ആരാണീ ദലിത് ചിന്തകനെന്ന് മാതൃഭൂമി പത്രത്തില്‍ പ്രൊഫ. എം.എൻ. കാരശ്ശേരി ഒരു ലേഖനം എഴുതി ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് നായര്‍ ചിന്തകനും മുസ്ലീം ചിന്തകനും ക്രിസ്ത്യന്‍ ചിന്തകനും ഇല്ലാതിരിക്കുമ്പോള്‍ ദലിത് ചിന്തകന്മാര്‍ ഉണ്ടാകുന്നുവെന്ന് അദ്ദേഹം തുടരുന്നു. ദലിത് എന്നത് കീഴ്ത്തട്ട് ജാതികളുടെ പര്യായപദമായി മനസിലാക്കുന്ന പൊതുബോധവിഡ്ഢിത്തത്തിന്റെ വിശദീകരണം മാത്രമാണ് പ്രൊഫ. എം.എൻ കാരശ്ശേരിയുടെ ലേഖനം. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന പ്രൊഫ. കാരശ്ശേരി സ്വന്തം വിദ്യാര്‍ത്ഥിയായിരുന്ന ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് ഈ മേഖലയില്‍ നടത്തിയിട്ടുള്ള വിശാലപഠനങ്ങളിലെ ഒന്നര പേജെങ്കിലും വായിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് ഈ അവ്യക്തത ഉണ്ടാവുമായിരുന്നില്ല. സാമൂഹിക /രാഷ്ട്രീയ വിഷയങ്ങളില്‍ വ്യക്തതയുണ്ടെന്ന് ധരിക്കുന്ന കേരളത്തിലെ ലിബറല്‍ സമൂഹവും പ്രൊഫ.എം.എൻ. കാരശ്ശേരിയെ പോലെ, ദലിത് സമം ജാതി എന്ന് വിവര്‍ത്തനം ചെയ്ത് മനസിലാക്കുന്ന ഒരു പ്രവണതയും സജീവമാണ്. ദലിത് സ്വത്വമെന്ന് കേള്‍ക്കുമ്പോള്‍ ജാതി സ്വത്വമെന്ന് മനസിലാക്കുകയും ജാതി സ്വത്വരാഷ്ട്രീയം അപകടമാണെന്ന് വാദിച്ച് തളരുകയും ചെയ്യുന്ന പുരോഗമന ലിബറലുകളും ധാരാളമാണ് കേരളത്തില്‍. കേരളത്തിലെ അംബേദ്ക്കറൈറ്റുകൾ ദലിത് സംജ്ഞയെന്നത് സത്താപരമായ ജാതിയെ ഉള്‍കൊള്ളുന്ന ഒന്നല്ലയെന്ന് എത്രയോ കാലങ്ങളായി വെെഞ്ജാനികമായിത്തന്നെ വിശദീകരിച്ചിട്ടുണ്ട്. അതിനെ മുഖവിലക്കെടുക്കാന്‍ തയ്യാറല്ല എന്ന വെല്ലുവിളിയാണോ പ്രൊഫ. എം.എൻ. കാരശ്ശേരിയുടെ മാതൃഭൂമി ലേഖനം എന്നത് അദ്ദേഹം വ്യക്തമാക്കേണ്ടുതുണ്ട്. ദലിതര്‍ വെെജ്ഞാനികമായി സംസാരിച്ചു തുടങ്ങുമ്പോള്‍ എന്ത് സംസാരിക്കുന്നു എന്നു മനസ്സിലാക്കാതെ സംസാരിക്കുന്നയാളുടെ സാമൂഹിക പദവിയെ മുൻനിർത്തി അയാള്‍ ജാതിയാണ് പറയുന്നത് എന്ന് മനസ്സിലാക്കുന്ന ഇവിടുത്തെ പതിവ് രീതിയിലാണ് മാറ്റമുണ്ടാവേണ്ടത്.

