“ജീവിതത്തിന്റെ താളം തെറ്റാൻ ഒരു നിമിഷമോ, ഒരു സംഭവമോ അതോ ഒരു വ്യക്തിയോ മതി. ഒരു വാക്കായോ, ഒരു നോക്കായോ മാറ്റങ്ങൾ പെട്ടെന്നു വരാം…. ഓ, മിസ്റ്റർ മാത്യൂസ് നിങ്ങളായിരുന്നോ?”
കോപാകുലനായി കാണപ്പെട്ട അന്റോണിയോ, വർഷങ്ങളിലൂടെ ആർജിച്ച തപ:ശക്തിയുള്ള, മുൻകോപിയായ ദുർവാസാവിനെപ്പോലെ വാതിൽ തുറന്നു. അയാൾ തന്നെ ശപിച്ചതായി മാത്യൂസിനു തോന്നി. ഒരു വെള്ളിടികൊണ്ടപോലെ തരിച്ചുപോയ അയാളെ നോക്കി അന്റോണിയോ തന്റെ നീണ്ട വെള്ളത്താടി ഒന്ന് തടവി. പിന്നീട് അയാളെ മെല്ലെ അകത്തേക്ക് ആനയിച്ചു. അന്റോണിയോ എന്തിന് തന്നോടിതു പറഞ്ഞുയെന്നു അയാൾക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. അറംപറ്റിപോകല്ലേയെന്നു ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
“ക്ഷമിക്കണം മിസ്റ്റർ മാത്യൂസ്. ഞാൻ മനസ്സിൽ ഒരു നാടകം പരിശീലിക്കുകയായിരുന്നു. മേമ്പൊടിയായി ഒരു ചായയും കുറച്ചു ബിസ്കറ്റുകളും കഴിക്കുകയും. എന്തോ നിങ്ങളെ കണ്ടപ്പോൾ അങ്ങനെ പറയണമെന്ന് തോന്നി. കാരണം ഞാൻ ഒരു പ്രത്യേക മാനസികാവസ്ഥയിലായിരുന്നു. ഞാൻ അതിനെപ്പറ്റി വിശദമായി പറയാം. ഇരിക്കൂ. ഞാൻ ഇന്നു തെറ്റായി എനിക്ക് വന്ന നിങ്ങൾക്കുള്ള കത്ത് അകത്തു പോയി എടുത്തുവരാം. ധൃതിയൊന്നുമില്ലല്ലോ? ആ കത്ത് ഏതോ ആഫ്രിക്കൻ രാജ്യത്തിൽ നിന്നാണെന്നു തോന്നുന്നു. നമുക്ക് കുറച്ചു നേരം സംസാരിച്ചിരിക്കാം. ഞാൻ ഇപ്പോൾ ഒറ്റയ്ക്കെയുള്ളൂ. ഭാര്യ ജോലിക്ക് പോയിരിക്കുകയാണ്. ഞാൻ നിങ്ങൾക്ക് എന്തെങ്കിലും കുടിക്കാനോ കഴിക്കാനോ എടുത്തിട്ട് വരാം”
അതു പറഞ്ഞു അന്റോണിയോ അകത്തേക്ക് പോയി. അന്റോണിയോ ഇറ്റലിക്കാരനും അയാളുടെ അയൽവാസിയുമാണ്. ഇറ്റലിയിൽ നിന്നുള്ളവർ പൊതുവെ സരസസംഭാഷണപ്രിയരാണ്. അവർ തമാശ പറഞ്ഞുകൊണ്ടേയിരിക്കും. അവിടുത്തെ ആണുങ്ങൾ നമ്മളെ പോലെ പുരുഷാധിപത്യം കണ്ടു ശീലിച്ചതുകൊണ്ട്, അതിനെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നതുകൊണ്ട്, അതു തുടർന്നും വേണമെന്ന് ആഗ്രഹിക്കുന്നു. അതിൽ തെറ്റില്ല എന്ന് പുറത്തു പറയാൻ പറ്റില്ല.ആരുടെ കത്തായിരിക്കും? എന്തിനായിരിക്കും അന്റോണിയോ തന്നോട് അങ്ങനെ പറഞ്ഞത്? ആഫ്രിക്കയിൽ നിന്നുള്ള കത്തോ? അതോ മലാവിയിൽ നിന്നായിരിക്കുമോ? താൻ ജനിച്ചു വളർന്നതു മലാവിയിലായിരുന്നല്ലോ? അവിടെ നിന്ന് ആരാണ് തനിക്ക് കത്തയാക്കാനുള്ളത്? എന്തോ അയാളുടെ മനസ്സിൽ ഒരു ആധി രൂപം കൊണ്ടുതുടങ്ങിയിരുന്നു.
അവിടെയുള്ള കടുംനീല സോഫയിൽ അയാൾ അമർന്നിരുന്നു, പിന്നെ അല്പം നീങ്ങി പുറകോട്ടു ചാരി. വൃത്തിയായി അലങ്കരിച്ചിരുന്ന ഇളം തണുപ്പുള്ള ആ സ്വീകരണമുറിയുടെ അന്തരീക്ഷം അയാളുടെ മനസ്സിലെ തീയണക്കാൻ ആവുന്നത്ര ശ്രമിച്ചു കൊണ്ടിരുന്നു. ഡെമോക്ലസിന്റെ വാൾ തന്റെ തലയ്ക്ക് മെലെ തൂങ്ങിയാടുന്നതുപോലെ അയാൾക്ക് തോന്നി. എന്തോ ദുരന്തം അടുത്തു വരുന്നതുപോലെ. തന്റെ ഹൃദയമിടിപ്പ് കൂടിവരുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.
അന്റോണിയോ ഒരു പ്ലേറ്റിൽ കുറച്ചു കുക്കിയും ഗ്ലാസിൽ ഓറഞ്ച് ജ്യൂസുമായി തിരിച്ചു വന്നു.
“കഴിച്ചാട്ടെ മിസ്റ്റർ മാത്യൂസ്, ഇന്ന് ജോലിയുണ്ടായിരുന്നില്ലേ?” നിങ്ങൾ വരുമ്പോൾ ഈ കുക്കിയായിരുന്നു ഞാൻ കഴിച്ചു കൊണ്ടിരുന്നത്. ഇത് ഞാൻ ഉണ്ടാക്കിയതാണ്. എനിക്ക് ഇതിനെപ്പറ്റി നിങ്ങളോട് വളരെ മുൻപേ തന്നെ പറയണമെന്നുണ്ടായിരുന്നു. നിങ്ങൾ നല്ലൊരു എഴുത്തുകാരനല്ലേ. ചിലപ്പോൾ ഈ ഒരു വിഭവം നിങ്ങളെ എഴുതുമ്പോൾ സഹായിച്ചേക്കാം. ഞങ്ങൾക്ക് ഇങ്ങനെയൊക്കെയല്ലേ നിങ്ങളെ സഹായിക്കാൻ പറ്റൂ.” അന്റോണിയോ സ്നേഹമയനായ ആതിഥേയനായി മാറികഴിഞ്ഞിരുന്നു.
“ഇല്ല, ഇന്നവധിയായിരുന്നു” അയാൾ കൂടുതൽ വിശദീകരിക്കാൻ ആഗ്രഹിച്ചില്ല. കത്തും അതിന്റെ ഉത്ഭവവും അയാളുടെ തലയ്ക്കു പിടിച്ചിരുന്നു. ഒരു കുക്കിയെടുത്ത് കഴിച്ചപ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത ഒരു സുഖം തോന്നി. നല്ല സ്വാദുള്ള സ്വല്പം ”കറുമുറു’ ആയ ഭംഗിയുള്ള കുക്കി. എവിടെയോ പരിചയമുള്ള സ്വാദ്പോലെ. ആലോചിച്ചു നോക്കിയപ്പോൾ കിട്ടുന്നില്ല. പക്ഷേ എവിടെയോ എന്നോ തനിക്കറിയുന്നതാണ് എന്നൊരു തോന്നൽ അയാളെ പിടികൂടി. അന്റോണിയോവിനെ നോക്കി ചിരിച്ചു അയാൾ ഒന്ന് കൂടിയെടുത്തു. പിന്നെ അല്പം ചമ്മൽ തോന്നിയത് കൊണ്ട് അവരുടെ ചുമരിൽ തൂക്കിയിട്ടിരുന്ന കല്യാണഫോട്ടോയിലേക്ക് നോക്കി ഒന്ന് കൂടിയെടുത്തു. അന്റോണിയോ അതുകണ്ടു മെല്ലെ ഒന്നു മുരടനക്കി.
“കുക്കി കഴിച്ചതു മതിയാക്കൂ. വീട്ടിലേക്കു തിരിച്ചു പോകേണ്ടതല്ലേ? ഓറഞ്ച് ജ്യൂസ് കുടിച്ചാട്ടെ. ഞാൻ പോയി നിങ്ങളുടെ പേരിലുള്ള ആഫ്രിക്കയിൽ നിന്നുള്ള ആ ദിവ്യ കത്തെടുത്തു വരാം.” അതു കേട്ട് അയാളുടെ മുഖം അപമാനത്താൽ ആദ്യം ചുവന്നു, പിന്നെ കറുത്ത് കരുവാളിച്ചു. അത് ശരീരഭാഷയിലും കാണാമായിരുന്നു. അയാളുടെ ഭാവപ്പകർച്ച കണ്ടു അന്റോണിയോ പറഞ്ഞു.
“വരൂ , ഒരു കാര്യം ഞാൻ കാണിച്ചു തരാം. ഇതു പുറത്താരോടും കൊട്ടിഘോഷിക്കണ്ട കേട്ടോ. എനിക്ക് മിസ്റ്റർ മാത്യൂസിനെ വിശ്വസിക്കാമെന്നു തോന്നുന്നു.” പ്രധാന അധ്യാപകന്റെ പിറകെ നടക്കുന്ന അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അയാൾ അന്റോണിയോയുടെ പുറകെ ചെന്നു. അകത്തുള്ള രണ്ട് മുറി കഴിഞ്ഞു പിന്നെ അവർ വലിയ ജനവാതിലുകളുള്ള നല്ല സൂര്യവെള്ളിച്ചമുള്ള വീടിനു പുറകിലുള്ള ഒരു മുറിയിലെത്തി.
