പൂമുഖം COLUMNSഫീച്ചർ 1940 കാലഘട്ടത്തിലെ ആവള: ചരിത്രം, വ്യക്തികള്‍ (ഭാഗം 3)

1940 കാലഘട്ടത്തിലെ ആവള: ചരിത്രം, വ്യക്തികള്‍ (ഭാഗം 3)

ടി കെ ഗോപാലന്‍ നമ്പ്യാര്‍

ഗോപാലേട്ടന്‍ 1942 മുതല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഭാഗമാണ്. മിലട്ടറിയില്‍ നിന്ന് പുറത്താക്കപ്പെട്ട്‌ വന്ന ശേഷം അപ്പുക്കുട്ടി ഏട്ടനും മെമ്പറാണ്. അന്ന് പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ വടകരയില്‍ നിന്ന് ആവളയില്‍ ഒളിവിലുള്ളവരെ അറിയിക്കാന്‍ കത്തുകള്‍ കൈമാറുകയാണ് പതിവ്. ആവളയില്‍ നിന്ന് കത്ത് കൊടുക്കാന്‍ പോകുന്നത് ഗോപാലേട്ടനാണ്. വടകരയില്‍ നിന്ന് കത്തുമായി വരുന്ന ആളെ ഗോപാലേട്ടനെ പരിചയപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്ന് വന്ന ആളെയും പരിചയപ്പെടുത്തിയിരിക്കും. പരിചയപ്പെടുത്തിയ അന്ന് തന്നെ കത്ത് ഇന്ന ദിവസം കൊണ്ടുവരുമെന്ന് പറഞ്ഞിരിക്കും. കത്തുമായി വരുന്നവര്‍ ഏകദേശം കീഴല്‍, ചെക്കോട്ടിബസാര്‍, തോടന്നൂര്‍ ഭാഗങ്ങളില്‍ വെച്ചായിരിക്കും പരസ്പരം കാണുന്നത്. അവര്‍ കണ്ടാല്‍ ഉടനെ കത്ത് കൊടുക്കാന്‍ പാടില്ല. രണ്ടുപേരും നോക്കെത്താ ദൂരം പിന്നെയും മുന്നോട്ട് നടക്കണം. പിന്നെ ആളില്ലാത്ത സ്ഥലത്ത് വെച്ച് അവര്‍ തിരിഞ്ഞുനടക്കും. അഥവാ ആരെങ്കിലും അത് കണ്ടാല്‍ എന്തോ സാധനം വീണുപോയിട്ട് നോക്കി നടക്കുകയാണെന്ന മട്ടില്‍ വിചാരിച്ചോട്ടെ എന്ന് കരുതി നിലത്ത് നോക്കി നടക്കും. വീണ്ടും കത്തുമായി വരുന്ന ആളുടെ മുഖത്ത് നോക്കുക പോലും ചെയ്യാതെ ചുരുട്ടി മടക്കിയ കത്ത് കൈമാറി നടന്നുപോകും. അഥവാ കത്ത് പിടിക്കപ്പെട്ടു പോയാല്‍ ഉടന്‍ വായിലിട്ട് ചവച്ചരച്ച് തിന്നുകളയണം. കത്ത് ഒരിക്കലും കാണിക്കരുത്. എന്നാല്‍ ഇവര്‍ രണ്ടുപേരെയും ഒരിക്കലും പിടിച്ചിട്ടില്ല. 1949-50 വരെ ഈ കത്ത് കൈമാറ്റം നടന്നിരുന്നു.

