പൂമുഖം OPINION തിരഞ്ഞെടുപ്പ് അഥവാ ജനതയുടെ തിരിച്ചുവരവ്

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : തിരഞ്ഞെടുപ്പ് അഥവാ ജനതയുടെ തിരിച്ചുവരവ്

 

ഉപാധികളില്ലാത്ത പ്രതീക്ഷകളുടെ വലിയ ശേഖരം കണ്ടു അന്ധാളിച്ചാണ് ജനം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോഡി തരംഗത്തിന് കീഴടങ്ങിയത്. എന്നാൽ അതിന്റെ മഞ്ഞളിപ്പ് അവസാനിച്ചിരിക്കുന്നു. തിക്ത യാഥാർഥ്യങ്ങളുടെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ അവരുടെ വിരൽത്തുമ്പിൽ ഇരുന്നു തരിക്കുന്നുണ്ട്. അതിനെ മോഹനവാഗ്ദാനങ്ങൾ കൊണ്ട് മറികടക്കുക മോദിക്ക് എളുപ്പമായിരിക്കില്ല. താനാരാണെന്നു വോട്ടർമാർക്കു മനസിലായിരിക്കുന്നു, അതാണ് പണിയായത്. കാർഷികമേഖലയിലെ പ്രതിസന്ധിയാണ് അവരെ മധ്യപ്രദേശിലും രാജസ്ഥാനിലും കൈയൊഴിഞ്ഞത്. ഗുജറാത്തിൽ തന്നെ ആദ്യസൂചനകൾ പുറത്തു വന്നിരുന്നു. അതിന്റെ ഫലശ്രുതി ആയിരുന്നു കർണാടകയും രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും. ഇന്ത്യജനതയുടെ സർജിക്കൽ സ്ട്രൈക്ക്. തിരിച്ചടിക്കാൻ തക്കം പാർത്തിരുന്ന പൗരബോധം.

നിയമപരമായ കൊള്ളയുടെ പഞ്ചവത്സര പദ്ധതിയാണ് കഴിഞ്ഞുപോകുന്നത്. ബാങ്ക് കൊള്ള, പെട്രോൾ കൊള്ള, റാഫേൽ കൊള്ള. വിദേശപണം തിരിച്ചു വന്നില്ല, പകരം രാജ്യംകണ്ട ഏറ്റവും വലിയ സ്വദേശി കള്ളന്മാരെ വിദേശത്തേക്ക് പറഞ്ഞയച്ചു പകരംചോദിച്ചു. കള്ളപ്പണം തിരിച്ചു വന്നില്ല, പകരം നൂറ്റിമുപ്പതുകോടി ജനങ്ങളുടെ കൈയിലിരുന്ന പണം ദിവസങ്ങൾ കൊണ്ട് ഈ രാജ്യത്തെ ബാങ്കുകളുടെ കീശയിലെത്തി. പെട്രോളിന്റെ വിലകുറഞ്ഞില്ല, പകരം ഇന്നുവരെ കാണാത്ത ഉയരങ്ങൾ താണ്ടി ഇന്ധനം പുതിയ റെക്കോർഡിട്ടു, കാർഷികമേഖല മെച്ചപ്പെട്ടില്ല, പകരം ഭരണമാറ്റം വരുന്നതുവരെ കാർഷിക ഉത്പന്നങ്ങൾ വിൽക്കാതെ കർഷകർ ഭരണമാറ്റത്തിന് വോട്ടു ചെയ്തു. പുതിയ തൊഴിലവസരങ്ങൾ വന്നില്ല, പകരം ഉണ്ടായിരുന്ന ചെറുകിട വ്യവസായങ്ങളുടെയും ഇടത്തരം തൊഴിലുകളുടെയും കടയ്ക്കൽ കത്തിവച്ചു.

ഇതിനിടയിൽ മനുഷ്യർ അങ്ങിങ്ങായി അടിയേറ്റും വെടിയേറ്റും വീണു. ആൾക്കൂട്ടങ്ങളുടെ ആക്രോശങ്ങൾക്കും അട്ടഹാസങ്ങൾക്കും നടുവിൽ പശുമാംസമെന്ന ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാവുന്ന സംശയത്തിന്റെ പേരിൽ മനുഷ്യജീവൻ അടിയേറ്റു വീണു. ഭരണകൂടത്തെ അതിനിശിതം വിമർശിച്ചതിന്റെ പേരിൽ വെടിയുണ്ട പാഞ്ഞുകയറി മനുഷ്യർ മരിച്ചുവീണു. രാജ്യത്തിന്റെ പ്രയാണമന്ത്രി പലപ്പോഴും ഇതൊന്നും അറിഞ്ഞതായി ഭാവിച്ചതേയില്ല.

