പൂമുഖം LITERATUREകഥ അബെന

അബെന

“രാജീവ്, നീ കഴുകന്മാരെ അടുത്ത് നിന്ന് കണ്ടിട്ടുണ്ടോ?”

അപ്രതീക്ഷിതമായിരുന്നു അവളുടെ ചോദ്യം. അവൾ അബെന, എത്യോപ്യകാരി. ദുബൈയിൽ രാജീവിന്റെ സഹപ്രവർത്തക. സാധാരണ ഓഫീസിൽ എത്തുമ്പോൾ അബെനയുടെ പുഞ്ചിരി തൂകുന്ന മുഖവും “Good Morning” പറയലുമാണ് രാജീവിനെ എതിരേൽക്കാറ്. ഇന്ന് പക്ഷെ അബെനയുടെ “Good Morning”ൽ പതിവ് പ്രസരിപ്പ് കണ്ടില്ല; കൂടാതെ “കഴുകന്മാരെ കണ്ടിട്ടുണ്ടോ” എന്ന വിചിത്രമായ ചോദ്യവും!

മുംബൈയിൽ താമസിക്കുന്ന കാലത്ത് സുഹൃത്തുമൊന്നിച്ച് മലബാർ ഹിൽ എന്ന സ്ഥലത്ത് പോയതും അവിടെ പാർസികളുടെ ശവം കഴുകന്മാർക്ക് തിന്നാൻ ഇട്ടുകൊടുക്കുന്ന “Tower of Silence” എന്ന ഗോപുരക്കിണർ കണ്ടതും രാജീവിന് ഓർമ്മ വന്നു. അവിടെയാണ് വട്ടമിട്ടു പറക്കുന്ന യാഥാർത്ഥ ശവംതീനി കഴുകന്മാരെ ആദ്യമായി കാണുന്നത്.

“ഇല്ല, അങ്ങനെ കണ്ടിട്ടില്ല. പണ്ട് സ്കൂളിൽ നിന്ന് പിക്‌നിക് പോയപ്പോൾ മൃഗശാലയിൽ കണ്ടിട്ടുണ്ട്. പിന്നെ മുംബൈയിൽ ഉള്ളപ്പോഴാണ് യഥാർത്ഥത്തിൽ കഴുകന്മാരെ കാണുന്നത്, പാഴ്സിമതക്കാരുടെ ശ്‌മശാനത്തിൽ. ഇപ്പോഴാവട്ടെ ആനിമൽ പ്ലാനറ്റ് എന്ന ടി വി ചാനലിലും. അതിരിക്കട്ടെ, ഇത്ര രാവിലെ എന്താ ഇങ്ങനെ പേടിപ്പെടുത്തുന്ന ചോദ്യം?” രാജീവ് വിസ്മയഭാവത്തിൽ ചോദിച്ചു.

അബെന എത്യോപ്യക്കാരി ആണെങ്കിലും, ചുരുണ്ട മുടിയും ആറടി ഉയരവും ഒഴിച്ചാൽ, അവൾക്ക് ഒരു ഇന്ത്യക്കാരിയുടെ മട്ടും ഭാവവുമാണ്. സാരി ഉടുത്താൽ ഇന്ത്യക്കാരിയെന്നേ ആരും പറയൂ. ഏതോ പഴയകാല ഹിന്ദി സിനിമാനടിയെ ഓർമ്മിപ്പിക്കുന്ന മുഖം. “ചൊവ്വാഴ്ച പിറന്നവൾ” എന്നാണുപോലും “അബെന” എന്ന പേരിന്റെ അർത്ഥം! അവൾ അത് പറഞ്ഞപ്പോൾ നാട്ടിൽ “ചൊവ്വാദോഷ”ത്തിൽ പെട്ട് കല്യാണം മുടങ്ങി നിൽക്കുന്ന പെൺകുട്ടികളുടെ കാര്യം താൻ പറഞ്ഞതും അത് കേട്ട് അവൾ അവിശ്വസീനതയോടെ ആശ്ചര്യം കൂറിയതും രാജീവ് ഓർത്തു. ഗൂഗിളിൽ വന്ന ലേഖനങ്ങൾ കാണിച്ചപ്പോളാണ് അവൾക്ക് അത് വിശ്വാസമായത്. ചൊവ്വാദോഷം ഉള്ളതുകൊണ്ടാണോ കല്യാണം കഴിക്കാത്തതെന്ന് ചോദിച്ചുകൊണ്ട് അവൾ രാജീവിനെ ഇടയ്ക്കിടെ കളിയാക്കാറുമുണ്ട്.

