പതിവിലും visible ആയ തിരഞ്ഞെടുപ്പു സന്നാഹങ്ങളായിരുന്നു ഇത്തവണ. പ്രഖ്യാപിച്ചു വളരെ കുറച്ച് ഇടവേള മാത്രം ഉണ്ടായിരുന്നത് കൊണ്ടാവാം അന്ന് തൊട്ട് പുറത്തും മാധ്യമങ്ങളിലും പ്രചാരണം സജീവമായി. ഭരണത്തുടർച്ചയ്ക്കും, തിരിച്ചു വരവിനും, മിനിമം മണ്ഡലങ്ങളെങ്കിലും പിടിക്കാനും ലക്ഷ്യമിട്ട് മുന്നണികൾ. സമാധാനപരമായ വോട്ടിംഗ്, ഉയർന്ന വോട്ടിംഗ് ശതമാനം. ആർ വരും? ആർ വരണം?
മലയാളനാട് കോലായിൽ ഒരു ചർച്ചയുടെ പുലർകാലം
ജെയിംസ് വർഗീസ് : ജനാധിപത്യം കരുത്തുറ്റതാക്കുവാൻ മാറ്റങ്ങൾ അനിവാര്യമാണ്.
അധികാരം എന്നത് ഒഴുകുന്ന പുഴയെപ്പോലെ ആയിരിക്കണം. അത് ഒരിടത്ത് തന്നെ കെട്ടിനിൽക്കുമ്പോൾ അവിടെ അഴിമതിയുടെയും ജീർണ്ണതയുടെയും അംശങ്ങൾ കലരാൻ സാധ്യതയേറെയാണ്. കവി സച്ചിദാനന്ദനും എഴുത്തുകാരി സാറാ ജോസഫും ഉയർത്തിയ നിരീക്ഷണങ്ങൾ കേവലം രാഷ്ട്രീയ പ്രസ്താവനകളല്ല, മറിച്ച് ജനാധിപത്യത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളാണ്.
ഒരു ഭരണകൂടം ദീർഘകാലം അധികാരത്തിൽ തുടരുമ്പോൾ അത് ജനങ്ങളിൽ നിന്ന് അകലുകയും സ്വേച്ഛാധിപത്യപരമായ പ്രവണതകൾ കാട്ടുകയും ചെയ്യും .അതുകൊണ്ട് കേരളത്തിൽ ഭരണമാറ്റം വരണം. എല്ലാവരും അത് ആഗ്രഹിക്കുന്നുണ്ട്.
കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ, നിലവിലെ ഭരണത്തിന് ബദലായി നിൽക്കാൻ ശേഷിയുള്ള ഒരേയൊരു ശക്തി കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് മാത്രമാണ്.
കെ വി തോമസ് : വാസ്തവത്തിൽ ഒരു ഭരണവിരുദ്ധവികാരം ഇല്ല എന്നതാണ് എന്റെ തോന്നൽ. സാധാരണ അങ്ങിനെ ഒന്ന് ഉണ്ടാകാറുണ്ട് എന്നാൽ ഇക്കുറി അതില്ല. എൽ ഡി എഫ് സ്ഥാനാർത്ഥികൾ ഒട്ടുമിക്കവരും സിറ്റിംഗ് എം എൽ എ മാർ തന്നെ ആണ്. ഇങ്ങനെ ഒരു ഫുൾ ടീം സാധാരണ ഉണ്ടാകാറില്ല. പ്രവർത്തനമികവിന്റെ പുറത്താണ് ഇക്കുറി അവരെ തന്നെ ഇറക്കിയത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച അന്ന് തന്നെ റോഡ് ഷോ നടത്തി. വിജയസാധ്യത കണ്ടുകൊണ്ടാണ് അങ്ങിനെ ഒരു സ്റ്റെപ് എടുത്തത്. ഇടതു പക്ഷം തന്നെ വരും. അതുറപ്പ്.
ഇക്കഴിഞ്ഞ ഇടതു സർക്കാരിൽ ഒരു അഴിമതി എങ്കിലും പ്രതിപക്ഷം തെളിയിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. പിന്നെ അധികാരം പുഴപോലെയോ എങ്ങിനെ വേണേലും ഒഴുകട്ടെ. 25 വര്ഷം ആയി സതീശൻ പുഴപോലെ ഒഴുകി തുടങ്ങിയിട്ട്. 30 വർഷത്തിൽ ഏറെ ആയി കൊടിക്കുന്നിൽ ഒഴുകുന്നു. അങ്ങിനെ യുഡിഎഫിലും മൊത്തം ഒഴുക്ക് തന്നെ ആണ്. അധികാര മാറ്റം എന്ന് പറയുമ്പോൾ ആരും ഇതിനെ പറ്റി പറയൂല്ല. യുഡിഎഫ് ലും ഒരാൾ ഒരു മണ്ഡലത്തിൽ വിജയിച്ചാൽ.. പിന്നെ അവിടെ തന്നെ. അതിനും കൂടി മാറ്റം വേണ്ടേ. 50 കൊല്ലം ആണ് മാണി ഒഴുകിയത്. കഷ്ടി അത്രതന്നെ ഉമ്മൻ ചാണ്ടിയും. ഇനി ചാണ്ടി ഉമ്മനും അങ്ങിനെ ഒക്കെ തന്നെ ആകും.
ജെയിംസ് വർഗീസ് : അവരും മാറണം. ഒരു മണ്ഡലത്തിൽ മാക്സിമം മൂന്ന് തവണ, മാത്രമല്ല പ്രായം പോലും നിജപ്പെടുത്തണം. 70 വയസ്സ് തികയുന്ന ആളുകൾക്ക് മത്സരിക്കാൻ അവസരം കൊടുക്കരുത്. എന്തായാലും 33% സംവരണം വനിതകൾക്ക് വരുമ്പോൾ ഓരോ വർഷവും മണ്ഡലങ്ങൾ മാറുന്നത് കൊണ്ട് ഇവരൊക്കെ മാറിക്കൊണ്ടിരിക്കും എന്ന് പ്രത്യാശിക്കാം.
ജ്യോതിസ് പരവൂർ : യുഡിഎഫിന് ഒരു ശക്തമായ തിരിച്ചുവരവിന് സാധ്യത കാണുന്നില്ല നമ്മുടെ ഏരിയ കൊല്ലം ജില്ലയിലെ പരവൂർ ആണ്. ഇവിടെ യൊന്നും യു ഡി എഫ് ന്റെ ഭാഗത്തു നിന്ന് വലിയ പ്രവർത്തനം കണ്ടില്ല. മുനിസിപ്പാലിറ്റിയിൽ പല വാർഡിലും കോൺഗ്രസ് സ്ലിപ് പോലും വിതരണം ചെയ്തില്ല.
ചന്ദ്രൻ പുതിയോട്ടിൽ : ഞങ്ങളുടെ നാട്ടിൽ, അതായത് പേരാമ്പ്രയിൽ മറിച്ചാണ്. അവിടെയും കോഴിക്കോടും കോൺഗ്രസ് ശക്തിയായ പ്രചാരണപ്രവർത്തനമായിരുന്നു. പഞ്ചായത്ത് ഇലക്ഷനും അതുപോലെതന്നെ.
