പൂമുഖം POLITICS എന്തുകൊണ്ട് ഞങ്ങള്‍ ആര്‍.എം.പിയില്‍ നിന്ന് പുറത്ത് വന്നു

എന്തുകൊണ്ട് ഞങ്ങള്‍ ആര്‍.എം.പിയില്‍ നിന്ന് പുറത്ത് വന്നു


ഒഞ്ചിയത്തിനേക്കാള്‍ മുമ്പ് സി.പി.എമ്മിലെ ആഭ്യന്തരസംഘര്‍ഷത്തില്‍ പടിയിറങ്ങി പോയവരും, തളിക്കുളം പഞ്ചായത്തിന്റെയും, തളിക്കുളം പഞ്ചായത്ത് സഹകരണ ബാങ്കിന്റെയും  ഭരണം പിടിക്കുകയും ചെയ്ത തൃശൂര്‍ ജില്ലയിലെ തളിക്കുളത്തെ വിമത സി.പി.എം. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അടുത്ത കാലത്താണ് ആര്‍.എം.പിയില്‍ ലയിക്കുന്നത്. എന്നാല്‍ ഇന്ന് ആര്‍.എം.പിയുടെ രാഷ്ട്രീയ പാപ്പരത്തത്തില്‍ പ്രതിഷേധിച്ച് അവരുടെ ശക്തമായ യുവജന സംഘടനയായ എ.കെ.വൈ.എഫില്‍ നിന്ന് നൂറോളം പേര്‍ പാര്‍ട്ടിക്ക് പുറത്ത് വരികയാണ്. എന്തുകൊണ്ട് തങ്ങള്‍ ആര്‍.എം.പി വിട്ടു എന്ന് ഇതിന് നേതൃത്വം നല്‍കുന്നതില്‍ ഒരാളായ ജിജേജ് വിശദീകരിക്കുന്നു.


 

ഴിഞ്ഞ മാര്‍ച്ച് മാസം വരെ ഞാന്‍ തളിക്കുളത്തെ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. ഒരു വര്‍ഷത്തോളമായി ഞാന്‍ ആ സംഘടനയുടെ എല്ലാ ചുമതലകളില്‍ നിന്നും സ്വമേധയാ മാറിനില്‍ക്കുകയാണ്. എന്നാല്‍, ഇക്കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ഞാന്‍ ആര്‍.എം.പിക്ക് വേണ്ടി തന്നെയാണ് പ്രവര്‍ത്തിച്ചത്. അത് രാഷ്ട്രീയത്തേക്കാളേറെ വ്യക്തിപരമായി എനിക്ക് ബന്ധമുള്ള, പല വിഷമഘട്ടങ്ങളിലും എന്നെ സഹായിച്ചിട്ടുള്ള ഞങ്ങള്‍ സന്തോഷേട്ടന്‍ എന്ന് വിളിക്കുന്ന തളിക്കുളത്തെ ടി.എല്‍.സന്തോഷിനോടുള്ള താത്പര്യം കൊണ്ടായിരുന്നു. അതുകൊണ്ടാണ് തളിക്കുളം പഞ്ചായത്തിന്റെ പത്താം വാര്‍ഡിലെ ലിജി ചേച്ചിയ്ക്കും, പതിമൂന്നാം വാര്‍ഡില്‍ വിദ്യാര്‍ത്ഥി നേതാവായിരുന്നു സഫീറിനും വേണ്ടി ഞാന്‍ വീണ്ടും അവരോടൊപ്പം നിന്നത്. ആ ബന്ധം കൊണ്ട് മാത്രമാണ് പാര്‍ട്ടിയുമായി വിട്ടു നിന്നിട്ടും ഞാന്‍ ഈ തെരെഞ്ഞെടുപ്പില്‍ അവര്‍ക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയതും. എന്നാല്‍ ആര്‍.എം.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അന്ധമായ സി.പി.എം വിരോധം എന്ന ഏകതാനമായ രാഷ്ട്രീയത്തോടും, നിലപാടുകളില്ലാത്ത അവരുടെ രാഷ്ട്രീയബോധ്യങ്ങളോടുമുള്ള വിയോജിപ്പ് മൂലം പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും ഞാന്‍ ഉപേക്ഷിക്കുകയാണ്. ഞാന്‍ മത്രമല്ല, എന്നോടൊപ്പം തളിക്കുളത്തെ അറുപതിലധികം സഖാക്കളും അവരുടെ കുടുംബാംഗങ്ങളും റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൊടിക്കീഴില്‍ നിന്ന് തിരിച്ചിറങ്ങുകയാണ്.

