പൂമുഖം LITERATUREകവിത എരിപൊരി സഞ്ചാരം

എരിപൊരി സഞ്ചാരം

ഏതു വാഹനത്തിലാണെന്നറിയില്ല
എത്തിയേടത്തിറങ്ങുന്നു.
ധൃതിപ്പെട്ട ഇരമ്പങ്ങളിലേക്ക് മാറിക്കേറും വരെ

എരിവുള്ള ഒരു തെരുവിലായിരുന്നു ഇന്നലെ
പലതരം മുളകുകൾ നീറി നീറി വിളിക്കുന്ന ചന്തകൾ
എരിവുള്ള ലഡു
ഉണ്ട, കാന്താരി, അങ്ങാടി പച്ചയിൽ
നീറ്റും പലേ നിറ ഹൽവകൾ
പലയളവ് ഡപ്പയിൽ മുളകരച്ച പായസം.

എന്നെങ്കിലുമൊരിക്കൽ
നാക്ക് കൊണ്ട് സ്ട്രീം ചെയ്യും വ്‌ലോഗിൽ
ഉമിനീർ കൊഴുപ്പൊഴുകും കാഴ്ചകൾ

ഇന്ന് എത്തിപ്പെട്ടത്
പൊരി വെയിലിന്റെ കടലോരം
എണ്ണയിൽ, കനലിൽ, ചട്ടിയിൽ
പൊരിയും
പല മാതിരി അലച്ചിലുകളിലേക്ക്
അലച്ചെത്തും തിളച്ച തിരകൾ.

കാല് പൊള്ളച്ച്
പരുവപ്പെടും
പൊരിമണൽ ചുഴികൾ
ഓർമ്മയിൽ പൊരുന്നിരിയ്ക്കാനാവാത്ത
യാത്രയുടെ പൊരിച്ചിലുകൾ

വെന്ത കാലും
നീറുന്ന കണ്ണും
എരിപൊരി മനസ്സും
വെപ്രാളപ്പെട്ടെഴുതിയിട്ടും നിന്നിലേയ്ക്കെത്തുന്നില്ലല്ലോ ഈ സഞ്ചാരക്കുറിപ്പുകൾ!

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like