” മാത്യൂസ്, ഇങ്ങോടു നോക്കൂ” അന്റോണിയോ ചൂണ്ടികാണിച്ച സ്ഥലത്തേക്ക് അയാൾ നോക്കി. നാല് ചട്ടികളിൽ ഓരോ ചെടികൾ അവരെ നോക്കി ചിരിക്കുന്നു. ഒറ്റനോട്ടത്തിൽ എവിടെയോ കണ്ടു പരിചയമുണ്ടെന്നു അയാൾക്ക് തോന്നി. പണ്ട് ഇടുക്കിക്കാരൻ ബെന്നിയുടെ വീട്ടിൽ പോയപ്പോൾ തൊടിയിൽ കണ്ട അതെ ചെടികൾ. അതെ ഇലകൾ.
“നമുക്ക് കാനഡയിൽ നാല് ചെടികളെവരെ അനുവാദമെടുത്തു വളർത്താമെന്നു തോന്നുന്നു. ഞാൻ അതെടുത്തിട്ടില്ല. അത് കൊണ്ടു മിസ്റ്റർ മാത്യൂസ് ആരോടും പറയാൻ നിൽക്കണ്ട. ഇതിന്റെ പൂവും ഇലകളും എടുത്ത് പുകയ്കാൻ ഉപയോഗിക്കാം. ഇലകളും തണ്ടുംകൊണ്ട് നെയ്യോ ഓയിലോയുണ്ടാക്കി കുക്കിയിലോ കേക്കിലോ പിന്നെ നിങ്ങളുടെ പലഹാരങ്ങളിലോ പായസത്തിലോ എന്തിൽ വേണമെങ്കിലും ചേർക്കാം. മിതമായി ഉപയോഗിച്ചാൽ മതി. ഉപയോഗിക്കാനും അതിന്റെ അളവു നിശ്ചയിക്കാനും അറിയണമെന്നു മാത്രം. അത്ര തന്നെ.”
അന്റോണിയോ ഒരു രസതന്ത്ര അദ്ധ്യാപകനെപോലെ നിറുത്താതെ സംസാരിച്ചു.
“നിങ്ങൾ എഴുത്തുകാരനല്ലേ? ഭാവന ഇറങ്ങിവന്ന് എഴുതാൻ നിങ്ങളുടെ കൂടെയിരിക്കും. ഇതു ശുദ്ധമാണ്. കെമിക്കലായിട്ടൊന്നുമല്ലല്ലോ? ഓർഗാനിക്കാണ്, പ്രകൃതിയുടെ വരദാനമാണ്. ഉപയോഗത്തിൽ മിതത്വവും മരുന്നുപോലെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിവും വേണമെന്നു മാത്രം. കാനഡ ഗവണ്മെന്റ് ഇതിനു ഇപ്പോൾ നിയമത്തിന്റെ പരിരക്ഷ കൊടുത്തിട്ടുണ്ട്. ഇതിന്റെ ഉപയോഗം ഇവിടെ പണ്ടേയുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ കടകളിലൂടെ നികുതിയടച്ചു വാങ്ങിക്കാമെന്നുമാത്രം. പണ്ട് കോടികളുടെ ബിസ്സിനസ് ഗവണ്മെന്റ് അറിയാതെ പുറത്തു നടന്നിരുന്നു. അങ്ങനെയെങ്കിലും ഇതു വിറ്റുണ്ടാകുന്ന ഭീമമായ നികുതി ഗവണ്മെന്റിനു കിട്ടുമല്ലോ.”
അന്റോണിയോ ഫ്രിഡ്ജിന്റെ പുറത്തുനിന്നും അയാൾക്ക് ഒരു ബ്രൗൺ കവറെടുത്തു കൊടുത്തു. അപ്പോൾ ഉത്തരത്തിൽ എവിടെയോ ഒരു പല്ലി ചിലച്ചതായി അയാൾക്ക് തോന്നി. ആ ബ്രൗൺ കവറിന്റെ അഡ്രസ്സ് നോക്കിയപ്പോൾ ഒരു പരിചിത കയ്യക്ഷരമായി അയാൾക്ക് തോന്നി. പുറകിലേക്ക് മറിച്ചു നോക്കിയപ്പോൾ മലാവിയിൽനിന്നുമാണ്. അതു മാർത്തയുടേതാണ്. ഒരു കാലത്ത് അയാളുടെ എല്ലാമെല്ലാമായിരുന്ന മാർത്ത!
അയാൾക്ക് കൈകാലുകൾ തളരുന്നതുപോലെ തോന്നി. പത്തിരുപത്തിയഞ്ചു കൊല്ലമായിക്കാണണം. അവൾ ഇപ്പോൾ എന്തിന് ഇതെഴുതണം? മനസ്സിൽ ഭീതിയുടെ മുഖമില്ലാത്ത കോമരങ്ങൾ പെരുമ്പറ മുഴക്കി നിറഞ്ഞാടുന്നു. അയാൾ കണ്ണുകൾപൂട്ടി തിരികെവന്നു സോഫയിൽ ചാരിയിരുന്നു. നെഞ്ചത്താരോ ഒരു കല്ല് എടുത്തു വെച്ചതുപോലെ അയാൾക്ക് തോന്നി. ശ്വാസം കഴിക്കാൻ വിഷമം തോന്നുന്നു. കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ.
“മിസ്റ്റർ മാത്യൂസ്, എല്ലാം ഓക്കേയാണോ? ഞാൻ പറഞ്ഞതല്ലെ ശ്രദ്ധിക്കണമെന്ന്. കുക്കി കൂടുതൽ കഴിക്കാൻ പാടില്ലായെന്ന്. ആദ്യമായിട്ടാകുമ്പോൾ ചിലപ്പോൾ ശരീരത്തിനു ഭാരക്കുറവ് അനുഭവപ്പെടാം. ഞാൻ ലക്ഷ്മിയോട് ഇനി എന്തു പറയും?” അന്റോണിയോ പരിഭ്രാന്തനായി.
“എനിക്ക് കുറച്ചു വെള്ളം തരാമോ? ഞാൻ ഓക്കെയാണ്. ഒന്ന് ഫാർമസിവരെ പോകണം. അമ്മയുടെ മരുന്ന് വാങ്ങാൻ. ഞാൻ മറന്നു പോയി.” ചില സന്ദർഭങ്ങളിൽ കള്ളം സത്യത്തിന്റെ ഗുണം ചെയ്യും. ഒരു പൊടിക്ക് ആവാം. അതിൽ തെറ്റില്ല. അയാൾക്ക് വിഷമം തോന്നിയെങ്കിലും അവിടെ നിന്ന് ഉടനെ ഇറങ്ങാൻ വേറെ മാർഗമില്ലായിരുന്നു. അയാൾ ഒന്ന് നെടുവീർപ്പിട്ടു, വെള്ളം കുടിച്ചെന്ന് വരുത്തി അവിടെനിന്നും ഇറങ്ങി.
വീട് തൊട്ടടുത്തായതുകൊണ്ട് ഒരു മിനുട്ടുപോലും എടുത്തില്ല. അയാൾ വീടിന്റെ വാതിൽ തുറന്നു കയറി നേരെ പോയത് ബാത്ത്റൂമിലേക്കാണ്. ഈ തിരക്കുപിടിച്ച ക്രൂരമായ ലോകത്ത് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് അത്. നല്ലതും ചീത്തയുമായ പഴയ ഓർമ്മകളെ തിരിച്ചുകൊണ്ടുവന്നു അയവിറക്കാം പിന്നെ ഇനി ഭാവിയിൽ ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു ഒരു പ്ലാൻ തയ്യാറാക്കാം. അവിടേയ്ക്ക് ആരും ശല്യം ചെയ്യാൻ വരില്ല എന്നുറപ്പുണ്ട്. എല്ലാവർക്കും ഈ ലോകത്തിൽ ഏറ്റവും മന:സമാധാനം കിട്ടുന്ന പുണ്യഭൂമിയാണവിടം!
മലാവിയിൽനിന്നുള്ള ആ കത്ത് അയാളുടെ കൈയ്യിൽ കിടന്നു വിറച്ചു. അവിടെ കഴിഞ്ഞുപോയ ജീവിതത്തിന്റെ ഓർമ്മകളെ, മരണാനന്തരകർമ്മങ്ങൾ ചെയ്തു കുടത്തിലാക്കി വെച്ച ഭൂതത്തെ, ആരോ ഇപ്പോൾ തുറന്നു വിട്ടതുപോലെ. സംഭവിക്കേണ്ടതു സംഭവിച്ചേപറ്റൂ. നേരിടുക തന്നെ. അതിൽ വിഷമിച്ചിരുന്നിട്ടു കാര്യമില്ല. പെട്ടന്ന് മലക്കംമറിഞ്ഞു വരുന്ന കാര്യങ്ങളിൽ നഷ്ടപ്പെടാൻ എന്തെങ്കിലും ആർക്കെങ്കിലുമുണ്ടെങ്കിൽ അതു തനിക്ക് മാത്രമാണ് എന്ന് അയാൾ തിരിച്ചറിഞ്ഞു. പേടി അയാളെ മെല്ലെ ഗ്രസിച്ചുകൊണ്ടിരുന്നു. വിറക്കുന്ന കൈകളോടെ കത്ത് പൊട്ടിച്ച് വായിച്ചു. അഞ്ച് വരിയെ അതിലുണ്ടായിരുന്നുള്ളൂ. കയ്യെഴുത്തായിരുന്നു. അയാളുടെ ഒരു സമയത്ത് എല്ലാമെല്ലാമായിരുന്ന മാർത്തയുടെ ഭംഗിയുള്ള കൈയക്ഷരം!
“മാത്യൂസ്, ഞാൻ മരണശയ്യയിലാണ്. നമ്മുടെ മകൾ ഗ്രേയ്സിന്റെ കാര്യം തീർപ്പാക്കേണ്ടതുണ്ട്. ഉടനെ പുറപ്പെടണം. ഞാൻ ലിലോങ്വിയിലുള്ള കമുസു സെൻട്രൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. എന്നും എപ്പോഴും നിന്റെ മാത്രമായിരുന്നു ഞാൻ. മാർത്ത”.

