പൂമുഖം LITERATUREകഥ കോവിഡ് — മൂന്ന് ചിത്രങ്ങൾ

കോവിഡ് — മൂന്ന് ചിത്രങ്ങൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

                     

“വർക്കിങ് ഫ്രം ഹോം തുടങ്ങി, ഇന്ന് ഒരു വർഷം തികയുന്നു.”

പിന്നിലെ ചെറിയ ബാൽക്കണിയിൽ കമ്പിവലയിൽ ചാരിനിൽക്കുകയായിരുന്നു, ഹേമന്ത്.

അടുക്കള നിലത്തിന് കുറുകെ അറ്റം വരെയും ചുമരിലേയ്ക്ക് ഏന്തിയും അയാളുടെ മെലിഞ്ഞ നിഴൽ നീണ്ടു.

ആരതിയുടെ പ്രതികരണം ഒരു മൂളലിലൊതുങ്ങി.

ഇളവെയിൽ അടുക്കളച്ചുവരിൽ വീഴുന്ന അപൂർവ ദിവസങ്ങളാണ്….

കോഫിമേക്കറിൽ നിന്ന് ഡിക്കോക് ഷൻ പാത്രത്തിലേയ്ക്ക് പകരവേ അവൾ മനസ്സിൽ പറഞ്ഞു:

വെളിച്ചത്തിൻറെ ആ പാളിയിൽ എൻറെയായാലും നിഴൽ വീഴുന്നത് എനിക്കിഷ്ടമല്ല. കിളിയൊച്ചകളും ദൂരെ കോവിലിലെ മണിയടിയും മറ്റേതോ ലോകത്തുനിന്നെത്തുന്ന തീവണ്ടിച്ചൂളവും .
ഏതാനും ദിവസത്തേയ്ക്ക് മാത്രമായി ഈ വെയിൽക്കീറും. ദിവസം പുലരുന്നതങ്ങനെയാണ്..
കോഫിയിൽ നിന്നുള്ള ആവിച്ചുരുളുകളെ, ആ വെളിച്ചത്തിലേയ്ക്ക് മേയാൻ വിട്ട് ഇങ്ങനെ ഇരിക്കുന്നത് ഒരു അതീന്ദ്രിയാനുഭവമാണ് …
ഒരു കൊല്ലം മുൻപ്…….
ഈ നേരത്ത്, പ്രവർത്തിദിനങ്ങളിൽ ഹേമന്ത് യാത്രപറഞ്ഞ് പുറത്തേക്കിറങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. അവധി ദിവസങ്ങളിൽ വെയിൽ മൂക്കുന്നതുവരെ നീളുന്ന ഉറക്കത്തിലും ആയിരിക്കും ..
ഇത് ആരുമായും പങ്കിടേണ്ടതില്ലാത്ത എൻറെ, എൻ്റെ മാത്രം സ്വകാര്യസുഖം!
ഭർത്താവിൻറെ ദിശയിൽ നോട്ടമെറിഞ്ഞ് അവൾ അവസാനിപ്പിച്ചു:
അവസാനിക്കാത്ത ഒരു തീവണ്ടിയാത്രയിലെന്ന പോലെ ജീവിതം പെട്ടിക്കകത്ത് ഒതുങ്ങിയ ഇക്കാലത്ത്, അതിലേയ്ക്കാണ് കരടായി ആ നിഴലും വാക്യവും വന്നുവീണത്..!