കെ വി തോമസ് : കുറെ ഏറെ സഖാക്കൾ മൂന്നാം term ന് താല്പര്യം ഇല്ലാത്തവർ ആണ്. എന്റെ ഫ്ളാറ്റിലെ പക്കാ കണ്ണൂർ കമ്മ്യൂണിസ്റ്റിനു താല്പര്യം ഇല്ല. വേറെ ഒന്നും കൊണ്ടും അല്ല. പ്രതിപക്ഷം ആയാൽ അണികൾ എല്ലാവരും ജാഗ്രതയിലും പ്രചാരണത്തിലും ആകും. 10 കൊല്ലത്തെ ഭരണം ഒരു നീണ്ട കാലം ആണ് എന്ന പക്ഷം.മാധ്യമങ്ങൾ ഇതേപോലെ പക്ഷം പിടിച്ച ഒരു തിരഞ്ഞെടുപ്പ് കേരളം കണ്ടിട്ടില്ല. എലെക്ഷൻ തീയതി വരുന്നതിന് കുറെ മുന്നേ തന്നെ മാധ്യമങ്ങൾ സർക്കാർ പരിപാടികൾ avoid ചെയ്യുവാൻ തുടങ്ങിയിരുന്നു. ഇടതുപക്ഷം യുദ്ധം ചെയ്യുന്നത് കൂടുതലും മുഖ്യധാരാ മാധ്യങ്ങളോട് കൂടി ആണ്.
ചന്ദ്രൻ പുതിയോട്ടിൽ : കെ വി (തോമസ്) കണ്ണൂർ സുഹൃത്തിൻ്റെ പേരിൽ ഒരു മുൻകൂർ ജാമ്യം എടുത്തിരിക്കുകയാണ്..
കെ വി തോമസ് : ഏയ്, ജാമ്യം എടുത്തതൊന്നുമല്ല. കുഞ്ഞികൃഷ്ണന്റെ ഭാഗത്തുനിന്ന് ഉള്ളവരൊക്കെയാണ് ഒരു മാറ്റം വേണം അല്ലെങ്കിൽ ശരിയാവില്ല എന്ന് അഭിപ്രായം ഉള്ളവർ. പക്ഷേ അങ്ങനെയൊന്നുമില്ല. ഒരു മൂന്നാം തവണ വരുമെന്ന് തന്നെയാണ് എന്റെ കണക്കുകൂട്ടൽ. നിങ്ങൾക്കൊക്കെ വിമർശിക്കാനും ഒരാള് വേണമല്ലോ.
പിന്നെ മറ്റൊന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നോക്കിയാൽ ഏത് ജില്ലകൾ വീതമാണ് അവർക്ക് ലഭിച്ചിരിക്കുന്നത് എന്നറിയാം. പഞ്ചായത്ത് ഇലക്ഷന് ശേഷം സ്ഥിതി മാറിയിട്ടുണ്ട്. എൽഡിഎഫിന് കൂടുതൽ സീറ്റ് ലഭിക്കും.
മുരളി മീങ്ങോത്ത് : എൽ ഡി എഫ് ന് സമരമല്ലേ മുഖ്യം..
കെ വി തോമസ് : അതൊക്കെ ഒരു ക്ലീഷേ അല്ലേ..
മുരളി മീങ്ങോത്ത് : പ്രീഡിഗ്രി സമരമൊക്കെ ഓർമ്മവരുന്നു.
മേതിലാജ് എം എ : ഞാനും ആ സമരത്തിന്റെ ഭാഗമായിരുന്നു. പിന്നെ വിളനിലം സമരം. ഫേസ് ബുക്കിലെ ചില ഇടതു സൈബർ അണികൾ പോലും യൂ ഡി എഫിന് വൻ വിജയം ഉണ്ടാകുമെന്നു സമ്മതിച്ചതായി കാണാം. പിണറായിയെ മാറ്റി നിർത്തി ഒരു യുവ നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുൻപിൽ നിർത്തി മത്സരിച്ചിരുന്നെങ്കിൽ വിജയ സാധ്യത ഉണ്ടാകുമായിരുന്നു എന്നും.
വിൽസൺ ശാരദ ആനന്ദ് : വോട്ടിംഗ് ശതമാനം കൂടി കാണുന്നുണ്ടെങ്കിലും SIR മൂലം വോട്ടർമാരുടെ എണ്ണം കുറഞ്ഞിട്ടുള്ളതിനാൽ യഥാർത്ഥത്തിൽ ആ വർദ്ധനവില്ല. പോൾ ചെയ്ത വോട്ട് കുറഞ്ഞിരിക്കുകയാണ്.
ശിവാനന്ദൻ എ സുജാത : പിണറായി വിജയന്റെ ഒരു കടുത്ത ആരാധകൻ പോലും കേരളത്തിൽ പിണറായി വിരുദ്ധ തരംഗം നിലനിൽക്കുന്നുണ്ട് എന്ന് സമ്മതിക്കുന്നുണ്ട്.
മേതിലാജ് എം എ : അതങ്ങനെയല്ല. പിണറായിയെ എതിർക്കുന്നത് ജാതി വിരോധം മൂലമാണ് എന്നാണ് അങ്ങനെയുള്ളവർ പറയുന്നത്. എതിർക്കുന്നവരുടെ കുഴപ്പമാണ് എന്നർത്ഥം. അത്രയ്ക്കും ആരാധനയാണ്.
ശിവാനന്ദൻ എ സുജാത : അതെനിക്ക് മനസ്സിലായി. എങ്കിലും എല്ലാത്തിനും ഉപരിയായി പിണറായിവിരുദ്ധവികാരം നിലനിൽക്കുന്നുണ്ട് എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്.
എങ്കിലും തൃശ്ശൂർ ജില്ലയിലെ ഒരു കടുത്ത കോൺഗ്രസ് അനുഭാവി പോലും 70 sure സീറ്റുകളേ പ്രതീക്ഷിക്കുന്നുള്ളൂ. കൂടാതെ കടുത്ത മത്സരം നടക്കുന്ന 15 സീറ്റുകളിൽ വിജയപ്രതീക്ഷയും കൂടാതെ ഒരു തരംഗം ഉണ്ടാവുകയാണെങ്കിൽ മറ്റൊരു 15 സീറ്റുകളും കൂടിയേ അവർ പ്രതീക്ഷിക്കുന്നുള്ളൂ. അതോടൊപ്പം എൽഡിഎഫ് നടത്തിക്കൊണ്ടുപോകുന്ന ക്ഷേമപെൻഷൻവിതരണം പാവപ്പെട്ടവർക്ക് ഗുണകരമായി എന്നും അദ്ദേഹം സമ്മതിച്ചു
മേതിലാജ് എം എ : അങ്ങനെ വരുമ്പോൾ 70 കിട്ടുമെന്ന് ഏറ്റവും conservative ആയ കണക്കു പ്രകാരം പോലും ഉറപ്പാണ്. പിന്നെ രണ്ടു കൂടിയായാൽ ഭരണം കൈവരുമല്ലോ. അപ്പോൾ ഭരണം അവർ ഉറപ്പിച്ചു എന്നല്ലേ അതിൽ നിന്ന് മനസ്സിലാക്കേണ്ടത്…
ശിവാനന്ദൻ എ സുജാത : അതെ പക്ഷേ ഞാൻ അവർ അതിലും കൂടുതൽ സീറ്റുകളെ കുറിച്ച് ഉറച്ച വിശ്വാസം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിച്ചു.
ജ്യോതിസ് പരവൂർ : എനിക്ക് കോൺഗ്രസിനോടുള്ള അനിഷ്ടം എന്താണെന്ന് പറയാം
99% നേതാക്കൾക്കും എല്ലാവരോടും ഒരുതരം പുച്ഛമാണ്.
തല നരച്ചവർ തൊട്ട് കെ എസ് യു പിള്ളേർ വരെയുള്ള നേതാക്കളെ എടുത്ത് നോക്കിയാൽ മതി അവരുടെ അഭിമുഖങ്ങൾ, ഫേസ്ബുക്ക് പോസ്റ്റുകൾ, കമൻ്റുകൾ എല്ലാം ഒന്ന് കണ്ണോടിച്ചാൽ മതി.
