ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തെ ഒരനുഭവം പറയാം. അന്നൊക്കെ ഒളിവിൽ കഴിയുന്ന കൊഴക്കോടൻ നാരായണൻ നായര്‍ വീട്ടിലെ ചുമരില്‍ A.K.G യുടെ ഒരു ചിത്രം വരച്ച് തൂക്കിയിട്ടു. A.K.G യെ വീട്ടിൽ വെച്ച് ധാരാളം കണ്ടതുകൊണ്ട് മനസ്സില്‍ നിന്നെടുത്ത് വരച്ചതാണ്. ശരിക്ക് ആളെ തിരിച്ചറിയുന്ന ചിത്രമാണ്. പോലീസ് വീട്ടിൽ വന്നു. അമ്മയോട് ചോദിച്ചു ഇതാരാണ് വരച്ച് തൂക്കിയതെന്ന്. അമ്മ പറഞ്ഞു അത് സ്കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടി എവിടുന്നോ കൊണ്ടുവന്ന് തൂക്കിയതാണെന്ന്. നേരെ അവര്‍ സ്കൂളിലേക്ക് വന്നു. റോഡില്‍ നിന്ന് ഒരാളെ (ഒറ്റുകാരനെ) അദ്ധ്യാപകന്‍റെ അടുത്ത് വിട്ടു. എന്നെ കൂട്ടിക്കൊണ്ടു പോകണം എന്ന് പറഞ്ഞു. കുട്ടികള്‍ക്കെല്ലാം വിറക്കാന്‍ തുടങ്ങി. അദ്ധ്യാപകര്‍ക്കും. പക്ഷെ ഇവരെയും പട്ടാളക്കാരെയും കണ്ട് മരവിച്ച എനിക്ക് പേടിയൊന്നുമില്ല. ഞാന്‍ പോയി. ആരും എന്‍റെ കൂടെ വന്നില്ല. പിന്നെ ഞാന്‍ ടീച്ചറായ കാലത്ത് വിചാരിക്കാറുണ്ട് എന്‍റെ ക്ലാസ്സിലെ ഒരു കക്ഷിയെ ഇങ്ങനെ കൊണ്ടുപോകുന്നതെങ്കില്‍ ഞാനും കൂടെ പോകില്ലേ എന്ന്. അങ്ങനെ പോലിസ് എന്നോട് ചോദിച്ചു ഇതാരാണ് തൂക്കിയത് എന്ന്. എനിക്ക് തോന്നി അമ്മ പറഞ്ഞിട്ടാകും ഞാനാണെന്ന്. ഉടനെ ഞാന്‍ പറഞ്ഞു ഞാനാണെന്ന്. ഇത് ആരാ വരച്ചത് എന്നായി പിന്നത്തെ ചോദ്യം. ഞാന്‍ പറഞ്ഞു എനിക്കറിയില്ല. ഇതെനിക്ക് പട്ടാളം താമസിച്ച മാവിലപ്പാടി പൊയിലില്‍ നിന്ന് കിട്ടിയതാണെന്ന്. എന്നാല്‍ മേലില്‍ ഇതുപോലുള്ള ചിത്രങ്ങള്‍ തൂക്കരുത് എന്ന് പറഞ്ഞു. പിന്നെയും ചോദ്യം ഇതാരുടെ ചിത്രമാണെന്ന് അറിയുമോ എന്ന്. എനിക്കറിയിയില്ല എന്ന് ഞാനും. അധികാരിയുടെ വീട്ടിലും ഒക്കെ ഇതുപോലുള്ള ചിത്രങ്ങള്‍ തൂക്കിയത് കണ്ടിട്ടാണ് ഞാനും തൂക്കിയത് എന്നും പറഞ്ഞു. പിന്നെ അവര്‍ മടങ്ങി. ഞാന്‍ സ്കൂളിലേക്കും. കുട്ടികളെല്ലാം എന്നെ നോക്കി അത്ഭുതപ്പെട്ടു. ഞാന്‍ കരയുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ എനിക്കന്ന് വലിയ അഭിമാനമാണ് തോന്നിയത്. അദ്ധ്യാപകരും അതെപ്പറ്റി ഒന്നും ചോദിച്ചില്ല.

