റെഫീക്ക് ബദരിയുടെ ആലംനൂർ എന്ന നോവലിന്റെ വായനാനുഭവം
‘ആലംനൂർ’എന്നത് രണ്ട് അറബിക് പദങ്ങളുടെ സംയോഗമാണ്. ‘ആലം’എന്നതിന് ലോകം അല്ലെങ്കിൽ സാംസാരികത എന്ന് അർത്ഥമുണ്ട്.’നൂർ” എന്നാൽ പ്രകാശം.അതിനാൽ ‘ആലം നൂർ’ ന് പ്രകാശത്തിന്റെ ലോകം എന്നു അർത്ഥമാക്കാം. ആലംനൂർ എന്ന നോവലിൽ റോവൽ എന്ന നായകകഥാപാത്രത്തിൻ്റെ ലോകത്തിലേക്ക് സൈറയെന്ന പെൺകുട്ടി പ്രകാശമാകുന്നു. ആ കാഴ്ച ഇങ്ങനെയാണ്:
‘ഇടുങ്ങിയ തെരുവിലെ ചുമരിനോട് ചേർന്നുള്ള വെളിച്ചമില്ലാത്ത ഭാഗത്തുകൂടിയാണ് അവൾ നടക്കുന്നതെങ്കിലും അവളുടെ മുൻപിൽ നടന്നുപോയ ഏതോ ഒരാളുടെ ചുമലിലുള്ള റാന്തൽവെളിച്ചം അവളുടെ വെളുത്ത കവിളുകളിൽ തട്ടി മുഖം സ്വർണനിറമായി പ്രകാശിക്കുന്നുണ്ട്. ആ വെളിച്ചം അവളുടെ തലയിൽ ധരിച്ചിരിക്കുന്ന, നിറയെ പൂക്കളുള്ള തട്ടത്തിന് ചുറ്റും ഒരു പ്രകാശവലയം തീർത്തു.’ റോവലും സൈറയും കണ്ടുമുട്ടുന്ന ആദ്യ കാഴ്ചയുടെ കാവ്യാത്മകമായ പരിചയപ്പെടുത്തൽ.

ആലംനൂർ എന്ന നോവലിൻ്റെ അവതാരികയിൽ കഥാകൃത്ത് സുഭാഷ് ചന്ദ്രൻ പറയുന്നു: “ഒരു നോവലും അതിൻ്റെ കഥാസാരമല്ല. ആഖ്യാനമാണ് നോവലിൻറെ ശരീരം. ഒരു യാത്രയിലെന്നപോലെ ഗദ്യത്തിൻ്റെ തീവണ്ടിപ്പാളത്തിലൂടെ ശ്രുതി മുറിയാതെ, താളം പിഴയ്ക്കാതെ, വായനക്കാരായ യാത്രികരെ കൊണ്ടുപോകാൻ കഴിയുന്നുണ്ട് ഇതിൻ്റെ രചയിതാവിന്. ഖവാലികളുടെയും തുമ്രികളുടെയും സൂഫിഗീതത്തിന്റെയും പശ്ചാത്തലസംഗീതം നിറഞ്ഞ, ഉത്തരേന്ത്യൻ വാസ്തു ശില്പങ്ങളുടെ നിരതിശായിത്വം ഏതുരംഗത്തിനും പിൻകാഴ്ചയായി പുലരുന്ന വ്യത്യസ്തമായ ഒരു കഥയാണ് റഫീഖ് ആഖ്യാനം ചെയ്യുന്നത്. ഓർമ്മകളും സ്വപ്നവും ഊടും പാവുമായി നെയ്ത ഒരു ചിത്രകംബളം എന്ന് ഈ നോവലിനെ വിശേഷിപ്പിക്കാം.”
അജ്മീറിന് കുറെ മുഖങ്ങൾ ഉണ്ട്. ഒച്ചയും ബഹളവുമുള്ള ഒരു മുഖം. സൂഫിയെ പോലെ നിശബ്ദമായി ദിക്കർ ചൊല്ലുന്ന മറ്റൊരു മുഖം. ഒരേ സമയം അജ്മീറിലെ തീർത്ഥാടകരുടെ ബഹളമയമായ അന്തരീക്ഷവും, സാഹിത്യപരവും സാംസ്കാരികവും ആയ ചരിത്രത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന സുദൃഢമായ ചിത്രവുമാണ് ആലംനൂർ എന്ന ചെറു നോവൽ അവതരിപ്പിക്കുന്നത്.