ഒരു ഹൈ ക്ലാസ് പൊങ്ങച്ചം, സകലതിനോടും ഒരുതരം പുച്ഛം, ധാർഷ്ട്യം. ചിരിച്ചു കൊണ്ട് സംസാരിച്ചാലും ഇടയിൽ അതൊക്കെ പ്രതിഫലിക്കാറുണ്ട്.
പിന്നെ അവരുടെ ഏറ്റവും വലിയ പ്രിവിലേജ് സോഷ്യൽ ഓഡിറ്റ് അവർക്ക് ബാധകമല്ല എന്നതാണ്. അവർ എന്ത് വേണമെങ്കിലും കാണിക്കും, പറയും അത് മറ്റുള്ളവർ ചോദ്യം ചെയ്യാൻ പാടില്ല. അതിനോട് ആളുകൾ രമ്യതയിൽ ആയി എന്ന് പറയാം.രാഹുൽ മാങ്കൂട്ടം കേസ് വന്നപ്പോൾ കോൺഗ്രസ് നേതാവുമായി (ഒരു വനിതയാണ്) സംസാരിച്ചപ്പോൾ പറഞ്ഞത് ‘അത് വലിയ ഇഷ്യു ഒന്നും അല്ല ആണുങ്ങൾ ആകുമ്പോൾ ഇതൊക്കെ ഉണ്ടാകും നമ്മൾ അതൊന്നും മൈൻഡ് ചെയ്യേണ്ട’ എന്നാണ്!പാർട്ടി നടപടി എടുത്തത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എന്നും അയാളിപ്പോഴും നല്ലൊരു കോൺഗ്രസ് നേതാവാണ് എന്നും അവർ പറഞ്ഞു. ഇത്തരം ആറ്റിറ്റ്യൂഡ് ആണ് ഭൂരിപക്ഷം ആളുകൾക്കും
കെ വി തോമസ് : ഇടത് സൈബർ ശബ്ദങ്ങളെക്കുറിച്ചുള്ള സാധാരണ ഒരു പൊതു ബോധത്തെ കുറിച്ചു പറയാം. സിപിഎമ്മിനേക്കാൾ ഭീകരമാണ് കൊണ്ഗ്രസ് അണികൾ. സൈബർ കടന്നലുകൾ എല്ലാ പക്ഷത്തും ഉണ്ട്. എല്ലായിടത്തും പോലെ കൊണ്ഗ്രസിന്റെ കടന്നലുകൾ പക്ഷെ പ്രിവിലേജിൽ ജീവിക്കുന്നു.
ശിവാനന്ദൻ എ സുജാത : കോണ്ഗ്രസിന് അണികൾ ഇല്ല കെ വി., എല്ലാവരും നേതാക്കന്മാർ ആണ്, അവർക്ക് വോട്ട് ചെയ്യുന്നവർ കൊണ്ഗ്രസ്സുകാർ ആയിരിക്കില്ല!
കെ വി തോമസ് : വളരെ സജീവമായ ഒരു സൈബർ വിങ് ഉണ്ട് ശിവാ. അവർ മിക്കപ്പോഴും വളരെ ക്രൂരരും ആണ്.
മുരളി മീങ്ങോത്ത് : അതല്ലേ പല സ്റ്റേജും പൊളിഞ്ഞു വീഴുന്നത്.
രവിവർമ ടി ആർ : ഞാൻ ശ്രദ്ധിച്ചു മറ്റൊരു കാര്യം പറയാം. വോട്ടർമാരുടെ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ മാതൃഭൂമി സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. അവയിൽ ഒരു ചോദ്യം “ശരിയായ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നതിൽ മതവും ജാതിയും വോട്ടറുടെ തിരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കുന്നു?” എന്നതായിരുന്നു. വോട്ടിംഗ് തീരുമാനത്തിൽ മതം/ജാതി ഒരു പ്രധാന ഘടകമാണെന്ന് വെറും 0.93% പേർ മാത്രമാണ് പറഞ്ഞത്. അതെ 0.93% മാത്രം! കേരളത്തിലെ സാധാരണ സമ്മതിദായകർ മതവും ജാതിയും നോക്കിയല്ല വോട്ട് ചെയ്യുന്നത് എന്ന ഈ മഹത്തായ കാര്യം എല്ലാ രാഷ്ട്രീയപാർട്ടികളുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ അനാവശ്യമായി മതത്തിനും ജാതിക്കും പ്രാധാന്യം നൽകുന്നത് ജനങ്ങളല്ല, മറിച്ച് രാഷ്ട്രീയ പാർട്ടികളാണെന്ന് ഈ ഉത്തരം വ്യക്തമാക്കുന്നു. അരമനകളിലും മാതമേലധ്യക്ഷരുടെ വസതികളിലും കയറിയിറങ്ങുന്ന നേതക്കൾ വാസ്തവത്തിൽ മലയാളികളോട് തെറ്റാണ് ചെയ്യുന്നത് എന്ന് ഈ സർവ്വേ ഫലം കാണിക്കുന്നു. അതുപോലെ ഓരോ നിയോജകമണ്ഡത്തിലെയും മത-ജാതി സമവാക്യങ്ങൾ ഉദ്ധരിച്ച് വിജയ-പരാജയങ്ങൾ കണക്കുകൂട്ടുന്ന മാധ്യമങ്ങളും പുനർവിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.
പി എൽ ലതിക : അത് രാജ്യം മുഴുവൻ യാതൊരു സങ്കോചവുമില്ലാതെ അനുവർത്തിക്കുന്ന മാധ്യമരീതി. പ്രസിഡന്റിന്റെ വരെ ജാതിയും ഗോത്രവും പറയും.
കെ വി തോമസ് : എന്റെ ധാരണയിൽ, ഞാൻ അന്വേഷിച്ചതിൽ നിന്ന് മനസ്സിലായത് ,പുതു തലമുറ കൊണ്ഗ്രസ്സ് മാനിഫെസ്റ്റോവിന് വിലകല്പിച്ചിട്ടില്ല. അവർ പറയുന്നത് പല കാര്യങ്ങളും എങ്ങിനെ സാധിക്കും എന്നാണ്. ഉദാഹരണത്തിന് – മാസം ആയിരം വെച്ച് കോളേജ് വിദ്യാർത്ഥികൾക്ക് കൊടുക്കാം എന്ന ഗ്യാരണ്ടി.ഇതൊക്കെ കുട്ടികൾ തന്നെ പറഞ്ഞതാണ്.
മേതിലാജ് എം എ : എല്ലാം അങ്ങനെ കൊടുക്കാനല്ലല്ലോ..
എനിക്ക് തോന്നുന്നത് ബസ് സൗജന്യം മാത്രമേ നടപ്പിലാക്കൂ എന്നാണ്. എന്നാൽ തന്നെ അത് ഒരു വിപ്ലവം ആയിരിക്കും.
മുരളി മീങ്ങോത്ത് : ബസ് സൗജന്യം തന്നെ കൊടുക്കാൻ പറ്റുമോ?