“നീ ഉത്തരം പറഞ്ഞില്ല, എന്താ ഇപ്പോൾ ഇങ്ങനെയൊരു വിചിത്രചോദ്യം?” രാജീവ് ഉദ്വേഗഭരിതനായി.

“അതോ, പറയാം. നീ ഇന്നലെ ഈദിനെന്താ പരിപാടി എന്ന് ചോദിച്ചില്ലേ? ഈദ് അടുത്താൽ എനിക്ക് വേവലാതിയും ഉറക്കമില്ലാത്ത രാത്രികളുമാണ്. നായ്ക്കളും കഴുകന്മാരും സ്വപ്നത്തിൽ വരും. എത്ര മറന്നാലും മറക്കാത്ത ഓർമ്മകൾ തികട്ടി വരും. നിനക്ക് ക്ഷമയുണ്ടെങ്കിൽ പറയാം.”

റബ്ബർ ബാൻഡ് കൊണ്ട് കെട്ടിയ ചുരുണ്ട മുടിയും നീണ്ടു വളഞ്ഞ നാസികയും കറുപ്പ് കലർന്ന ഗോതമ്പ് നിറവുമുള്ള അബെനയോട് രാജീവിന് പ്രണയമാണോ? എന്തോ ഉറപ്പില്ല. എങ്കിലും അവളുടെ സാമീപ്യവും സൗഹൃദവും അയാൾ ഇഷ്ടപ്പെടുന്നുണ്ട്. ഒരുദിവസമെങ്കിലും അവൾ ഓഫീസിൽ ഹാജരാകാതിരുന്നാൽ അയാളിൽ അസ്വസ്ഥത ഉടലെടുക്കും.

“എത്ര ക്ഷമ വേണം നിനക്ക്? ഈ ഭൂമിയുടെ അറ്റത്തോളം പോയിവരാനുള്ള ക്ഷമ മതിയോ?” രാജീവ് അവളെ ഉന്മേഷവതിയാക്കാനുള്ള ശ്രമത്തിൽ ചോദിച്ചു.

“അത്രയൊന്നും വേണ്ട, വെറും ഒരു അഞ്ചുമിനിറ്റ് മാത്രം. രാജീവിന് വീട്ടിൽ ആരൊക്കെ ഉണ്ടെന്നാണ് പറഞ്ഞത്?”

“അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, അച്ഛന്റെ അമ്മ, പിന്നെ അമ്മാവന്മാർ, അമ്മായിമാർ, കസിൻസ്, മറ്റ് ബന്ധുക്കൾ, എല്ലാവരും കൂടി നൂറിൽ കവിയും.”

“എന്നാൽ എനിക്ക് ഈ ലോകത്ത് ആകെയുള്ളത് ഞാൻ മാത്രം! നിനക്ക് അങ്ങനെയൊരു ജീവിതം സങ്കൽപ്പിക്കാൻ കഴിയുമോ?”

രാജീവ് ആദ്യമായാണ് അബെനയുടെ ഈ മുഖം കാണുന്നത്. എപ്പോഴും പ്രസരിപ്പോടെയും പുഞ്ചിരിയോടെയും പെരുമാറുന്ന അബെന ഇന്ന് പതിവില്ലാതെ മ്ലാനവദനയാണ്. എന്തോ സാരമായ ദുഃഖം അവളെ അലട്ടുന്നുണ്ടെന്ന് ആ മുഖഭാവം വിളിച്ചുപറയുന്നുണ്ടായിരുന്നു.

“രാജീവ്, നിനക്ക് ദുഃഖാനുഭവങ്ങളേ ഉണ്ടായിട്ടില്ലേ?”

“ഇല്ലെന്നാര് പറഞ്ഞു? ദുഃഖാനുഭവങ്ങൾ ഇല്ലാത്ത മനുഷ്യർ ഉണ്ടാവുമോ? സുഖ-ദുഃഖ സമ്മിശ്രമല്ലേ ജീവിതം? “

“എന്നിട്ട് നീ എപ്പോഴും സന്തോഷവാനാണല്ലോ. ഒരിക്കലും നിന്നെ മ്ലാനവദനനായി കണ്ടിട്ടില്ല.”

“അത് നിന്നോട് സംസാരിക്കുന്നതുകൊണ്ടാണെന്ന് കൂട്ടിക്കൊള്ളൂ. അതുപോട്ടെ, അബെന, നിനക്ക് എത്ര ദുഃഖാനുഭവങ്ങളുണ്ട്, എത്ര സുഖാനുഭവങ്ങളുണ്ട്?”

