പൂമുഖം Travelയാത്ര വിയറ്റ്നാം കാഴ്ചകൾ

വിയറ്റ്നാം കാഴ്ചകൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

മോയ് ക്വോക് ഡോയ് ലാ മോട്ട് ക്വോന്‍ സാച് ചി കോ മോട്ട് ബാന്‍ ഇന്‍ ഡുയ് ന്‍ഹാറ്റ്.

ഒരു വാക്യം എഴുതി വിയറ്റ്നാമീസിലേയ്ക്ക് ഭാഷാന്തരപ്പെടുത്തിയതാണ് മുകളിൽ. എഴുതുമ്പോള്‍, ‘ലാ’ പോലെ ഒന്നോ ‘മോയ്’ പോലെ ഒന്നരയോ മലയാളം അക്ഷരങ്ങളില്‍ ഒതുങ്ങും ഈ ഭാഷയിലെ വാക്കുകള്‍.

അനുനാസികങ്ങളുടെ ചരടില്‍ കൊരുത്ത് ചിലമ്പിച്ച ശബ്ദത്തില്‍ ഈണത്തിലും ഉച്ചത്തിലും രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണത്തിന്‍റെ ഭാഗമായി അത് കാതിൽ വീഴുമ്പോൾ കുശലപ്രശ്നമാണോ വാക്കേറ്റമാണോ നടക്കുന്നത് എന്നറിയാന്‍ നമുക്കവരുടെ മുഖഭാവം – അല്ല, ശരീരഭാഷ നോക്കേണ്ടിവരും ! മുഖഭാവത്തെ ‘inscrutable’ എന്ന് വിശേഷിപ്പിക്കാനാണെനിക്കിഷ്ടം – മുഖത്തൊരു തിരശ്ശീലയിട്ടതുപോലെ!

പാതയോരത്ത്, കെട്ടിടത്തിന്‍റെ ചായ്പ്പ് പോലെ തോന്നിച്ച സ്ഥലത്ത് ഒരു സ്ത്രീ ഒറ്റയ്ക്ക് നടത്തിയിരുന്ന കടയില്‍ ഓരോ വിയറ്റ്നാമീസ് കാപ്പി കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. മുന്നിലെ റോഡില്‍ ഇരുചക്രവാഹനങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്ക്. മറ്റ് വാഹനങ്ങളും ഉണ്ടെങ്കിലും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുക ബൈക്കുകളാണ് – അവയുടെ എണ്ണം കൊണ്ടും വേഗം കൊണ്ടും.

ഞങ്ങള്‍ രണ്ടുപേര്‍ ഒഴികെയുള്ളവര്‍, ഹോട്ടല്‍ മുറിയില്‍ കയറി അര മണിക്കൂര്‍ വിശ്രമിച്ച്, അടുത്തൊരു മാര്‍ക്കറ്റ് കാണാന്‍ പോയിരിക്കുകയായിരുന്നു. ക്ഷീണം തോന്നിയതുകൊണ്ട് ഞങ്ങള്‍ മുറിയിലിരുന്നേയുള്ളു. തിരക്കുള്ള തെരുവില്‍ ഭേദപ്പെട്ട സൌകര്യങ്ങളുള്ള ഹോട്ടലില്‍ എട്ട് മുറികളാണ് ഞങ്ങള്‍ പതിനാറ് പേര്‍ക്കായി ഏര്‍പ്പാട് ചെയ്തിരുന്നത്.

സന്ധ്യക്ക് തൊട്ടുമുന്‍പേ പരിസരം ചുറ്റിനടന്നുകാണാന്‍ ഇറങ്ങിയതായിരുന്നു. പാതക്കിരുവശവും നടപ്പാതയുണ്ട്. പക്ഷേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തും വഴിയോരക്കച്ചവടങ്ങള്‍ കൈയേറിയും നടക്കാന്‍ സ്ഥലം കുറവായിരുന്നു. ഇടയ്ക്ക് ഒരു ഇരുചക്രവാഹനത്തിന് മാത്രം പോകാവുന്ന വീതിയില്‍ കെട്ടിടങ്ങള്‍ക്കിടയിലൂടെ അടുത്ത തെരുവുമായി ബന്ധിപ്പിക്കുന്ന തീര്‍ത്തൂം ഇടുങ്ങിയ വഴികളും കണ്ടു. അവയിലൂടെ പൊടുന്നനെ തൊട്ടുമുന്നില്‍ ഇടവിട്ടിടവിട്ട് പ്രത്യക്ഷപ്പെട്ട വാഹനങ്ങളുടെ നിര ഞങ്ങളുടെ നടത്തത്തിന് തടയിട്ടു.