ഈ തീരുമാനം വന്നതു മുതല്‍ വ്യക്തിപരമായി എന്നെ അധിക്ഷേപിക്കാനാണ് പാര്‍ട്ടി നേതൃത്വം നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ ഒരു ഗുണ്ടയാണ് എന്ന ആക്ഷേപമാണ് ഒടുവിലത്തേതായി പുറത്ത് വന്നിരിക്കുന്നത്. തീര്‍ച്ചയായും ഞാന്‍ ഒരു ഗുണ്ട തന്നെയാണെന്ന് അവരുടെ വാദത്തിന് വേണ്ടി ഞാന്‍ സമ്മതിക്കുന്നു. എന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇരുപതിലേറെ കേസുകളില്‍ ഒന്നു പോലും ഞാന്‍ എന്റെ കുടുംബത്തിനോ വേണ്ടപ്പെട്ടവര്‍ക്കോ വേണ്ടി പ്രവര്‍ത്തിച്ചതിനല്ല. ആ കേസുകള്‍ മുഴുവന്‍ തളിക്കുളത്ത് വിമതരായി നിന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന് എന്റെ പേരില്‍ ചാര്‍ത്തിക്കിട്ടിയിട്ടുള്ളതാണ്. ഞാന്‍ ഉള്‍പ്പെടാത്ത കേസുകകളില്‍ പോലും പ്രതിയാക്കപ്പെട്ടപ്പോള്‍ ഞാന്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല. പ്രസ്ഥാനത്തിന് വേണ്ടി അതെല്ലാം ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ആ എന്നെയാണ് ഇപ്പോള്‍ ഒരു ഗുണ്ടയാണെന്ന പ്രചരണത്തിലൂടെ തള്ളിക്കളയാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

അതിലൊന്നും എനിക്ക് പരിഭവമില്ല. തളിക്കുളത്ത് വിമത സി.പി.എം ആയി നിന്ന് വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നവരാണ് ഞങ്ങള്‍. അതിനിടയ്ക്കാണ് ഒറ്റപ്പെട്ട് നില്‍ക്കുന്ന ഇടത് സംഘടനകളെ ഒരുമിപ്പിച്ച് നിര്‍ത്തണമെന്നും അതിനായി റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് കീഴില്‍ അണി നിരക്കണമെന്നുമുള്ള ആലോചനകള്‍ സഖാവ് ടി.പി.ചന്ദ്രശേഖരന്റെ വധത്തിന് ശേഷം നടക്കുന്നതും, പ്രാദേശിക നേതൃത്വം അത് അംഗീകരിക്കുന്നതും. അത് നടപ്പിലായതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാനസമ്മേളനത്തില്‍ ഒരു യുവജനപ്രസ്ഥാനം വേണമെന്ന ആവശ്യം ഉയരുകയും, അങ്ങനെ സംസ്ഥാനസമ്മേളനത്തിന ശേഷം കോഴിക്കോട് നളന്ദയില്‍ വച്ച് റവല്യൂഷണറി യൂത്തിന്റെ ഒരു കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കപ്പെടുകയും ഉണ്ടായി. ആ കമ്മിറ്റിയില്‍, തൃശ്ശൂര്‍ ജില്ലയിലെ കുന്ദംകുളത്തെയും, ആമ്പല്ലൂരിലെയും റവല്യൂഷണറി യൂത്തിനൊപ്പം തളിക്കുളത്ത് സ്വതന്ത്രമായി പ്രവര്‍ത്തിച്ച് വരുന്ന എ.കെ.വൈ.എഫ് എന്ന യുവജന സംഘടന ലയിക്കണം എന്ന ഒരു അഭിപ്രായം ഉയര്‍ന്നു വന്നു. തളിക്കുളത്തെ വിമത സി.പി.എം റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ലയിച്ചു എന്ന കാരണം കൊണ്ട് എ.കെ.വൈ.എഫിന് ഒരിക്കലും റവല്യൂഷണറി യൂത്തില്‍ ലയിക്കാന്‍ സാധിക്കുമായിരുന്നുല്ല. സംഘടനാ രൂപീകരണ സമയത്ത് എ.കെ.വൈ.എഫ് ഒരു സ്വതന്ത്രസംഘടനയായി തന്നെ നിലകൊള്ളണം എന്നതായിരുന്നു കമ്മിറ്റിയുടെ അഭിപ്രായം. അതുകൊണ്ട് തന്നെ ആ സംഘടനയ്ക്ക് മേല്‍ മറ്റാരുടെയും ഇടപെടലുകളും ഉണ്ടായിരുന്നില്ല.

