പൂമുഖം LITERATUREകഥ അനാഥൻ

അനാഥൻ

വൃദ്ധൻ്റെ വിറയാർന്ന വിരലുകൾ ദുർബലമായും, നരച്ച കണ്ണുകൾ ധൃതിപ്പെട്ടും പഴയരജിസ്റ്ററിലെ വരികൾക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഒന്നുരണ്ടു രജിസ്റ്ററുകൾ കൂടി അയാൾക്ക് മുന്നിലെ മേശമേൽ ഇട്ട് പ്രീതി എന്നെ നോക്കി. ശബ്ദം കേട്ടു ഞെട്ടി തല പൊന്തിച്ച് അവളെയും എന്നെയും മാറിമാറിനോക്കുന്ന കണ്ണുകളിൽ ശൂന്യത നിറഞ്ഞു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ബുക്കുകളിൽ നിന്നുയർന്ന പൊടിപടലങ്ങൾ പ്രകാശത്തിൽ പാറിനടന്ന് വിചിത്രമായ രൂപങ്ങൾ സൃഷ്ടിച്ചു. അപ്പോൾ അയാളും രജിസ്റ്ററും ഏതോ പുരാതനകാലഘട്ടത്തിൽ നിന്നിറങ്ങി വന്നതുപോലെ കാണപ്പെട്ടു.

വര : പ്രസാദ് കാനാത്തുങ്കൽ

ഒരേ സംഘടനയ്ക്ക് കീഴിൽ തൊട്ടടുത്ത കോമ്പൗണ്ടുകളിലായി പ്രവർത്തിക്കുന്ന വൃദ്ധസദനത്തിൻ്റെയും അനാഥമന്ദിരത്തിൻ്റെയും ചുമതലക്കാരായ ഞാനും പ്രീതിയും അയാളെ സാകൂതം വീക്ഷിച്ചു അടുത്തടുത്തായി ഇരുന്നു. വൃദ്ധസദനത്തിൽ പുതിയതായി വന്നെത്തിയ വൃദ്ധന് അനാഥ ബാല്യങ്ങളുടെ കണക്കുപുസ്തകത്തിൽ നിന്ന് എന്തു ലഭിക്കാനാണ് എന്ന സംശയം ഞങ്ങൾ പങ്കിട്ടു.

അതും 65 വർഷം മുമ്പത്തെ രജിസ്റ്ററിൽ നിന്ന്…

അക്കാര്യത്തിൽ വൃദ്ധനും സംശയമുണ്ടെന്ന് തോന്നി.