കച്ചവട സ്ഥാപനങ്ങള്‍ തിങ്ങിയ തെരുവായതുകൊണ്ടാവാം ആ തിരക്കും ബഹളവും. എയര്‍പോര്‍ട്ടില്‍ നിന്ന് ഉച്ചഭക്ഷണത്തിന് ഹോട്ടലിലേയ്ക്കും അത് കഴിഞ്ഞ് താമസസ്ഥലത്തേയ്ക്കും ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഹാനോയിയിലെ കുറ്റമറ്റ നിരത്തുകളും ഇരുവശവുമുള്ള വീതിയേറിയ നടപ്പാതകളും വഴിയോരവൃക്ഷങ്ങളും മതിപ്പോടെ കണ്ട് ആസ്വദിച്ചവരായിരുന്നു ഞങ്ങള്‍.

കാല്‍നടയാത്ര വഴിമുട്ടിയപ്പോള്‍ ചായ്പ്പിലെ കടയായിരുന്നു മുന്നില്‍. കാപ്പി ഓർഡർ ചെയ്യുന്നതിന് മുന്‍പ് ഞങ്ങള്‍ വില ചോദിച്ചു.

“25…!”

25 എന്നാൽ 25 അല്ല – 25000 ഡോങ് ആണ്! രണ്ടും രണ്ടും ഒന്നും ലക്ഷങ്ങളുടെ ഓരോ നോട്ട് ചേർന്ന് അഞ്ച് ലക്ഷം ഡോങ് കൈയിൽ കരുതിയിരുന്നു. ചെറിയ തുകകളുടെ നോട്ടുകൾ വേണ്ടിയിരുന്നു. പാലിന് പകരം condensed milk ചേര്‍ത്തുള്ള കടുപ്പം കൂടിയ കാപ്പി ചൂടോടെ രുചിച്ചുകൊണ്ട് ഞാൻ രണ്ട് ലക്ഷത്തിന്‍റെ ഒരു നോട്ട് മേശപ്പുറത്ത് വെച്ചു. 1,00,000 ത്തിന്‍റെയും 50,000 ത്തിന്‍റെയും 20,000 ത്തിന്‍റെയും 5,000 ത്തിന്‍റെയും ഓരോ നോട്ട് അനായാസം ബാക്കിയായി എടുത്ത് തന്നപ്പോൾ എന്നിലെ കണക്ക് മാഷ് സന്തോഷിച്ചു. (5000 ഡോങ് നോട്ട് നമ്മുടെ നാട്ടിലെ നോട്ടുകളെ പോലെ പേപ്പര്‍ കോട്ടണില്‍ അടിച്ചതാണ്. ബാക്കിയുള്ളവയെല്ലാം പോളിമര്‍ നോട്ടുകളാണ്. മുഷിയുകയോ ചുളിയുകയോ ചെയ്യാത്ത പ്ലാസ്റ്റിക് നോട്ടുകള്‍.) ബൈ പറഞ്ഞ് കൈ ഉയർത്തിയപ്പോൾ വല പോലെ ചുളി നിറഞ്ഞ അവരുടെ മുഖം തെളിഞ്ഞു. കണ്ണുകള്‍ ചിമ്മി – വർണാന്ധങ്ങളായ എന്‍റെ കണ്ണുകൾക്കും മനസ്സിലാവുന്ന – ഒരു മുഴുമഞ്ഞച്ചിരിയിൽ അത് വിടർന്നു.