മനസ്സിൽ തീ ആളികത്തി. ശരീരം തളരുന്നതുപോലെ തോന്നി. ആകെ ഒരു വിമ്മിഷ്ടം. നല്ല നാളുകൾ അവസാനിക്കാറായിരിക്കുന്നു. എല്ലാം ഇപ്പോൾ തീരും! അന്റോണിയോയുടെ അല്ല ദുർവാസാവിന്റെ ശാപം ഏറ്റിരിക്കുന്നു. ഇനി ഇതിനു ശാപമോക്ഷമുണ്ടോ, അയാൾ ഇരുന്നഇരിപ്പിൽ വിയർത്തു. കുറച്ചു നേരം അതുംനോക്കി അവിടെത്തന്നെയിരുന്നു.
കേറിവരുമ്പോൾ അയാളുടെ എൺപത്തിയഞ്ചു വയസ്സായ, വെള്ളക്കാരിയായ അമ്മ ഊൺമേശയ്ക്ക് അടുത്ത് ആടുന്ന ചാരുകസേരയിൽ അവരുടെ ഇഷ്ടമുള്ള വിനോദമായ അലങ്കാരത്തയ്യൽ ചെയ്തു കൊണ്ട് ഇരിപ്പുണ്ടെന്നു അയാൾ ശ്രദ്ധിച്ചിരുന്നു. അകത്തേക്ക് വരുന്നത് അവർ കണ്ടിട്ടുണ്ട്. ചായയും കൂടെ കുടിക്കുകയാണെന്നു തോന്നുന്നു. കുറച്ചു നേരം ഇനി തന്നെ കണ്ടില്ലെങ്കിൽ അന്വേഷിച്ചു വരുമെന്നു അയാൾക്ക് ഉറപ്പാണ്. അതു ഒഴിവാക്കണമെന്നുണ്ടെങ്കിൽ ഇവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് പോയേ പറ്റൂ. അയാൾ എഴുന്നേറ്റു അമ്മയുടെ അടുത്തേക്ക് ചെന്നു.
“ബ്രിട്ടീഷുകാർക്ക് ഒരു ചായയുടെ കൂടെ എപ്പോഴും ഒന്നോ രണ്ടോ ബിസ്കറ്റോ കുക്കിയോ കഴിക്കുന്ന ശീലമുണ്ട്.” അമ്മ അയാളുടെ മുഖത്ത് നോക്കാതെ ഒരു അശരീരിപോലെ വിളംബരം ചെയ്തു. അതു തനിക്കുള്ള ഒരു സന്ദേശമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. ഒരു കവിൾ ചായകുടിച്ച് അമ്മ അയാളെ നോക്കി ഒരു വളിച്ച പുഞ്ചിരി പാസാക്കി. ബ്രിട്ടീഷുകാർ സംസാരിക്കുമ്പോഴോ ചിരിക്കുമ്പോഴോ മേൽചുണ്ട് അനങ്ങാറില്ല. അതു കൊണ്ടുതന്നെ ചിരിക്കുമ്പോൾ അതു ഹൃദയത്തിൽ നിന്നല്ലായെന്ന് തോന്നും. അതെ, അയാളുടെ അമ്മ ഒരു ബ്രിട്ടീഷുകാരിയാണ്. അച്ഛൻ നല്ല ഒന്നാംതരം തലശ്ശേരി തീയ്യതറവാട്ടിൽ നിന്നാണ്. തലശ്ശേരി തീയ്യന്മാർ സുന്ദരന്മാരും സുന്ദരികളുമാണ്. അയാളുടെ അച്ഛൻ സുന്ദരനാണ്. അവർ കണ്ടു മുട്ടിയത് മലാവിയിൽനിന്നാണ്. സങ്കരം സുന്ദരമാണ്.
അയാൾ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു. അടുക്കള എന്നും അയാൾക്ക് ഒരു അപരിചിതലോകമാണ്. കാരണം അയാളുടെ ഭാര്യ ലക്ഷ്മി ഒരു സൂപ്പർ കുക്കും പിന്നെ ആ വീടിന്റെ എല്ലാമെല്ലാമാണ്. അയാളെ അടുക്കളയിലോട്ടു കയറ്റാറില്ല. അങ്ങനെ പറഞ്ഞാൽ ശരിയാവില്ല. പിന്നെയോ? അയാൾ ഒരിക്കൽപോലും അങ്ങോട്ടു പോകാറില്ലായിരുന്നു. അതുകൊണ്ടു തന്നെ അടുക്കളയുടെ അസ്തിത്വം അയാൾക്ക് അന്യമായിരുന്നു. ഇന്നലെ ലക്ഷ്മി അവളുടെ കൂട്ടുകാരികളെ വീട്ടിൽ വിളിച്ചു സൽകരിച്ചിരുന്നു. അപ്പോൾ ചായക്ക് എടുത്ത ബിസ്‌ക്കറ്റിന്റെ ബാക്കി വല്ലതുമുണ്ടോ എന്ന് നോക്കാമെന്ന് മനസ്സ് പറഞ്ഞു.അയാൾ മനസ്സില്ലാമനസ്സോടെ അങ്ങോട്ടു ചെന്നു.
മാർത്തയുടെ ഓർമ്മകൾ തിരച്ചിലിനു ഒരു പുകമറ സൃഷ്ടിച്ചുകൊണ്ടിരുന്നു. അവളുടെ സാമിപ്യം അടുക്കളയിൽ നിറഞ്ഞു നിന്നതായി അയാൾക്ക് അനുഭവപ്പെട്ടു. അടുക്കളക്ക് കമുസു ആശുപത്രിയുടെ നിറവും മണവും വന്നു ചേർന്നു. അവളെ വിട്ട് ഇരുപത്തിയഞ്ചു കൊല്ലം മുൻപേ ഇംഗ്ലണ്ടിലേക്ക് പറന്നപ്പോൾ അവൾ ഗർഭിണിയായിരുന്നില്ല. ഒരു പക്ഷേ അന്ന് അറിയാതെപോയതാണോ? അതോ അവൾ തന്നെ വിഷമിപ്പിക്കാതെയിരിക്കാൻ മറച്ചുവെച്ചതോ? അതോ അവൾ കള്ളം പറയുകയാണോ? അങ്ങനെയാണെങ്കിൽ അവൾക്ക് ഇത്രയും കാത്തിരിക്കേണ്ട ആവശ്യമില്ലല്ലോ? ഇല്ല, അവളെ സംശയിച്ചു കൂടാ. അവൾ നല്ലവളാണ്… അയാളുടെ മനസ്സ് കുറ്റബോധം കൊണ്ട് വിങ്ങിപൊട്ടി.
മനസ്സിന്റെ വിങ്ങലും പേടിയും കൂടിവരുന്നു. അമ്മയുടെ മുന്നിൽ നിന്ന് അഭിനയിക്കുമ്പോൾ പിടിക്കപ്പെടാതെ നോക്കണം. അമ്മയും ഭാര്യയും അറിഞ്ഞു കഴിഞ്ഞാൽ എല്ലാം ഒരു ചീട്ടു കൊട്ടാരംപോലെ തകരുമെന്നു അയാൾക്കറിയാമായിരുന്നു. ജീവിതം എന്തു എളുപ്പത്തിൽ പരിക്കേൽക്കാവുന്ന സ്പടികവിഗ്രഹമാണ്! എപ്പോൾ വേണമെങ്കിലും തകിടം മറിയാം.
ഒരു അടച്ചുവെച്ച പ്ലാസ്റ്റിക് പാത്രത്തിൽ നിന്നും കവറുപൊട്ടിച്ച ബിസ്ക്കറ്റിന്റെ മഞ്ഞ പായ്ക്ക് അയാൾ പുറത്തേക്ക് എടുത്തു. അകത്തു അഞ്ചാറെണ്ണം കാണുമായിരിക്കും. ഒന്ന് എടുത്തു അയാൾ കഴിച്ച് നോക്കി. കൊള്ളാം. തണുത്തു പോയിട്ടില്ല. അയാൾ അതെടുത്തു അമ്മയുടെ അടുത്തേക്ക് ചെന്നു. അയാളുടെ മനസ്സ് പുകഞ്ഞു കൊണ്ടിരുന്നു. ചിന്തകൾ പിറവിയെടുത്തു പിന്നെ അവ ചിറകുകൾ മെല്ലെ അനക്കിതുടങ്ങി. അയാൾ അമ്മയ്ക്ക് ബിസ്ക്കറ്റ് കൊടുത്തു പിന്നെ അടുത്തുള്ള കസേരയിൽ ഇരുന്നു. മുന്നിലുണ്ടായിരുന്ന പത്രമെടുത്തു വായിക്കുന്നതുപോലെ അഭിനയിച്ചുകൊണ്ട് അയാൾ തന്റെ മുഖം മറച്ചു. അയാൾ മാർത്തയെക്കുറിച്ചുള്ള ചിന്തകളിലേക്ക് അറിയാതെ വഴുതി വീണു. ഒരു കാലത്ത് അവളായിരുന്നു അയാൾക്കെല്ലാം. ഓർമ്മകൾ പൊടിപിടിച്ചു കിടന്നിരുന്ന മനസ്സിന്റെ അകത്തളങ്ങളിലെ രഹസ്യഅറകളിലെ ചിത്രപ്പൂട്ട് പൊളിച്ചു പുറത്തേക്ക് വന്നുകൊണ്ടിരുന്നു.