ജിജേജ് പാലിയേക്കര ടോള്‍ വിരുദ്ധ സമരത്തില്‍

ജിജേജ് പാലിയേക്കര ടോള്‍ വിരുദ്ധ സമരത്തില്‍

ആ നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ച് വന്ന സംഘടന നിലനില്‍ക്കുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ ഒഞ്ചിയത്തെ റെവല്യൂഷണറി യൂത്തിന്റെ ഭാരവാഹികള്‍ വിളിച്ച് ഞങ്ങളോട് അടിയന്തിരമായി തൃശൂര്‍ ജില്ലാ കമ്മിറ്റി കൂടാന്‍ ആവശ്യപ്പെടുകയാണ്.

നാട്ടിക മേഖലയില്‍ പന്ത്രണ്ട് പേരടങ്ങുന്ന ഒരു ബ്ലോക്ക് കമ്മിറ്റി മാത്രമാണ് നിലവില്‍ എ.കെ.വൈ.എഫിനുള്ളത്. ആ ഞങ്ങളെങ്ങനെയാണ് നിലനില്‍ക്കുന്ന ഒരു സംഘടന പിരിച്ചുവിടാതെ, കമ്മിറ്റി കൂടി ഒരു തീരുമാനം കൈക്കൊള്ളാതെ, അതുവരെ രൂപീകരിക്കപ്പെട്ടിട്ടില്ലാത്ത റെവല്യൂഷണറി യൂത്തിന്റെ ജില്ലാ കമ്മിറ്റി കൂടുന്നത്?

ഇതുവരെ എങ്ങനെ പ്രവര്‍ത്തിക്കണം എന്നുപോലും രൂപരേഖ നിശ്ചയിച്ചിട്ടില്ലാത്ത ഒരു സംഘടന എങ്ങനെ ജില്ലാ കമ്മിറ്റി വിളിക്കണം എന്നാണ് സഖാവേ നിങ്ങള്‍ പറയുന്നത് എന്ന് ചോദിച്ചാല്‍ അത് അച്ചടക്കലംഘനമാണോ? ഒഞ്ചിയത്തെ നേതൃത്വം അടിച്ചേല്പിക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ക്ക് നില്‍ക്കാനാവില്ല എന്ന് അന്നാണ് ഞങ്ങള്‍ ആദ്യമായി പരസ്യമായി പ്രഖ്യാപിച്ചത്. അവിടെ നിന്ന് തന്നെയാണ് ഞങ്ങളും നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളുടെ തുടക്കവും.

ഈ സംഭവം കഴിഞ്ഞതിന് ശേഷം തൃശ്ശൂരില്‍ വച്ചാണ് റെവല്യൂഷണറി യൂത്തിന്റെ സംസ്ഥാന കണ്‍വെന്‍ഷന്‍ വിളിയ്ക്കുന്നത്. സാധാരണ ഏതൊരു പരിപാടിയ്ക്കും തളിക്കുളത്ത് നിന്ന് അമ്പതിലേറെ യുവാക്കള്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ അന്ന് ആ പരിപാടിയില്‍ പങ്കെടുത്തത് കേവലം എട്ട് പേര്‍ മാത്രമാണ്. അന്ന് എന്നെ പ്രസീഡിയത്തിലേക്ക് ക്ഷണിച്ചപ്പോള്‍, ആ ക്ഷണം സ്നേഹാദരങ്ങളോടെ ഞാന്‍ നിരസിക്കുകയും, ഞാന്‍ പങ്കെടുക്കുന്നത് പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റി അംഗം എന്ന നിലയിലാണെന്നും, യുവജനവിഭാഗത്തിന്റെ ഭാരവാഹിയായല്ലെന്നും നേതൃത്വത്തോട് പറഞ്ഞിരുന്നു. നിലവിലുള്ള ഈ സംവിധാനത്തില്‍ റെവല്യൂഷണറി യൂത്തിന്റെ ഭാരവാഹിയായിരിക്കാന്‍ എനിക്ക് താത്പര്യമില്ലെന്നും ഞാന്‍ നേതൃത്വത്തോട് അന്ന് തന്നെ അറിയിച്ചിട്ടുള്ളതുമാണ്. ആ കമ്മിറ്റിയില്‍ മുഴുവന്‍ സമയം പോലും പങ്കെടുക്കാതെ ഉച്ചയോട് കൂടി തന്നെ ഞങ്ങള്‍ എട്ടു പേരും ഇറങ്ങിപ്പോരുകയും ചെയ്തു.