തൻറെ നിഴലിൽ നോട്ടമുറപ്പിച്ച് ചെറുപ്പക്കാരനായ ഭർത്താവ് കപ്പ് ചുണ്ടോടടുപ്പിച്ചു:
വർഷങ്ങൾക്ക് മുൻപ്, ദിവസവും രാവിലെ എട്ടേമുക്കാലിന്, വിജയനഗർ ബസ് സ്റ്റോപ്പിൽ എത്താറുണ്ടായിരുന്നു, ജോലിസ്ഥലത്തേയ്ക്ക് ബസ്‌ കയറാൻ.
അയാൾ അയാളോട് തന്നെ പറഞ്ഞു :
പത്തൊമ്പത് കിലോമീറ്റർ ദൂരെയായിരുന്നു ഓഫീസ്. അടുക്കള ജോലിയിൽ മുഴുകിനിൽക്കുന്ന ഈ സ്ത്രീ, അന്ന് സെൻറ് തോമസ് കോളേജിലെ വിദ്യാർത്ഥിനി, ബസ് കാത്തുനിന്നിരുന്നത് അതേ ബസ് സ്റ്റോപ്പിൽ അതേ സമയത്തായിരുന്നു. വിളക്കുകാലിനെ തൊട്ടു- തൊട്ടില്ലെന്ന നിലയിൽ ഒരേയിടത്താണ് അവളെന്നും നിൽക്കുക. ബസ് സ്റ്റോപ്പിൽ നിന്ന് അല്പം മാറി ഞാനും . എട്ടുമണിസൂര്യൻറെ രശ്മികളിൽ എൻറെ നിഴലിൻറെ ശിരസ്സ് അവളുടെ പാദം തൊടണം ! അതായിരുന്നു പ്രേമത്തിൻറെ വാശി. അതിനായി ചാഞ്ഞും ചെരിഞ്ഞും നീങ്ങുന്നത്, കണ്ടിട്ടും കാണാതെ അവൾ നിൽക്കും. ശ്രമത്തിൽ ഞാൻ വിജയിക്കുന്ന നിമിഷം, കണ്ണുകൾ വലുതാക്കി, പുരികം ഉയർത്തി, അശ്രദ്ധമെന്ന മട്ടിൽ തലയാട്ടി, കീഴ്ച്ചുണ്ട് കടിച്ച്, ചുറ്റുമുള്ളവർക്കാർക്കും കാണാനാവാത്ത ഒരു ചിരി ആ മുഖത്ത്, എനിക്കായി വന്ന് മറയും ..


ഇടയ്ക്കാരെങ്കിലും കയറിവന്ന് കാര്യം നടക്കാതെ പോയാൽ എനിക്കുണ്ടാവുന്ന അസഹിഷ്ണുതയുടെ സാക്ഷിയും അവൾ മാത്രം.
അപ്പോഴും ചിരി എന്നു പറയാനാവാത്ത ആ ചിരി ആൾക്കാർക്കിടയിലൂടെ അവൾ എനിക്കെത്തിച്ചുതരും.

ഇന്ന്, ആ ഓർമ്മ അവളുമായി പങ്കിടാൻ തനിക്ക് ആവുന്നില്ലെന്ന് അദ്‌ഭുതത്തോടെ, അസ്വസ്ഥതയോടെ അയാൾ അറിഞ്ഞു .
അടച്ചിരുപ്പിൽ മനസ്സുകൾക്കിടയിലേയ്ക്ക് ഊർന്നിറങ്ങിയ ‘സാമൂഹ്യ അകലം’…!
എന്നിട്ടും ഒരു രസത്തിന്, നിന്നിടത്തു നിന്ന് ഒന്ന് തെന്നി, നിഴലിനെ ആ കാൽക്കലേയ്ക്ക് എത്തിക്കാനൊരു ശ്രമം നടത്തി .
കണ്ണിൽപെടാതെയെന്നതുപോലെ അതൊഴിവാക്കി, ആരതി എതിരിൽ വെയിലിന് എത്തിപ്പെടാനാവാത്ത മൂലയിൽ തിണ്ണയിൽ ചാരി.
കണ്ണുകൾ വലുതാക്കി, പുരികം ഉയർത്തി, കീഴ്ച്ചുണ്ട് കടിച്ച്, തലയാട്ടി…!
മുൻപിൽ, തിണ്ണയിൽ അഭിമുഖമായി പതിവ് പോലെ ഒരു മായാ ആരതിയെ സങ്കൽപ്പിച്ചു അവൾ .
ഇരുപത്തിനാല് മണിക്കൂറും ഒരുമിച്ചിരിക്കണം എന്നാണ് മോഹമെന്ന് എഴുതിയ പെൺകുട്ടിക്ക് എന്തുപറ്റി..? മടുത്തോ..?
വിശ്വസിക്കാനാവുന്നില്ല ! ആ ഇരുപത്തിനാലിലേയ്ക്ക് ഒരു പതിനാല് മണിക്കൂർ കൂടി തിരക്കിക്കയറി. ഓരോ ദിവസവും..!
മുപ്പത്തെട്ട് മണിക്കൂർ ദൈർഘ്യമുള്ള ‘അതിദിനങ്ങൾ’..!
ഹാളിൽ മേശപ്പുറത്തിരുന്ന കാൻവാസിൽ നിവർന്നുനിൽക്കുന്ന ഒരു സ്ത്രീരൂപം അവൾ മനസ്സിൽ കണ്ടു…
ആ രൂപത്തിൽ നിന്ന് കവരങ്ങളായി നാല് ദിശയിലേയ്ക്കും വളരുന്ന ഒരു പുരുഷനേയും…!ഊണിലും ഉറക്കത്തിലും പിരിയാതെ , ഒരു വിചിത്ര അവയവമായി!


