പൂമുഖം LITERATUREകവിത കാവ്യ-ജീവിതം

കാവ്യ-ജീവിതം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

അവസാനകവിത വായിച്ച്
ആത്മസ്നേഹിതൻ പറഞ്ഞു:
കാവ്യഗുണം തീരെയില്ല
അന്ന് രാത്രി
ഞാനെന്റെ കവിതാപുസ്തകം
ഒരിക്കൽകൂടി നിവർത്തിനോക്കി

പ്രാസം വലിച്ചെറിഞ്ഞിരിക്കുന്നു അതിർത്തിക്കപ്പുറം പുറന്തള്ളപ്പെട്ടവർ
വിശക്കുന്ന മനുഷ്യർ വൃത്തം തെറ്റിച്ചിരിക്കുന്നു
ആശയറ്റ ആകാശം
അലങ്കാരങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു
ഉടൽ പൊള്ളിയ പുഴകൾ
ബിംബങ്ങളെ ശിഥിലമാക്കി ഒഴുകുന്നു
തല തകർന്ന മഴക്കാലം
താളം മുറിച്ച് പെയ്യുന്നു
പിഴുതെറിയപ്പെട്ട കുന്നുകൾ
ധ്വനി വെട്ടിപ്പിളർന്നിരിക്കുന്നു
മൺമറഞ്ഞ വയലുകൾ
പ്രതീകങ്ങൾ കുഴിച്ചുമൂടിയിരിക്കുന്നു

ഇല്ല, കവിത തീരെയില്ല
എന്നാൽ പിന്നീട് ഓർത്തു:
കാവ്യഗുണം കൊണ്ട് കോരിയാൽ ജീവിതത്തിൽ നിന്ന് എന്ത് കിട്ടും?

കവർ ഡിസൈൻ : മനു

Comments

You may also like