ഹാനോയിയില്‍ ആദ്യദിവസത്തെ ബസ് യാത്രയിലായിരുന്നു. യു എസ്സിൽ കണ്ട് അദ്‌ഭുതപ്പെട്ട ഇടതുവശഡ്രൈവിങ് ആണ് വിയറ്റ്‌നാമിലും. ഡ്രൈവർ ഇരിക്കുന്നത് ഇടതുവശത്ത്. യാത്രക്കാർക്ക് കയറാനും ഇറങ്ങാനുമുള്ള വാതിൽ വലത് വശത്ത്. മുന്നിലുള്ള വണ്ടിയെ ഓവർടേക് ചെയ്യുന്നത് ഇടതുവശത്തുകൂടെ. സുഖമുള്ള ഒരാശയക്കുഴപ്പം അനുഭവപ്പെടും.

പിറ്റേന്ന് രാവിലെ എട്ടര മണിക്ക് പ്രാതൽ കഴിച്ച് ബസ്സിൽ ഞങ്ങൾ യാത്ര തിരിച്ചു. അല്പദൂരം പോയിക്കഴിഞ്ഞപ്പോൾ പാതയോരത്ത് നിന്ന് മാറി തുറന്ന പ്രദേശത്ത് ശ്മശാനത്തിന്‍റെ പരിഷ്ക്കരിച്ച ഒരു പതിപ്പ് കണ്ണില്‍ പെട്ടു. മിക്കവാറും എല്ലാ അസ്ഥിമാടങ്ങള്‍ക്ക് മേലെയും ഒന്നും രണ്ടും നിലകളില്‍ ഒതുക്കമുള്ള (കളി?)വീടുകള്‍ ഉയര്‍ന്നുനില്ക്കുന്നു. അല്പസമയം കഴിഞ്ഞ് അതേ കാഴ്ച വീണ്ടും –

മൂന്നാമതും ആവര്‍ത്തിച്ചപ്പോള്‍, ഗൈഡിനോട് ചോദിച്ചു.

വിയറ്റ്നാമിനെ കുറിച്ച് എന്തു ചോദിച്ചാലും മറുപടി തരാം എന്നായിരുന്നു നാല്‍പ്പതുകാരനായ ടിം ഏറ്റിരുന്നത്. അത് വെറുംവാക്കായിരുന്നില്ല. രണ്ടോ മൂന്നോ മണിക്കൂര്‍ ബസ്സിലിരിക്കേണ്ടിവന്നപ്പോഴും ആ വിവരണങ്ങളിലൂടെ, സംശയനിവാരണങ്ങളിലൂടെ, ഞങ്ങള്‍ വിയറ്റ്നാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു – അതിന്‍റെ ചരിത്രവഴികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കയായിരുന്നു.

വടക്ക് ഹാനോയിയിലും നടുവില്‍ ദ നാമിലും തെക്ക് ഹോച്ചിമിന്‍ സിറ്റി എന്ന പഴയ സെയ്ഗോണിലും മുമ്മൂന്ന് ദിവസങ്ങള്‍ വീതം ഞങ്ങളുടെ പതിനാറംഗസംഘം താമസിച്ചു – ചുറ്റിനടന്നു – കാഴ്ചകള്‍ കണ്ടു. രണ്ടിടങ്ങളില്‍ വഴികാട്ടികളായി വന്നവര്‍ ചിരിച്ചും തമാശ പറഞ്ഞും രാജ്യത്തിന്‍റെ ചരിത്രം പങ്കുവെച്ചും നല്ല കൂട്ടായിരുന്നു.

കൃത്യമായ ദക്ഷിണപൂര്‍വേഷ്യന്‍ മുഖവും മെലിഞ്ഞ കുറുകിയ ശരീരവുമായിരുന്നു ടിമ്മിന്. സന്ദര്‍ശകഗൈഡിന് വേണ്ട ചുറുചുറുക്കും കാര്യപ്രാപ്തിയും അറിവും സംഭാഷണചാതുരിയുമുണ്ടായിരുന്നു. ആശയവിനിമയത്തിനാവശ്യമായ ഇംഗ്ലീഷും.