ഈ ഒരു സംഭവത്തോടു കൂടി നേതൃത്വവുമായുണ്ടായിരുന്ന ബന്ധം കൂടുതല്‍ വഷളായി എന്ന് വേണമെങ്കില്‍ പറയാം. അതിന് ശേഷം പ്രാദേശിക നേതൃത്വത്തിന്റെ കൂടി സഹകരണത്തോടെ എനിക്കെതിരെ ചില പ്രതികാരനടപടികള്‍ എന്ന പോലെയുള്ള ഇടപെടലുകള്‍ പാര്‍ട്ടി ആരംഭിച്ചിരുന്നു. എ.കെ.വൈ.എഫിന്റെ ഭാരവാഹിയായിരുന്ന ഞാന്‍ പോലും അറിയാതെ പാര്‍ട്ടി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും, പിരിച്ചുവിടാത്ത ആ സംഘടനയെ റെവല്യൂഷണറി യൂത്ത് ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തതുമെല്ലാം ഇത്തരം നടപടികളുടെ ഭാഗമായായിരുന്നു. റെവല്യൂഷണറി യൂത്ത് പ്രവര്‍ത്തിച്ചു തുടങ്ങി ഇത്ര ദിവസമായിട്ടും എ.കെ.വൈ.എഫ് ഇപ്പോഴും പിരിച്ചുവിട്ടിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്.

ഈ റെവല്യൂഷണറി യൂത്ത് തളിക്കുളം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചപ്പോള്‍ വെറും ഇരുപതോളം പേര്‍ മാത്രമായിരുന്നു പങ്കെടുത്തത്. അതിന് രണ്ട് മാസം മുമ്പ് നടന്ന എ.കെ.വൈ.എഫിന്റെ പഞ്ചായത്ത് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത് ഇരുനൂറോളം യുവാക്കളായിരുന്നു. എ.കെ.വൈ.എഫിന്റെ ബ്ലോക്ക് സെക്രട്ടറിയും, ആര്‍.എം.പിയുടെ ഏരിയാ കമ്മിറ്റി മെമ്പറുമായിരുന്ന എന്നെ പോലും അറിയിക്കാതെ ആയിരുന്നു റെവല്യൂഷണറി യൂത്തിന്റെ പഞ്ചായത്ത് സമ്മേളനം ചേര്‍ന്നത്. അതുകൊണ്ട് തന്നെ ആ സമ്മേളനത്തില്‍ നിന്നും ഞാന്‍ വിട്ടുനിന്നു. ഇതോട് കൂടി ഞാന്‍ പ്രദേശികനേതൃത്വത്തിനും വെറുക്കപ്പെട്ടവനായി മാറി. അങ്ങനെയാണ് പരസ്പരം ചേര്‍ന്ന് പോവാനാവില്ലെന്ന് തിരിച്ചറീഞ്ഞ് കമ്മിറ്റിയില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ഏതാണ്ട് ഒരു വര്‍ഷം മുമ്പേ ഞാന്‍ സ്വമേധയാ ആവശ്യപ്പെട്ടത്. എനിക്കന്ന് പാര്‍ട്ടിയില്‍ നിന്ന് വിട്ട് പോരാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ട് മാത്രമാണ് ഞാന്‍ ചുമതലകളില്‍ നിന്ന് സ്വമേധയാ ഒഴിഞ്ഞ് നിന്ന് പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്ന് നിഷ്ക്രിയനായി മാറിയത്.

തളിക്കുളത്ത് സംഘടനയുടെ ആദ്യകാലത്ത്, അതായത് ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.പി.എമ്മില്‍ നിന്ന് കലഹിച്ച് പുറത്ത് വന്ന സമയത്ത് അതിന് നേതൃത്വം നല്‍കിയ ടി.എല്‍.സന്തോഷേട്ടനെയും, ഹോച്ചിമിനെയും സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയുണ്ടായി. അതിനെത്തുടര്‍ന്ന് വിളിച്ച് കൂട്ടിയ കമ്മിറ്റിയില്‍, തളിക്കുളത്തെ പതിനഞ്ചാം വാര്‍ഡില്‍ വായനപ്പുര പരിസരത്ത് ‘കമ്മ്യൂണല്‍’ എന്ന പേരില്‍ ഒരു പ്രതിരോധസേന രൂപീകരിക്കുകയുണ്ടായി. ഞങ്ങള്‍ക്ക് നേരെയുണ്ടാവുന്ന അക്രമങ്ങളെ കായികമായി എതിരിടാന്‍ വേണ്ടിയായിരുന്നു ആ പ്രതിരോധസേനയുടെ രൂപീകരണം.