മേതിലാജ് എം എ : അതിനി കൊടുത്തേ പറ്റൂ. കെ എസ് ആർ ടി സി യിലെ സൗജന്യയാത്ര നടപ്പിലാക്കാതിരിക്കാൻ പറ്റില്ല. പരസ്യം ചെയ്തല്ലോ. മെയ് 15 മുതൽ എന്ന തീയതി വരെ പറഞ്ഞു കഴിഞ്ഞു. അതൊരു വലിയ കാര്യമാണ്.പറയുന്നത് പോലെ ഒന്നുമല്ല. ഇടതരാണ് ഇത് നടപ്പിലാക്കിയിരുന്നത് എങ്കിൽ വലിയ വിപ്ലവമായി ഘോഷിച്ചേനെ. ബസ്സിൽ യാത്ര ചെയ്യുന്നവർക്ക് അറിയാം. മീൻ കുട്ടയുമായി ബസ്സിൽ കയറുന്നവർ, സ്വകാര്യ സ്ഥാപനങ്ങളിലും കടകളിലും ഒക്കെ ജോലി ചെയ്യുന്ന സ്ത്രീകൾ എന്നിവർക്ക് സൗജന്യ യാത്ര വലിയ സഹായം ആയിരിക്കും. ശമ്പളത്തിൽ ഒരു 25% വർദ്ധനവ് വന്നതിന് തുല്യമാവും. ഇത് കർണാടകയിലും ഡൽഹിയിലും മറ്റു പല സംസ്ഥാനങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്.കെ എസ് ആർ ടി സി ക്ക് ഒരുപാട് സർവീസുകൾ ഒന്നും ഇല്ലല്ലോ? ഫ്രീ ആകുമ്പോൾ എല്ലാവരും ഉപയോഗിക്കില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറയേണ്ടിവരും. കൂടുതൽ സാമ്പത്തികശേഷിയുള്ളവർ ഉപയോഗിക്കില്ല. എങ്ങനെ ഫണ്ട് ചെയ്യും എന്നാണെങ്കിൽ സർക്കാർ കൊടുക്കേണ്ടിവരും. ഇപ്പോൾ തന്നെ മാസംതോറും സർക്കാർ ധനസഹായം കെഎസ്ആർടിസിക്കു കൊടുക്കുന്നുണ്ട്. ഇനി കൂടുതൽ കൊടുക്കേണ്ടി വരും. അതു കൊടുക്കും. ബസ് സർവീസ് ലാഭത്തിൽ ആവണമെന്ന് നിർബന്ധമില്ല. ആവണമെന്നത് ഒരു മുതലാളിത്ത ആശയമാണ്. അടിസ്ഥാനപരമായി ബസ് ഒരു സോഷ്യൽ സർവീസ് ആണ്. അത് നടത്തിക്കൊണ്ടു പോകാൻ കഴിഞ്ഞാൽ മതി. അതിന് ആവശ്യമെങ്കിൽ സർക്കാർ സാമ്പത്തിക പിന്തുണ കൊടുക്കണം.
കെ വി. തോമസ് : കെ എസ്ആർടിസിക്ക് പൊതുവേ തെക്കൻ കേരളത്തിലാണ് കൂടുതൽ സർവീസുകൾ ഉള്ളത്. മധ്യകേരളത്തിനും അതിനപ്പുറം വടക്കോട്ടും കുറവാണ്. പൊതുഗതാഗതം ഒരു സോഷ്യൽ സർവീസ് ആണ് എന്നതിനോട് യോജിക്കുന്നു.
ചന്ദ്രൻ പുതിയോട്ടിൽ : ആ സ്ഥിതിക്ക് ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്.കോഴിക്കോട് ജില്ലയിൽ കെഎസ്ആർടിസി ധാരാളമുണ്ട് കുറ്റ്യാടിയിൽ നാദാപുരത്ത് നിന്നും ബസ്സുകൾ രണ്ട് മിനിറ്റ് വ്യത്യാസത്തിൽ ദീർഘദൂരറൂട്ടുകളിൽ ഓടുന്നുണ്ട്. ആളുകൾ സ്വകാര്യ ബസ് തഴഞ്ഞ് കെഎസ്ആർടിസിക്ക് വേണ്ടി കാത്തുനിൽക്കുന്നത് പതിവുകാഴ്ച്ച യാണ്. കോഴിക്കോടിനപ്പുറം, കണ്ണൂരൊക്കെ സ്ഥിതി എങ്ങനെയെന്ന് എനിക്ക് അറിയില്ല.
മുരളി മീങ്ങോത്ത് : കാസർഗോഡ് ksrtc കുറവാണ്.
മേതിലാജ് : അത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പാലക്കാടും അതിനപ്പുറമുള്ള മലബാർ ജില്ലകളിലും കെഎസ്ആർടിസി വളരെ കുറവാണ്. ദീർഘദൂര റൂട്ടുകളിലും അന്തർജില്ലാ റൂട്ടുകളിലും സ്വകാര്യ ബസുകൾ ആണ് സർവീസ് നടത്തുന്നത്. പക്ഷേ തെക്കൻ ജില്ലകളിൽ അത്തരം റൂട്ടുകളിൽ കെഎസ്ആർടിസി മാത്രം ആയിരിക്കണമെന്നതാണ് നിയമം. മാത്രമല്ല പല ഗ്രാമങ്ങളിലേക്കും നഗരങ്ങളുടെ ഉള്ളിൽ തന്നെയും ഓടുന്നതും മിക്കവാറും കെഎസ്ആർടിസി തന്നെ. അത് കൊണ്ട് സൗജന്യ യാത്രയുടെ ഗുണം ചില ഭാഗങ്ങളിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. അതിനു മാറ്റം വരണം. ഇതിനുമുമ്പ് ഭ രിച്ചവരുടെ പിഴവാണ് അതിൽ കാണുന്നത്. പഠിക്കേണ്ട ഒരു വിഷയമാണ് ഇക്കാര്യത്തിലെ മലബാറിന്റെ പിന്നോക്കാവസ്ഥ. സൗജന്യ യാത്ര അനുവദിക്കേണ്ടത് ലോക്കൽ ബസുകളിൽ മാത്രമാണ്. തൊഴിൽ സംബന്ധിച്ച് നിത്യേന ചെറിയ ദൂരങ്ങൾ സഞ്ചരിക്കേണ്ടി വരുന്നവർക്ക് ഉപയോഗപ്പെടുന്ന വിധത്തിൽ.ദീർഘദൂരറൂട്ടുകളിൽ അതിന്റെ ആവശ്യമില്ല. പ്രായോഗികവുമല്ല.
മുരളി മീങ്ങോത്ത് : നല്ല ഒരു step ആയിരിക്കും.
കെ വി തോമസ് : സൗജന്യം കൊണ്ടുവരുമ്പോൾ അതിന് ഒരു മാനദണ്ഡം വയ്ക്കുന്നത് നല്ലതാണ്. പക്ഷേ അതെങ്ങനെ ചെയ്യും എന്നുള്ളത് ഒരു ഘടകമാണ്.
ചന്ദ്രൻ പുതിയോട്ടിൽ : കേരളത്തിൽ റവന്യൂ ജനറേഷൻ ഒരു ഇഷ്യൂ ആണ്. കർണാടക അത് നേരിടുന്നുണ്ട് പക്ഷെ അവിടെ കോർപ്പറേറ്റ് ഭീകരന്മാർ ഉള്ളത് കൊണ്ടാണവർ രക്ഷപ്പെടുന്നത്. എന്നാലും വെല്ലുവിളികൾ ഏറെയാണ്.
ചന്ദ്രൻ പുതിയോട്ടിൽ : സ്ത്രീകൾക്ക് വേണ്ടി സർക്കാർ പല അവകാശങ്ങളും ആനുകൂല്യങ്ങളും നൽകുന്നതു വഴി ബീഹാറിലും കർണാടകയിലും ഒക്കെ സ്ത്രീകളുടെ സാമൂഹ്യപുരോഗതിയിൽ വന്ന മാറ്റത്തെ കുറിച്ച് case studies ഉം best practices ഉം ഒക്കെ ഉണ്ടായിട്ടുണ്ട്. പല അജണ്ടകളുടെ ഭാഗമായിട്ടാണ് എങ്കിലും വലിയ സോഷ്യൽ ചേഞ്ചസിന് അത് വഴി വെച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ.
