ചോദ്യം :
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുകയാണല്ലോ. അടുത്ത കേരളഭരണം ഏതു കക്ഷിയുടെ നേതൃത്വത്തിൽ ഉള്ളതായിരിക്കണം എന്നാണ് താങ്കൾ ആഗ്രഹിക്കുന്നത്? അഥവാ തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും എന്നാണ് രാഷ്ട്രീയ സാഹചര്യങ്ങൾ വസ്തുതാപരമായി വിലയിരുത്തുമ്പോൾ താങ്കൾ കരുതുന്നത് ?
പത്തു വർഷം നീണ്ട ഇടതു ഭരണം ഒരു തുടർഭരണം അർഹിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ എന്ത് കൊണ്ട് ? ഭരണമാറ്റം ആണോ താങ്കൾ പ്രതീക്ഷിക്കുന്നത്? അങ്ങിനെയെങ്കിൽ എന്ത് കൊണ്ട് ? നിലവിൽ കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടോ? കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് കെട്ടുറപ്പോടെ കേരളത്തെ മുന്നോട്ട് നയിക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ? വിശദമായ പ്രതികരണം പ്രതീക്ഷിക്കുന്നു.
കേരളത്തിൽ NDA മുന്നണിയുടെ സാധ്യതയെയും സ്വീകാര്യ തയെയും കുറിച്ച് എന്താണഭിപ്രായം?
ഉത്തരം
ടി എൻ മേനോൻ

തുടക്കത്തിൽ തന്നെ പറയട്ടെ, ഞാൻ ഒരു ഇടത് പക്ഷ ചിന്താഗതിക്കാരനാണെങ്കിലും എനിക്ക് കക്ഷി രാഷ്ട്രീയമില്ല.
ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
(1) അടുത്ത കേരളഭരണം ഏതു കക്ഷിയുടെ നേതൃത്വത്തിൽ ഉള്ളതായിരിക്കണം എന്നാണ് താങ്കൾ ആഗ്രഹിക്കുന്നത്?
അടുത്ത ഭരണം ഏതെങ്കിലും ഒരു കക്ഷിയുടെയോ മുന്നണിയുടെയോ ഒരു പ്രത്യേക കക്ഷിയുടെ കീഴിൽ ആകണമെന്നൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഒരു മാറ്റം വേണമെന്ന് ആഗ്രഹമുണ്ട്.
(2) അഥവാ തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും എന്നാണ് രാഷ്ട്രീയ സാഹചര്യങ്ങൾ വസ്തുതാപരമായി വിലയിരുത്തുമ്പോൾ താങ്കൾ കരുതുന്നത് ?
തെരഞ്ഞെടുപ്പ് ഫലം ഇപ്പോഴത്തെ സാഹചര്യം വെച്ച് നോക്കുകയാണെങ്കിൽ, യുഡിഎഫ് നേതൃത്വത്തിലുള്ള സർക്കാർ വരാനാണ് സാധ്യത പക്ഷേ അവർ അവകാശപ്പെടുന്നത് പോലെ അതൊരു ലാൻഡ്‌സ്ലൈഡ് വിജയമായിരിക്കും എന്ന് ഞാൻ കരുതുന്നില്ല കുറേക്കൂടി ടൈറ്റ് ആയിരിക്കും.
(3) പത്തു വർഷം നീണ്ട ഇടതു ഭരണം ഒരു തുടർഭരണം അർഹിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ എന്ത് കൊണ്ട് ?
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം നോക്കുകയാണെങ്കിൽ രണ്ടു മുന്നണികളും മാറിമാറി ഭരിച്ച ഒരു കീഴ്വഴക്കമാണ് ഇതുവരെ ഉണ്ടായിരുന്നത്. അത് നമ്മുടെ സംസ്ഥാനത്തിന് ദോഷത്തെക്കാൾ ഏറെ ഗുണമാണ് ചെയ്തത് എന്നാണ് ഞാൻ കരുതുന്നത്. ഹ്രസ്വകാല അളവിൽ ഓരോരോ സർക്കാരുകൾക്ക് അവരുടേതായ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. പക്ഷേ ഒരു ദീർഘകാല വീക്ഷണ കോണിൽ നോക്കുകയാണെങ്കിൽ നമ്മുടെ സംസ്ഥാനത്തിന്റെ പ്രയാണം ശരിയായ ദിശയിൽ ആയിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ഏത് സർക്കാർ ആയാലും അവർ തുടർഭരണം അർഹിക്കുന്നുണ്ട് എന്ന് പറയാൻ കഴിയും അവരുടെ ഭരണത്തിന്റെ നന്മ-തിന്മകൾ മാത്രം എടുത്തു നോക്കുകയാണെങ്കിൽ. പക്ഷേ ഒരു ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിൽ ഒരേ കക്ഷിയുടെ സർക്കാർ ഒരുപാട് നാൾ ഭരിക്കുന്നത് അത്ര നല്ലതാണെന്ന് എനിക്ക് അഭിപ്രായം ഇല്ല.
ജനാധിപത്യപരമായ സന്തുലിതാവസ്ഥയെയും ഭരണപരമായ പ്രവണതകളെയും അടിസ്ഥാനമാക്കി വസ്തുനിഷ്ഠമായ കാഴ്ചപ്പാടിൽ വീക്ഷിക്കുകയാണെങ്കിൽ മൂന്നാമൂഴത്തിനെതിരെയുള്ള വികാരത്തിന് കാരണം താഴെ പറയുന്ന ആശങ്കകളാണ്.