കയ്യിലെ രജിസ്റ്റർ പോലെ, കാലം കരണ്ടുതിന്ന ഓർമ്മകളുടെ ഇടർച്ച അയാളുടെ ചലനങ്ങളിലുമുണ്ട്. രജിസ്റ്ററിൽ സമാധിയടഞ്ഞ വർഷങ്ങൾക്ക് വൃദ്ധനെ വിട്ടുനൽകി ഞങ്ങൾ വരാന്തയിലേക്കിറങ്ങി.”പുതിയ അഡ്മിഷനാണോ?”
“ഉം…”
” എവിടെ നിന്നാണ് ? “
” ആവോ.. ആൾക്കും വലിയ പിടിയില്ല “
” ആരാ കൊണ്ടുവന്നത്?”
” തനിച്ചാ വന്നത്?”
” പേര്…..”
” പുള്ളിക്കാരന് നല്ല ഓർമ്മക്കുറവുണ്ട് “
“അൾഷിമേഴ്സോ മറ്റോ ആണോ!! ”
“ആവോ, ചില കാര്യങ്ങളിലാണേ നല്ല ഓർമ്മയും.”
പ്രീതി ചോദ്യഭാവേന നോക്കി.
ഉത്തരം പോലെ വൃദ്ധൻ്റെ കൂവൽ – ” കിട്ടി…. കിട്ടി. “
വിസ്മയത്തോടെ ഓഫീസ് മുറിയിലേയ്ക്ക് ചെല്ലുമ്പോൾ തുറന്നു മലർത്തിയ രജിസ്റ്ററിൽ സ്വയം നിക്ഷേപിച്ച പോലെ അയാൾ.
മെച്ചില്ല ദേഹത്തെ ആകെയുലച്ച ഒരു ചുമയ്ക്കൊപ്പം വാക്കുകൾ തെറിച്ചു വീണു – ” എൻ്റ…ച്ഛൻ… “ഒരുപോലെ വിറച്ചു കൊണ്ടിരുന്ന വിരലും ചുണ്ടുകളും പറഞ്ഞു – അച്ഛൻ്റെ പേര് കിട്ടി…. ശിവശങ്കരൻ…. “
കുട്ടിയുടെ പേര് എഴുതിയ ഭാഗം അടർന്നു പോയ ഒരു കോളം. വയസ്സ് – 6 വർഷം 3 മാസം എന്നത് വായിച്ചെടുക്കാം. തുടർന്ന്, ദത്തെടുക്കുന്നയാൾ – ശിവശങ്കരൻ. വയസ് 42. വിലാസം – …”
ഈ വിലാസത്തിലന്വേഷിച്ചാൽ മകൻ്റെ പേര് കിട്ടില്ലേയെന്ന് ഞാൻ ചോദിച്ചു.
” ശിവശങ്കരൻന്ന് തന്നാ…” സംശയലേശമില്ലാതെ വൃദ്ധൻ.
“എൻ്റച്ഛൻ്റെ പേരാ അവനും..”

“നിങ്ങൾടെ പേര് ?! ” പ്രീതിയുടെ ചോദ്യത്തിന് മുന്നിൽ അയാൾ വീണ്ടും ഉത്തരമില്ലാതെ നിന്നു.

” ഇത്ര ഓർമ്മക്കുറവുള്ളയാളെങ്ങനാ രജിസ്റ്റർ തപ്പി കൃത്യമായിട്ടാ കോളമെടുത്തത്! ” ഉച്ചത്തിലുയർന്ന ആത്മഗതത്തെ വൃദ്ധൻ തൻ്റെ വിരലിൽ കൊരുത്ത് രജിസ്റ്ററിന് നേരെ ചൂണ്ടി.

“ഈ തീയതി ഞാൻ മറക്കൂല്ല മക്കളെ.”

നരകയറിയ കണ്ണുകൾ നനഞ്ഞു. “അച്ഛൻ മരിക്കുംവരെ എൻ്റെ ജന്മദിനമായിട്ടാഘോഷിച്ചത് ഈ ദിവസാണ്.”
എൻ്റെ കൈ പിടിച്ച് മടങ്ങുന്നേരം പ്രീതി ചോദിച്ചു – ” മകനെ അറിയിക്കണോ.”

” വേണ്ട. അവനാണെന്നെയിവിടെ കൊണ്ടാക്കിയത്.”

പിന്തിരിഞ്ഞു നോക്കാതെയുള്ള മറുപടി.

മതിൽക്കെട്ടിലെ ചെറിയ ഗേറ്റ് കടക്കുന്നേരം, വൃദ്ധൻ്റെ കണ്ണടയിലെ രണ്ടു ഗ്ലാസ്സുകളിലായി അനാഥമന്ദിരത്തിൻ്റെയും വൃദ്ധസദനത്തിൻ്റെയും കെട്ടിടങ്ങൾ നിഴൽ വിരിച്ചത് ഞാൻ കണ്ടു. കാലം പകുത്തിട്ട മതിലിനിരുപുറവുമായി, തൻ്റെ ബാല്യവും വാർദ്ധക്യവും കണ്ട വൃദ്ധൻ അപ്പോഴും ഓർമ്മയിൽ സ്വന്തം പേര് പരതുകയായിരുന്നു.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.