“ദുഃഖാനുഭവങ്ങൾ ഒരു അമ്പതിൽ കുറയില്ലെന്ന് കൂട്ടിക്കോ, സുഖാനുഭവങ്ങൾ വളരെ കുറവ്, 5 എന്ന് കൂട്ടിക്കോ.”

“ശരി, ആദ്യം ആ അമ്പതിനെ 5 കൊണ്ട് ഹരിക്കുക. എത്രയാണ് ബാക്കി?”

“പത്ത്.”

“ശരി, ഇനി ആ പത്തിനെ വീണ്ടും അഞ്ചുകൊണ്ട് ഹരിക്കുക. എത്ര ബാക്കി?”

“രണ്ട്.”

“ഇനി ആ രണ്ടിനെ പൂജ്യം കൊണ്ട് ഗുണിക്കുക. ഇപ്പോൾ ബാക്കി എത്രയാണ്?”

“പൂജ്യം.”

“കണ്ടില്ലേ, നിന്റെ ദുഃഖാനുഭവങ്ങളും സുഖാനുഭവങ്ങളും അപ്രത്യക്ഷമായി, വെറും പൂജ്യം ബാക്കി. ഇതിനാണ് നിർവ്വാണാവസ്ഥ എന്ന് ഞങ്ങൾ പറയുന്നത്.”

“ഓ രാജീവ്, ഏതാണ് നിർവ്വാണവസ്ഥയിൽ എത്താനുള്ള വഴി? നീ എന്നെയൊന്ന് പഠിപ്പിക്കുമോ? ഇന്നുമുതൽ നീ എന്റെ ഗുരു. കുറച്ച് യോഗയും എനിക്ക് പഠിക്കണം.”

“യോഗയൊക്കെ പഠിപ്പിക്കാം, പക്ഷെ പറയൂ, അബെന, എന്താണുണ്ടായത്? നിന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും എന്ത് സംഭവിച്ചു?”

അബെനയുടെ മുഖം വീണ്ടും ഇരുണ്ടു. അവൾ പതുക്കെ പറഞ്ഞുതുടങ്ങി.

“ഇരുപത് വർഷങ്ങൾക്ക് മുൻപാണ്, രാജീവ്, ഞാൻ കഴുകന്മാരെ വളരെയടുത്ത് കാണുന്നത്. അന്നും ഒരു ഈദ് ദിനമായിരുന്നു. വടക്കൻ എത്യോപ്യയിലെ “ടിഗ്രേ” പട്ടണത്തിൽ നിന്ന് കുറച്ചകലെ ഏതോ ഒരു കുഗ്രാമത്തിലെ കുടിലിൽ ഞാനും അനിയനും അമ്മയും മാത്രം. രാജ്യമാകെ പട്ടിണിയിലും വറുതിയിലും ജനങ്ങൾ വലയുന്ന കാലം. എവിടെയും അലഞ്ഞുതിരിയുന്ന പട്ടിണിക്കോലങ്ങൾ മാത്രം. അച്ഛൻ ഏതോ ഒരു ദിവസം ഗ്രാമം വിട്ടു പോയതാണ്. പിന്നെ മടങ്ങിവന്നിട്ടില്ല. നരകത്തിൽ ഞങ്ങളെ തള്ളിവിട്ട് സ്വയം രക്ഷപെട്ടതാണോ, അതോ ഒന്നും താങ്ങാൻ വയ്യാതെ ആത്മഹത്യ ചെയ്തതാണോ, അതോ പട്ടിണി മൂലം മരണത്തിന് കീഴടങ്ങിയതാണോ? ഇപ്പോഴും അറിയില്ല. ആദ്യമൊക്കെ അമ്മ അച്ഛനെ അവിടെയും ഇവിടെയും അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. അച്ഛനില്ലാത്ത ജീവിതം എന്ന യാഥാർഥ്യവുമായി അമ്മയും ഞാനും പതിയെ രമ്യതപ്പെട്ടു. ആ ദുഃഖം ഉള്ളിലൊതുക്കി അമ്മ ശേഷം ജീവിതം എനിക്കും അനിയനുമായി നീക്കിവച്ചു. അങ്ങനെയിരിക്കെ നാടാകെ ക്ഷാമത്തിന്റെയും വറുതിയുടെയും വ്യാപ്തി കൂടിക്കൂടി വന്നു. നീ ഒരുപക്ഷെ അതിന്റെ വാർത്തകൾ ടി വി യിലും പത്രങ്ങളിലും കണ്ടുകാണും. മനുഷ്യരെ എവിടെയും കാണാൻ കിട്ടില്ല. പകരം എല്ലിൻകൂടുകൾ മാത്രം. അക്കൂട്ടത്തിൽ ഞങ്ങളും.”