എം എൻ കാരശ്ശേരി
സ്വത്വം (identity )
സ്വത്വം അഥവ identity യെ കുറിച്ച് മനസിലാക്കുന്നതില്‍ ഒരു അവ്യക്തത നിലനിൽക്കുന്നുണ്ട്. സ്വത്വമെന്നത് ഒരാള്‍ക്ക് ജന്മം കൊണ്ട് വന്ന് ചേരുന്നതോ, സ്ഥല/ കാലങ്ങളില്‍ വന്ന് ചേരുന്നതോ ആവാം. ജാതി /വംശം/സ്ത്രീ /പുരുഷന്‍ എന്നീ സ്വത്വങ്ങള്‍ ഒരാള്‍ക്ക് ജന്മം കൊണ്ട് ലഭിക്കുന്നതും സ്ഥായിയുമാണ്. മതസ്വത്വമെന്നത് ജന്മം കൊണ്ട് വരുന്നതാണങ്കിലും മാറാവുന്നതാണ്. ട്രാന്‍സ് ജന്‍ഡര്‍ സ്വത്വങ്ങള്‍ പിന്നീട് തിരിച്ചറിയപ്പെടുകയാണ് ചെയ്യുന്നത്. ജന്മം കൊണ്ട് ജാതി /മത /ജെന്‍ണ്ടര്‍ സ്വത്വങ്ങളായിരിക്കുമ്പോള്‍ തന്നെ പ്രവാസ സമൂഹത്തില്‍ എത്തുമ്പോൾ നമ്മള്‍ ‘മലയാളി’യെന്ന ഒരു പൊതു സ്വത്വത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. അത് സ്ഥലകാലങ്ങളാൽ വന്നു ചേരുന്നതാണ്.
മനുഷ്യര്‍ക്ക് സ്വത്വമെന്നത് ഒരു യാഥാര്‍ത്ഥ്യമായിരിക്കെ എന്ത് കൊണ്ടാണ് സ്വത്വത്തെ മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ ഉണ്ടാവുന്നതെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
മനുഷ്യര്‍ സ്വത്വത്താല്‍ വെെവിദ്ധ്യമാർന്നവരായിരിക്കുമ്പോഴും സമൂഹത്തില്‍ എല്ലാ സ്വത്വങ്ങള്‍ക്കും ഒരേ മൂല്യമല്ല ഉള്ളത്. സമൂഹത്തില്‍ മേധാവിത്വ സ്വഭാവം കെെവരിച്ചതും കീഴടക്കപ്പെട്ടതുമായ സ്വത്വങ്ങളെ രണ്ടായ് തിരിച്ചറിയണം. ഉദാഹരണത്തിന് പുരുഷ സ്വത്വമെന്നത് എല്ലായ്പ്പോഴും സമൂഹത്തില്‍ മേധാവിത്വം കെെവരിച്ചതും, സ്ത്രീയെന്നത് കീഴടക്കപ്പെട്ടതുമാണ്. സാമൂഹികമായി കീഴടക്കപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വത്വത്തെ മുന്‍നിര്‍ത്തി നിഷേധിക്കപ്പെട്ട തുല്യതയ്ക്കും ജനാധിപത്യ അവകാശത്തിനും വേണ്ടി സംസാരിച്ചു തുടങ്ങിയപ്പോഴാണ് പുരുഷ ലോകം അന്നേവരെ ചെയ്ത അനീതി ലോകത്തിന് വെളിവായത്. സ്ത്രീകള്‍ അവരുടെ സ്വത്വത്തെ മുന്‍നിര്‍ത്തി സംസാരിക്കുന്നത് പുരുഷ മേല്‍കോയ്മ തകര്‍ത്ത് പകരം സ്ത്രീകളുടെ മേല്‍കോയ്മ സ്ഥാപിക്കാന്‍ അല്ല, മറിച്ച് തുല്യതയുള്ള പുതിയ ജനാധിപത്യ സമൂഹത്തിന് വേണ്ടിയാണ് .
എന്നാല്‍ മതം / ജാതി/ വംശത്തെ മുന്‍നിര്‍ത്തിയുള്ള സ്വത്വ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ പിന്തിരിപ്പനും ജനാധിപത്യ വിരുദ്ധവുമാണ്. ഈ വിധമുള്ള സ്വത്വ വാദങ്ങള്‍ തങ്ങളുടെ മേല്‍കോയ്മയുടെ അവകാശവാദങ്ങളാണ് മുന്നോട്ട് വെക്കുന്നത്.