ശ്മശാനത്തിലെ കുഞ്ഞിവീടുകളുടെ കഥ പറഞ്ഞു ടിം :

“വിയറ്റ്നാമിലെ ശവസംസ്കാരച്ചടങ്ങുകള്‍ നിങ്ങളുടെ നാട്ടിലുള്ളതില്‍ നിന്ന് വ്യത്യസ്തമാണ്. മരിച്ചയാളുടെ ജഡം വീട്ടുവളപ്പിലോ അടുത്തുള്ള അവരുടെ നെല്‍പ്പാടങ്ങളില്‍ എവിടെയെങ്കിലുമോ മരം കൊണ്ടുള്ള ശവപ്പെട്ടിയില്‍ കിടത്തി മറ ചെയ്യും.

സംസ്കാരം പക്ഷേ അവിടെ അവസാനിക്കുന്നില്ല. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കുഴിച്ച് അസ്ഥികൂടം പുറത്തെടുക്കും ! മാംസഭാഗങ്ങള്‍ പൂര്‍ണ്ണമായും മണ്ണില്‍ ലയിച്ചുകഴിഞ്ഞു എന്നുറപ്പുവരുത്തും. അസ്ഥികള്‍ കഴുകി വൃത്തിയാക്കി ചെറിയ പേടകങ്ങളിലാക്കി കുടുംബശ്മശാനത്ത് വിധിപ്രകാരം വീണ്ടും സംസ്കരിക്കും. (കുടുംബവുമായി പരേതർക്കുള്ള ബന്ധം നിലനിർത്താനും ജീവിച്ചിരിക്കുന്നവർക്ക് മരിച്ചവരുടെ ഓർമ്മ നിലനിർത്താനുമായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്).

രാത്രികളിലാണ് ഈ ചടങ്ങ് നടത്തുക. പകലിന്‍റെ ഒച്ചപ്പാടുകളും പ്രകാശവും പരേതാത്മാക്കളെ അലോസരപ്പെടുത്താതിരിക്കാന്‍ ആണ് അങ്ങനെ ചെയ്യുന്നത്. മരിച്ചവർക്കുള്ള യാത്രയയപ്പ് പൂർണ്ണമാകുന്നത് അന്നത്തെ ചടങ്ങുകളോടെയാണ്.”

പിന്നീട് പലയിടത്തും ‘പ്രേതഭവനകോളനികള്‍’ കണ്ടു. മരണം ഒരവസാനമല്ലെന്നും മരണാനന്തരജീവിതമുണ്ടെന്നും ഇവര്‍ വിശ്വസിക്കുന്നു. വടക്കന്‍ പ്രദേശങ്ങളിലാണ് ഈ രീതി പിന്തുടരുന്നവർ കൂടുതല്‍. സ്ഥലപരിമിതിയും മറ്റ് അസൌകര്യങ്ങളും കാരണം പുതിയ തലമുറ ആധുനികവഴികളിലേയ്ക്ക് ചുവട് മാറ്റിത്തുടങ്ങിയിട്ടുണ്ട്.

പകല്‍ ചൂടും രാത്രി തണുപ്പും ഇടയ്ക്കെപ്പോഴോ ഒരു ചാറ്റല്‍ മഴയുമായി ഏറെക്കുറെ നാട്ടിലെ ദിനാന്തരീക്ഷസ്ഥിതിയുടെ തുടര്‍ച്ചയായിരുന്നു വിയറ്റ്നാമില്‍.

ബെങ്ഗളൂരുവില്‍ നിന്ന് ഒന്നാംതിയ്യതി രാത്രി പതിനൊന്നര മണിക്ക് പുറപ്പെട്ട് രാവിലെ ആറ് മണിയോടെ (ഇന്ത്യന്‍ സമയം രാത്രി നാലര മണി) ഹോചിമിൻ സിറ്റിയിലാണ് ഞങ്ങള്‍ വിമാനമിറങ്ങിയത്. നാല് മണിക്കൂറിന് ശേഷം വീണ്ടും വിയറ്റ്ജെറ്റിന്‍റെ വിമാനത്തില്‍ ഹാനോയിലേയ്ക്ക് പറന്നു.