രവിവർമ ടി ആർ : ഒറ്റനോട്ടത്തിൽ ഇത് KSRTC ക്ക് മാത്രമല്ല, കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിനാകെ ആത്മഹത്യാപരമാണെന്ന് കാണാം. KSRTC യിലെ 50% യാത്രക്കാർ സ്ത്രീകളാണെന്ന് കണക്കാക്കിയാൽ ആ സ്ഥാപനത്തിന്റെ വരുമാനത്തിൽ 50% കുറവ് വരുമെന്ന് കാണാം. ഇപ്പോൾ തന്നെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന KSRTC യ്ക്ക് വരുമാനത്തിലെ ഈ കുറവ് താങ്ങാനാവുമോ? ഇല്ല എന്നാണ് ഉത്തരം. UDF അധികാരത്തിൽ വരികയും ഈ വാഗ്ദാനം നടപ്പാക്കുകയും ചെയ്താൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് KSRTC മാത്രമല്ല, കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ നെടുംതൂണായ സ്വകാര്യബസ് ശ്രുംഖല കൂടിയാണ്. KSRTC യിൽ സൗജന്യയാത്ര ലഭിക്കുമ്പോൾ പ്രൈവറ്റ് ബസിനെ ആശ്രയിക്കുന്ന നല്ലൊരു വിഭാഗം സ്ത്രീകളും KSRTC യിലേക്ക് കൂടുമാറാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇപ്പോൾ തന്നെ peak hours ഒഴിച്ചാൽ പ്രൈവറ്റ് ബസ്സുകളിൽ യാത്രക്കാർ കുറവാണ്. ഇനി സ്ത്രീകൾ കൂടി ഇല്ലാതായാൽ അവരുടെ വരുമാനത്തെ അത് സാരമായി ബാധിക്കും. ഓട്ടോറിക്ഷക്കാരാണ് ഇതിന്റെ പരിണിതഫലം അനുഭവിക്കാൻ പോകുന്ന മറ്റൊരു കൂട്ടർ. സമൂഹത്തിന്റെ താഴെത്തട്ടിൽ ജീവിക്കുന്നവരാണ് ഓട്ടോറിക്ഷ തൊഴിലാളികൾ. മിക്കവരും സ്വയം തൊഴിൽ കണ്ടെത്തിയവർ. ചുരുക്കത്തിൽ ഈ വാഗ്ദാനം നടപ്പായാൽ KSRTC, സ്വകാര്യ ബസ് തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിങ്ങനെ, സമൂഹത്തിന്റെ താഴെ തട്ടിലെ വലിയൊരു വിഭാഗത്തിന് വന്നുചേരുന്ന നഷ്ടം വളരെ വലുതാണ്. ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നതിന് മുമ്പ് കേരളം കർണാടകയോ തെലങ്കാനയോ അല്ലെന്ന് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ രാഹുൽ ഗാന്ധിയോട് പറയണമായിരുന്നു.
പി എൽ ലതിക : സൗജന്യങ്ങൾ അർഹതയുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തണം എന്ന് വിചാരിക്കുന്ന കുട്ടത്തിലാണ് ഞാൻ. നാട്ടിൽ ഇപ്പോൾ സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിലും കടകളിലും സേവനമേഖലയിലും അസംഘടിത മേഖലയിലും അധികം സ്ത്രീ ത്തൊഴിലാളികളെയാണ് ധാരാളമായി കാണുന്നത്. അതുകൊണ്ട് ഒരു പരിധിയും വെക്കാതെയുള്ള സൗജന്യസഞ്ചാരം കെഎസ്ആർടിസിയിൽ പ്രായോഗികമാവില്ല എന്നാണ് എന്റെ കാഴ്ച.
മേതിലാജ് എം എ : ഇത്രയും പറഞ്ഞതിൽ നിന്ന് സൗജന്യ കെഎസ്ആർടിസി യാത്ര കൊണ്ട് പ്രയോജനം ലഭിക്കുക പ്രധാനമായുംചില ഭാഗങ്ങളിൽ ഉള്ളവർക്ക് മാത്രമാണ്. എങ്കിലും പൊതുവേ സ്ത്രീ തൊഴിലാളികൾക്ക് വീട്ടുപണിക്കാർക്ക് ഒക്കെ സൗജന്യമാകുമ്പോൾ അല്പം ദൂരത്ത് പോയി യാത്ര ചെയ്യാനുള്ള ഒരു സാഹചര്യം ലഭിക്കും. ഗ്രാമീണ ചന്തകളിൽ വന്നു കച്ചവടം നടത്തുന്ന സ്ത്രീകൾക്ക് കുറച്ചുകൂടി തിരക്കുള്ള പ്രദേശങ്ങളിലേക്ക് പോയി കച്ചവടം ചെയ്യാനും സഹായമാവും.
ഇതുമൂലം സ്വകാര്യ ബസുകളിൽ തിരക്കും വരുമാനവും കുറയാനുള്ള സാധ്യതയുണ്ട്. മറുവശത്ത് കെഎസ്ആർടിസി കുറവായ വടക്കൻ ജില്ലകളിലേക്ക് സർവീസുകൾ ആരംഭിക്കുവാൻ വേണ്ടിയുള്ള സമ്മർദ്ദം ഉണ്ടാവാനും സാധ്യതയുണ്ട്.
മുരളി മീങ്ങോത്ത് : കാസർഗോഡ് ജില്ലയിൽ ചികിത്സാ സൗകര്യങ്ങൾക്ക് മംഗലാപുരത്തിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഉമ്മൻചാണ്ടിയുടെ കാലത്ത് തുടങ്ങിയ ഒരു മെഡിക്കൽ കോളേജിന് ഇത്രയും വർഷമായിട്ട് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. വികസനത്തിന്റെ കാര്യത്തിൽ കാസർഗോഡിന്റെ സ്ഥിതി പരിതാപകരമാണ്. ഇ കെ നായനാരും പിണറായിയും മുതിർന്ന സിപിഎം നേതാക്കളും കണ്ണൂരുകാരാണ്. എന്നിട്ടും ആ പ്രദേശങ്ങൾക്ക് ഇത്രമാത്രം അവഗണനയാണ്
ചന്ദ്രൻ പുതിയോട്ടിൽ : വികസനത്തിന്റെയും അതിന്റെ സ്പീഡിന്റെയും കാര്യത്തിൽ വടക്കൻ ജില്ലകൾ എന്നും പുറകിലാണ്. കോഴിക്കോടും മലപ്പുറവും ഒക്കെ ഇതിനെ എങ്ങനെയൊക്കെയോ കുറച്ചൊക്കെ അതിജീവിച്ചു. എന്നാൽ കണ്ണൂരും കാസർകോട്ടും അങ്ങനെയല്ല സ്ഥിതി.
പി എൽ ലതിക : കോഴിക്കോടും മലപ്പുറവും തുടക്കത്തിൽ തന്നെ ധാരാളം ഗൾഫ് കുടിയേറ്റം ഉണ്ടായ ജില്ലകളാണ്. പ്രവാസികൾ ബസ്സുകളിലും ഹോട്ടലിലും സ്കൂളിലും കച്ചവടസ്ഥാപനങ്ങളിലും ഒക്കെ നിക്ഷേപം നടത്തിയതിന്റെ ഫലമാണ് അവിടുത്തെ വളർച്ച.
ചന്ദ്രൻ പുതിയോട്ടിൽ : അതെ അവിടുത്തെ ലോക്കൽ ഇക്കോണമി ഡെവലപ് ചെയ്തതാണ് അവിടെ ഹോട്ടൽ ആയാലും food industry ആയാലും ഒക്കെ വികസിച്ചതിന്റെ പിന്നിൽ. അത് പ്രവാസി പണത്തിന്റെ സംഭാവനയും ആണ്. പഞ്ചായത്തുകൾക്ക് നികുതി വരവിനെ സംബന്ധിച്ച് കിട്ടുമെന്ന ധൈര്യമുണ്ട്. അവിടത്തെ ആളുകൾ ലോകം കണ്ടതുകൊണ്ട് ഉണ്ടായ അവകാശബോധവും അതിൽനിന്ന് വരുന്ന ഡിമാൻഡും ഒക്കെ ഈ മാറ്റത്തിനു കാരണങ്ങളാണ്.