ഇന്ത്യയിലെ ബ്രാഹ്മണര്‍ ഉള്‍പ്പെടുന്ന സവര്‍ണ്ണ ജാതികള്‍ സാമൂഹ്യ ജാനാധിപത്യ സങ്കല്പത്തിന് വിരുദ്ധമായി തങ്ങളുടെ മേല്‍കോയ്മാപരമായ സ്വത്വ സ്വഭാവമുള്ളവയാണ് . ഇന്ത്യയില്‍ സവർണ്ണര്‍ ജാതികള്‍ എന്ന നിലക്ക് രാജ്യത്തെ പൊതുസമ്പത്ത് / അധികാരം /സംസ്കാരിക /സാമൂഹ്യ മൂലധനം എന്നിവ കെെവശം വെക്കുന്ന സ്വത്വങ്ങളാണ്. ഇതേ സമയത്ത് തന്നെ മേല്‍കോയ്മയില്ലാത്ത ജാതികളും അവരുടെ സത്താപരമായ ജാതിയുടെ സവിശേഷമായ നിലനില്‍പ്പിന് വേണ്ടി ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്നതും പിന്തിരിപ്പനാണ്. ജാതിയുടെ സവിശേഷമായ സ്വഭാവത്തെ മുന്‍നിര്‍ത്തി മറ്റുള്ളവരീല്‍ നിന്നും തങ്ങള്‍ക്ക് വ്യതിരിക്തമായ നിലനിൽപ്പുണ്ടെന്ന് കരുതുന്ന ഏത് വിധമുള്ള സ്വത്വശ്രമങ്ങളും നിരുത്സാഹപ്പെടുത്തപ്പെടേണ്ടതാണ്. ഇന്ത്യയിലെ അനേകായിരം ജാതികളെ കോര്‍ത്തെടുത്ത് രൂപപ്പെടുത്തിയ ഹിന്ദുമതസ്വത്വം അപകടകരമായ ഒന്നാണ്. കാരണം ഇന്ത്യന്‍ സമൂഹത്തില്‍ മേധാവിത്ത സ്വഭാവമുള്ള സ്വത്വമാണ് ഹിന്ദുമതത്തിന്‍റെ ഉള്ളടക്കം . ഇന്ത്യയിലെ മുസ്ളീങ്ങളെ പോലുള്ള നൂനപക്ഷ മത സ്വത്വങ്ങള്‍ കീഴടക്കപ്പെട്ട സ്വത്വങ്ങളാണ്. അതു കൊണ്ടാണ് മുസ്ളീങ്ങള്‍ക്ക് തങ്ങളുടെ ജനാധിപത്യ അവകാശ- അധികാരങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ സ്വത്വത്തെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സമൂഹത്തില്‍ സ്വയം സംസാരിക്കേണ്ടി വരുന്നത്. എന്നാല്‍ എല്ലാ മതങ്ങള്‍ക്കുള്ളിലും ഉള്ളത് പോലെ സ്വത്വപരമായ മേധാവിത്തം കെെവരിക്കാനുള്ള സ്വഭാവശേഷി നൂനപക്ഷ മതങ്ങള്‍ക്കുള്ളിലുമുണ്ട്. വംശ ശുദ്ധിയെ മുന്‍നിര്‍ത്തിയുള്ള സ്വത്വ രാഷ്ട്രീയത്തിന്റെ അപകടത്തിന് ജര്‍മ്മനിയുടേതുള്‍പ്പെടെ ചരിത്ര സാക്ഷ്യം നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് സ്വത്വത്തെ മുന്‍നിര്‍ത്തി സംസാരിക്കുമ്പോള്‍ മേല്‍കോയ്മ സ്വഭാവം കെെവരിച്ച സ്വത്വവാദങ്ങളേയും, ജനാധിപത്യ അവകാശ -അധികാരങ്ങളേയും രണ്ടായി രാഷ്ട്രീയമായയി തിരിച്ചറിയാനുള്ള വിവേകമുണ്ടാവുക എന്നത് പ്രധാനമാണ്.