പോയകാലത്തുനിന്ന്, പതിഞ്ഞ ഒരു തീവണ്ടിച്ചൂളം കാതിൽ വന്നുവീണു.

അന്ന്, സ്കൂൾ അവധിക്കാലം കഴിഞ്ഞ് മുംബൈയിലെ ബന്ധുവീട്ടിൽ നിന്ന് മടങ്ങുന്ന ദിവസമായിരുന്നു.
ആരതി, ആരതിയോട് പറഞ്ഞു

ഞങ്ങളും അവരും സങ്കടത്തിലായിരുന്നു. സമപ്രായക്കാരിയായ കസിൻസ് അഭിജിത്തും നിവേദിതയും നിറഞ്ഞ കണ്ണുകളോടെ മാറിമാറി കൈപിടിച്ചു. ഞാനും കരയുകയായിരുന്നു.
അതിനിടെ, വഴിയിലെവിടെയോ ട്രാക്കിൽ മണ്ണിടിഞ്ഞു വീണിട്ടുണ്ടെന്നും ഞങ്ങൾ കാത്തിരുന്ന ട്രെയ്ൻ ‘നൂറ്റിരുപത് മിനുട്ട്’ വൈകിയേ എത്തുവെന്നും അറിയിപ്പ് വന്നു.
ഞങ്ങൾക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു.…..
കളിയും സംസാരവും നീണ്ടുനീണ്ടുപോയി..
ഇടവിട്ടിടവിട്ടുള്ള അറിയിപ്പുകളിലൂടെ, ആ സമയം കഴിയുമ്പോഴേയ്ക്ക്, അത് അത്രയും കൂടി വൈകുമെന്നായി……
…..പതുക്കെപ്പതുക്കെ, കഥ മാറി.
…..എല്ലാവർക്കും മതിയായി.
യാത്രയാക്കിയേ പോകൂ എന്ന് ഉറപ്പിച്ചു നിന്നവരും യാത്രയാക്കിയേ പോകാവൂ എന്ന് നിർബന്ധിച്ചവരും കോട്ടുവായിട്ടും ഉറക്കം തൂങ്ങിയും സംസാരിക്കാൻ വിഷയങ്ങളില്ലാതെയും മുഷിഞ്ഞു.
ട്രെയ്ൻ വന്ന്, ഞങ്ങൾ സ്റ്റേഷൻ വിടുമ്പോഴേയ്ക്ക് ചങ്ങാത്തത്തിൻറെ അവസാനത്തെ നനവും ഞങ്ങൾക്കിടയ്ക്ക് വറ്റിയില്ലാതെയായി. വിളറിയ ചിരികളോടെ ഒരു യാത്രയാക്കൽ-
യാത്ര പോകൽ..–

കോഫി കപ്പ് സിങ്കിൽ വെച്ച്, നിഴൽ പിൻവലിച്ച്, ഹേമന്ത് ഹാളിലേയ്ക്ക് നടന്നു.


സിഗ്നൽ കിട്ടാൻ കാത്തുകിടക്കുന്ന ട്രെയ്‌നിൻറെ ക്ഷീണിച്ച ചൂളംവിളി ജനലിലൂടെ വന്ന് പുക പോലെ വീട്ടിനകത്ത് തളംകെട്ടി.
കോഫിയിൽ നിന്ന് നാവിൽ തടഞ്ഞ പാൽപാട ആരതി വാഷ്ബേസിനിലേയ്ക്ക് തുപ്പി..

വര : പ്രസാദ് കുമാർ
കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like