മുരളി മീങ്ങോത്ത് : കോഴിക്കോട് നിന്ന് വടക്ക് ഭാഗത്തേക്ക് തീവണ്ടികളും വളരെ കുറവാണ്.ശ്രീധരന്റെ പുതിയ പദ്ധതിയിൽ പോലും തിരുവനന്തപുരം തൊട്ട് കണ്ണൂർ വരെ മാത്രം.കാസറഗോഡ് അതിൽ ഇല്ല.വൈകിട്ട് 6.30 കഴിഞ്ഞാൽ കോഴിക്കോട് നിന്ന് കാസറഗോഡ് ഭാഗത്തേക്ക് ട്രെയിൻ ഇല്ല.
കെ വി തോമസ് : ഐഎഎസ് കാർ അടങ്ങുന്ന സവർണ്ണ ഉദ്യോഗസ്ഥ ലോബിയാണ് ഇതിന്റെ പിന്നിൽ അവരാണ് പ്രധാനമായും ഭരണകാര്യങ്ങൾ നടത്തുന്നത്. ഇവർക്കിടയിൽ തെക്കൻ സംസ്ഥാനക്കാരെയാണ് കൂടുതൽ കാണുക. കാരണം അടുത്ത കാലം വരെ വിദ്യാഭ്യാസസൗകര്യങ്ങളിലും ആ പ്രദേശങ്ങളായിരുന്നല്ലോ മുന്നിൽ.
വിൽസൺ ശാരദ ആനന്ദ് : റോഡുകൾ ഒഴിച്ച് ബാക്കി വികസനങ്ങളിൽ ഒക്കെ കാസർഗോഡ് പിറകിലാണ്. അവിടത്തെ ജനങ്ങൾ പൊതുവെ വികസന വിരുദ്ധർ ആണ്. വയൽക്കിളികൾ….
മേതിലാജ് എം എ : തിരഞ്ഞെടുപ്പിലേക്ക് വരുമ്പോൾ പാലക്കാട്ടെ result നെ പറ്റി ഉള്ള പ്രവചനം എന്താണ്?
പി എൽ ലതിക : കൃത്യമായി ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിൽ ഇടത് അനുഭാവികൾക്ക് തന്നെ ഒരു അങ്കലാപ്പുണ്ട്. ബിസിനസ്സിനും സ്ഥാപനത്തിനും നല്ല പേരുള്ള ആൾ ആണ്.പക്ഷെ രാഷ്ട്രീയത്തിൽ പെട്ടെന്ന് കെട്ടിയിറക്കിയത് പോലെയായി. അങ്ങനെ സന്ദേഹികൾ ആയവർ കോൺഗ്രസിന്റെ സ്ഥാനാർഥിയിലേയ്ക്കു ചായുമെന്ന സൂചനകൾ ഉണ്ട്. പിഷാരടി വിവേകത്തോടെ സംസാരിക്കുന്നു എന്നതുകൊണ്ടും കഴിഞ്ഞ തിരഞ്ഞെടുപ്പ്കാലത്ത് നാട്ടിൽ പ്രചാരണ രംഗത്ത് സജീവമായിരുന്നു എന്നതുകൊണ്ടും ആണ് ഈ ചായ് വ്. തന്റെ ഹേറ്റ് സ്പീച്ചിലൂടെ നല്ല ജനസ്വാധീനം നേടിയിട്ടുള്ള ആളാണ് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. പക്ഷേ അവർക്ക് സ്വന്തം പാർട്ടിയിൽ തന്നെ പാരയും ഉണ്ട്.
എന്റെ മണ്ഡലം മലമ്പുഴയാണ്. വി എസ് ന്റെ ആളായി മണ്ഡലത്തിൽ വന്നു കൊണ്ടിരുന്ന ആളാണ് സുരേഷ്. ആ കാരണം കൊണ്ട് തന്നെ അദ്ദേഹത്തിന് കോൺഗ്രസ് വോട്ടുകൾ ലഭിക്കില്ല. അദ്ദേഹത്തിന് തോൽക്കാൻ വേണ്ടി മലമ്പുഴ മണ്ഡലം കൊടുത്തത് പോലെയുണ്ട്.ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ ജയിക്കാൻ സാധ്യത കുറവാണ്.എങ്കിലും മലമ്പുഴയിൽ കഴിഞ്ഞ ഒരു വർഷമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 85 കോടിയുടെ ഒരു വലിയ പദ്ധതി നടപ്പിലാക്കുന്നുണ്ട്. മലമ്പുഴ മണ്ഡലത്തിലെ 7 വർഷമായി പൂർത്തിയാകാതെ കിടക്കുന്ന റെയിൽവേ മേൽപ്പാലം ഒരു വലിയ വിഷയമാണ്. റെയിൽവേയുടെ നിസ്സഹകരണം ആണ് ഏറ്റവും വലിയ തടസ്സം എങ്കിലും സാധാരണ ജനത്തിന് അവരുടെ ജീവിതം താറുമാറായത് മാത്രമാണ് പ്രശ്നം.’ ഈ പാലം വേണമെങ്കിൽ എനിക്ക് വോട്ട് ചെയ്യു എന്നാണ് ബിജെപി സ്ഥാനാർത്ഥി യുടെ ആഹ്വാനം. കുറച്ചു പേരെങ്കിലും അതിൽ വീണു കൂടായ്കയില്ല.
കെ വി തോമസ് : എവിടെ നിന്നാലും വോട്ട് ഷെയർ കൂട്ടിയിട്ടുള്ള ആളാണ്
ശോഭാസുരേന്ദ്രൻ. പക്ഷേ അവരുടെ പാർട്ടി തന്നെ അവരെ ജയിക്കാൻ അനുവദിക്കുന്നില്ല എന്നുള്ളതാണ് കണ്ടുവരുന്നത്. ഇപ്പോൾ വോട്ടിനു കാശ് വിവാദവും വന്നു. അതുകൊണ്ട് അവരുടെ വിജയസാധ്യത കുറഞ്ഞു.
മേതിലാജ് എം എ : ശോഭാ സുരേന്ദ്രന്റെ സ്വാധീനവും സാധ്യതയും ഗൗരവമുള്ള ഒരു വിഷയമാണ്. അവരെപ്പോലെ തീവ്ര രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഒരാൾക്ക് വോട്ട് ചെയ്യാൻ ഹിന്ദുക്കൾക്കിടയിൽ ഒരു വിഭാഗം ഉണ്ട് എന്നത് നിസ്സാരമല്ല. അത്രയും തീവ്ര രാഷ്ട്രീയം പറയാത്ത ബിജെപി ക്കാർക്ക് ജയിക്കാൻ സാധ്യത കുറവാണ് എന്ന, നമുക്ക് ഇഷ്ടപ്പെടാത്ത ഒരു വസ്തുതയും അവിടെയുണ്ട്. അവരെ പാർട്ടിയിലെ factions തന്നെ തോൽപ്പിക്കുന്നു എങ്കിൽ നല്ലത്. അതേസമയം തീവ്രവാദ രാഷ്ട്രീയത്തിന് അനുയോജ്യമായ ഒരു പരിസരം ഇവിടെ ഉണ്ടായിരിക്കുന്നു എന്നുള്ളത് ഗൗരവമായ കാര്യമാണ്.