ആ കമ്മിറ്റിയില്‍ തളിക്കുളത്തെ എല്ലാ മുതിര്‍ന്ന വിമത നേതാക്കളും പങ്കെടുത്തിരുന്നു. അങ്ങനെ കമ്മ്യൂണലിന്റെ നേതൃത്വത്തിലേക്ക് എന്നെ കൊണ്ടു വരികയാണ് ചെയ്തത്. എന്റെ വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് ഞാന്‍ ഈ പ്രതിരോധസേനയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. അതിന് ശേഷം പലപ്പോഴായി സന്തോഷേട്ടനെ അക്രമിച്ചവരെ കായികമായി ഞങ്ങള്‍ തിരിച്ചും അക്രമിച്ചിട്ടുണ്ട്. അതൊന്നും ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് കൃത്യമായി കമ്മിറ്റികളില്‍ എടുത്ത തീരുമാനങ്ങളുടെ ഭാഗമായി തന്നെ ചെയ്തതായിരുന്നു.

സമരത്തിന്റെ നേതൃത്വത്തില്‍

സമരത്തിന്റെ നേതൃത്വത്തില്‍

നാല്പത് അംഗങ്ങളെ വച്ചാണ് എ.കെ.വൈ.എഫ് അതിന്റെ പ്രഥമ പഞ്ചായത്ത് സമ്മേളനം വിളിച്ച് ചേര്‍ക്കുന്നത്. അവസാനത്തെ പഞ്ചായത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ എണ്ണം നാല്പതില്‍ നിന്ന് ഇരൂന്നൂറിലധികം പേരായി വര്‍ദ്ധിക്കുക മാത്രമാണുണ്ടായത്. ആ സംഘാടനങ്ങളുടെയെല്ലാം ഭാഗമായി ഇരുപതോളം കേസുകള്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ എനിക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെടുകയുണ്ടായി. എന്നെ ആര്‍.എം.പിയുടെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത് തന്നെ അത്രയും കേസുകള്‍ എനിക്കെതിരെ ഉള്ള സമയത്ത് തന്നെയാണ്. രണ്ട് കേസുകള്‍ ബി.ജെ.പി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷവും, ബാക്കിയുള്ളത് മുഴുവന്‍ സി.പി.എമ്മുമായുണ്ടായ സംഘര്‍ഷങ്ങളുമാണ്. അതില്‍ വെറും ആറ് കേസുകളില്‍ മാത്രമേ ഞാന്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. മറ്റുള്ളതെല്ലാം ഞാന്‍ പ്രതിയാക്കപ്പെട്ടിട്ടുണ്ട് എന്ന് മാത്രമേയുള്ളൂ. അതെല്ലാം കള്ളക്കേസുകളാണ് താനും. ഇപ്പോഴും എന്റെ പേരില്‍ അന്നുള്ള അത്ര തന്നെ കേസുകള്‍ മാത്രമേയുള്ളൂ എന്നോര്‍ക്കണം. ആ സമയത്ത് എനിക്ക് ഏരിയാ കമ്മിറ്റിയില്‍ അംഗത്വമുണ്ട്, എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഗുണ്ടയാണ്.

എനിക്കെതിരെ ഇരുപതോളം കേസുകള്‍ നിലനില്‍ക്കുന്ന ഇതേ സമയത്ത് എനിക്ക് ഐ.ബി ഓഫീസില്‍ എനിക്കെതിരെ കാപ്പ നിയം ചുമത്താന്‍ പോവുകയാണെന്നും, ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നുമറിയിച്ച് ഒരു നോട്ടീസ് വന്നു. ആ നോട്ടീസുമായി ഞാന്‍ പാര്‍ട്ടിയുടെ കീഴ്ഘടകം മുതല്‍ ഏരിയാ കമ്മിറ്റി വരെ പോയി. അങ്ങനെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശപ്രകാരം ആര്‍.എം.പിയുടെ ജില്ലാ ചെയര്‍മാനായിരുന്ന അഡ്വ:ഭഗത്സിങ്ങിനെ ചെന്ന് കാണുകയുണ്ടായി. അന്ന് അദ്ദേഹം പറഞ്ഞത് പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ ഇടപെടാനാവില്ല എന്നായിരുന്നു. ഞാനദ്ദേഹത്തോട് പറഞ്ഞത് ഈ കേസുകളെല്ലാം ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചതുകൊണ്ട് എന്റെ പേരിലായതാണ്. അതില്‍ ഭൂരിഭാഗവും കള്ളക്കേസുകളും. എന്നിട്ടും അദ്ദേഹം തറപ്പിച്ച് പറഞ്ഞത് ഈ കേസ് പാര്‍ട്ടിക്ക് ഏറ്റെടുക്കാന്‍ സാധ്യമല്ല എന്ന് തന്നെ ആയിരുന്നു.