ദലിത് സ്വത്വം
കേരളത്തിലെ ലിബറല്‍ പുരോഗമന സമൂഹം വേണ്ടത്ര മനസ്സിലാക്കാന്‍ ശ്രമിക്കാത്ത ഒന്നാണ് ദലിതെന്ന സംജ്ഞ. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമായി പ്രൊഫസർ എം. എൻ. കാരശ്ശേരിയുടെ ലേഖനത്തെ കാണാം. ദലിത് എന്നത് കീഴ്ത്തട്ട്ജാതികളുടെ കേവലമായ ജാതിപ്പേരോ പര്യായമോ അല്ല. ഇന്ത്യന്‍ സമൂഹത്തിലെ ജാതിവ്യവസ്ഥയുടെ സ്വഭാവ സവിശേഷതകള്‍ കൊണ്ട് വിദ്യാഭ്യാസപരവും സാമൂഹികവുമായി പിന്‍തള്ളിപ്പോയ ജനതയുടെ അവകാശ അധികാരങ്ങള്‍ ഉറപ്പിക്കാനും ഭരണഘടനാപരമായ നിയമ പരിരക്ഷകള്‍ക്കും വേണ്ടി തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട അനേകം ജാതികളുണ്ട്. ഇവരെയാണ് സാമാന്യേന പട്ടികജാതികള്‍ അഥവ ScheduledCastes എന്ന് വിളിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട അല്ലെങ്കില്‍ പട്ടികജാതികള്‍ എന്ന് വിളിക്കപ്പെടുന്ന ഈ പേര് ഇന്ത്യന്‍ ജാതിവ്യവസ്ഥയിലെ ഏതെങ്കിലും ഒരു ജാതിയുടേ പേരല്ല മറിച്ച് അത് ഭരണഘടനാപരമായ ഒന്നാണ്. ആ പേരിന്‍റെ ഒരു പരിമിതി അതിന് സമാന സാമൂഹ്യ അനുഭവങ്ങള്‍ പങ്കുവെച്ച ഒരു ജനതയുടെ നിയമപരിരക്ഷ ഉറപ്പിക്കുന്ന പൊതുനാമമായി ആയിരിക്കാനേ കഴിയൂ എന്നതാണ്. പട്ടിക ജാതികള്‍ എന്ന പേരിന്- ഭരണഘടനാ നാമത്തിന് -ദലിത് എന്ന സംജ്ഞയുടെ പ്രയോഗശേഷി കൈ വരിക്കാന്‍ ആവില്ല. പട്ടികയില്‍ ഉള്‍പ്പെടുന്നു എന്നതിന്‍റെ മാനദണ്ഡം അല്ല ഒരാള്‍ ദലിതനായി തീരുന്നതിന്റെ രാഷ്ട്രീയ വ്യാഖ്യാനം.
ഇന്ത്യയില്‍ നൂറ് കണക്കിന് ജാതികളുണ്ട്. എന്നാൽ ദലിത് എന്ന പേരില്‍ ഇന്ത്യന്‍ വ്യവസ്ഥക്കുള്ളില്‍ ഒരു ജാതിയില്ല. കാരണം ദലിതെന്നത് ഒരു ജാതി സംജ്ഞയല്ല. എളുപ്പത്തില്‍ മനസ്സിലാക്കാന്‍ അടിച്ചമർത്തപ്പെട്ട ജാതികളുടെ സാമൂഹിക വിഭാഗം (social class of the oppressed castes ) ആണ് ദലിത് എന്ന് പറയാം. അധീശ്വത ബ്രാഹ്മണിക് ജാതിഹിന്ദുക്കളുടെ അടിച്ചമർത്തലിനു (oppression) വിധേയമായത് കൊണ്ട് സമാനമായ സാമൂഹിക അനുഭവങ്ങള്‍ പങ്കിടുന്നുവെന്നതാണ് ദലിത് സ്വത്വത്തെ നിര്‍ണയിക്കുന്നത്. ദലിത് സ്വത്വത്തിന്‍റെ ഉള്ളടക്കം ജാതി സ്വത്വത്തിന്‍റെ പോലെ ജനാധിപത്യ വിരുദ്ധമോ പിൻതിരിപ്പനോ അല്ല. ജാതിസ്വത്വം ജാതി നിലനിര്‍ത്താന്‍ ആഗ്രഹിക്കുമ്പോള്‍ ദലിത് സ്വത്വം ജാതിയെ നിരാകരിക്കുന്നു. ദലിത് സ്വത്വം ജന്മം കൊണ്ട് കൈവരുന്ന ജാതി സ്വത്വമല്ല. മറിച്ച് ഒരു രാഷ്ട്രിയ തിരിച്ചറിവാണ്. ഈ തിരിച്ചറിവ് ചരിത്രത്തിലെ ഒരു സവിശേഷഘട്ടത്തില്‍ വ്യക്തി സ്വയം