മുരളി മീങ്ങോത്ത് : അവർ മാത്രമല്ല ശശികലയും. സത്യത്തിൽ നിന്ന് മിനിമം ഒരു കിലോമീറ്റർ അകലം പാലിക്കുന്ന കാര്യങ്ങളാണ് അവർ പറയുക. അതൊക്കെ ധാരാളം ലൈക്ക് വാരി കൂട്ടുകയും ചെയ്യുന്നുണ്ട്. പിന്നെ യാഗങ്ങൾ,മേളകൾ എല്ലാത്തിനും നല്ല ആൾസാന്നിധ്യമുണ്ട്. നമ്മൾ സാമൂഹ്യ പുരോഗതിയിൽ 70 -80 കൊല്ലം പുറകോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
സിപിഎമ്മിന്റെ sure സീറ്റ് ആയിരുന്നു മലമ്പുഴ. പാർട്ടിക്ക് 38 കൊല്ലമായുള്ള അകത്തേത്തറ പഞ്ചായത്ത് ഇത്തവണ നഷ്ടമായി എന്നതിൽ നിന്ന് പാർട്ടിയുടെ പ്രവർത്തനം പോരായിരുന്നു എന്ന് വ്യക്തമല്ലേ.അതോടൊപ്പം ബിജെപിയുടെ അതിശക്തമായ ground ലെവൽ പ്രചാരണവും. അസത്യങ്ങൾ, അർത്ഥസത്യങ്ങൾ,.കൗശലങ്ങൾ.
സിപിഎം ന്റെ പ്രഭാകരൻ സീറ്റ് നിലനിർത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുക.
മേതിലാജ് എം എ : കേരളത്തിൽ ജനങ്ങൾ എൽഡിഎഫിന് മാത്രമാണ് credibility ഉണ്ടെന്ന് കരുതുന്നത്. അതിലാണ് ആ പാർട്ടി നിൽക്കുന്നത് തന്നെ. യുഡിഎഫ് നിലനിൽക്കുന്നത് സമുദായ സമവാക്യങ്ങളിലും പിന്തുണയിലും ഊന്നിയാണ്. അത് അയഞ്ഞ ഒരു കൂട്ടായ്മയാണ്. വികസനത്തിന്റെ കാര്യം വരുമ്പോൾ യു ഡിഎഫിന്റെത് തുറന്ന മുതലാളിത്ത സമീപനമാണ്. പരിസ്ഥിതിയൊന്നും അത്ര പരിഗണിച്ചെ ന്നു വരില്ല. കേരളത്തിലെ പല വലിയ പദ്ധതികളും കൊണ്ടുവന്നത് യുഡിഎഫ് ആണ്. തെറ്റുണ്ടെങ്കിൽ തിരുത്തണം. നെടുമ്പാശ്ശേരി എയർപോർട്ട് കെ കരുണാകരൻ മുൻകൈയെടുത്തു കൊണ്ടുവന്നതാണ്. കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവും ഉമ്മൻചാണ്ടിയുടെ ആശയമായിരുന്നു. ആന്റണി കൊണ്ടുവന്ന ചാരായ നിരോധനം മയക്കു മരുന്നിന്റെ വ്യാപനത്തിന് കാരണമായി എന്ന ആരോപണം ഉണ്ട് എങ്കിലും, നമ്മൾ ചിലർ തൊഴിൽനഷ്ടത്തിന്റെ പേരിലൊക്കെ നിരോധനത്തിനെ എതിർത്തിരുന്നു എങ്കിലും, ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ സമൂഹത്തിൽ നല്ലൊരു മാറ്റം ആണ് കൊണ്ടുവന്നത് എന്ന് കാണാം. സ്വാശ്രയ കോളേജുകൾ കൊണ്ടുവന്നത്.അതിന് ഒരുപാട് നെഗറ്റീവ് വശങ്ങളുണ്ട്. ഒരുവശത്ത് സോഷ്യൽ injustice നൊക്കെ കാരണമായിട്ടുണ്ട്. എങ്കിലും ധാരാളം കോളേജുകൾ വന്നു. ഓരോ ജില്ലയിലും ഓരോ മെഡിക്കൽ കോളേജുകൾ വന്നു. പലതും ഗുണനിലവാരത്തിൽ ഏറെ പിന്നിലാണെങ്കിലും വന്നത് വലിയൊരു കാര്യമാണ്. യുഡിഎഫിന്റെ കാര്യത്തിൽ പദ്ധതികൾ നടപ്പിലാക്കിക്കഴിഞ്ഞാൽ അവ മെച്ചപ്പെടുത്തുക, മികച്ചതാക്കുക എന്നുള്ളത് അവരുടെ കാര്യപരിപാടിയിൽ ഉണ്ടാവാറില്ല. അതിന്റെ പേരിൽ കാര്യമായി വിമർശനവും നേരിടേണ്ടിവരാറില്ല. എൽഡിഎഫിന്റെ കാര്യത്തിൽ അങ്ങനെയല്ല. അവരുടെ ഇടയിൽ തന്നെ ആളുകൾ ഉണ്ടാവും വിമർശിക്കാൻ. അവർ നിരന്തരമായി ഇടപെട്ടു കൊണ്ടേയിരിക്കും. മറ്റൊരുവശം, ലുലു മാളുകൾ പാടം നികത്തി നിർമ്മാണ പ്രവർത്തനം നടത്തിയത് എൽഡിഎഫിന്റെ കാലത്താണ്.എതിർപ്പുകളെ അവർ വേഗം ശരിയാക്കി പദ്ധതി കൊണ്ടുവന്നു. ഇപ്പോൾ മുതലാളിത്ത സ്ഥാപനങ്ങളെയും പദ്ധതികളെയും സ്വാഗതം ചെയ്യുന്നതിൽ രണ്ടു മുന്നണികളും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.
കെ വി തോമസ് : ചാരായ നിരോധനത്തിനു ശേഷം അത് കുടിക്കണമെന്ന് നിർബന്ധമുള്ളവർ മറ്റു സംസ്ഥാനങ്ങളിൽ പോയി വാങ്ങാൻ തുടങ്ങിയത് കുടുംബങ്ങൾക്ക് കൂടുതൽ നഷ്ടം വരുത്തി.
പി എൽ ലതിക: സ്വാശ്രയ കോളേജുകൾ വലിയ മാറ്റമാണ് കൊണ്ടുവന്നത്. പിന്നീട് ഗുണനിലവാരം കുറഞ്ഞു, ഡിമാൻഡ് ഇല്ലാതായി എന്നൊക്കെ ഉണ്ടായി എങ്കിലും ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണാൻ കഴിയാത്ത ഒരുപാട് പേർക്ക് സ്വാശ്രയ കോളേജുകളിലൂടെ അത് സാധിച്ചു.ഇന്ത്യയിലേക്ക് ഡിജിറ്റൽ ജോലികൾ ഔട്ട് സോഴ്സ് ചെയ്യുന്ന കാലത്തോട് ചേർന്ന് വന്നതുകൊണ്ട് പ്രത്യേകം ഗുണമുണ്ടായി. കേരളത്തിലെ സ്വാശ്രയ ഫീസ് പോലും അത്രയ്ക്ക് അധികമായിരുന്നില്ല. വിദ്യാഭ്യാസ വായ്പ ഉദാരമായി ലഭ്യമായി. അങ്ങനെ ഒറ്റത്തലമുറ കൊണ്ട് ജീവിത നിലവാരത്തിൽ വലിയ മുന്നേറ്റം നടത്തിയ ഒരുപാട് കുടുംബങ്ങളെ നമുക്ക് ചുറ്റും കാണാം.
ചന്ദ്രൻ പുതിയോട്ടിൽ : പക്ഷേ സ്വാശ്രയ കോളേജിൽ നിന്നു പഠിച്ചിറങ്ങുന്നവർ അന്യസംസ്ഥാനങ്ങളിൽ പുതിയ കോഴ്സുകൾ പഠിക്കാൻ പോകുമ്പോൾ ഭാഷയുടെ പേരിലും, അതുവരെയുള്ള പഠിപ്പിന്റെ നിലവാരം ഇല്ലായ്മ മൂലവും പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്നുണ്ട്. എത്രയോ പേർ കോഴ്സ് വഴിയിൽ ഉപേക്ഷിച്ചു ഫീസ് നഷ്ടപ്പെടുത്തി തിരിച്ചുവരുന്നുണ്ട്.