മാർത്തയെ അയാൾ കാണുന്നത് എട്ടാം ക്ലാസ്സിൽ വെച്ചായിരുന്നു. കറുത്ത് മെലിഞ്ഞ സുന്ദരിയായ ഒരു മലാവി പെൺകുട്ടി. തിളങ്ങുന്ന കണ്ണുകളുള്ള നിശ്ചയദാർഢ്യത്തിന്റെ ശരീരഭാഷയുള്ള മാർത്ത. അന്ന് മുതലേ അവർ കൂട്ടായിരുന്നു. പതിനഞ്ചു വയസ്സായിരിക്കുമ്പോളാണെന്ന് തോന്നുന്നു, അനുരാഗം മൊട്ടിട്ടുന്നത് അയാളും അവളും തിരിച്ചറിഞ്ഞിരുന്നു. എപ്പോഴും അവളുടെ സാമിപ്യം വേണമെന്ന് അയാൾക്ക് തോന്നിയിരുന്നു. അവൾക്കും ഒരുപക്ഷെ അങ്ങനെ തോന്നിയിരിക്കാം. അവളെ ആദ്യമായി ചുംബിച്ചത് അയാൾക്ക് ഇപ്പോഴും നല്ല ഓർമ്മയുണ്ട്. രാത്രി സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ നടക്കുകയായിരുന്നു. ആരൊക്കെയോ പാടുന്നു ഡാൻസ്ചെയ്യുന്നു. അവർ രണ്ടുപേരും കൈകോർത്തു ഹാളിന്റെ ഒരു മൂലയ്ക്കിരുന്നു. രാത്രി അവളെ വീട്ടിൽ കൊണ്ടാക്കാൻ പോയപ്പോൾ വഴിയിൽ ഇരുട്ടിൽ അയാൾ അവളെ കൈപിടിച്ച് ആരും കാണാതെ ഒരു മരത്തിന്റെ പുറകിലേക്ക് കൊണ്ടുപോയി. അയാൾ അവളെ ചേർത്തുപിടിച്ചു. ഒരു വൈദ്യുതി പ്രവാഹമേറ്റതുപോലെ അവരുടെ ശരീരങ്ങൾ വിറച്ചു. കടുത്ത പനിപോലെ ചൂട് കൊണ്ടു ശരീരം വീർപ്പുമുട്ടി. അയാളുടെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ പുൽകാൻ കോപ്പുകൂട്ടി. രണ്ട് പേരുടെയും നിശ്വാസങ്ങൾ ഒന്നായവേളയിൽ അയാൾ അവളുടെ ചുണ്ടുകളിൽ ചുംബിച്ചു. അവൾ തണുപ്പ് വെള്ളത്തിൽ മുങ്ങി നിവർന്നതുപോലെ നിന്നു വിറച്ചു.അയാളെ അള്ളിപ്പിടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അപ്പോൾ അയാൾക്ക് മനസ്സിലായില്ല. എന്നിട്ടും അയാൾ അവളെ പിന്നെയും പിന്നെയും നിറുത്താതെ ചുംബിച്ചുകൊണ്ടിരുന്നു.
“മാത്യുസേ,” അമ്മയാണ്.
ബിസ്ക്കറ്റും കയ്യിൽപിടിച്ചു അമ്മ അയാളെത്തന്നെ നോക്കുകയായിരുന്നു. അയാൾ പത്രം താഴെ വെച്ചു അമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്നു. ചായയിൽ മുക്കി നനഞ്ഞു കുതിർന്ന ബിസ്ക്കറ്റ് വായിലിട്ടു ചവക്കുമ്പോൾ അമ്മ കണ്ണുകൾ അടച്ചു പുറക്കോട് ചാരിക്കിടന്നു. കടന്നു പോകുന്ന നിമിഷങ്ങളെ ആസ്വദിച്ചാഘോഷിക്കുന്ന നിർവൃതി അമ്മയുടെ മുഖത്ത് അപ്പോൾ വിളയാടുന്നുണ്ടായിരുന്നു. ന്യാസ തടാകത്തിന്റെ കരയിലുള്ള ചിപോക ടൗണിൽ സബ്കളക്ടറുടെ ഓഫീസിൽ സെക്രട്ടറിയായി അമ്മ പത്തിരുപതു കൊല്ലത്തോളം ജോലി ചെയ്തിരുന്നു. അവിടെവെച്ചാണ് ബിസിനസ്സ് ചെയ്യാൻ അവിടേക്കു വന്ന തലശ്ശേരിക്കാരൻ പ്രഭാനന്ദൻ, സാറ എന്ന മദാമ്മയെ കണ്ടതും പ്രണയിച്ചതും പിന്നെ കല്യാണം കഴിച്ചതും.
പണ്ട് സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടന്റെ അധിനിവേശത്തിലായിരുന്ന രാജ്യം ന്യാസാലാൻഡ് എന്ന പെരുമാറ്റി ഇന്ന് അതു മലാവിയാണ്.അച്ഛന്റെ മരണത്തിനുശേഷം ആയിരത്തിതൊള്ളായിരത്തിതൊണ്ണൂ റ്റിഒമ്പതു ഏപ്രിലിൽ ഞങ്ങൾ കാനഡയിലേക്ക് കുടിയേറി. മലാവിയുടെ സമ്പത്ത് ഊറ്റിക്കുടിക്കുവാൻ വേണ്ടിയാണ് ബ്രിട്ടീഷുകാർ അവിടേക്കു വന്നത്. ലോകത്തിലുള്ള അവരുടെ കോളനികൾക്കെല്ലാം ഒരേ കഥയാണ് പറയാനുള്ളത്. സ്വന്തം നാട്ടിൽ ബ്രിട്ടീഷുകാരുടെ കീഴിൽ അടിമകളായിട്ട് ജോലിചെയ്യ്ത കഥകളാണ് എല്ലാവർക്കും പറയാനുള്ളത്. കോളനികളിലെ എല്ലാ സമ്പത്തും ബ്രിട്ടീഷുകാർ അവരുടെ നാട്ടിലേക്കു കടത്തി ക്കൊണ്ടുപോയി. അവിടുത്തെ ആളുകൾ നല്ലവരാണ്. സമാധാനപ്രിയരാണ്. അതുകൊണ്ടാണ് ഇപ്പോഴും മലാവി, ആഫ്രിക്കയുടെ ഊഷ്മളഹൃദയമെന്നു പുറത്തു അറിയപ്പെടുന്നത്.
“മോനെ, നീ ടെൻഷനിലാണെന്നു തോന്നുന്നു. എനിക്ക് നിന്നെ കണ്ടാൽ അറിയില്ലേ?” അമ്മയുടെ മുൻപിൽ മറച്ചു വെയ്ക്കാൻ സാധ്യമല്ല. മുഖം ഒന്ന് മാറിയാൽ അവർ അറിയും. അമ്മയുടെ പുറകെയുള്ള വലിയ കണ്ണാടിക്കടുത്തുള്ള ചുവന്ന വലിയ സുഗന്ധം ഒഴുകുന്ന അലങ്കാരമെഴുകുതിരിയെ അയാൾ ഒന്നു നോക്കി. അതിന് മാത്രമേ തലക്ക് തീപിടിച്ചു നിൽക്കുമ്പോളും ശരീരവും മനസ്സും ശാന്തതയോടെ നിലനിർത്താൻ സാധിക്കുകയുള്ളൂ!
‘ഒന്നുമില്ലമ്മേ’ എന്ന് പറയണമെന്നുണ്ടായിരുന്നു.
അപ്പോഴാണ് പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടത്. അയാൾ എഴുന്നേറ്റു ചെന്നു സ്വീകരണമുറിയുടെ ജനലിൽ കൂടി പുറത്തേക്ക് എത്തിച്ചുനോക്കി. അതു ലക്ഷ്മിയാണ്. അവളെന്താണ് ഈ നേരത്ത്? ഇന്ന് ഓഫീസില്ലേ? എല്ലാം തകിടം മറിയുകയാണോ, ഈശോയേ! അവൾ വന്നപാടെ കാറിന്റെ താക്കോൽ മേശമേൽ എറിഞ്ഞു പിന്നെ അവരുടെ ബെഡ്‌റൂമിലേക്കു പോയി. എന്തോ പന്തികേടുണ്ടെന്നു തോന്നുന്നു. അയാളും അമ്മയും പരസ്പരം മുഖത്തോട് നോക്കി. പ്രശ്നങ്ങൾ കൂടുകയാണല്ലോ… അയാൾ ആകെ അസ്വസ്ഥനായി.
അയാൾ മെല്ലെ അവരുടെ കിടപ്പുമുറിയില്ലേക്ക് ചെന്നു. അവൾ വസ്ത്രം മാറ്റുകയായിരുന്നു. തനിക്ക് മലാവിയിലേക്ക് പോകേണ്ടത് അവളോട് അവതരിപ്പിച്ചേ പറ്റൂ. അയാൾ അവളെ പുറകിൽ നിന്നും ചുറ്റി വരിഞ്ഞു. അവളുടെ കഴുത്തിനുപുറകിൽ ഒന്ന് ചുംബിച്ചുകൊണ്ട് അയാൾ പതുക്കെ പറഞ്ഞു.
“എനിക്ക് നമ്മുടെ മലാവിയിൽ നിന്നു ഫ്രാൻസിസിന്റെ ഫോൺ വന്നിരുന്നു. എന്റെ ഹൈസ്കൂളിൽ പണ്ട് ഒന്നിച്ചു പഠിച്ച കുട്ടികളുടെ സംഗമമുണ്ട്. എന്നോട് ഇന്ന് രാത്രിതന്നെ തിരിക്കാൻ അവൻ പറയുന്നു. ഇതിനുമുൻപേ വിളിക്കാൻ മറന്നു പോയതായിരുന്നു. ആരെയോ ഏല്പിച്ചതാണത്രെ വിളിക്കാൻ. പക്ഷേ വിട്ടുപോയി. അതുകൊണ്ടാണ് ഇപ്പോൾ അവസാനനിമിഷം വിളിക്കുന്നത്. നാലു ദിവസം മാത്രം. ഇതാ പോയി, ഇതാ വന്നു. നീ ഓ കെ യല്ലേ?” ഒറ്റശ്വാസത്തിൽ അയാൾ അതു പറഞ്ഞുകൊണ്ടു അവളെ നോക്കി. അവളെ വിശ്വസിപ്പിക്കാൻ കഴിയുന്നത്ര അഭിനയിച്ചുകൊണ്ടാണ് അത് അവതരിപ്പിച്ചത്. വിശ്വസിച്ചെങ്കിലും അവളിൽ നീരസം കുരുപൊട്ടിയെന്നു അയാൾക്ക് തോന്നി.
