പെൺജീവിതം
ഒരു
കെട്ടുപുള്ളിയാകുന്നു.
ഒരക്ഷരമാലയിലും
സ്ഥാനമില്ലാത്തൊരു
കെട്ടുപുള്ളി.
**
നിന്റെ മൗനത്തിൻ കൂർത്ത വക്കിൽ തട്ടി
എൻ ഹൃദയം ചോരവാർന്നിടുമ്പോൾ
നിൻമിഴിയിൽത്തന്നെ സാന്ത്വനം തേടി
ഇന്നും, പാവമെൻ ഹൃദയവും ഞാനും….
**
നീയധികമൊന്നും പറയണമെന്നില്ല. കണ്ണിൽ നോക്കി ഇരിക്കണമെന്നുമില്ല. ഒന്നോ രണ്ടോ വാക്ക്..
ഒട്ടും കൂടുതൽ വേണ്ട.
ഉള്ളിൽ ഉള്ളത് മുഴുവൻ നിന്റെ കണ്ണുകളുടെ ആഴങ്ങളിൽ മറച്ച് നേർത്ത ചിരി ഒളിപ്പിച്ചു വച്ച
ഒന്നോ രണ്ടോ വാക്ക്…
നിന്റെയുള്ളിൽ ഞാനുണ്ടെന്ന്
പറയാതെ പറയാൻ കഴിയുന്ന
അത്രയും കുറച്ച്..
നീയും ഞാനും തമ്മിൽ അകലുന്നില്ലെന്ന് എന്നെ വിശ്വസിപ്പിക്കാൻ മാത്രം കുറച്ച്..
**
ജോലി കഴിഞ്ഞ് അവരൊരുമിച്ചാണ് വന്നത്.
അയാൾ വേഷം മാറി ടിവി ഓൺ ചെയ്ത്,
ഫോണെടുത്തു സെറ്റിയിലേക്ക് ചാഞ്ഞു.
അവൾ വേഷം മാറി അടുക്കളയിലേയ്ക്കും.
അഞ്ചു മണിക്ക് അലാറം വച്ചിട്ടുണ്ട്. കിടക്കുമ്പോൾ അയാൾ പറഞ്ഞു.
അവൾ നാല് അമ്പത്തഞ്ചിനുണർന്ന് ഫോൺ കയ്യിലെടുത്തു ചോദിച്ചു
മണി അഞ്ചായി, നീയടിക്കുന്നില്ലേ…
**
നിനക്ക്
പിണങ്ങി
ഇറങ്ങി പോകണമെങ്കിൽ
മിണ്ടാതെ,
ഉരിയാടാതെ,
അങ്ങ് പോയാൽ പോരേ…
പ്രാണൻ കൂടി
പറിച്ചെടുത്ത്
കൊണ്ടുപോകുന്നതെന്തിന്?
**
ഒരു ദീർഘ നിശ്വാസത്തിൽ
ഒളിഞ്ഞിരിക്കുന്ന
കടലിന്റെ ആഴമളക്കുന്നത്
എങ്ങനെയാണ്…
ഒരു തുള്ളി നീരിൽ
കടലുപ്പ് മുഴുവൻ
അലിയുന്നതെങ്ങനെയാണ്…
വിളറിയ പുഞ്ചിരി തോണിയിൽ
കാലത്തിന്റെ
കരപറ്റുന്നതെങ്ങനെയാണ്.
നിന്നെ ഞാൻ അറിയുന്നുവെന്ന്
ഞാൻ പറയുന്നതെങ്ങനെയാണ്?
കവർ: ജ്യോതിസ് പരവൂർ