അജ്മീറിലെ സുൽത്താൻമാരും രാജാക്കന്മാരും അവരുടെ സദസ്സുകളിലേക്ക് അഫ്ഘാനിസ്ഥാൻ പേർഷ്യ, തുടങ്ങി വിവിധ രാജ്യങ്ങളിലെ കവികളെയും പണ്ഡിതരെയും ക്ഷണിച്ച് താമസിപ്പിച്ചിരുന്നതിന്റെ സ്മരണകൾ ഇന്നും നിലനിൽക്കുന്നു. നിശബ്ദവും ശാന്തവുമായ ദർശനങ്ങൾക്കും ആവേശജനകമായ സാഹിത്യ ചർച്ചകൾക്കും ഒരുമിച്ചു വേദിയായ സ്ഥലമായിരുന്നു അജ്മീർ. സൂഫിചിന്തകളും ആധ്യാത്മിക പൈതൃകവും സാഹിത്യസംസാരങ്ങളും ഒന്നിച്ച് കലരുന്ന സംസ്കാരത്തിന്റെ പ്രതീകം.
തീർത്ഥാടകരുടെ തിരക്കിൽ ഒരു പ്രണയം പനിനീർ പൂവിടരുന്നതുപോലെ സുഗന്ധം പ്രസരിപ്പിക്കുന്നത് ആലംനൂറിൽ കാണാം. റോവലിൻ്റേയും സൈറയുടേയും പ്രണയം പ്രകാശത്തിൻ്റെ മറ്റൊരു ലോകം കാട്ടിത്തരുന്നുണ്ട്.

‘പ്രണയം ഒരു വിയോഗമോ യാത്രയോ കൂടിയാലോചനയോ കൊണ്ട് മാത്രമല്ല അളക്കപ്പെടുന്നത്. പ്രണയത്തിന് പല ആകാശങ്ങളുണ്ട്.ഓരോ വ്യക്തിയുടെയും അനുഭവങ്ങളും അവരുടെ പ്രണയത്തെ വ്യത്യസ്തമായി രൂപപ്പെടുത്തും. പ്രണയം എന്നത് ചിലർക്ക് എന്നും കൂടെയിരിക്കണമെന്ന പ്രതീക്ഷയായി മാറാം. എപ്പോഴും കൂടെയുണ്ടാകണമെന്ന് ആഗ്രഹിക്കുക സ്വാഭാവികമാണ്. ചിലപ്പോൾ, പ്രണയം അവസാനിക്കാത്ത അനുഭവമായി ഒരു മനുഷ്യന്റെ മനസ്സിൽ അടയാളപ്പെടും. അയാളോ അവളോ കൂടെയില്ലെങ്കിലും, മനസ്സിലെ സ്നേഹം കാലം കഴിഞ്ഞും നിലനിൽക്കുന്നു. സത്യസന്ധമായ പ്രണയം വാക്കുകൾക്കപ്പുറവും ദൃശ്യമാക്കാനാകാത്തതുമായ അനുഭവമാണ്.’ റോവലിൻ്റെയും സൈറയുടേയും പ്രണയം സത്യസന്ധമാണ്. സൂഫി സംഗീതത്തിൻ്റെ ശാന്തതയിൽ ഖവാലിയുടെ താളത്തിൽ,ഒരു പ്രണയതീർത്ഥാടനത്തിൻ്റെ മധുരമുണ്ടതിന്. അസ്ഥി തുളയ്ക്കുന്ന കൊടുംതണുപ്പിൽ, ഇരച്ചു പെയ്യുന്ന മഴയിൽ മല കയറുന്ന ദുർഘടമായ അവസ്ഥയാണത്. ആരോ പിന്തുടരുന്നുവെന്ന ഭയത്തിൻ്റെ കണ്ണുകളും ഈ പ്രണയത്തിൻ്റെ രഹസ്യാത്മകതയിൽ ഉണ്ട്.
തീർത്ഥാടനത്തിനും പ്രണയത്തിനുമപ്പുറം ചരിത്രത്തിൻ്റേയും യുദ്ധങ്ങളുടേയും ഇടവുമാണ് നോവൽ.വെളുത്ത ആടെന്നും കറുത്ത ആടെന്നുമുള്ള രണ്ടു വംശജരുടെ കുടിപ്പകയുടെ പ്രതികാരവർഷങ്ങളും നോവലിൽ കടന്നു വരുന്നുണ്ട്.
