ഒളിവിലുള്ളവരെ നാട്ടുകാർ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ അച്ഛനും ഏട്ടന്മാരും വീട്ടില്‍ കിടക്കാതായി. അമ്മയും പെണ്‍കുട്ടികളും മാത്രം വീട്ടില്‍. അമ്മ വിളമ്പിവെക്കുന്ന ചോറ് ഒളിവിലുള്ള A.K.G യെപ്പോലുള്ള സഖാക്കള്‍ക്കുള്ളതാണ്. ഈ ചോറ് പുറത്തു നിന്ന് വാതില്‍ തുറന്ന് എടുത്ത് തിന്നണം. നട്ടപ്പാതിരയ്ക്കാണ് അവര്‍ വരുന്നത്. അമ്മ ഒരു സൂത്രപ്പണി ചെയ്തു. അത് ഒളിവിലെ സഖാക്കളേയും പഠിപ്പിച്ചിരിക്കും. എനിക്കും ഏട്ടത്തിക്കും ഒന്നും അതറിയില്ല. തഴുതിന്‍റെ വിടവില്‍ ഇടാന്‍ പാകത്തില്‍ ഒരു മരക്കഷണം ചെത്തി മിനുക്കി മേല്‍പ്പടിയില്‍ വെച്ചിരിക്കും. എല്ലാവരും ഉറങ്ങാന്‍ കിടന്നാല്‍ അമ്മ എഴുന്നേറ്റ് ഈ മരക്കഷണം എടുത്ത് തഴുതിന്‍റെ വിടവില്‍ അമര്‍ത്തി ഇടും. വളരെ കട്ടി കുറഞ്ഞ ഒരു കത്തി ഉണ്ടാക്കിച്ച് വാതിലിന് നേരെ വടക്കേ കോലായുടെ ഇടയില്‍ വാതിലിനു നേരെ തിരുകി വെക്കും. ആ കത്തി എടുത്ത് വാതിലിന്‍റെ വിടവിലൂടെ അകത്തേക്ക് കടത്തി പൊക്കിയാല്‍ വാതില്‍ തുറക്കും. വാതില്‍ തുറക്കുന്ന ശബ്ദം ഒന്നും ഉണ്ടാവില്ല. സഖാക്കള്‍ വന്ന് കത്തി എടുത്ത് വാതില്‍ തുറന്ന് ചോറ് എടുത്ത് തിന്നും. ചമ്മന്തിയും തൈരുമാണ് അധികവും കൂട്ടുന്നത്. ചിലപ്പോള്‍ എന്തെങ്കിലും കറി കാണും. എല്ലാവരും ഒന്നിച്ചല്ല വരുന്നത്. ഓരോരുത്തരായി വരും ചോറെടുത്ത് തിന്നു വാതിലടച്ച് പോകും. ചോറ് എടുത്തത് കണ്ടാല്‍ അവര്‍ക്കറിയാം എനി എത്ര പേര്‍ വരാനുണ്ടാകും എന്ന്. ഇങ്ങനെ ദിവസങ്ങള്‍ കഴിച്ചു. അമ്മ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കത്തി അവിടെ ഉണ്ടെന്ന് ഉറപ്പുവരുത്തും. ഒരു ദിവസം ഞാനീ കത്തി എടുത്ത് മാങ്ങാ അരിഞ്ഞു തിന്നു മറ്റെവിടെയോ വെച്ചു. ഉറങ്ങാന്‍ നോക്കുമ്പോള്‍ കത്തി കാണാനില്ല. ഞങ്ങളോട് ചോദിച്ചു കത്തി എടുത്തോ എന്ന്. ഞാന്‍ എഴുന്നേറ്റ് പോയി കത്തി എടുത്തുകൊടുത്തു. എനിക്കീ സൂത്രങ്ങളൊന്നും അറിയില്ലല്ലോ. എനിക്കന്ന് അമ്മയോട് അടിയും കിട്ടി.