അവള ടി

ഒരു ദിവസം പ്രവര്‍ത്തകരായ ആവള ടി. യുടെ അനുജന്‍ ചിന്നക്കുറുപ്പ്, നാഗത്ത് കണ്ടി കുഞ്ഞിക്കണ്ണന്‍, മരുതിയാട്ട് കണാരന്‍ എന്നിവര്‍ കോലായില്‍ ഇരുന്ന് ചായ കുടിക്കുകയാണ്. പെട്ടെന്ന് പോലീസും ഒറ്റുകാരും കുതിച്ചെത്തി. അമ്മയുടെ കണ്ണ് ചുറ്റുപാടും.ആരെല്ലാം വീട്ടിലേക്കുള്ള കോണി കയറിയാലും ഒരു 200 മീറ്ററോളം നടന്നേ മുറ്റത്ത് എത്തുകയുള്ളൂ. അമ്മ പറഞ്ഞു ‘അതാ പോലീസ് ഓടിക്കോ ‘എന്ന്. മൂന്നുപേരും മൂന്നു വഴി ഓടി. ഒരാള്‍ കണാരന്‍ കുളം നന്നാക്കാന്‍ മണ്ണെടുത്ത കുഴിയില്‍ ചാടി. അമ്മ ചവേല വാരുന്ന വല്ലം എടുത്ത് മൂടി. അവര്‍ വല്ലം ചാടിക്കടന്ന് ഓടി. നാഗത്ത് കണ്ടി കുഞ്ഞിക്കണ്ണന്‍ ആവള പാണ്ടിയിലെ നെല്ലിനുള്ളില്‍ അമര്‍ന്നു. ചിന്നക്കുറുപ്പ് വെളുത്ത മുണ്ട് ഉടുത്ത് ഓടുന്നത് ദൂരെ നിന്ന് തന്നെ കാണും. പിന്നെ പോലീസും ഗുണ്ടകളും കൂത്തിലേരി പോക്കര്‍ കാക്കയുടെ വീട്ടിലേക്കാണ് പോയത്. പോക്കര്‍ കാക്ക അനുഭാവിയാണ്. വലിയ പുറം കൊള്ള് കയറുമ്പോള്‍ അയാള്‍ താഴെ ഉരുണ്ട് വീണു. പോലീസ് ചാടിവീണ് പിടിച്ചു. എവിടെയോ കൊണ്ടുപോയി നല്ല അടി കിട്ടി. അധികാരിയുടെ മകനായത്‌ കൊണ്ട് ജയിലില്‍ കിടന്നിട്ടില്ല എന്നാണ് ഓര്‍മ്മ. പിന്നെ അധികാരിയുടെ അടുത്ത വീട്ടുകാരന്‍ കല്ല്‌കണ്ടി ശങ്കരന്‍ സ്കൂളില്‍ വന്നു കുട്ടികളോട് പറഞ്ഞു.ഞാനും അവിടെ സ്കൂളില്‍ പോകുന്നുണ്ട്. രാവിലെ കോഴി കൂകുന്നത് ചിന്നക്കുറുപ്പിന്‍റെ വിളിയാണ് എന്ന് ശങ്കരന്‍ പറയുന്നു. “കൂത്തിലേരിയേ പോക്കര്‍ കാക്കാ” എന്നാണ് കോഴി കൂകുന്നത് എന്ന്. കുട്ടികളെല്ലാം ഏറ്റുപാടാന്‍ തുടങ്ങി. കുറെ കാലം അങ്ങനെ നടന്നു. ആ ശങ്കരന് പിന്നെ കോഴിക്കോട് നടന്ന ഒരു സമരത്തില്‍ കേളുഏട്ടന്‍റെ കൂടെ ലാത്തിച്ചാര്‍ജ് കിട്ടിയിട്ടുണ്ട്. ശങ്കരന്‍ ഈ അടുത്ത കാലത്താണ് മരിച്ചത്. ഞാന്‍ പോയി. ഭാര്യയും മക്കളും പറഞ്ഞു എന്നെക്കൊണ്ട് എപ്പോഴും പറയുമായിരുന്നെന്ന്.

ഒഞ്ചിയം വെടിവെപ്പ് നടന്ന ദിവസം കോണ്‍ഗ്രസ്‌ രാമക്കുറുപ്പ് എന്ന സഖാവ് പി രാമക്കുറുപ്പ് അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിനു വെടികൊണ്ടു നല്ല പരിക്കാണെങ്കിലും മരിച്ചില്ല. മരിച്ചപോലെ ഒരു വരമ്പരികില്‍ രക്തത്തില്‍ കുളിച്ചു കമഴ്ന്നു കിടന്നു. മരിച്ചുപോയെന്ന് പോലീസ് കരുതിക്കാണും. അങ്ങനെ സന്ധ്യ മയങ്ങിയപ്പോള്‍ ഒരു ചെറ്റക്കുടിലില്‍ നിരങ്ങി നിരങ്ങി പോയി അകത്തു കിടന്നു. കുടിലിലെ താമസക്കാരെല്ലാം അവിടം വിട്ടുപോയിരുന്നു. രാത്രി ആളെല്ലാം അടങ്ങി പാതിരാത്രി ആയപ്പോള്‍ നായും കുറുക്കനും ഓരിയിടാന്‍ തുടങ്ങിയപ്പോള്‍ രാമക്കുറുപ്പ് എങ്ങനെയോ ഉള്ള ഉശിരാല്‍ എഴുന്നേറ്റ് വേച്ചു വേച്ചു നടന്ന് പുലരുന്നതിന് മുന്‍പ് താഴെക്കുറൂര എത്തി. തോണിക്കാരന്‍ ഒരു പാര്‍ട്ടി അനുഭാവിയും അച്ഛന്‍റെ സുഹൃത്തുമാണ്. അച്ഛന്‍ ശട്ടം കെട്ടിയിട്ട് അയാള്‍ എന്നും തോണിയില്‍ തന്നെയാണ് കിടന്നുറങ്ങുന്നത്. ഇങ്ങനെ പല സഖാക്കളേയും കടത്തിവിടാന്‍ തന്നെയാണ് അങ്ങനെ ചെയ്യുന്നത്. അങ്ങനെ നേരെ താഴെക്കുറൂര എത്തി.