അവളുടെ വിറയാർന്ന ചുണ്ടുകളും കണ്ണീരണിഞ്ഞ കണ്ണുകളും രാജീവ് നിർന്നിമേഷനായി നോക്കിയിരുന്നു. എന്തോ വലിയൊരു ദുഃഖം അവളുടെ ഉള്ളിൽ നീറിപ്പിടിക്കുന്നുണ്ടെന്ന് അയാൾക്ക് മനസ്സിലായി. കൂടുതൽ ചോദ്യങ്ങൾ ചോദിക്കാതെ അവളുടെ വാക്കുകൾക്കായി രാജീവ് ചെവിയോർത്തു.

“അക്കൊല്ലത്തെ ഈദ് ആ വറുതിയുടെ നാളുകളിലായിരുന്നു. ഈദിന് വിഭവസമൃദ്ധമായ ഭക്ഷണം ഇല്ലെങ്കിലും എനിക്കും അനിയനും വിശപ്പടക്കാൻ എന്തെങ്കിലും നൽകാനുള്ള വേവലാതിയിൽ ആയിരുന്നു പാവം അമ്മ. ആകാശത്ത് സൂര്യൻ തിളച്ചുമറിയുന്ന ആ ഊഷരഭൂമിയിൽ മണൽക്കൂനകളും എല്ലിൻ കഷണങ്ങളും അങ്ങിങ്ങ് ചെറിയ മുൾച്ചെടികളും അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.” അബെന ഗദ്ഗദകണ്ഠയായി.

“അന്നെനിക്ക് ഏഴ് വയസ്സ്. അനിയന് ഒന്നരയോ രണ്ടോ വയസ്സ് കാണും. അനിയനെ എന്നെ ഏൽപ്പിച്ച് അമ്മ പുറത്തേക്ക് പോയി, എന്തെങ്കിലും ഭക്ഷണം ഞങ്ങൾക്ക് കൊണ്ടുവരാനായി. കുറെ സമയം കഴിഞ്ഞിട്ടും അമ്മയെ കാണാനില്ല. വിശപ്പിന്റെ ആധിക്യത്തിൽ ഞാൻ അറിയാതെ മയങ്ങി. നായ്ക്കളുടെ കുര കേട്ടാണ് ഉണർന്നത്. ഞെട്ടിയുണർന്ന് നോക്കുമ്പോൾ അനിയനെ കാണാനില്ല. പരിഭ്രമിച്ച് പുറത്തേയ്ക്ക് ഇറങ്ങിയ ഞാൻ കണ്ട കാഴ്ച!! എനിക്കത് ഓർക്കുമ്പോൾ പോലും വിറയൽ വരുന്നു. എന്റെ അനിയന് ചുറ്റും രണ്ടുമൂന്ന് നായ്ക്കൾ… മുൾച്ചെടികൾക്കിടയിൽ കുറുകി ചിറകുവിരിച്ച നാലഞ്ച് കഴുകന്മാർ… എന്റെ കുഞ്ഞനിയന്റെ പിഞ്ചുശരീരത്തിനു പകരം തറയിൽ ഞാൻ കണ്ടത് !! ചോരയിൽ…… വയ്യ, എനിക്കത് പറയാനാകില്ല. ഞാൻ മയങ്ങിപ്പോയതിനിടെ എപ്പോഴോ അവൻ മുട്ടിൽ നീന്തി പുറത്ത് പോയതാവണം.”

അബെന ഗദ്ഗദകണ്ഠയായി. അവളെ എന്തുപറഞ്ഞ് സാന്ത്വനിപ്പിക്കുമെന്ന് അറിയാതെ രാജീവ് വിഷമിച്ചു.

“അമ്മ കുറെ കരഞ്ഞു, അലമുറയിട്ടു. എന്നെ വേണ്ടുവോളം ശകാരിച്ചു, പിന്നെ കുഞ്ഞനിയന്റെ ശരീരാവശിഷ്ടങ്ങൾ സ്വയം കുഴിയെടുത്ത് മറവ് ചെയ്തു. അന്ന് രാത്രി ഞങ്ങൾക്ക് കാളരാത്രി ആയിരുന്നു. പിറ്റേന്ന് രാവിലെ എന്നെയും കൂട്ടി ‘അമ്മ യാത്ര പുറപ്പെട്ടു. നടന്നും തുക്ടാ വണ്ടിയിലുമൊക്കെയായി ഞങ്ങളുടെ യാത്ര അവസാനിച്ചത് ടിഗ്രേയിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ്. ഒന്നുരണ്ട് ദിവസം ‘അമ്മ എന്നോടൊപ്പം ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ നോക്കുമ്പോൾ അമ്മയെ കാണാനില്ല. ഞാൻ ക്യാമ്പ് മുഴുവൻ ഓടിനടന്ന് അന്വേഷിച്ചു. പക്ഷെ അമ്മയെ മാത്രം കണ്ടില്ല. അതിനുശേഷം ഇതുവരെ ഞാൻ അമ്മയെ കണ്ടിട്ടേയില്ല. പാവം എത്യോപ്യയിലെ ഏതെങ്കിലും ഗ്രാമത്തിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.” ദീർഘശ്വാസം എടുത്തുകൊണ്ട് അബെന പറഞ്ഞുനിർത്തി.

