടയ്ക്ക് സർക്കാർ വെടിനിർത്തൽ പ്രഖ്യാപിക്കാറുണ്ട്. അപ്പോൾ നക്സലുകൾ ഗ്രാമത്തിലേക്ക് മടങ്ങും.അങ്ങനെ ഗംഗാറാമും ഗ്രാമത്തിൽ മടങ്ങയെത്തി കളികൂട്ടുകാരിയെ വിവാഹം ചെയ്തു. വിവാഹം ചെയ്യാൻ ദളം അനുവാദം കൊടുത്തിരുന്നു. പക്ഷേ, കുട്ടികൾ പാടില്ല. കുട്ടികൾ വിപ്ലവകാരികൾക്ക് ഒരു ബാധ്യതയാണ്. അതു കാരണം ദമ്പതിമാർ വന്ധ്യംകരണം ചെയ്തിരുന്നു. എന്നാൽ ഗംഗാറാം അതിനു തയ്യാറായില്ല. ഭാര്യ ഗർഭിണിയായി. സന്ധിസംഭാഷണങ്ങൾ നിലച്ചതോടെ അയാൾ തിരിച്ച് കാട് കയറി. മകൾ ഒരു ഹൃദ്രോഗിയാണെന്ന് അറിയുമ്പോൾ നക്സൽ പാത ഉപേക്ഷിക്കാൻ ഭാര്യ അപേക്ഷിക്കുന്നു. അയാൾ നിസ്സാഹായനാകുന്നു. ദളനായകൻ സമ്മതിച്ചാലും നിയമം വെറുതെ വിടില്ല. മുൾച്ചെടിയിൽ കുടുങ്ങിയതുപോലെ. ഒരിക്കലും പുറത്തു കടക്കാനാവില്ല. മുൾച്ചെടി വരാൻ പോകുന്ന ദുരന്തത്തെ സൂചിപ്പിക്കുന്നു.

ഗ്രാമത്തിൽ നിന്ന് മടങ്ങുമ്പോൾ ഗംഗാറാം പോലീസ് കസ്റ്റഡിയിലാകുന്നു. മർദ്ദനങ്ങൾക്ക് ശേഷം പോലീസ് മേധാവി മരുഗദാസ് ഒരു ഓഫർ വെക്കുന്നു: സഹപ്രവർത്തകരെ ഒറ്റിക്കൊടുത്താൽ മാപ്പ് തരാം. ഒടുവിൽ മകളുടെ ചികിത്സക്ക് വേണ്ടി അയാൾ ഒറ്റുകാരനാകാൻ സമ്മതിക്കുന്നു. മാനം കവർന്ന റെഡ്ഡിയോട് പ്രതികാരം ചെയ്യാൻ കാടുകയറിയ വോൾഗ എല്ലാം മറന്ന് റാം നായിക്കിൽ അനുരക്തയാകുന്നു. കാട്ടിൽ, പുൽമേട്ടിൽ അവരുടെ വിശുദ്ധ പ്രണയം അരങ്ങേറുന്നു. ഒരുമിച്ച് ജീവിക്കാൻ ക്രാന്തി അനുവാദം നൽകുന്നു. അവർ ദളം വിട്ട് നാട്ടിൽ പോയി ജീവിക്കാൻ തീരുമാനിക്കുന്നു. പക്ഷേ, അവസാനത്തെ ഏറ്റുമുട്ടലിൽ മരിക്കാനായിരുന്നു വിധി. തുടർന്ന് ദളത്തിൻ്റെ അവസാനമാണ് വിവരിക്കന്നത്. കാട്ടിലെ അരുവി മുറിച്ചു കടക്കുന്നതിനിടിയിൽ അരുന്ധതി മരിക്കുന്നു. ഗംഗറാമിൻ്റെ ചതിയിൽപ്പെട്ട് അംഗങ്ങൾ പോലീസ് പിടിയിലാകുന്നു. അവരെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുന്നു

ഇന്ത്യൻ സൈന്യത്തെ എതിർത്ത് വിപ്ലവഭരണം നടപ്പിലാക്കുക എന്ന സ്വപ്നത്തിന്റെ സാധ്യത നോവലിസ്റ്റ് പരിശോധിക്കുന്നുണ്ട്. ഒടുവിൽ ആയുധിയുടെ നിരർത്ഥകമായ കണക്കെടുപ്പുകൾക്കെല്ലാം മുകളിൽ ജനാധിപത്യത്തിൻ്റെ സ്വച്ഛമായ സ്നേഹത്തിലേക്ക് നായകൻ ഗംഗാറാം എത്തപ്പെടുന്നു.കുറ്റബോധം കൊണ്ട് തകർന്ന അയാളോട് കഥയിലെ നോവലിസ്റ്റ് ഉപദേശിക്കുന്നു. “ചെയ്ത തെറ്റുകൾ തിരുത്താനുള്ള ഒരേഒരവസരം ജീവിക്കുകയെന്നതാണ്.” അയാൾ ഗംഗറാമിനെ ഹൈദരബാദിലേക്ക് കടത്തുന്നുമുണ്ട്. അവിടെ അയാൾ ഒരു പുതിയ ജീവിതം തുടങ്ങുന്നു.

നോവലിലെ പല പ്രയോഗങ്ങളും സവിശേഷശ്രദ്ധ ആകർഷിക്കുന്നു. “പന്നിരക്തം കുഴച്ച അരി, ചോരയിരമ്പുന്ന ഉണ്ടക്കണ്ണുകൾ,ഓർമ്മയുടെ അലമാരകൾ, അമ്മയെപ്പോലെയുള്ള അടവി,അമ്പരപ്പിൻ്റെ കൊടുമുടി, ധൈര്യത്തിൻ്റെ അണയിലെ ചോർച്ച, ഊക്കൻ പുളിമരം, പ്രജാസൈന്യം, കണ്ണുകളിലെ സൂര്യവിഷാദം, നഗരശരീരങ്ങൾ, കുപിതയൗവ്വനം, ഉറക്ക മരീചിക, അറിവുഭാരങ്ങൾ, കമ്പിളിയുറക്കങ്ങൾ ,പേരോന്ത്……

കവർട്ട് എന്ന വാക്കിന്‍റെ അർത്ഥം രഹസ്യം എന്നാണ്. ആദിവാസി ജീവിതത്തിൻ്റെ ദൈന്യങ്ങളെ മറനീക്കി നോവൽ കാണിക്കുന്നു. ഒരേ സമയം വില്ലനും നായകനും ആകേണ്ടി വരുന്ന ഗതികേടിനെ വരച്ചു കാട്ടുന്നു. ആത്യന്തികമായി ഹിംസയുടെ രാഷ്ട്രീയത്തിന് മേൽ അഹിംസയുടെ വിജയാഘോഷമാണ് ഈ നോവൽ.കോവിഡ് കാലത്ത് പ്രസിദ്ധികരിച്ചതിനാൽ ആവണം എഡിറ്റിംഗിൻ്റെ അപാകത വേണ്ടത്ര ഉണ്ട്. അടുത്ത പതിപ്പിൽ അത് പരിഹരിക്കാവുന്നതാണ്. ശ്യാം ബെനഗലിൻ്റെ ആദ്യകാല സിനിമകൾ പോലെ മൗലികവും മനോഹരവും ആണ് കവർട്ട് എന്ന നോവൽ.

പ്രസാധകർ: പ്രഭാത് ബുക്ക് ഹൗസ്.

Comments
Print Friendly, PDF & Email

You may also like