അധികാര കേന്ദ്രീകരണം (Concentration of Power): തുടർച്ചയായി ഒരേ മുന്നണി തന്നെ ഭരണത്തിൽ വരുന്നത് ജനാധിപത്യത്തിൽ അധികാര കേന്ദ്രീകരണത്തിന് വഴി മാറും അത് വ്യക്തിപൂജയിലേക്കും ഏകാധിപത്യ പ്രവണതകളിലേക്കും നയിച്ചേക്കാം.
ബംഗാൾ മാതൃകയിലുള്ള തകർച്ച:
ബംഗാളിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഇടതുഭരണം ഒടുവിൽ വലിയ രാഷ്ട്രീയ തകർച്ചയിലാണ് അവസാനിച്ചത്. അധികാരത്തുടർച്ച ഭരണകൂടത്തെയും പാർട്ടിയെയും ജനങ്ങളിൽ നിന്ന് അകറ്റിയേക്കാം, തിരുത്തൽ ശക്തികൾ ഇല്ലാതായേക്കാം.
വിമർശനങ്ങളോടുള്ള അസഹിഷ്ണുത:
ഭരണകൂടം കൂടുതൽ ശക്തമാകുമ്പോൾ ക്രിയാത്മകമായ വിമർശനങ്ങളെപ്പോലും ശത്രുതയോടെ കാണുന്ന സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും തിരിച്ചടിയാകും.
ഭരണവിരുദ്ധ വികാരം (Anti-Incumbency): രണ്ട് തവണ തുടർച്ചയായി ഭരിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ഭരണപരമായ വീഴ്ചകൾ, അഴിമതി ആരോപണങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നിവ മൂന്നാം തവണയും അധികാരത്തിലെത്തിയാൽ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത.
ജനാധിപത്യപരമായ മാറിമാറി വരൽ:
കേരളം ദശാബ്ദങ്ങളായി പിന്തുടർന്നുപോന്ന “മാറി മാറി വരുന്ന ഭരണം” (Alternating power) എന്ന രീതി ഭരണകൂടത്തെ ജനങ്ങളോട് കൂടുതൽ ഉത്തരം പറയുന്നവരാക്കി നിലനിർത്തുന്നു. ഒരു മുന്നണി തന്നെ സ്ഥിരമായി വരുന്നത് ഈ സന്തുലിതാവസ്ഥ തെറ്റിക്കും.
ഏതൊരു ജനാധിപത്യ സംവിധാനത്തിലും ശക്തമായ ഒരു പ്രതിപക്ഷം അത്യാവശ്യമാണ്. മൂന്നാം തവണയും യുഡിഫ് അധികാരത്തിൽ നിന്ന് പുറം തള്ളപ്പെട്ടാൽ, അത് അവരുടെ ക്രമാനുഗതമായ ക്ഷയത്തിനും ആ ശൂന്യതയിലേക്ക് ബിജെപി കടന്ന് കയറാനുമുള്ള സാധ്യതയിലേയ്ക്കും നയിക്കാം. കേന്ദ്രത്തിൽ മോദി ആഗ്രഹിക്കുന്ന ‘കൊണ്ഗ്രസ്സ് രഹിത ഇന്ത്യ ‘കേരളത്തിൽ ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല.
4) കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് കെട്ടുറപ്പോടെ കേരളത്തെ മുന്നോട്ട് നയിക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ?
എൽഡിഎഫിനെ അപേക്ഷിച്ചു യുഡിഎഫിൽ അഭിപ്രായവ്യത്യാസങ്ങളും അസ്വാരസ്യങ്ങളും കൂടുതലാണെന്നുള്ളത് ഒരു വാസ്തവമാണ്. പക്ഷേ അത് സർക്കാരിന്റെ കെട്ടുറപ്പിനെ അത്രകണ്ട് ബാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല അധികാര നഷ്ടം ആരും ആഗ്രഹിക്കുന്നില്ല
5) കേരളത്തിൽ NDA മുന്നണിയുടെ സാധ്യതയെയും സ്വീകാര്യ തയെയും കുറിച്ച് എന്താണഭിപ്രായം?
സമീപഭാവിയിൽ NDA കേരളത്തിൽ അധികാരത്തിൽ വരാനുള്ള സാധ്യത വിരളമാണ്. പക്ഷെ അവരുടെ സ്വാധീനം കേരളത്തിൽ വർ ദ്ധിച്ചു വരുന്നു എന്ന വസ്തുത അവഗണിക്കാൻ സാധ്യമല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു മുന്നണികളും ചിലയിടങ്ങളിലെങ്കിലും ഒന്നിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ NDA ക്കു ഭരണം കിട്ടിയ ചുരുക്കം ചില ഇടങ്ങളിൽ (തിരുവനന്തപുരം ഉൾപ്പെടെ) അവരെ തടയാമായിരുന്നു. ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ, അടുത്ത തവണ എൽഡിഎഫ് തിരിച്ചുവരും. അല്ലെങ്കിൽ അടുത്ത തവണ വരുന്നത് ബിജെപി ആയിരിക്കും എന്ന ആശങ്ക ഞാനും പങ്കുവെയ്ക്കുന്നു.
* ടി എന്‍ മേനോന്‍ – എറണാകുളം സ്വദേശി, ഹൈദരാബാദിൽ സ്ഥിര താമസം. U N സിസ്റ്റത്തിലെ സർവീസിൽ നിന്ന് റിട്ടയർ ചെയ്തു. ഇപ്പോൾ ഒരു independent consultant.
കവര്‍: ജ്യോതിസ് പരവൂര്‍