“നിനക്ക് വെള്ളം വേണോ?” രാജീവ് ചോദിച്ചു. ഒപ്പം ഒരു ഗ്ലാസിൽ വെള്ളം അവൾക്ക് നേരെ നീട്ടി.

ഒരു കവിൾ വെള്ളം കുടിച്ചുകൊണ്ട് അബെന തുടർന്നു. “ലോകത്തിന്റെ നാനാഭാഗത്തുനിന്നും രക്ഷാപ്രവർത്തകരും ആതുരസേവകരും വന്നെത്തിയ വലിയൊരു ക്യാമ്പ് ആയിരുന്നു അത്. അക്കൂട്ടത്തിൽ ഒരു വനിതയ്ക്ക് എന്നോട് എന്തോ അലിവ് തോന്നി. ബ്രിജിറ്റ് എന്നായിരുന്നു അവരുടെ പേര്. നാട് ഫ്രാൻസ്. അവർ വഴി ഞാൻ ഫ്രാൻസിലെ മാർസെയ് (Marseille) എന്ന പട്ടണത്തിലെ ഒരു ഓർഫനേജിലേക്ക് പറിച്ചുനടപ്പെട്ടു. ആദ്യനാളുകളിൽ അന്ധാളിപ്പും സങ്കടവും ചേർന്ന് മനോരോഗത്തിന്റെ വക്കോളം ഞാൻ എത്തിയിരുന്നു. എങ്കിലും പതിയെ ഞാൻ പുതിയ അന്തരീക്ഷവുമായി ഇണങ്ങാൻ പഠിച്ചു. എല്ലാ ദുഃഖവും ഉള്ളിൽ ഒതുക്കി ഞാൻ പഠനത്തിൽ മുഴുകി നാളുകൾ നീക്കി. ഓർഫനേജിലെ സ്കൂൾ പഠനത്തിന് ശേഷം എന്റെ മികവിൽ സന്തുഷ്ടരായ അധികൃതർ എന്നെ ഉപരിപഠനത്തിന് പാരിസിലേക്ക് അയച്ചു. അവിടെ നിന്ന് ബിരുദം നേടിയ ഞാൻ കാനഡയിലേക്ക് ചേക്കേറി. ഇപ്പോൾ ഇതാ നിന്റെ മുമ്പിൽ. ഇനി പറയൂ, ഞാൻ എങ്ങനെ ഈദ് ആഘോഷിക്കും.”

രാജീവ് എന്തുപറയണമെന്നറിയാതെ അബെനയെത്തന്നെ നോക്കിയിരുന്നു. നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷവും അബെനയിൽ കുറ്റബോധം നിറയുന്നത് രാജീവിന് കാണാം. ഈ ലോകത്ത് കൂടപ്പിറപ്പുകളോ ബന്ധുക്കളോ ഇല്ലാത്ത ജീവിതം അയാൾക്ക് സങ്കൽപ്പത്തിനും അപ്പുറമാണ്.

“രാജീവ് എന്നെയൊന്ന് പിടിക്കൂ. ഇല്ലെങ്കിൽ ഞാൻ തളർന്നു വീഴും.” അബെന കുഴഞ്ഞ് വീഴാൻ തുടങ്ങി. കെട്ടിനിർത്തിയ ദുഃഖം അണപൊട്ടി ഒഴുകിയ ശേഷം വാടിയ ആമ്പൽപൂവ് പോലെ അവൾ അയാളുടെ കൈകളിലേക്ക് ചായ്ഞ്ഞു.

“വേണ്ട, അബെനാ, നീയിനി ഒന്നും പറയേണ്ട. നീ ആരുമില്ലാത്തവളല്ല.” എന്ന് പിറുപിറുത്തുകൊണ്ട് രാജീവ് അവളെ ചേർത്ത് പിടിച്ചു.

വര : പ്രസാദ് കുമാർ

കവർ ഡിസൈൻ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like