“പോകണ്ടായെന്നു ഞാൻ പറഞ്ഞാൽ മാത്യൂസ് പോകാതിരിക്കുമോ? വെറുതെ ഒരു നാടകം, വാക്കിലും ത്വക്കിലും സ്നേഹം പ്രകടിപ്പിക്കുമ്പോഴേ എനിക്ക് അറിയാമായിരുന്നു എന്തോ വരുന്നുണ്ടെന്ന്. ഞാൻ ഇന്നു അരദിവസം ലീവെടുത്തു. ബോസുമായിട്ട് ഒരു കശപിശ….
പോകാനുള്ള ടിക്കറ്റ് എടുത്തോ? ഞാൻ ബാഗ് ശരിയാക്കി വെക്കാം.” അയാൾ അവളെ നോക്കി പിന്നെ തന്റെ കണ്ണുകൾ അടച്ചു. മനസ്സിൽ അൾതാരയ്ക്കു മുൻപിൽ മെഴുകുതിരി കത്തിച്ചു. ഈശോ, എന്നോട് നീ എപ്പോഴും കരുണയുള്ളവനായിരുന്നു. എന്നോട് പൊറുക്കേണമേ!
മാർത്തയാണെങ്കിലും ലക്ഷ്മിയാണെങ്കിലും തന്നെ സ്നേഹിക്കാനേ അവർക്കറിയാമായിരുന്നുള്ളൂ എന്നത് അയാളിൽ കുറ്റബോധം ആളിക്കത്തിച്ചു. മനസ്സിൽ പാപക്കറകൾ മായാതെ നിൽക്കുന്നു. അയാൾ മെല്ലെ അവരുടെ കിടപ്പുമുറിയുടെ പുറത്തേക്ക് വന്നു.
ഇവിടെ നിന്നും നേരെ മലാവിയിലേക്ക് പോകാൻ വിമാനമില്ല. ഒന്ന് രണ്ടു എയർപോർട്ടുകൾ കയറിയിറങ്ങണം. ടിക്കറ്റ് ഏജൻസിയെ ഒന്ന് വിളിക്കണമെന്ന് അയാൾ ഓർത്തു. മക്കൾ രണ്ടുപേരും യൂണിവേഴ്സിറ്റിയിലാണ്. അവർക്ക് മെസ്സേജ് ഇട്ടേക്കാം. അയാൾ പിന്നെയും അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മയോടിനി അവതരിപ്പിക്കണം. ഒരു മുഖവുരയ്ക്ക് വേണ്ടി അയാൾ അവിടെയിവിടെ പരതിനിന്നു. എവിടെ എങ്ങനെ തുടങ്ങണം എന്നാലോചിച്ച് വിഷമിച്ചു കൊണ്ടിരുന്നപ്പോഴാണ് ലക്ഷ്മി അങ്ങോട്ടു വന്നത്.
“അമ്മ അറിഞ്ഞില്ലേ? മാത്യൂസ് ഇന്നു രാത്രി മലാവിയിലേക്ക് പോകുകയാണ്. കൂടെ പഠിച്ച കുട്ടികളുടെ സംഗമമാണ്.” ലക്ഷ്മി ഉറക്കെ സംസാരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.
“മാത്യൂസിന്റെ കല്യാണം കഴിഞ്ഞതിനു ശേഷം ഞാൻ എപ്പോഴും അവസാനമേ കാര്യങ്ങൾ അറിയാറുള്ളൂ. എനിക്ക് അതിൽ പരിഭവമൊന്നുമില്ല. അങ്ങനെ വേണം എന്ന അഭിപ്രായക്കാരിയാണ് ഞാൻ.” അമ്മ ചിരിച്ചു, അതെ, ബ്രിട്ടീഷുകാരുടെ മേൽച്ചുണ്ട് അനക്കാതെയുള്ള ചിരി. അമ്മയുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നോ, “മോനെ ഇനി നിന്നെ എനിക്ക് വിശ്വസിക്കാൻ പറ്റില്ലലോയെന്ന്?” അയാൾ ഫോണുമെടുത്തു മെല്ലെ എഴുത്തുമുറിയിലേക്ക് നടന്നു. അവിടെയിരുന്നാൽ ടിക്കറ്റ് കമ്പ്യൂട്ടറിലൂടെ വാങ്ങി പ്രിന്റ് എടുക്കാം, അവിടെ പോയി മാർത്തയെയും ഗ്രേസിനെയും കണ്ടു കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പദ്ധതികൾ തയ്യാറാക്കാം. ഒറ്റയ്ക്കിരുന്ന് ചിന്തിക്കാനുണ്ട്.
ടോരൊന്റോവിൽ നിന്നും ഏതാണ്ട് ഇരുപത്തിയെട്ടു മണിക്കൂർ യാത്രയുണ്ട്. ഇവിടെ നിന്നും ബൊലേ അഡിസ് അബ്ബാബ്ബ, എത്തിയോപ്പിയയിലേക്കാണ് ആദ്യം പോകേണ്ടത്. പിന്നെ ചിലേകയിലേക്ക് പോകണം. അവിടെ എയർപോർട്ടിൽ കുറച്ചു മണിക്കൂർ ഇരിക്കണം. ചെറിയ എയർപോർട്ടാണ്. വലിയ സൗകര്യമൊന്നും കാണില്ല. പിന്നെ മലാവിയുടെ തലസ്ഥാനമായ ലിലോങ്വിയിലെ കമുസു എയർപോർട്ടിലാണ് അവസാനമായി ചെല്ലേണ്ടത്. അവിടെനിന്നും വന്ന ശേഷം പിന്നെ ഒരിക്കൽ പോലും അയാൾ അവിടെയ്ക്ക് പോയിട്ടില്ല. നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾ.ജീവിതങ്ങളിലും എല്ലാറ്റിനുമുപരി ലോകത്തിനും വന്നമാറ്റങ്ങൾ ഒട്ടനവധിയാണ്. ടിക്കറ്റ് കമ്പ്യൂട്ടറിലൂടെ വാങ്ങിച്ചു പിന്നെ പ്രിന്റ് ചെയ്തു ബാഗിൽ വെച്ചു. അഞ്ചു ദിവസത്തേക്ക് എമർജൻസി ലീവ് വേണമെന്ന് അഭ്യർത്ഥിച്ചു ഓഫീസിലേക്ക് ഇമെയിൽ ചെയ്തു. ഡ്രെസ്സും ആവശ്യത്തിനുവേണ്ട സാധനങ്ങളും എടുത്തു വെയ്ക്കാൻ വേണ്ടി അയാൾ കിടപ്പുമുറിയിലേക്ക് ചെന്നു. അവിടെ ലക്ഷ്മി അതുഭംഗിയായി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അയാളുടെ ഷർട്ടും പാന്റും എടുത്തു വെക്കുമ്പോൾ ലക്ഷ്മി ചോദിച്ചു.
“മാത്യൂസിന്റെ മുഖഭാവം കണ്ടാൽ ഞങ്ങളെ ഇട്ടേച്ചു എന്നന്നേക്കുമായി പോകുന്നതുപോലെയുണ്ടല്ലോ? വെറും നാലു ദിവസത്തേയ്ക്കല്ലേ പോകുന്നത്, പിന്നെ എന്തിനാണ് മുഖത്ത് ഇത്ര ടെൻഷൻ?” അയാൾ അവളെ നോക്കി ആ തമാശ ആസ്വദിച്ചു എന്ന് വരുത്തി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. പല്ലെല്ലാം കാണിച്ചു എന്നതിൽ കവിഞ്ഞു വേറെ ഒന്നും സംഭവിച്ചില്ല.
വരാൻ പോകുന്ന അപമാനം നേരിടാൻ വയ്യാതെ ആത്മഹത്യ ചെയ്യാൻ തയ്യാറെടുത്തവനെപോലെ അയാൾ അവളുടെ മുൻപിൽ നിരായുധനായി നിന്നു. അവളും അമ്മയെപ്പോലെ തന്റെ മനസ്സ് പെട്ടെന്നു വായിച്ചെടുക്കുമെന്നു അയാൾക്കറിയാമായിരുന്നു.
മനസ്സ് കലുഷിതമായി ദേശാടന പറവകളെപ്പോലെ അടുത്ത തുരുത്തിനായി അപ്പോൾ പറക്കാൻ തുടങ്ങിയിരുന്നു. ഇരുപത്തിയഞ്ചു വർഷത്തിനുശേഷം ആദ്യമായിട്ടാണ് അയാൾ കാനഡയിൽ നിന്നു മലാവിയിലേക്ക് തിരിച്ചു പോകുന്നത്. മലാവിയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് ഉപരിപഠനത്തിന് പോയശേഷം നേരെ കാനഡയിലേക്ക് വരുകയായിരുന്നു. കറുത്ത വർഗ്ഗകാരിയായ മാർത്തയെ ബ്രിട്ടീഷ് ഇന്ത്യൻ വംശജനായ മാത്യൂസ് സാഹചര്യങ്ങളുടെ സമ്മർദ്ദംമൂലം ഉപേക്ഷിക്കുന്നത് അപ്പോഴാണ്. അവളുടെ വ്യക്തിത്വം ദർശിച്ചത് അപ്പോഴായിരുന്നു. കരഞ്ഞു കാലുപിടിക്കാനോ പ്രേമം ഭിക്ഷയായി യാചിക്കാനോ അവൾ നിന്നില്ല. അവളെ കണ്ടുപിടിക്കാൻ അയാൾ പലതവണ സുഹൃത്തുക്കൾ വഴി ശ്രമിച്ചിരുന്നു. പക്ഷേ അവൾ വെള്ളത്തിൽ വരച്ച വരപോലെ അയാളുടെ വൃത്തത്തിൽനിന്നും അപ്രത്യക്ഷമായി. അവൾ കറുത്ത വർഗക്കാരിയും അയാൾ സങ്കരവർഗ ക്കാരനുമായതുകൊണ്ട് കുടുംബങ്ങളുടെ സമർദ്ദം താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നു. അയാൾക്ക് പ്രത്യേകിച്ചും. അതും, അവരുടെ ഇടയിലുള്ള ദൂരവും വേർപിരിയലിനു ആക്കം കൂട്ടി. അപ്പോൾ അയാൾക്ക് അറിയില്ലായിരുന്നു, അയാളുടെ ബീജം അവളിൽ ഉണ്ടായിരുന്നെന്ന്. അതു അയാൾ സ്വപ്നത്തിൽപോലും ചിന്തിച്ചിരുന്നില്ല. അവരുടെ ബന്ധം തകർന്നതിനു ശേഷം അതിൽനിന്നും പുറത്തു വരാൻ അയാൾക്ക് വർഷങ്ങൾ എടുക്കേണ്ടിവന്നു. ഒരുപക്ഷെ മാർത്ത അതിൽനിന്നും പുറത്തേക്കു വന്നിട്ടുണ്ടായിരിക്കില്ല. അയാൾ അപ്പോൾ ചിന്തിച്ചു, “ഈശോയെ, ഇത് എവിടെ കൊണ്ടുപോയി ഇറക്കിവെക്കും?”