ഡൊമസ്റ്റിക് ടെര്‍മിനലില്‍ പൊതുവേ അനുഭവപ്പെട്ട അസൌകര്യങ്ങള്‍, ജീവനക്കാരുടെ അബോധമായ ‘മെല്ലെപ്പോക്ക്’, അച്ചടക്കമില്ലായ്മ, തിരക്ക് നിയന്ത്രിക്കുന്നതിലടക്കം കണ്ട പിടിപ്പുകേട് – എന്നിവയെ കുറിച്ച് പറയാതെ വയ്യ. അത് അന്നത്തെ ഒറ്റപ്പെട്ട സംഭവമായി തോന്നിയില്ല. ഒമ്പത് ദിവസത്തെ വിയറ്റ്നാം യാത്രയില്‍ അഞ്ച് വിമാനയാത്രകൾ വേണ്ടിവന്നു. യാത്രക്കാരോടും തമ്മില്‍ത്തമ്മിലും ചിരിക്കാത്ത ഫ്ലൈറ്റ് അറ്റന്‍ഡന്‍റ്സ് ആയിരുന്നു അഞ്ചിലും. ഇതുവരെയുള്ള യാത്രകളില്‍ എയര്‍ ഹോസ്റ്റസ് മാര്‍ എങ്ങനെയായിരുന്നു എന്നോര്‍മ്മയില്ല. ഇങ്ങനെയല്ലായിരുന്നു എന്നൊരു തോന്നല്‍. അവര്‍ക്ക് കിട്ടിയ പരിശീലനം അങ്ങനെയാവാം. ജോലിഭാരവുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കങ്ങളില്‍ ചിരി വറ്റിപ്പോയതുമാവാം.

സുരേഷ് ബാബു എന്ന് ഞങ്ങളുടെ പ്രിയ ടീം ലീഡറുടെ പേരെഴുതിയ പ്ലക്കാര്‍ഡുമായി ടിം എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. താമസസ്ഥലത്തേയ്ക്കുള്ള യാത്രക്കിടെ മൂന്ന് മണിയോടെ ഉച്ചഭക്ഷണം ഏര്‍പ്പാട് ചെയ്തിരുന്ന ഹോട്ടലില്‍ എത്തി.

വിയറ്റ്‌നാം യാത്ര ഭക്ഷണങ്ങളിലൂടെയുള്ള യാത്രയുമായിരുന്നു. സഞ്ചാരിക്ക് അവശ്യം വേണ്ടത് ഏത് ദേശീയ അപരിചിതരുചിക്കൂട്ടുമായും സന്തോഷത്തോടെ സമരസപ്പെടുന്ന നാവാണ്. ബുദ്ധിമുട്ടില്ലാതെ ഭക്ഷണം ദഹിപ്പിച്ചെടുക്കാന്‍ പ്രാപ്തമായ പചനവ്യവസ്ഥയും. ഇവയുടെ അഭാവമോ കുറവോ യാത്രയില്‍ പല്ലുവേദന പോലെ രസംകൊല്ലിയാവും.

താമസിച്ച ഹോട്ടലുകളില്‍ മൂന്നിലും ഒരുക്കിയിരുന്ന സൌജന്യപ്രാതല്‍ രുചിയിലും സസ്യ-സസ്യേതര വിഭവങ്ങളുടെ ബാഹുല്യത്തിലും വൈവിദ്ധ്യത്തിലും മികച്ചുനിന്നു.

‘സസ്യാഹാരികൾ ടോമാറ്റോ സോസ് കൂട്ടി ചോറുണ്ണേണ്ടിവരുമെന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് ബന്ധു സുശീലയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അത് തീര്‍ത്തൂം അതിശയോക്തിയല്ല. വിയറ്റ്‌നാം അരിയുടെ ചോറിന് തനതായ രുചിയുണ്ട്. കൂട്ടിക്കഴിക്കാന്‍ ഒന്നുമില്ലാതെയും സോയ് സോസോ ഫിഷ് സോസോ മാത്രം ചേര്‍ത്ത് നനച്ച നിലയിലും ‘സ്റ്റിക്കി റൈസ്’ നാട്ടുകാരുടെ ഇഷ്ടഭക്ഷണമാണ്. മസാലകളൊന്നും ചേർക്കാതെ ഉപ്പിട്ട് വെള്ളത്തിൽ വേവിച്ച കാബേജും ബീൻസും വെണ്ടക്കയും വഴുതിനങ്ങയും ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും ആണ് വേജിറ്ററിയൻ ഇനങ്ങളായി കണ്ടത്. സ്വാദിഷ്ടമായിരുന്നു അവയോരോന്നും എന്നാണ് എന്‍റെ അനുഭവം.