വീട്ടിന്‍റെ തെക്കെ കോലായുടെ കിഴക്ക് ഭാഗത്ത് നെല്ല് സൂക്ഷിക്കുന്ന ഒരു പത്തായമുണ്ട്. സൂത്രക്കാരിയായ അമ്മ പത്തായത്തിന്‍റെ രണ്ടു ഭാഗത്തും നീളത്തില്‍ അയല് കെട്ടിയിട്ടുണ്ട്. അയലില്‍ മുണ്ട് നിവര്‍ത്തിയിട്ടാല്‍ പത്തായം ആരും തന്നെ കാണില്ല. ഒരു ദിവസം A.K.G പത്തായത്തിന്‍റെ മുകളിലിരുന്ന് എന്തോ കഴിക്കുകയാണ്. അയലിന്‍റെ മുഴുവന്‍ ഭാഗത്തും മുണ്ട് ഇല്ല. അന്നേരം ആരും വരില്ലെന്ന് കരുതി. ആ സമയത്ത് കോരംകുളങ്ങര അമ്പലത്തില്‍ ശാന്തിയും കഴിഞ്ഞ് ഒരു നമ്പൂതിരി അയാളുടെ ഇല്ലത്തേക്ക് മടങ്ങുന്ന വഴി വീട്ടിലേക്ക് കയറിവന്നു. അമ്മയുടെ കണ്ണ് എപ്പോഴും ചുറ്റുവട്ടത്തേക്ക് തുറന്നുതന്നെയിരിക്കും. അമ്മ ഓടിവന്നു മുണ്ടെടുത്ത് അയലില്‍ തൂക്കി. നമ്പൂതിരിക്ക് കയ്പ്പക്കയും പടവലവും വെള്ളരിയും എല്ലാം പറിച്ചുകൊടുത്ത് അയാളെ പറഞ്ഞുവിട്ടു.
അങ്ങനെ ഒളിവിലുള്ളവരെ നാട്ടുകാര്‍ക്കും പോലീസിനും പിടികിട്ടാതെ വന്നപ്പോഴാണ് ആവളയില്‍ പട്ടാളത്തെ ഇറക്കിയത്. അവര്‍ തണ്ണീര്‍പന്തലിന്‍റെ കിഴക്ക്ഭാഗത്തുള്ള മാവിലപ്പാടി എന്ന വലിയ വീട്ടിലെ രണ്ടാം നിലയിലാണ് താമസം. ആവള മേനോന്‍ കടിയങ്ങാട്ട്കാരന്‍ മേനോന്‍ ചാത്തനാണ്. അപ്പോഴേക്കും അമ്മാളു ഏട്ടത്തിയെ കൂത്താളിയിലുള്ള ഞങ്ങളുടെ ഒരു ബന്ധു, പില്‍ക്കാലത്തെ മന്തിയായിരുന്ന ഡോ. കെ ജി അടിയോടിയുടെ അമ്മാവന്‍റെ ചെറുമകന്‍,പട്ടാളക്കാരനായ P.V.K. നമ്പ്യാര്‍ കല്യാണം കഴിച്ചിരുന്നു. (അമ്മാളു ഏട്ടത്തിയുടെ മകൾ രാധയുടെ വിവാഹത്തിന് 1975 ല്‍ നിറപറയും നിലവിളക്കും ഇല്ലാതെ V.V. ദക്ഷിണാമൂര്‍ത്തിയാണ് വരണമാല്യം എടുത്ത് കൊടുത്തത്).
പട്ടാളം ദിവസം വീട്ടില്‍ വന്ന് (താഴെക്കുറൂരയില്‍) വീട്ടിനു ചുറ്റും നിന്ന് വാതില്‍ തുറപ്പിച്ച് ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കും. പ്രായപൂര്‍ത്തിയായ അമ്മാളു ഏട്ടത്തിയെ ഞങ്ങള്‍ പട്ടാളം ക്യാമ്പ് ചെയ്ത വീട്ടിലാണ് താമസിപ്പിച്ചത്. അതിന് കാരണം, അവിടെ സുരക്ഷിതമായിരിക്കുമല്ലോ. അവിടെ അച്ഛന്‍റെ വലിയമ്മാവന്റെ മകനും കുടുംബവുമാണ്. അങ്ങനെ ഒരു ദിവസം പട്ടാളക്കാരന്‍ ഏട്ടന്‍റെ (പി വി കെ നമ്പ്യാർ) ഒരു ഫോട്ടോ അമ്മ ചുമരില്‍ തൂക്കിയിട്ടു. ഭാഗ്യം എന്ന് പറയട്ടെ ഏട്ടനുള്ള സ്ഥലത്തുള്ളവരാണ് പട്ടാളക്കാര്‍. പിന്നീട് വീട്ടില്‍ വരുമെന്നല്ലാ തെ പേടിപ്പിച്ചിട്ടില്ല. ആ ഫോട്ടോ അവര്‍ എടുത്ത് എട്ടന് കൊണ്ടുപോയി കൊടുക്കുകയും ചെയ്തു. കുറെ ക്യാമ്പ് ചെയ്ത് ആരെയും കിട്ടാതെ അവര്‍ തിരിച്ചു പോയി. മേനോന്‍ ചാത്തന്‍ അച്ഛന്‍റെ ഒരു സുഹൃത്ത് കൂടെയായിരുന്നു. അതും വീട്ടുകാര്‍ക്ക് സഹായമായിരുന്നു. (കൂട്ടത്തില്‍ ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. 1952 ല്‍ പേരാമ്പ്ര ഹൈസ്കൂളില്‍ ചേര്‍ന്ന് ഞാന്‍ പഠിക്കുന്ന കാലം. ഹൈസ്കൂള്‍ ക്ലാസില്‍ ഒരു മാസം ഫീസ് കൊടുക്കാന്‍ കഴിയാത്തത് കൊണ്ട് എന്‍റെ പേര് വെട്ടിപ്പോയി. ഞാന്‍ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങുന്നത് കണ്ട ചാത്തൻ മേനോന്‍ ഫീസായ 8 രൂപ തന്ന് എന്നെ സ്കൂളിലേക്ക് തന്നെ പറഞ്ഞയച്ചു. എന്‍റെ ജീവിതത്തില്‍ മരിച്ചാലും മറക്കാത്ത സംഭവം).