അതോടെ ഞാന്‍ സന്തോഷേട്ടനെ ചെന്ന് കാണാന്‍ തീരുമാനിച്ചു. സന്തോഷേട്ടന്‍ എല്ലാം നമുക്ക് ശരിയാക്കാമെന്ന് പറയുകയും, ഏരിയാ കമ്മിറ്റി കൂടിയപ്പോള്‍ എന്നെ വിളിച്ച് ഈ വിഷയം കമ്മിറ്റിയില്‍ അവതരിപ്പിക്കുകയും ചെയ്ത്. അങ്ങനെ ജിജേജിനെ സംരക്ഷിച്ച് മുന്നോട്ട് പോവണം എന്ന തീരുമാനത്തില്‍ കമ്മിറ്റി എത്തിച്ചേരുകയും ഉണ്ടായി.അതോടൊപ്പം ഞാന്‍ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് പറയുകയും ചെയ്തു. അതിന് ശേഷം, ‘ജിജേജ് സഖാവ് പാര്‍ട്ടിക്ക് വേണ്ടിയും, പാര്‍ട്ടി സഖാക്കള്‍ക്ക് വേണ്ടിയും ഇടപെട്ടതിന്റെ പേരില്‍ പല കേസുകളില്‍ പ്രതിയാവുകയും, സഖാവിന് നേരെ കാപ്പ ചുമത്താന്‍ സാധ്യത ഉള്ളതായി വിവരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇനി മേലില്‍ ഒരു പ്രശ്നങ്ങള്‍ക്കും സഖാവിനെ വിളിക്കരുത്. സഖാവ് അല്പകാലം മാറി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്’ എന്ന് എല്ലാ ബ്രാഞ്ചിലും റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.

അങ്ങനെയാണ് ഞാന്‍ പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ നിന്ന് നിശബ്ദനായത്. ഞാന്‍ നിശബ്ദനായതോടൊപ്പം എന്നോടൊപ്പമുണ്ടായിരുന്ന പല സഖാക്കളും പലപ്പോഴായി നിശബ്ദരായിക്കൊണ്ടിരുന്നു. ഇതിനിടയിലാണ് പല ആരോപണങ്ങളും എനിക്കെതിരെ പാര്‍ട്ടിക്കാര്‍ ഉയര്‍ത്തിക്കൊണ്ട് വന്നത്. അതിന്റെ ഭാഗമായി ഇപ്പോള്‍ മുപ്പതോളം പാര്‍ട്ടി അംഗങ്ങളും, യുവജന സംഘടനയുടെ വിവിധ ഭാരവാഹികളും, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും, ബ്രാഞ്ച് സെക്രട്ടറിമാരായിരുന്ന മൂന്ന് പേരും പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് എന്നോടൊപ്പം രാജി വച്ച് പുറത്ത് വന്നിരിക്കുന്നത്.

എന്തുകൊണ്ട് രാജി?

പാര്‍ട്ടിയെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൈകളിലേല്പിച്ചതോടെ തളിക്കുളത്തെ വിമതപ്രസ്ഥാനം അകാലചരമമടഞ്ഞ് കഴിഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ലോക്കല്‍-ഏരിയാ കമ്മിറ്റികള്‍ ഒന്നടങ്കം ഒഞ്ചിയത്തെ പാര്‍ട്ടിയുടെ നിലപാടിനെ തള്ളിക്കളഞ്ഞപ്പോള്‍ ഇവിടെയുള്ള പ്രാദേശീക നേതൃത്വം മാത്രമാണ് അതിന്റെ പിന്താങ്ങിയത്. ഭൂരിപക്ഷം പേരും, നമുക്ക് ആര്‍.എം.പി വിട്ട് പഴയ പോലെ തനിച്ച് നില്‍ക്കാമെന്നും, അല്ലെങ്കില്‍ നമ്മള്‍ സ്വയം ഇല്ലാതാവുമെന്നും പറഞ്ഞപ്പോള്‍ അതിനെ മുഖവിലയ്ക്ക് പോലും എടുക്കാതിരുന്ന നേതൃത്വമാണ് ഇന്ന് തളിക്കുളത്ത് ആര്‍.എം.പിയെ നയിക്കുന്നത്. അങ്ങനെ നേതൃത്വത്തിന്റെ തീരുമാനം അംഗങ്ങളുടെ പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് ഏത് ലെനിനിസ്റ്റ് സംഘടനയുടെ ഭാഗമാണെന്ന് വിശദീകരിക്കാന്‍ അവര്‍ക്ക് സാധിക്കുമോ?