കൈവരിക്കുന്നതാണ്. ജാതീയമായ അടിച്ചമർത്തൽ (Caste oppression) ഉള്ളത് കൊണ്ട് അധികാരം, വിഭവ പങ്കാളിത്തം, നീതി, സാമൂഹിക തുല്യത എന്നിവ ഇല്ല എന്നതാണ് ദലിത് സ്വത്വം കൈവരിക്കുമ്പോള്‍ ഉണ്ടാവുന്ന തിരിച്ചറിവ്. ഈ തിരിച്ചറിവ് പ്രധാനമാണ് . കാരണം ഇന്ത്യന്‍ ഭരണഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടത് കൊണ്ടല്ല അയാള്‍ ദലിത് സ്വത്വം കൈവരിക്കുന്നത്. ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ പ്രത്യയശാസ്ത്രപരമായ നടത്തിപ്പു തന്ത്രങ്ങള്‍ക്കുള്ളിലാണ് ഒരു ജനതയുടെ ജീവനും ജീവിതവും ബാക്കിയാവുന്നത് എന്ന അവബോധം കൈവരിക്കുമ്പോള്‍ അയാള്‍ പുതിയൊരു രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ പുതിയ രാഷ്ട്രീയ അവബോധത്തിലേക്ക് സമൂഹത്തെ അപനിര്‍മ്മിക്കാന്‍ ആവശ്യമായ രാഷ്ട്രീയ സിദ്ധാന്തങ്ങളും സാഹിത്യവും, സിനിമയും, സാമൂഹിക വിമര്‍ശനങ്ങളും ചേർന്ന പുതിയ ഒരു രീതി ശാസ്ത്രം ഉണ്ടാവുക എന്ന ഒരു നവ ജനാധിപത്യ സങ്കല്പത്തിന് വേണ്ടിയുള്ള വൈജ്ഞാനിക മണ്ഡലത്തെയാണ് ദലിത് ചിന്താമണ്ഡലം മുന്നോട്ട് വെക്കുന്നത്. അതായത് ദലിത് സ്വത്വമെന്നത് ജാതി സ്വത്വമല്ല മറിച്ച് അതൊരു രാഷ്ട്രീയ സ്വത്വമാണ് (political identity).
ചുരുക്കി പറഞ്ഞാല്‍ ജാതി സ്വത്വം (caste identity) എന്നത് ആയിരിക്കുക (being) ആണ്. ദലിത് സ്വത്വം (Dalit identity) എന്നത് ആവുക (becoming) ആണ്. ജാതി സ്വത്വം (Caste identity) ജാതിയാണ് പറയുന്നത്. ദലിത് സ്വത്വം (Dalit identity) ജാതിയെ കുറിച്ചാണ് പറയുന്നത്. കേള്‍ക്കുമ്പോള്‍ രണ്ടും ഒന്നാണെന്ന് തോന്നുമെങ്കിലും അടിസ്ഥാനപരമായി രണ്ടും രണ്ടാണ്. ഇന്ത്യയിലെ ബ്രാഹ്മണരും സവര്‍ണരും പറയുന്നത് ജാതിസ്വത്വവാദമാണ്. എന്ത് കൊണ്ടാണ് സവര്‍ണര്‍ പേരിന്‍റെ കൂടെ ജാതി ചേര്‍ക്കുന്നത്? ഇന്ത്യയിലെ സവര്‍ണര്‍ മേൽക്കോയ് മസ്വത്വം പേറുന്നവരാണ് .ഇന്ത്യയിലെ പേരിന്‍റെ കൂടെ ജാതി ചേര്‍ത്ത് പറയുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത് ജീവശാസ്ത്രപരമായി നമ്മള്‍ മനുഷ്യരാണെങ്കിലും, സാമൂഹികമായി ഒരാൾ മറ്റൊരാളെ തനിക്ക് തുല്യനായി കാണുന്നില്ല എന്നാണ്. ‘നിങ്ങളില്‍ നിന്നും ഞാന്‍ എന്‍റെ ജാതിയുടെ സവിശേഷത കൊണ്ട് വേറിട്ടുനില്‍ക്കുന്നു’ എന്നുമാണ്. ഈ വേറിട്ട് നില്‍ക്കല്‍ രാജ്യത്തെ പൊതുവിഭവത്തിലും അധികാരത്തിലും സാമൂഹികവും സാംസ്കാരികവുമായ കൊടുക്കല്‍ വാങ്ങലിലും അയാള്‍ക്ക് മേൽകോയ്മ എളുപ്പത്തില്‍ സാധ്യമാക്കുന്നു.

