തീച്ചൂള

തീച്ചൂളയെന്നത്
വിലമതിക്കാനാവാത്ത
ഒരു പ്രയോഗമാണ്.
പ്രായോഗികമായി ഒരാള്‍ക്കും
സഹനീയമായ ഒരിടമല്ല
തീച്ചൂള.
അതിജീവിക്കാനുമാവാത്ത
ഒരതിശയമാണ്
തീച്ചൂള.
എന്നാലും തലങ്ങും വിലങ്ങും
നമ്മളൊരുക്കും
തീച്ചൂള.

നോക്കൂ,എന്തൊരാര്‍ഭാടമാണത്.
അനുഭവത്തിന്‍റെ തീച്ചൂള.
ജീവിതത്തിന്‍റെ തീച്ചൂള.
വിശപ്പിന്‍റെ തീച്ചൂള.
അപഹാസത്തിന്‍റെ തീച്ചൂള.
നിലനില്പിന്‍റെ തീച്ചൂള.
രാഷ്ട്രത്തിന്‍റെ തീച്ചൂള.
രാഷ്ട്രീയത്തിന്‍റെ തീച്ചൂള.
ജനാധിപത്യത്തിന്‍റെ തീച്ചൂള.
സങ്കടങ്ങളുടെ തീച്ചൂള.
സഹജീവിതത്തിന്‍റെ തീച്ചൂള.
വംശീയ തീച്ചൂള.
പീഡനത്തിന്‍റെ തീച്ചൂള.
രതിമര്‍ദ്ദനത്തിന്‍റെ തീച്ചൂള.
അപമാനത്തിന്‍റെ തീച്ചൂള.
വേനലിന്‍റെ തീച്ചൂള.
അഹംവിസ്മൃതിയുടെ തീച്ചൂള.
അപരാധത്തിന്‍റെ തീച്ചൂള.
പ്രണയത്തിന്‍റെ തീച്ചൂള.
വിപണിയുടെ തീച്ചൂള.
വിരഹത്തിന്‍റെ തീച്ചൂള.
മോഹത്തിന്‍റെ തീച്ചൂള.
എന്തും അതിന്‍റെ അധിത്യകയില്‍
തീച്ചൂളയാകുന്നു.

മരണത്തിന്‍റെ തീച്ചൂളയില്ല.
എന്തെന്നാല്‍ എല്ലാറ്റിന്‍റേയുമന്ത്യം
തീച്ചൂളയിലൊരു പിടി
ചാരമാകലാണ്.
എല്ലാം ചാരമാകുന്നതേ
തീച്ചൂളയില്‍.
ഹോ,എന്തൊരു തീച്ചൂളയെന്ന്
ഈ കവിതയും
അവസാനം നിങ്ങളിലാകും
ഒരുപിടി ചാരം.

കവര്‍: സി പി ജോൺസൻ