മലാവിയും മാർത്തയും തന്റെ ജീവിതത്തിൽ അടഞ്ഞ അധ്യായങ്ങളാണെന്നു അയാൾ വിചാരിച്ചിരുന്നു. പക്ഷേ ഓർമ്മകൾ പൊടിപിടിച്ചു കിടന്നിരുന്ന ഭൂതകാലത്തിൽ നിന്ന് രക്ഷസ്സിന്റെ ഭീഭത്സരൂപമായി മലാവിയും മാർത്തയും പുനർജനിച്ചിരിക്കുന്നു. അവരെ നേരിടുകയല്ലാതെ വേറെ വഴിയൊന്നുമില്ല. ഉപ്പ് തിന്നവൻ വെള്ളം കുടിച്ചേ പറ്റൂ!
ഈ ലോകത്തുനിന്നും പോകുന്നതിനുമുൻപ് കണക്കുകൾ നോക്കി തിട്ടപ്പെടുത്തേണ്ടേ? വേണം, പണ്ടത്തെപ്പോലെ അതു നരകത്തിൽ വെച്ചു നോക്കാം എന്നതു മാറിപ്പോയിരിക്കുന്നു. എല്ലാം ഇവിടെ തന്നെ, സ്വർഗ്ഗവും നരകവും നമ്മൾ സൃഷ്ടിക്കുന്നതല്ലേ!
മലാവിയിൽ കാലെടുത്തു വെച്ചപ്പോൾ ഒരു അപരിചിതത്വം അനുഭവപ്പെട്ടു. എത്രയോ കാലം പതിവായി നടന്നു നീങ്ങിയ വഴികളും സ്ഥലങ്ങളും അന്യപ്പെട്ടുപോയിരിക്കുന്നു. ആ അനുഭവം പറഞ്ഞറിയിക്കാൻ വിഷമമാണ്. ശാശ്വതമായിട്ടൊന്നും തന്നെ ഇല്ല എന്നതാണ് പരമസത്യം!
എയർപോർട്ടിൽ നിന്നും പിടിച്ച കാർ ഹോസ്പിറ്റലിലേക്ക്, മലാവിയുടെ നിരത്തുകളിലൂടെ ഒരു തേരട്ടയെപ്പോലെ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. എത്ര നേരമെടുത്തെന്നു അറിയില്ല. ആശുപത്രിയുടെ അകത്തുള്ള റോഡിലേക്ക് കയറിയപ്പോഴാണ് എനിക്ക് സ്ഥലകാല ബോധമുണ്ടായത്. കാറിലെ മൂകത ഇനി വരാനുള്ള കൊടുങ്കാറ്റിനു മുൻപുള്ള നിശബ്ദതയായിതോന്നി. ഇനി എന്തെല്ലാം കാണാനിരിക്കുന്നു എന്നു ചിന്തിച്ചു വിയർത്തു. മാർത്തയും ഗ്രേസും മാത്രമാണ് മനസ്സിൽ. അവരെ കാണാനുള്ള വെമ്പലിൽ അമ്മയും ലക്ഷ്മിയും കുട്ടികളും പുറകിലെവിടെയോ മറഞ്ഞു പോയി.
നേരെ റിസെപ്ഷനിലേക്കാണ് പോയത്. തന്നെപ്പറ്റിയും തന്റെ വരവിനെ പ്പറ്റിയും അവിടെയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനോട് സംസാരിച്ചു. മാർത്തയെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ അവർ മുന്നിലുള്ള കസേര കാണിച്ചു ഇരിക്കാൻ പറഞ്ഞു. ആരോ അവരോട് തന്റെ വരവിനെ കുറിച്ച് പറഞ്ഞിരിക്കുന്നു. കുടിക്കാൻ എന്തെങ്കിലും വേണോയെന്ന് ചോദിച്ചു അവർ കുശലാനേഷണം നടത്തി. തന്നെ കാണാൻ ഹോസ്പിറ്റലിന്റെ മാനേജ്മെന്റ് ട്രെയിനി വരുന്നുണ്ടെന്നു പറഞ്ഞു. അയാൾ അവിടെ ഒരു പത്തു മിനിട്ടോളാം ഇരുന്നു. ക്ഷമകെട്ടു എഴുന്നെൽക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് പുറകിൽ ഒരു അനക്കം കേട്ടത്.
“മിസ്റ്റർ മാത്യൂസ്, ഞാൻ ഗ്രെയ്‌സ് മാർത്ത മാത്യൂസ്. ഇവിടുത്തെ മാനേജ്മെന്റ് ട്രെയിനിയാണ്. അമ്മ നിങ്ങൾ വരുന്നതിനെ പ്പറ്റി പറഞ്ഞിരുന്നു. കാനഡയിൽ നിന്നും അവരുടെ ഏറ്റവും അടുത്ത സുഹൃത്ത് വരുന്നുണ്ടെന്നു പറഞ്ഞിരുന്നു. ഞാൻ നിങ്ങളെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകാം. ബാഗ് എനിക്ക് തരൂ, ഞാൻ അതു ഇവിടെ സൂക്ഷിക്കാം. നിങ്ങൾക്ക് താമസിക്കാൻ അടുത്തുള്ള ഹോട്ടലിൽ ഞാൻ റൂം ബുക്ക് ചെയ്തിട്ടുണ്ട്. അമ്മ പറഞ്ഞു, ഒന്നിനും ഒരു കുറവും ഉണ്ടാവാൻപാടില്ലയെന്ന്. വരൂ, എന്റെ പിറകെ വരൂ.” അതു പറഞ്ഞു അവൾ കൈ നീട്ടി.നിലാവത്തു ഇറങ്ങിയ കോഴിയെപ്പോലെ അയാൾ യാന്ത്രികമായി അവൾക്ക് കൈ കൊടുത്തു. അവളുടെ ചൂടുള്ള കൈവള്ളയിൽ തൊട്ടപ്പോൾ അയാളുടെ കൈ ഐസുപോലെ തണുത്തിരുന്നു. തന്റെ പൊന്നുമകൾ ഗ്രെയ്‌സ്, ആരോ ഉള്ളിൽ നിന്നും ഓർമ്മിപ്പിച്ചു. അയാൾക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. നിർജീവമായ ഒരു ശരീരംപോലെ അയാൾ അവിടെനിന്നു. ആ മെലിഞ്ഞു നീണ്ട തവിട്ടു നിറത്തിലുള്ള സുന്ദരിയായ പെൺകുട്ടി മുന്നിലൂടെ നടന്നു നീങ്ങി. കുറച്ചു നടന്നു അവൾ നടത്തം നിർത്തി തിരിഞ്ഞു നോക്കി.
ഒരു വെള്ളിടി പെട്ടെന്നു തലയിൽ വീണതുപോലെ അനുഭവപ്പെട്ടു. പ്രതികരിക്കാൻ കഴിയാതെ, അവൾക്ക് പുറകിൽ ദുർവിധിയാൽ നിയന്ത്രിക്കപ്പെട്ട ഒരുവനെപോലെ അയാൾ നടന്നു. സ്വന്തം മകൾ..കണ്ണുകളിൽ വെള്ളം നിറഞ്ഞു. കാഴ്ച്ച മങ്ങി എവിടെയെങ്കിലും പോയി വീഴുമോ എന്ന് തോന്നി. മാർത്ത അവളോട് തന്നെപ്പറ്റി മാർത്ത ഒന്നും പറഞ്ഞില്ലെന്നു തോന്നുന്നു. അതോ അവൾ തന്റെ മുൻപിൽ,മാർത്തയുടെ അറിവോടെ തന്നെ വേദനിപ്പിക്കാൻ ക്രൂരമായി അഭിനയിക്കുകയാണോ? ഈശോയെ, താൻ ഇതു അർഹിക്കുന്നു. ഇനിയും സഹിക്കേണ്ടിയിരിക്കുന്നു. അയാൾ ഉരുകി.കാരണം ചെയ്തു വെച്ച പാപങ്ങൾ അത്രയാണ്. ലോകം മുഴുവൻ ചുറ്റും ഉച്ചത്തിൽ ചിരിച്ചുകൊണ്ട് കറങ്ങുന്നതുപോലെ തോന്നുന്നു. വീഴാതിരിക്കാൻ അയാൾ ചുമരിൽ പിടിച്ചുകൊണ്ട് നടന്നു. കാലുകൾ വേച്ചു വേച്ചു മുന്നോട്ടേക്ക് നീങ്ങി. ഒരു വാതിലിനു മുൻപിൽ അവൾ നിന്നു. അവക്ക് പിറകിൽ അയാളും. തിരിഞ്ഞു നിന്ന് അവൾ അയാളെ നോക്കി ചിരിച്ചു. മാർത്തയുടെ അതെ ചിരി. അയാൾക്ക് അവളെ ചേർത്തു നിർത്തണമെന്നുണ്ടായിരുന്നു. പക്ഷേ അവൾ എന്തു വിചാരിക്കും? അയാൾ ആഗ്രഹത്തിൽനിന്നും പിന്മാറി.