വസ്തുതകളെല്ലാം വൈകാരികതയ്ക്കു വഴിപ്പെടുകയും സത്യം പിന്നത്തേക്ക് മാറ്റിവയ്ക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്തു കബളിപ്പിക്കപ്പെടാതിരിക്കുക എളുപ്പമല്ല. നോട്ടുനിരോധനത്തിലും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിലുമെല്ലാം തങ്ങൾക്കു പരിക്കുപറ്റാത്ത വിവരങ്ങൾ മാത്രമാണ് ഭരണകൂടം ജനങ്ങളിൽ എത്തിച്ചത്. രാജ്യസുരക്ഷ എന്ന ഏകവാദത്തിൽ എല്ലാ ബദൽചോദ്യങ്ങളെയും നിശബ്ദപ്പെടുത്താനും ചോദ്യം ചോദിക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളെന്നു കരുതാനും ആർക്കും മടിയുണ്ടായില്ല. തീവ്രദേശീയത പലപ്പോഴും എല്ലാചോദ്യങ്ങൾക്കുമുള്ള ഒറ്റയുത്തരമായി. സംശയങ്ങൾ ഇല്ലാത്ത, വാഴ്‍ത്തുപാട്ടുകൾ മാത്രം പാടാനറിയുന്ന, ചോദ്യങ്ങളെല്ലാം എന്നെന്നേക്കുമായി ഉപേക്ഷിച്ച ഒരു ജനതയിലേക്കുള്ള പ്രയാണത്തിന് അണകെട്ടാനുള്ള തിരഞ്ഞെടുപ്പാണ് അടുത്തുവരുന്നത്.

തിരഞ്ഞെടുപ്പിനു ശേഷമുള്ള ശത്രു ആരാണെന്നു എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും നല്ല ധാരണ ഉണ്ടെങ്കിലും, തിരഞ്ഞെടുപ്പിനു മുൻപുള്ള ധാരണയായി അതു മാറ്റിയെടുക്കാൻ അവർക്കു കഴിയുന്നില്ല. ഒരൊറ്റ നേതാവിനെ മാത്രം മുൻനിർത്തി എൻഡിഎ അങ്കത്തിനു തയ്യാറെടുക്കുമ്പോൾ, പലതായി പിരിഞ്ഞു പടനയിക്കുന്ന പരശ്ശതം നേതാക്കന്മാരുടെ പടയണിയാണ് പ്രതിപക്ഷത്തു കാണുന്നത്. കോൺഗ്രസിന്റെ നെടുനായകത്വത്തിനു പ്രാദേശിക രാഷ്ട്രീയ യാഥാർഥ്യങ്ങൾ ഇനിയും പാകപ്പെട്ടു കഴിഞ്ഞോ എന്നുള്ള ചോദ്യം ആശങ്ക ഉയർത്തുന്നു‌ണ്ട്. നിങ്ങൾ ഭിന്നിപ്പിലേക്കു ചുരുങ്ങുമ്പോൾ ഞങ്ങൾ ഒന്നിപ്പിലേക്കു പടരുമെന്നു പ്രതിപക്ഷം ഒരുമിച്ചുനിന്നു പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും, അവനവന്റെ ചുവടുറപ്പിക്കാൻ ചിന്നിച്ചിതറുന്ന സംസ്ഥാനതല കാഴ്ചയാണ് ഇപ്പോൾ ദൃശ്യമാകുന്നത്. അതേസമയം തെറ്റിപ്പിരിഞ്ഞുപോയ സഖ്യകക്ഷികളെ തുന്നിച്ചേർത്തു പലയിടത്തും പടയ്ക്കൊരുങ്ങാൻ എൻഡിഎയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഒരുമിച്ചൊരു കൊടുങ്കാറ്റായി ആഞ്ഞുവീശാൻ പ്രതിപക്ഷത്തിനു കഴിയാതെ വരുന്നത് വീണ്ടും മൂന്നിലൊന്നു വോട്ടുകൊണ്ടു രാജ്യം പിടിക്കുന്ന നിലയിലേക്ക് ബിജെപിയെ കൊണ്ടെത്തിക്കുമോ എന്ന ചങ്കിടിപ്പിനു കാതോർത്തുകൊണ്ടാണ് രാജ്യം ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

എങ്കിലും, ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടായിരിക്കുന്നു, അവർ അപകടം തിരിച്ചറിഞ്ഞിരിക്കുന്നു, ഇന്നലെവരെയില്ലാത്ത പ്രസക്തി അവർക്കു കൈവന്നിരിക്കുന്നു, അവരുയർത്തുന്ന വെല്ലുവിളി തള്ളിക്കളയാനാവാത്തവിധം ഭരണപക്ഷത്തിന്റെ നെഞ്ചിടിപ്പായി മാറിയിരിക്കുന്നു. ജനാധിപത്യത്തിന്റെ വിളിക്കുമാടങ്ങൾ ഉറക്കമില്ലാതെ ഇപ്പോഴും എവിടെയൊക്കെയോ ഉണർന്നിരിക്കുന്നു.

Comments
Print Friendly, PDF & Email

You may also like