അക്കാലത്ത് ജന്മിമാർ കൂടിയൊഴിപ്പിക്കുന്നത് സാധാരണമായിരുന്നല്ലോ. ഒരു ദിവസം ആവള അധികാരിയുടെ ഒരു ബന്ധു പയ്യിൽ കുഞ്ഞിക്കേളു നമ്പ്യാരുടെ ഒരു കൂടി ഒഴിപ്പിക്കൽ നടന്നു. കുഞ്ഞിക്കേളു നമ്പ്യാർ ചാത്തഞ്ചേരിയിലാണ് താമസം. (അദ്ദേഹത്തിന്‍റെ അനുജൻ ഗോപാലൻ നമ്പ്യാർ കുറച്ചു കൊല്ലങ്ങൾക്ക് ശേഷം പേരാമ്പ്ര റീജിയണൽ കോ-ഓപ്പറെറ്റീവ് ബാങ്ക് സെക്രട്ടറി ആയിരുന്നു. അവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല). അച്ഛൻ കുറെ ആൾക്കാരെയും കൂട്ടി ഒഴിപ്പിച്ച ദിവസം തന്നെ ഒരു കുടിൽ കെട്ടി അവരെ അവിടെ താമസിപ്പിച്ചു. കുറച്ച് ആളുകളെ അവിടെ കാവലും നിർത്തി. കുറെ കഴിഞ്ഞപ്പോൾ അവരെ ഉപദ്രവിക്കാൻ ജന്മി പോയില്ല. ഇതിന്‍റെ പേരിൽ എതിരാളികൾ കേസ് കൊടുത്തു. അച്ഛന്‍റെ പേരിൽ കേസ് കൊടുക്കാൻ അവർക്ക് ധൈര്യമില്ല. അതുകൊണ്ട് ഏട്ടന്‍റെ പേരിലാണ് കേസ്. അങ്ങനെ ഏട്ടൻ (ടി കെ അപ്പുക്കുട്ടി നമ്പ്യാർ) ജയിലിലായി. അവിടെനിന്ന് കൂടി ഒഴിപ്പിച്ചവരുടെ വീട്ടിലെ അന്നത്തെ ഒരു ചെറിയ കുട്ടിയാണ് പാലേരി മാണിക്കം സിനിമയിലെ മാണിക്കവും കുടുംബവും. മാണിക്കവും കുടുംബവും പിന്നെ അവിടുന്ന് കല്ലൂരിലേക്ക് താമസം മാറി. കല്ലൂരിൽ നിന്നാണ് പാലേരിക്ക് കല്യാണം കഴിച്ച് കൊണ്ടുപോയത്. ആവള ജനിച്ചു വളർന്നതും ഇത്തരം അനുഭവം കണ്ടറിഞ്ഞതും കൊണ്ടാണ് അവൾക്ക് അത്ര തന്റേടം ഉണ്ടായത്.
1947 ആഗസ്ത് പതിനഞ്ചിന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയല്ലോ. അന്ന് ഞാൻ ആവള ബോർഡ് സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്. സ്വാതന്ത്ര്യ ദിവസം കുട്ടികൾക്കെല്ലാം പായസം കൊടുത്തു. മേല്പറഞ്ഞ കുഞ്ഞിക്കേളു നമ്പ്യാരുടെ വീട്ടിലാണ് പായസം ഏർപ്പാടാക്കിയത്. കുട്ടികളെ എല്ലാം അധ്യാപകർ വരിവരിയായി നടത്തിച്ച് ചാത്തഞ്ചേരിയിലേക്ക് കൊണ്ടുപോയി. എന്നാൽ ഞാൻ മാത്രം പോയില്ല. ഒരു പായസം കിട്ടുക എന്ന് പറഞ്ഞാൽ ആ കാലത്ത് വളരെ വലിയ സന്തോഷമാണ്. ഞാൻ പോകാതിരിക്കാൻ കാരണം അവിടെയുള്ളവർ കേസ് കൊടുത്തിട്ടാണല്ലോ ഏട്ടൻ ജയിലിലായത്. അദ്ധ്യാപകർക്കും അതറിയം. അതുകൊണ്ട് എന്നെ നിർബ്ബന്ധിച്ചില്ല.

പിന്നെ പേരാമ്പ്ര H.S ല്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് A.K.G ജയില്‍മോചിതനായി പേരാമ്പ്രയില്‍ ഗിരിമൈതാനത്ത് പ്രസംഗിച്ചു. അത് ഇന്നത്തെ G.U.P സ്കൂളിന്‍റെ ഒരു ഗ്രൌണ്ടാണ്. അന്ന് ആവളയില്‍ നിന്ന് ജാഥ എത്തിയാല്‍ ഗ്രൌണ്ട് നിറയും. ഗോപാലേട്ടന്‍ എന്നെക്കൊണ്ട് A.K.G യെ മാല ഇടുവിച്ചു. എന്നെ കണ്ടപ്പോള്‍ A.K.G എടുത്ത് അദ്ദേഹത്തിന്‍റെ മടിയില്‍ ഇരുത്തി. ഇതെല്ലം കഴിഞ്ഞ് മടങ്ങി. പിറ്റേദിവസം സ്കൂളില്‍ വന്നപ്പോള്‍ അവിടെ വന്ന അത്യാവശ്യം കുട്ടികള്‍ക്കും അതൊരു അത്ഭുതമായിരുന്നു. ആ കാലത്ത് വലിയ വീടുകളിലെ കുട്ടികള്‍ മാത്രമേ ഹൈസ്കൂളിലും മറ്റും പഠിക്കൂ. ആ ഭാഗത്ത് നിന്നും ആരും സമ്മേളനത്തിനൊന്നും പോകില്ല. അന്ന് എന്‍റെ സഹപാഠിയായിരുന്ന പിന്നെ കവിയും എഴുത്തുകാരനും ഒക്കെ ആയ കോളിയോട്ട് മാധവന്‍ ഇപ്പോഴും എന്നോട് പറയും ഹോ അന്നെനിക്ക് നിന്നോട് തോന്നിയ അസൂയക്ക് അതിരില്ല എന്ന്. പിന്നെ അടുത്തു തന്നെ E.M.S മേപ്പയ്യൂരില്‍ പ്രസംഗിച്ചു. (അന്ന് വെങ്കപ്പാറപ്പോയിലാണ് ഇന്നത്തെ മേപ്പയ്യൂര്‍). അന്നും ആവളയില്‍ നിന്ന് ഞങ്ങള്‍ ജാഥയായി എത്തി. ഏട്ടന്മാര്‍ എന്നെക്കൊണ്ട് മാല ഇടീച്ചു. അദ്ദേഹത്തിന്‍റെ പ്രസംഗം കേട്ടപ്പോഴാണ് വിക്കുള്ള ഇദ്ദേഹമാണ് വീട്ടില്‍ പണ്ട് വന്നത് എന്ന് എനിക്ക് മനസ്സിലായത്.
കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്