“അമ്മ ഇവിടെയാണുള്ളത്. ഞാൻ അകത്തേക്ക് വരുന്നില്ല. ഇൻഫെക്ഷൻ പേടിച്ചാണ്. കാലിൽ ഷൂവിനു മുകളിൽ ഉറകളും ഗ്ലൗവും പിന്നെ അവിടെ വച്ചിട്ടുള്ള ഒരു മഞ്ഞ ഉടുപ്പും അണിയണം. ഉപയോഗിച്ചതിനു ശേഷം അതു കളയാം. അമ്മയ്ക്കിനി ഏറിയാൽ ഒരുമാസമെന്നാണ് ഡോക്ടർമാർ പറയുന്നത്. ശരീരത്തിനുള്ളിലെ അവയവങ്ങൾ പ്രവർത്തിക്കുന്നത് മെല്ലെ മെല്ലെ നിന്നു കൊണ്ടിരിക്കുന്നതായി ഡോക്ടർമാർ പറയുന്നു. കുറേ കാലമായി അസുഖമായിരുന്നു. അതിനു വേണ്ടി ശക്തിയുള്ള മരുന്നുകൾ മാസങ്ങളായി എടുത്തെടുത്തു ശരീരം ക്ഷീണിച്ചു പോയി.. .” ഗ്രെയ്‌സ് അതുപറഞ്ഞു താഴേക്ക് നോക്കി കുറച്ചു നേരം മിണ്ടാതെ നിന്നു. അവളുടെ കണ്ണുകൾ നിറയുകയായിരുന്നോ? ഇടത്തെ കൈ കൊണ്ട് കണ്ണുകൾ തുടച്ചു അയാളെ നോക്കി ചിരിച്ചു എന്നുവരുത്തി അവൾ തുടർന്നു.
“പക്ഷേ ഇന്നു രാവിലെ അമ്മ പതിവിലും ഉഷാറായി കാണപ്പെട്ടിരുന്നു. ഇന്നു എന്തുവന്നാലും നിങ്ങൾ കാനഡയിൽ നിന്നു വരുമെന്ന് പറയുന്നുണ്ടായിരുന്നു. എന്നെക്കൊണ്ട് രണ്ടു ദിവസം മുൻപ് പഴയ പെട്ടി വീട്ടിൽനിന്നും എടുപ്പിച്ചിരുന്നു. അമ്മയുടെ മുൻപിൽ വെച്ച് അതു തുറന്നു പഴയ ഫോട്ടോസ് എടുപ്പിച്ചു നോക്കുന്നുണ്ടായിരുന്നു. പഴയ ഉടുപ്പുകൾ തൊട്ടുനോക്കുന്നുണ്ടായിരുന്നു. പിന്നെ അതടച്ചുവെച്ചു അതിന്റെ താക്കോൽ അമ്മയുടെ തലയിണയുടെ കീഴെ വെപ്പിച്ചു. ആശുപത്രിയിൽ സഹായിക്കുന്ന സ്ത്രീ ഇന്നു എന്നോട് പറഞ്ഞത് അമ്മ അവരോടു പറഞ്ഞു പെട്ടി പിന്നെയും, ഞാൻ അറിയാതെ തുറപ്പിച്ചു എന്നാണ്. അമ്മയുടെ കണ്മുൻപിൽ വെച്ച് പഴയ ചില പ്രമാണങ്ങൾ കീറി കൊച്ചു കഷ്ണങ്ങളായി കളയാൻ ആവശ്യപ്പെട്ടുവെന്ന്. എന്താണ് അതെന്നു ഞാൻ എത്ര ചോദിച്ചിട്ടും അമ്മ പറയുന്നില്ല. എനിക്ക് ഭയമാകുന്നു. അമ്മ എന്തോ തീരുമാനിച്ചുറച്ചതുപോലെ തോന്നുന്നു. വരൂ, നിങ്ങൾ അകത്തേക്ക് കയറിക്കോളൂ” മാർത്ത അതു പറഞ്ഞു അയാൾക്ക് വാതിൽ തുറന്നു കൊടുത്തു.
അകത്തേക്ക് അയാൾ കയറി, പറഞ്ഞതുപോലെ എല്ലാം അണിഞ്ഞു. പിന്നെ ഒരു തുണിമറ നീക്കി അകത്തു കടന്നു. ആ വലിയ മുറിയുടെ ഒത്ത നടുവിലായി വയറുകളാൽ ഘടിപ്പിച്ച ഒരു വലിയ കട്ടിലിൽ കറുത്ത എല്ലിൻകൂടായി മാർത്ത കിടക്കുന്നു. കണ്ണുകൾ കുഴിഞ്ഞു താണിരുന്നു. തൊലി ലൂസായി തൂങ്ങി കിടക്കുന്നു. ചുക്കി ചുളിഞ്ഞ ഒരു മാംസപിണ്ഡം പോലെ മാർത്തയെ കണ്ടപ്പോൾ അയാൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അയാളുടെ കണ്ണിൽനിന്നും ധാര ധാരയായി കണ്ണുനീർ ഒലിച്ചിറങ്ങി. തടുക്കാൻ പറ്റുന്നില്ല. ശബ്ദം കേട്ട് അവൾ കണ്ണ് തുറന്നു. പിന്നെ അയാളെ നോക്കി ചിരിച്ചു. ആ കണ്ണുകൾ തിളങ്ങി. അതെ, നിശ്ചയദാർഢ്യം അവയിൽ നിഴലിച്ചിരുന്നു.
അവിടെ താൻ വീണുപോകുമോ എന്നയാൾക്ക് തോന്നി. എന്തെങ്കിലും ഒന്ന് പിടിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്നു വിചാരിച്ചു ചുറ്റും നോക്കി. അയാൾ മെല്ലെ അവളുടെ കിടക്കയുടെ അടുത്തുള്ള കസേരയിൽ ഇരുന്നു. അയാൾക്ക് ശ്വാസം കഴിക്കാൻ പ്രയാസം അനുഭവപ്പെട്ടു. അയാൾ വിയർക്കാൻ തുടങ്ങിയിരുന്നു. അവളും കരയുന്നുണ്ടായിരുന്നു.അയാൾ അവളുടെ കൈ കവർന്നുകൊണ്ട് കസേര അവളുടെ അടുത്തേക്ക് നിരക്കിയിട്ടു. എന്നിട്ട് അവളോട് ചേർന്നിരുന്നു.
തന്റെ സുന്ദരിയായിരുന്ന മാർത്തയുടെ ഇപ്പോഴത്തെ രൂപം ജീവിതത്തിൽ ഒന്നും ശാശ്വതമല്ല എന്ന് അയാളെ ഓ ർർമ്മിപ്പിച്ചു. ഭംഗിയുള്ള തൊലിയും അവയവങ്ങളും ഒരു നിമിഷംകൊണ്ട് പൊലിഞ്ഞു പോകും അതു കൊണ്ടു അഹങ്കാരം അരുതെന്നു ആരോ അകത്തുനിന്നും പറയുന്നുണ്ടായിരുന്നു.
“മാർത്ത, നിനക്ക് ഗ്രയ്‌സിനെപ്പറ്റി ഒരു വാക്ക് മുന്നേ എന്നോട് പറയാമായിരുന്നു.” അവൾ ചിരിച്ചു എന്നിട്ടു അയാളെ നോക്കി പറഞ്ഞു.
“വാക്ക്, അതിന് ഈ ഭൂമിയിൽ എന്തെങ്കിലും വിലയുണ്ടോ മാത്യൂസ്. എന്നോട് എത്രതവണ നിങ്ങൾ പറഞ്ഞിട്ടുണ്ട്, നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലായെന്നു. നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നു. ഞാൻ അങ്ങനെയായിരുന്നു. പക്ഷേ നിങ്ങൾ ഇപ്പോൾ കാനഡയിൽ സുഖമായി ജീവിക്കുന്നു. ചില വാക്കുകൾ ഭംഗിവാക്കുകളാണ്. അതിന് ഒരു വിലയുമില്ല. ഞാൻ ഇപ്പോൾ നിങ്ങളെ വേദനിപ്പിക്കുന്നില്ല. ശരിയാണ് ഞാൻ ഗ്രേസിന്റെ കാര്യം നിങ്ങളുടെ അടുത്തുനിന്നും മറച്ചുവെച്ചു. ഞാൻ ഗർഭിണിയായത് അറിഞ്ഞപ്പോഴേക്കും നിങ്ങൾ ഇംഗ്ലണ്ടിലായിരുന്നു. നമ്മൾ അകലാൻ തുടങ്ങിയിരുന്നു. പ്രകൃതിയുടെ നിയമമാണ് സ്ത്രീകൾ ഗർഭം ധരിച്ചു കുട്ടികളെ പ്രസവിക്കുമെന്ന്. അതു കൊണ്ട് സ്ത്രീകൾ അബലയോ അല്ലെങ്കിൽ അതു അവരുടെ പോരായ്മയോ അല്ല, മറിച്ചു അവർക്കേ അതു ചെയ്യാൻ പറ്റൂ. പുതുതലമുറയെ വളർത്തുന്നതിലും വാർത്തെടുക്കുന്നതിലും സ്ത്രീകളുടെ പങ്ക് നിസ്തുലമാണ്.” മാർത്ത അതു പറഞ്ഞു കിതച്ചു കൊണ്ടിരുന്നു. കുറച്ചു നേരം നിറുത്തിയതിനുശേഷം അവൾ അയാളെ നോക്കി തുടർന്നു.അയാൾ അപ്പോഴും അവളുടെ കൈ പിടിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. കണ്ണുകൾ അപ്പോഴും നിറഞ്ഞു നിന്നു. കുറ്റബോധം അയാളെ കാർന്നുതിന്നുകയായിരുന്നു.
“നമ്മുടെ ഗ്രേസിനെ ഒരിക്കലും നിങ്ങൾക്ക് കൈമാറാൻ എനിക്ക് താല്പര്യമില്ലായിരുന്നു. പക്ഷെ എനിക്ക് പോകാൻ സമയമായി. അതു കൊണ്ടു നിങ്ങളെ അറിയിക്കാതെ വേറെ വഴിയില്ല. അവളെ നിങ്ങൾ സമയമെടുത്തു കാനഡയിലേക്ക് കൊണ്ടുപോകണം, സംരക്ഷിക്കണം. ഞാൻ അവളോട് ഒന്നും പറഞ്ഞിട്ടില്ല. അവൾ ഒന്നും അറിയരുത്. അവളുടെ അച്ഛൻ അവൾക്ക് ഒരു വയസ്സുള്ളപ്പോൾ കാറപകടത്തിൽ മരിച്ചുപോയി എന്നാണ് പറഞ്ഞിരിക്കുന്നത്. എനിക്ക് നിങ്ങൾ വാക്ക് തരണം. അവൾ അങ്ങനെ വിശ്വസിക്കട്ടെ.” തുടർച്ചയായി സംസാരിച്ചതുകൊണ്ട് മാർത്ത ശ്വാസത്തിന് വേണ്ടി കഷ്ടപ്പെടുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾക്ക് മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് മുൻപിലുള്ള അതെ തീക്ഷ് ണതയുണ്ടായിരുന്നു. നിശ്ചയദാർഢ്യം അവളുടെ കണ്ണുകളിൽ നിഴലിച്ചിരുന്നു. അയാൾ അവളുടെ കൈ പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു.