ഉടനെ തന്നെ അമ്മ ഒരു മുണ്ട് കൊടുത്ത് രക്തത്തില്‍ മുങ്ങിയ തുണികളെല്ലാം വാങ്ങി പുലരുന്നതിനു മുന്‍പ് തന്നെ താഴെ തണ്ണീര്‍പന്തലിലെ വെള്ളത്തില്‍ കൊണ്ടുപോയി കഴുകി. വെള്ളം കോരി കഴുകിയാല്‍ രക്തം വീണ സ്ഥലത്ത് ഉറുമ്പും ഈച്ചകളും വരും.കുണ്ടുകുളത്തിലയാലോ വെള്ളം നിറം മങ്ങിയാലോ എന്ന പേടി. പോലീസ് വന്നാല്‍ ഉറുമ്പ്‌ കൂടിയിരിക്കുന്ന സ്ഥലവും മുറ്റത്തിനടുത്ത് പറമ്പില്‍ ഭക്ഷണം കഴിച്ച ഇലകള്‍ ഉണ്ടോ എന്നൊക്കെ പരിശോധിക്കും. ഇല അധികം കണ്ടാല്‍ പണിക്കാര്‍ ഭക്ഷണം കഴിച്ചിട്ടതാണെന്ന് പറഞ്ഞാല്‍ പണിക്കാര്‍ ആരൊക്കെ എന്ന ചോദ്യവുമായി. പിന്നെ അവരുടെ വീടുകളിലൊക്കെ പോയി അന്വേഷിക്കും. അമ്മ മുണ്ട് അലക്കാന്‍ പോകുമ്പോള്‍ ഒരു മുത്തപ്പന് ‘കൊടുക്ക’ നേര്‍ച്ച ചെയ്തിരുന്നു. കരിങ്ങാട്ടുമ്മല്‍ കണ്ണന്‍ ആണത് കഴിച്ചത്. വീട്ടിലെ ഏതു കാര്യവും വിശ്വസ്തരെ കൊണ്ടേ ചെയ്യിക്കൂ. പിന്നെ പച്ചമരുന്ന് വെച്ചുകെട്ടി മുറി ഉണങ്ങിയതിനു ശേഷമാണ് രാമക്കുറുപ്പ് വീട്ടില്‍നിന്ന് പോയത്.

ഒരു ദിവസം പോലീസ് ഗുണ്ടകളും വന്ന് ഗോപാലേട്ടനെയും പിടിച്ച് പോയി. വീട്ടില്‍ പണിക്കാര്‍ക്കും മറ്റും ചോറ് കൊടുക്കാനുള്ള സമയമാണ്. അമ്മ ഉടന്‍ തന്നെ ഒരു അരിവാള്‍ എടുത്ത് അവരുടെ പിറകെ ഓടി. അമ്മ പറഞ്ഞു കേസില്ലാത്ത ഇവനെ പിടിച്ചുകൊണ്ട് പോകുന്നത് ചെറുവണ്ണൂരിലെ കോണ്‍ഗ്രസ്സുകാരന്‍ ആയടത്തില്‍ നാരായണക്കുറുപ്പിന്റെ വീട്ടില്‍ കൊണ്ടുപോയി അടിക്കാനാണെന്ന്.. അരിവാള്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു എന്നെ വെടിവെച്ച് കൊന്നിട്ടല്ലാതെ ഇവനെ തൊടാന്‍ സമ്മതിക്കില്ല എന്ന്. പറഞ്ഞപോലെ കുറൂരക്കടവിന് അക്കരെ നാരായണക്കുറുപ്പ് നില്‍പ്പുണ്ടായിരുന്നു. അമ്മയെ കണ്ടപ്പോള്‍ കുറുപ്പ് പോലീസുകാരോട് ആംഗ്യം കാണിച്ച് ഏട്ടനെ വിടാന്‍ പറഞ്ഞു. അമ്മ പറഞ്ഞത് എന്‍റെ മൂത്ത മകനെ ഞാന്‍ നിങ്ങള്‍ക്ക് തന്നിട്ടുണ്ട്. അവന്‍ ജയിലിലാണ്. ഇവനെ തരില്ല. അങ്ങനെ ഗോപാലേട്ടനെയും കൂട്ടി അമ്മ മടങ്ങി.

ഈ കുറിപ്പിന്‍റെ ഓഡിയോ രൂപം കേൾക്കാം. ശബ്ദം നല്‍കിയത് ജ്യോതിലക്ഷ്മി ഉമാമഹേശ്വരൻ

കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്‌

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.