പ്രദീപൻ പാമ്പിരിക്കുന്ന്
ഈ വിധത്തില്‍ മേൽകോയ്മയുള്ള സ്വത്വങ്ങളേയും വിവേചനങ്ങള്‍ നേരിടുന്ന സ്വത്വങ്ങളേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത പരിമിതി പ്രൊ. കാരശ്ശേരിക്കുണ്ട്. മാത്രമല്ല ദലിത് എന്നത് കീഴ്ത്തട്ടു ജാതികളുടെ പൊതു ജാതിപ്പേരായി അദ്ദേഹം സാമാന്യ അര്‍ത്ഥത്തില്‍ മനസിലാക്കുന്നു. അതു കൊണ്ടാണ് എന്തുകൊണ്ട് ദലിത് ചിന്തകരുണ്ടാകുന്നതുപോലെ നായര്‍ ചിന്തകരും ക്രിസ്ത്യന്‍ ചിന്തകരും ഉണ്ടാകുന്നില്ല എന്ന അതിശയോക്തി കലര്‍ന്ന ചോദ്യമുണ്ടാകുന്നത്. സമഗ്രാധിപത്യത്തിന്‍റെ സ്വഭാവമുള്ള ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ പ്രത്യയശാസ്ത്രപദ്ധതിയെ വെെജ്ഞാനികമായി നേരിടാനുള്ള കരുത്തും ആഴവുമാണ് ദലിത് ചിന്തകളെ സവിശേഷമായി വ്യതിരിക്തമാക്കുന്നത്. സാമൂഹികമായ നീതിയെ കുറിച്ചും വിഭവ /അധികാര രാഹിത്യത്തെ കുറിച്ചുമുള്ള കാര്യകാരണങ്ങളുടെ ഉത്തരം തേടലാണ് ഒരാളെ ദലിത് സ്വത്വത്തിലേക്ക് പരകായ പ്രവേശം ചെയ്യിപ്പിക്കുന്നത്. പ്രൊ. എം എൻ കാരശ്ശേരി സ്വന്തം വിദ്യാര്‍ത്ഥിയായിരുന്ന ഡോക്ടർ പ്രദീപന്‍ പാമ്പിരിക്കുന്നിനെ ഉള്‍കൊണ്ട് വായിക്കുകയും പുതിയ പാഠങ്ങള്‍ പഠിക്കുകയും ചെയ്യേണ്ടതുണ്ട്. ഡോക്ടർ പ്രദീപന്‍ പാമ്പിരിക്കുന്ന് എഴുതുന്നു.
”ദലിത് സ്വത്വമെന്നത് ചരിത്രത്തിന്‍റെ ഒരു സവിശേഷഘട്ടത്തില്‍ കൈവന്നു ചേരുന്നതാണെങ്കില്‍ ചരിത്രത്തിന്‍റെ മറ്റൊരു ഘട്ടത്തില്‍ ദലിതത്വം കൈയൊഴിഞ്ഞു പോകേണ്ടിവരികയും ചെയ്യും”
ജാതിസ്വത്വം ജന്മം കൊണ്ട് കൈവരിക്കുന്നതും അവസാനം വരെ തുടരുന്നതുമാണ്. ദലിത് സ്വത്വം ചരിത്രപരമായി കെെവന്നു ചേരുന്നതാണ്. നവ ജനാധിപത്യ സമൂഹമാണ് അതിന്‍റെ അടിസ്ഥാന സങ്കല്പം. സാമൂഹിക നീതി ലഭ്യമാക്കുന്ന ജനാധിപത്യ സമൂഹത്തില്‍ ദലിത് ചിന്തകള്‍ അപ്രസ്കതമായിത്തീരും. കാരണം ദലിത് സ്വത്വം തീര്‍ത്തും ചരിത്രപരം മാത്രമാണ്.