അങ്ങനെ A.K.G യും സഖാക്കളും ആവളയില്‍ നിന്ന് പോയി. പാര്‍ട്ടി നിരോധിച്ച 48 കാലം വന്നു. ഒരു കാര്യം വിട്ടുപോയത് പറയട്ടെ. ഇതിനിടയ്ക്ക് E.M.S നെ ആരോ വീട്ടിലെത്തിച്ചു. പിറ്റെ ദിവസം തന്നെ അച്ഛന്‍ ചീകോനിലുള്ള ഒരു സുഹൃത്തിന്‍റെ വീട്ടില്‍ കൊണ്ടുപോയാക്കി. എവിടെ ആയിരുന്നെന്ന് ഞങ്ങളോട് പോലും അച്ഛന്‍ പറഞ്ഞില്ല. പിന്നെ സി.എച്ച്. കണാരനും, കേളു ഏട്ടനും,പി. ആര്‍. നമ്പ്യാരും എല്ലാം വന്ന് താമസിക്കാന്‍ തുടങ്ങി. ഒളിവില്‍ തന്നെ. ഒരു ദിവസം സി. എച്ച്. കണാരന്‍ കോലായിലിരുന്നു എന്തോ കഴിക്കുകയാണ്. അതാ വരുന്നു പോലീസും ഒറ്റുകാരും. അമ്മയുടെ കണ്ണ് നാലുപാടും തന്നെയാണല്ലോ. ഉടനെ അമ്മ ഒരു മുഷിഞ്ഞ തോര്‍ത്തുമുണ്ട് എടുത്ത് കൊടുത്ത് മുണ്ട് വേഗം അഴിച്ചിടാന്‍ പറഞ്ഞു. തോര്‍ത്തുടുത്ത് ഒരു വാക്കത്തിയും കൊടുത്തിട്ട് പറഞ്ഞു വേഗം പോയി ഓലമടല്‍ ചീന്തിക്കോ എന്ന്. വെട്ടിയിട്ട ഓല പറമ്പില്‍ അവിടവിടെയായി കൂട്ടി ഇട്ടിട്ടുണ്ട്. സി. എച്ച്. മീത്തലെ കണ്ടത്തില്‍ പോയി ഓല ചീന്താന്‍ തുടങ്ങി. ഞാനും ഏട്ടത്തിമാരും പോയി മടയാന്‍ തുടങ്ങി. എനിക്ക് മടയാനൊന്നും അറിയില്ല. ഞാന്‍ ഓലക്കണ്ണി വെറുതെ ഒടിച്ചുകൊണ്ടിരുന്നു. അമ്മ വേഗം മുണ്ടും എടുത്ത് അയലിലിട്ട് ചായയും പുഴുക്കും തിന്ന പാത്രങ്ങള്‍ കഴുകി കോലായില്‍ കാണുന്ന സ്ഥലത്ത് കമഴ്ത്തി വെച്ചു. അന്ന് നായന്മാരുടെ വീട്ടില്‍ നിന്ന് താണ ജാതിക്കാര്‍ ഭക്ഷണം കഴിച്ചാല്‍ പാത്രം കഴുകി കമഴ്ത്തി വെക്കണം. അവര്‍ വന്നു, ഓല കീറുന്ന പണിക്കാരനെ ശ്രദ്ധിച്ചില്ല. അകത്തും അട്ടത്തും എല്ലാം പരിശോധിച്ച് നിരാശരായി മടങ്ങി. പോരാത്തതിന് കമഴ്ത്തി വെച്ച പാത്രം കണ്ട് പണിക്കാരന്‍ തന്നെ എന്നുറപ്പിച്ചു.
കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്