ഇറാനിലെ ഹംദാൻ ഭാഗങ്ങൾ ഭരിച്ചിരുന്ന കറുത്ത ആട് വംശജർക്ക് വെളുത്ത ആട് വംശജരുടെ നിരന്തരമായ ഭീഷണിയുണ്ടായിരുന്നു. ഇന്ത്യയിലേക്ക് കച്ചവടത്തിനും മറ്റു കാര്യങ്ങൾക്കും സ്ഥിരമായി വന്നു പോയിരുന്ന കാലം. ഹംദാനിലെ കറുത്ത വംശത്തിലെ നേതാവായ ഹുസ്നി പതിവായി ഒരു സ്വപ്നം കണ്ടിരുന്നു. ഇന്ത്യയിൽ നിന്ന് ഒരാൾ കുതിരപ്പുറത്ത് വരികയും, ചുവന്ന പരവതാനി വിരിച്ച് കറുത്ത ആട് വംശത്തെ ഇന്ത്യയിലേക്ക് ആനയിക്കുകയും ചെയ്യുന്ന സ്വപ്നം.
ഒരു വലിയ ക്യാൻവാസിൽ പകർത്താനുള്ള വിഷയമുണ്ട് ഇരുവംശങ്ങളും തമ്മിലുള്ള പ്രതികാരത്തിൻ്റെ ചരിത്രം. ആലംനൂർ എന്ന പേരിലുള്ള രത്നം ഈ രണ്ടു വംശങ്ങളുടെ വൈരത്തിൻ്റെ പ്രതീകമാണ്.
ഹോജമാരുടേയും ജിന്നുകളുടേയും വിശ്വാസത്തിൻ്റെയും സ്വപ്നങ്ങളുടേയും ഫാൻ്റസിയുടേയും മറ്റൊരു ലോകം കൂടി ചേരുമ്പോഴാണ് ആലംനൂർ എന്ന കൊച്ചു നോവൽ പൂർത്തിയാകുന്നത്.ഭാവനയും രഹസ്യവും പേടിപ്പെടുത്തുന്ന സൃഷ്ടിപരമായ പ്രാധാന്യവും ചേർന്ന ജിന്നു പള്ളിയുടെ കഥ അത്തരത്തിലൊന്നാണ്.
മലയുടെ ചെരിവിലുള്ള, ജിന്നുകൾ നിർമ്മിച്ചതെന്നു കരുതുന്ന പള്ളിയുടെ രൂപവും അവിടെയുള്ള അന്തരീക്ഷവും വളരെ രഹസ്യവും ഭയാനകവുമായ അനുഭവം സൃഷ്ടിക്കുന്നു. സകല പ്രതീകങ്ങൾക്കും പിന്നിലെ ആശയം അതിന്റെ നിർമാണത്തിലും നിലപാടിലും അടങ്ങിയിരിക്കുമെന്ന സന്ദേശം കൂടി നോവൽ പ്രത്യക്ഷത്തിൽ പറയാതെ പറയുന്നുണ്ട്.
ദുരുഹമായി തുടങ്ങി, യാത്രാവിവരണം പോലെ സഞ്ചരിച്ച് പ്രണയാതുരമായ തീർത്ഥാടനലോകത്തിലകപ്പെട്ട്, രഹസ്യങ്ങളിലേക്ക്, ചരിത്രത്തിലേക്ക് മിത്തുകളിലേക്ക് കവിതയുടെ ഭാഷയിലൂടെ ആലംനൂർ വായനക്കാരെ കൊണ്ടു പോകുന്നു.
ഖവാലിയുടെ സ്വരഭേദങ്ങൾ കാതിലൂടൂർന്നു വീഴുമ്പോഴും എൻ്റെ കണ്ണും കാതും ഹൃദയവും അവളെ കാത്തിരിപ്പാണ്. അവനറിയില്ലല്ലോ പ്രണയത്തിലായ മനുഷ്യനോളം കാത്തിരിപ്പിൻ്റെ വേരുകൾ മുളച്ച മറ്റാരുമില്ലെന്ന്.
അതെ ആലംനൂർ എന്ന നോവൽ അവസാനിക്കുന്നില്ല. കാത്തിരിപ്പിൻ്റെ സൂചന നൽകിയ വാക്യങ്ങളിലൂടെ കഥ മറ്റൊരു ഭാഗത്തിൽ തുടരാൻ ഒട്ടേറെ സാദ്ധ്യതകൾ കാഴ്ചവെച്ചാണ് അവസാനിപ്പിക്കുന്നത്.
കവർ: ജ്യോതിസ് പരവൂർ