“മാത്യൂസ്, ദൂരയാത്ര കഴിഞ്ഞു വന്നതല്ലേ? ഹോട്ടലിൽപോയി വിശ്രമിച്ചു നാളേ വരൂ. ഞാൻ എവിടെപ്പോകാൻ? ഇവിടെത്തന്നെയുണ്ടാകും. ഗ്രേസിനോട് താമസം ശരിയാക്കാൻ പറഞ്ഞിരുന്നു. അവൾ നിങ്ങളെ കാറിൽ കൊണ്ടുപോകും. മറന്നു പോകണ്ട ഞാൻ പറഞ്ഞ കാര്യം. അവൾ ഒന്നും അറിയരുത്. അതെനിക്ക് നിർബന്ധമാണ്. വർഷങ്ങൾക്ക് ശേഷം നിങ്ങളെ പെട്ടെന്നു കണ്ടതുകൊണ്ടു ഞാൻ ആവശ്യത്തിലധികം ആവേശഭരിതയാണ്. എനിക്കു കുറച്ചു നേരം വിശ്രമം ആവശ്യമാണ്. ഓർമ്മകൾ തിക്കിത്തിരക്കി വന്നുകൊണ്ടിരിക്കുന്നു. അതു താങ്ങാൻ മനസ്സും ശരീരവും സജ്ജമല്ല. നാളേ നമ്മുക്ക് കുറെ നേരം ഒരുമിച്ച് ചിലവിടാം, പണ്ടത്തെപ്പോലെ. നിങ്ങൾ വന്നല്ലോ, എനിക്കു സന്തോഷമായി. നമ്മുടെ മോൾ സുരക്ഷിതയാണ് എന്നെനിക്ക് ഉറപ്പിക്കാമെന്നു തോന്നുന്നു. ഇതിൽ കൂടുതൽ എനിക്കിനിയെന്തു വേണം. മാത്യൂസ്, നിങ്ങൾ പോയി വരൂ.” മാർത്ത അതുപറഞ്ഞു കണ്ണുകൾ അടച്ചു.
അയാൾ മെല്ലെ എഴുന്നേറ്റു തിരിഞ്ഞു നിന്നു. ഇവിടെ നടന്നുകൊണ്ടിരിക്കുന്നതൊന്നും പെട്ടെന്നു ഉൾകൊള്ളാൻ അയാൾക്ക് ആവുമായിരുന്നില്ല. പിന്നെ അവളെ ഒന്നുകൂടി നോക്കി പുറത്തേക്ക് നടന്നു. വാതിൽ ചാരി വരാന്തയിലേക്ക് നോക്കിയപ്പോൾ ദൂരെ ഫോണിൽ സംസാരിച്ചുകൊണ്ടു ഗ്രെയ്‌സ് നിൽപ്പുണ്ട്.
“സാർ, പോകാം. ഞാൻ ബാഗുകൾ കാറിൽ കയറ്റിവെയ്ക്കാൻ പറഞ്ഞിട്ടുണ്ട്. ആശുപത്രിയുടെ കാറാണ്. ഞാൻ ഹോട്ടലിൽ കൊണ്ടു ചെന്നാക്കാം. വരൂ.” അതു പറഞ്ഞു ഗ്രെയ്‌സ് മുന്നിൽ നടന്നു. ഞാൻ പിറകെയും.
“ഗ്രേസിന് കാനഡയിൽ വരാൻ താല്പര്യമുണ്ടോ? ഞാൻ അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണ്. ഞാൻ സഹായിക്കാം. ഒരു ജോലി വാങ്ങി തരാൻ ശ്രമിക്കാം. പഠിക്കണമെങ്കിൽ അതുമാകാം. പാസ്പോർട്ട് എടുത്തിട്ടുണ്ടോ?” അവൾ അത്ഭുതത്തോടെ അയാളെ നോക്കി.
“വേണ്ട സാർ, ഞാൻ ഇവിടെ ഹാപ്പിയാണ്. പോരാത്തതിന് എന്റെ കൂടെ ഇപ്പോൾ അമ്മയുണ്ട്. കുറച്ചു കഴിഞ്ഞു വേണമെങ്കിൽ നോക്കാം. അങ്ങയുടെ നല്ല മനസ്സിന് നന്ദി. അമ്മയോട് ചോദിച്ചു ഒരു തീരുമാനമെടുക്കാം.” അവൾ അഭിമാനിയാണ്, എന്റെ മാർത്തയെപോലെ.
“ഗ്രെയ്‌സ്, ഞാൻ ഒറ്റയ്ക്ക് പോകാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം. എനിക്ക് കുറച്ചു ഒറ്റയ്ക്കിരിക്കണം. ആകെയൊരു പരവേശമാണ്.” അവൾ അയാളെ നോക്കി ചിരിച്ചു. അയാൾ കൈനീട്ടി. അങ്ങനെയെങ്കിലും സ്വന്തം മോളെ ഒന്ന്കൂടി തൊടാമല്ലോ. അവൾ തൊട്ടപ്പോൾഅയാൾ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു, എന്റീശോയേ!
മാത്യൂസിന്റെ ഹോട്ടലിന് കുറച്ചകലെ മാർത്തയ്ക്ക് വല്ലാത്ത കുറ്റബോധം അനുഭവപ്പെട്ടു. മാത്യൂസിനോട് കുറച്ചുകൂടെ മൃദുവായി സംസാരിക്കണമായിരുന്നു. പക്ഷേ ഗ്രെയ്‌സായിരുന്നു തന്റെ മനസ്സുമുഴുവൻ. അവളെ അയാളെ ഏല്പിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി തനിക്ക് സമാധാനമായിട്ടു കണ്ണടയ്ക്കാം എന്ന് അവൾക്കു തോന്നി.. മാത്യൂസ് ചിന്തിക്കുന്നത് അവൾ അയാളുടെ ചോരയാണെന്നായിരിക്കും. ഇനി അവൾ സുരക്ഷിതയാണ്. അവൾക്ക് വേണ്ടി ഏതറ്റവും ഇനി മാത്യൂസ് പോകുമെന്ന് അവൾക്കുറപ്പായിരുന്നു . മുന്നേ അവളുടെ ജനനസർട്ടിഫിക്കറ്റും ദത്തുസർട്ടിഫിക്കറ്റും താൻ കീറി കളഞ്ഞത് നന്നായി എന്നവൾക്കു തോന്നി.. സൈറ റിചാർഡ്‌സിൽനിന്നും ഗ്രെയ്‌സ് മാർത്ത മാത്യൂസിലേക്കുള്ള അവളുടെ മാറ്റം ഇനി പുറംലോകം അറിയില്ല. തന്റെ മരണത്തിന്റെ കൂടെ ആ സത്യവും പ്രപഞ്ചത്തിൽ ലയിച്ചുചേരും എന്ന് അവളുടെ ഉള്ളം മന്ത്രിച്ചു.മാർത്ത പതുക്കെ ഒറ്റയ്ക്ക് സംസാരിച്ചു കൊണ്ടിരുന്നു.
മാത്യൂസ്, നിങ്ങളുടെ മാർത്തയ്ക്ക് മാപ്പ് തരൂ. ഒരു പെൺകുട്ടിക്ക് ഈ ലോകത്തിൽ തനിയെ പിടിച്ചുനിന്നു കരകയറാൻ, അതും മലാവിപോലെയുള്ള ഒരു രാജ്യത്ത് വളരെ ബുദ്ധിമുട്ടാണ്. ഇനിയങ്ങോട്ടു നിങ്ങൾ അവളെ പൊന്നുപോലെ നോക്കുമെന്ന് എനിക്കുറപ്പാണ്. വേറെ വഴിയില്ലായിരുന്നു. ഒരു പക്ഷേ മാർത്ത കറുത്ത വർഗക്കാരിയല്ലായിരുന്നുവെങ്കിൽ മാത്യൂസിന്റെ കൂടെ ജീവിക്കാമായിരുന്നു. ഇല്ലേ മാത്യൂസ്?ങ്ങനെയായിരുന്നെങ്കിൽ, ഇങ്ങനെയായിരുന്നെങ്കിൽ എന്നിപ്പോൾ ചിന്തിക്കുന്നതിനു അർത്ഥമില്ല. സംഭവിക്കണ്ടതുപോലെയേ സംഭവിക്കൂ.
ആരോ തന്റെ ഓർമ്മകളെല്ലാം മായ്ച്ചു കളയുന്നതുപോലെ അവൾക്ക് തോന്നി. ശ്വാസത്തിന്റെ നിരക്ക് ക്രമാതീതമായി താഴ്ന്നു. ഒരു തണുപ്പ് അനുഭവപ്പെടുന്നു. തനിക്കു പോകാൻ സമയമായതുപോലെ. പക്ഷേ ഇപ്പോൾ താൻ സംതൃപ്തയാണ്. മാത്യൂസും ഗ്രേയ്സും അടുത്തുണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു. അവളുടെ ചുണ്ടുകൾ മന്ത്രിച്ചുകൊണ്ടിരുന്നു :മാത്യൂസ്, മാർത്ത നിങ്ങളെ സ്നേഹിച്ചിരുന്നു അന്നും ഇന്നും എപ്പോഴും. പ്രിയനേ,പിന്നെയൊന്നും ഓർമ്മകിട്ടുന്നില്ല. എല്ലാം മങ്ങുന്നത് പോലെ. എല്ലാം ഒന്നിലേയ്ക്ക് ലയിക്കുന്നതു പോലെ….
കവർ : സി പി ജോൺസണ്‍