ഭരണം നഷ്ടപ്പെട്ടത് പോട്ടെ, ഒരു പരിപാടി സംഘടിപ്പിക്കപ്പെടുമ്പോള്‍ ഏകീകരിക്കപ്പെട്ട ഒരു സംഘടനയാണെങ്കില്‍ അംഗബലം വര്‍ദ്ധിക്കേണ്ടതല്ലെ? എന്തുകൊണ്ടാണ് പിന്നെ ആര്‍.എം.പിക്ക് പരിപാടികള്‍ക്ക് പോലും അംഗബലം കുറഞ്ഞ് വന്നത്? ഈ നേതൃത്വത്തിന് അതിന് മറുപടിയുണ്ടോ? ഇപ്പോള്‍ കമ്മിറ്റി പോലും ശരിയായ രീതിയില്‍ കൂടുന്നില്ല എന്നാണ് എന്റെ അറിവ്. ആര്‍.എം.പിയുടെ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്യുന്ന ഒറ്റപ്പെട്ട പരിപാടികളില്‍ പാര്‍ട്ടി ഒതുങ്ങിപ്പോയി. സാധാരണക്കാരുടെ ജീവിതങ്ങളില്‍ ഇടപെടാതായി. അതൊക്കെ സംഭവിച്ചത് ആര്‍.എം.പിയായി രൂപമാറ്റം സംഭവിച്ചതോട് കൂടിയാണ്.

സി.പി.എം വിരോധം മാത്രമാണ് ആര്‍.എം.പിയുടെ രാഷ്ട്രീയം. മറ്റൊന്നും അവര്‍ക്ക് മുന്നോട്ട് വയ്ക്കാനില്ല. പിണാറായി വിജയന്‍ ധര്‍മ്മടത്ത് മത്സരിക്കുമെന്ന് പറഞ്ഞപ്പോള്‍ കെ.കെ.രമ അവിടെ മത്സരിക്കണമെന്നാവശ്യപ്പെടുന്ന നേതൃത്വത്തില്‍ നിന്ന് മറ്റെന്ത് രാഷ്ട്രീയമാണ് പ്രതീക്ഷിക്കേണ്ടത്? സി.പി.എമ്മിനെതിരെ മാത്രം ശബ്ദിക്കുന്ന ഒരു സംഘടനയ്ക്ക് എങ്ങനെയാണ് വളരാന്‍ സാധിക്കുക?

സഖാവ് കെ.എസ്.ഹരിഹരന്റെ ഏത് പ്രസംഗത്തിലും അദ്ദേഹം പറയുന്നത് പിണറായി വിജയന്റെ കുഴിമാടം വരെ പോവും എന്നാണ്. പിണറായി വിജയന്റെ കുഴിമാടം തേടലാണോ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ദൗത്യം. അതാണൊ ആ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കേണ്ട രാഷ്ട്രീയം?

ഇന്ന് സഖാവ് ടി.പിചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തെയല്ലേ ഇവര്‍ അവഹേളിക്കുന്നത്. ഒരു ഇടത് ബദല്‍ സ്വപ്നം കണ്ടിരുന്ന ടീ പിയുടെ പാര്‍ട്ടി, ഇന്ന് ഭരിക്കുന്നത് വലത് പാര്‍ട്ടികളുടെ തോളില്‍ കയ്യിട്ടാണ്. ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഖാവ് രമ സെക്രട്ടേറിയറ്റില്‍ സമരം നടത്തി. ആ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചപ്പോഴാണ് സമരം അവസാനിപ്പിച്ചത്. അതിന് ശേഷം ഇത്രയും കാലം ആ പാര്‍ട്ടിയിലെ ഒരാള്‍ പോലും അതിനെ കുറിച്ചൊരു പരസ്യ പ്രസ്താവന നടത്തിയിട്ടില്ല. തെരെഞ്ഞെടുപ്പ് അടുത്തപ്പോഴല്ലെ പിന്നെ അവര്‍ക്കൊക്കെ ഇതിനെക്കുറിച്ച് ബോധം വരുന്നത്. അതൊന്നും പോരാഞ്ഞ് കുമ്മനം രാജശേഖരനുമായി പോയി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചര്‍ച്ച നടത്തുന്നു. അവരോടൊപ്പം ആ ചര്‍ച്ചയ്ക്ക് ഞങ്ങളുടെ ഏരിയാ സെക്രട്ടറിയും പങ്കെടുത്തിരുന്നു. അതും ഈ ഭാഗത്ത് ഇപ്പോള്‍ ആര്‍.എം.പിയോട് അതിലെ അംഗങ്ങള്‍ക്ക് തന്നെ വിമുഖത വരാന്‍ ഇടയാക്കിയിട്ടുണ്ട്.