ഓരോ സൂപ് ബൌളും ഉപദംശങ്ങള്‍ വിളമ്പാന്‍ പാകത്തില്‍ ഓരോ സോസറുമാണ് ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്കായി മേശപ്പുറത്ത് കണ്ടത്. വലിയ പ്ലേറ്റിനായി കുറച്ചുനേരം കാത്തു. പരിചാരകരോട് അന്വേഷിച്ചു. അവര്‍ക്ക് കാര്യം പിടി കിട്ടിയില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി കയറിയ ഹോട്ടലുകളിലും അതേ രീതിയാണ് കണ്ടത്. ബുദ്ധിമുട്ടില്ലാതെ ഭക്ഷണം കഴിക്കാന്‍ അപ്പോഴേയ്ക്ക് ഞങ്ങള്‍ ശീലിച്ചുകഴിഞ്ഞിരുന്നു.

ഭക്ഷണത്തോടൊപ്പം വെള്ളം എന്ന പതിവില്ല എന്നത് അദ്‌ഭുതപ്പെടുത്തി.
നാട്ടില്‍ ഏത് ചെറിയ പാതയോരചായക്കടയിലും ഒരു ഗ്ലാസ് വെള്ളം മുന്നില്‍ കൊണ്ടുവന്നുവെച്ചുകഴിഞ്ഞാണ് പരിചാരകര്‍ സംസാരിച്ച് തുടങ്ങുന്നത്. ഗൈഡിന്‍റെ മുന്നില്‍ പ്രശ്നം അവതരിപ്പിച്ചു. രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് കയറുന്ന ഹോട്ടലില്‍ വെള്ളം പ്രത്യേകം പറഞ്ഞ് ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ടിം പറഞ്ഞു.

ഇടത്തരം പൂച്ചട്ടിയായി ഉപയോഗിക്കാവുന്ന മണ്‍കൂജകളിലാണ് ഓരോരുത്തര്‍ക്കും വെള്ളം എത്തിയത്. അതില്‍ ഓരോ സ്ട്രോയും ! ഗ്ലാസ് എവിടേയും കണ്ടില്ല.

സംഘത്തില്‍ പതിനാല് പേരും വിട്ടുവീഴ്ചയില്ലാത്ത മാംസാഹാരികളായിരുന്നു. ഓയ്സ്റ്ററും ഒക്റ്റോപ്പസും കക്കയിറച്ചിയും അടക്കം ഇതേവരെ രുചിക്കാത്ത പലതുമുണ്ടായിരുന്നു മെനുവില്‍. എണ്ണയും മസാലകളും ഒഴിവാക്കിയുള്ള പാചകമായതിനാലാവാം ആര്‍ക്കും ഒരു തരത്തിലുമുള്ള അസ്വസ്ഥതകള്‍ ഒരിടത്തും അനുഭവപ്പെട്ടില്ല.

സ്വാദിഷ്ടമായ ഒരു സ്പ്രിംഗ് റോള്‍ അകത്താക്കിക്കഴിഞ്ഞ് പതിവ് പോലെ പരിചാരികയോട് അതിനകത്തെന്താണെന്ന് ഞങ്ങള്‍ അന്വേഷിച്ചു.

ഉയര്‍ന്ന കവിളെല്ലുകളും സൂചിയില്‍ കോര്‍ക്കാവുന്ന ശരീരവും കടുംകറുപ്പില്‍ ഇഴ പിരിഞ്ഞ ഭംഗിയുള്ള കോലന്‍ മുടിയുമുള്ള ചെറുപ്പക്കാരിയുടെ ശബ്ദം ചില്ലിന്‍ ചീള് പോലെ ഞങ്ങളുടെ കാതുകളില്‍ വന്നുവീണു :

“സ്നെയ്ല്‍ !”.

കവര്‍: സുധീർ എം എ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.