jijej2

സഖാവ് ടി.പിയുടെ പഠനക്ലാസുകളില്‍ ഒന്ന് രണ്ട് തവണ പങ്കെടുക്കാന്‍ സാധിച്ചപ്പോഴാണ് അദ്ദേഹവുമായി അടുപ്പം പുലര്‍ത്താന്‍ കഴിഞ്ഞത്. ആ ബന്ധത്തില്‍ നിന്ന് എനിക്ക് ആ മനുഷ്യനെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ഇതുപോലെ ഒരു നേതാവിന് ഇത്രമാത്രം ആളുകളെ തന്നിലേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞതെന്ന് ആലോചിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്. വധഭീഷണിയുള്ളപ്പോള്‍ തന്നെ ഒന്ന് രണ്ട് തവണ സ്ക്വാഡായി അദ്ദേഹത്തോടൊപ്പം പോയിട്ടുണ്ട്. ആ ഭീഷണിയുള്ളപ്പോള്‍ പോലും അതിനെ കൂസാതെ നടന്നിരുന്ന ആ മനുഷ്യന്റെ രക്തസാക്ഷിത്വത്തെയാണ് ഈ കൂട്ടരിപ്പോള്‍ ഒരു വിലയില്ലാതാക്കി കളഞ്ഞത് എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു.

പണ്ട് എം.ആര്‍.മുരളി കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് ഷൊര്‍ണൂര്‍ ഭരിച്ചു എന്ന് പറഞ്ഞാണ് അദ്ദേഹത്തെ ഇടതുപക്ഷ ഏകോപനസമിതിയില്‍ നിന്ന് പുറത്താക്കിയത്. ഇന്ന് ആ മനുഷ്യന്‍ രൂപം കൊടുത്ത പാര്‍ട്ടി മുസ്ലീം ലീഗടക്കമുള്ളവരുടെ പിന്തുണയോടെയാണ് പഞ്ചായത്ത് ഭരിക്കുന്നത് എന്നത് എന്തൊരു വിരോധാഭാസമാണ്. കോണ്‍ഗ്രസ്സ് പിന്തുണച്ചാല്‍ ഞാന്‍ എന്റെ നാമനിര്‍ദ്ദേശിക പത്രിക പിന്‍വലിക്കും എന്ന് പറഞ്ഞ ആ മനുഷ്യന്റെ പകുതിയിലൊരംശം പോലും നിലപാടില്ലാത്തവരാണ് ഇന്ന് ആര്‍.എം.പിയുടെ നേതൃത്വത്തില്‍ ഇരിക്കുന്നത്.

rmp

വിമത കമ്മ്യൂണീസ്റ്റ് പ്രസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന കാഴ്ചപ്പാടുകളെയും, നിലപാടുകളെയും പണയം വച്ച് മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയും, പാര്‍ട്ടി കമ്മിറ്റികളില്‍ ഉയരുന്ന ഭൂരിപക്ഷാഭിപ്രായങ്ങളെ തള്ളി നേതൃത്വത്തിന്റെ അഭിപ്രായം അംഗങ്ങളില്‍ കെട്ടിവയ്ക്കുകയും, ഒഞ്ചിയത്തെ നേതൃത്വത്തിന്റെ നിലപാടുകള്‍ ഇവിടെയുള്ള പ്രാദേശീക നേതൃത്വത്തില്‍ അടിച്ചേല്പിക്കുകയുമാണ് കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചുകൊണ്ടിരുന്നത്. ആ രാഷ്ട്രീയ പാപ്പരത്തത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഞങ്ങളെല്ലാവരും ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്. ഇനിയും ഒരുപാട് പേര്‍ പുറത്ത് വരാനുണ്ട്. അതെല്ലാം ആര്‍.എം.പിയുടെ ഇതേ നിലപാടുകളിലുള്ള അവരുടെ പ്രതിഷേധമാണ്.

പ്രതിരോധസേനയുടെ ചുമതല വഹിച്ച ഞാന്‍ ഈ തുറന്ന് പറച്ചിലുകളുടെ പേരില്‍ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ട്. എനിക്ക് ഭയമില്ല. ഭയപ്പാടോടെയല്ലല്ലോ ഇത്രയും കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതും. അതുകൊണ്ട് തന്നെ അവര്‍ വ്യക്തിഹത്യ നടത്തട്ടെ, ഭീഷണിപ്പെടുത്തുന്നെങ്കില്‍ അത് ചെയ്യട്ടെ. ഞാനും, എന്നോടൊപ്പം ഇറങ്ങി വന്നവരും രാഷ്ട്രീയപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും.


 

Comments
Print Friendly, PDF & Email

You may also like