മുരളി മീങ്ങോത്ത് : ഇപ്പോഴും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ സ്ഥിതി എന്താണ്?. കെ ടി ജലീൽ, ആർ. ബിന്ദു ഒക്കെ ഭരിച്ചിട്ട് എന്തെങ്കിലും പുരോഗതി ഉണ്ടായോ?
മേതിലാജ് എം എ : എത്രയൊക്കെ രാഷ്ട്രീയപ്രവർത്തനപാരമ്പര്യം ഉണ്ടെന്ന് പറഞ്ഞാലും, ശ്യാമള, ഡോ.ബിന്ദു, ശൈലജ, സതീദേവി ശ്രീമതി ടീച്ചർ തുടങ്ങി ഏതാണ്ട് എല്ലാ കണ്ണൂർ വനിതാ നേതാക്കളും പരസ്പരം ബന്ധുക്കളും, ചിലരെങ്കിലും നേതാക്കളുടെ ഭാര്യാസ്ഥാനം കൊണ്ട് കൂടി അധികാരത്തിൽ എത്തിയവരും ആണല്ലോ. എത്ര നിഷേധിച്ചാലും ബന്ധു ബലം കൂടി ഇവരുടെയൊക്കെ രാഷ്ട്രീയ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇതിൽ ചിലരൊക്കെ നേതൃഗുണമുള്ളവരും രാഷ്ട്രീയത്തിൽ ശോഭിക്കുന്നവരും ആണ് എന്നാൽ ഡോക്ടർ ബിന്ദു ഉന്നത വിദ്യാഭ്യാസമൊക്കെ ഉണ്ടായിട്ടും മന്ത്രി എന്ന നിലയിൽ സമ്പൂർണ്ണമായ പരാജയം ആയിരുന്നു എന്ന് പറയേണ്ടിവരും.
മുരളി മീങ്ങോത്ത് : ഇംഗ്ലീഷിൽ ഡോക്ടററേറ്റ് ഉള്ള ആളുടെ ഇംഗ്ലീഷ് സംസാരം കേട്ടാൽ വൻ ശോകം. പക്ഷേ അവരെ വിമർശിച്ചാൽ സ്ത്രീവിരുദ്ധതയാവും.
കെ വി തോമസ് : സംസാരഭാഷ, ഒഴുക്ക് .. അത് സംസാരിച്ചു തന്നെ വരേണ്ട ഒന്നാണ്. ഇന്നും നമ്മുടെ നാട്ടിൽ മിക്ക ഉച്ചാരണവും പണ്ട് കാലം മുതലേ ഉള്ളത് തന്നെ. ഫൊണെറ്റിക്സ് ഒന്നും ശ്രദ്ധിക്കുന്നില്ല.
പി എൽ ലതിക : ഫോണറ്റിക്സ് ഒക്കെ ഒരു കോളോണിയൽ ആരാധനയോ അഡിക്ഷനോ ആണ്. ഇംഗ്ലീഷിന് മാത്രം ഒരു ഉച്ചാരണ code… 14 ജില്ലകളിൽ 14 മലയാളം അല്ലെ നമ്മൾ ഉച്ചരിക്കുന്നത്?ആശയ വിനിമയമാണ് ഭാഷയുടെ ധർമ്മം.
ചന്ദ്രൻ പുതിയോട്ടിൽ : വികസനത്തിന്റെ കാര്യത്തിൽ ചിലത് കൂടി പറയാനുണ്ട്. തെക്കൻ ജില്ലകൾ തിരുവിതാംകൂർ ആയിരുന്ന കാലത്തു തന്നെ വളരെ മുന്നേറിയിരുന്നു . പിന്നീട് ഭരണ കേന്ദ്രം അവിടെയായിരുന്നതിന്റെ മേൽക്കൈ അവർക്ക് എന്നുമുണ്ടായിട്ടുണ്ട്.മുൻപ് മദ്രാസിന്റെ ഭാഗമായിരുന്നത് കൊണ്ട് മലബാറിന്, പിന്നീട് കേരളത്തോട് കൂട്ടിച്ചേർത്തത് പോലെ ഉള്ള ഒരു സ്റ്റാറ്റസ് ആയിരുന്നു എന്നും. മറ്റൊന്ന് തെക്കൻ ജില്ലകളിൽ ഉള്ളവരുടെ entreprenure skill, agressiveness എന്നിവ മലബാറുകാർക്കില്ല. തെക്ക് നിന്ന് കുടിയേറ്റം നടത്തിയിടത്തൊക്കെ അവർ ആ രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ മലബാറിലെ ആളുകൾ ഉള്ള സാഹചര്യങ്ങളിൽ ‘ഇത്രമതി ‘എന്ന് ജീവിതത്തെ കണ്ടവരായിരുന്നു.
കെ വി. തോമസ് : ഫലത്തിൽ വികസനം വെർട്ടിക്കൽ ആയി. Horizontal ആയില്ല.
മുരളി മീങ്ങോത്ത് : ഭാഷയുടെയും സംസ്കാരത്തിന്റെയും കാര്യത്തിൽ പോലും വടക്കേ മലബാറിനോട് വലിയ വിവേചനം ആണ് ബാക്കിയുള്ള കേരളം കാണിച്ചത്. അവിടത്തെ ഭാഷയ്ക്ക് ഒരുതരം നികൃഷ്ടത കൽപ്പിക്കപ്പെട്ടു.. അടുത്തകാലത്താണ് നോവലുകളിലും സിനിമകളിലും ഒക്കെ മലബാറിലെ ജീവിതവും ഭാഷയും സംസ്കാരവും ആവിഷ്കരിക്കപ്പെടുകയും അം ഗീകരിക്കപ്പെടുകയും ചെയ്യാൻ തുടങ്ങിയത്. അതുവരെ തെക്കൻ കേരളത്തിലെ ഭാഷയും വള്ളുവനാടൻ ഭാഷയും മാത്രമാണ് സാഹിത്യത്തിലും സിനിമയിലും മുൻഗണനയിൽ ഉണ്ടായിരുന്നത്.
കെ വി തോമസ് : ഇൻഡസ്ട്രികളുടെ കാര്യം നോക്കുകയാണെങ്കിലും എല്ലാം തെക്കൻ ജില്ലകളിലാണ്. വടക്കൻ ജില്ലകളിൽ കാര്യമായി ഒന്നും ഇല്ല എന്ന് തന്നെ പറയാം ഹോട്ടലുകളും കടകളും ഒക്കെ തന്നെയാണ് അവിടുത്തെ സ്ഥാപനങ്ങൾ. എല്ലാറ്റിനും മാറ്റം വരണം വരും. ഇപ്പോൾ എംഎൽഎമാർക്ക് അക്കൗണ്ടബിലിറ്റി ഉണ്ടല്ലോ. പഞ്ചായത്തുകൾക്കും ഉണ്ട്. ഫണ്ടുണ്ട്. വിനിയോഗത്തിന് കലണ്ടർ ഉണ്ട്. Lapse ആവരുത് എന്നുണ്ട്.
രവിവർമ ടി ആർ : ഈ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ രാഷ്ട്രീയത്തിന് എത്രമാത്രം അധഃപതനം സംഭവിച്ചിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് അതിനോട് അടുത്തുണ്ടായ മുതിർന്ന നേതാക്കളുടെ പാർട്ടി മാറൽ. ഇതുവരെ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തിനോട് യാതൊരു ബാധ്യതയും ഇല്ലാതെ തികച്ചും സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി മറുകണ്ടം ചാടുന്ന ഇത്തരം രാഷ്ട്രീയ കോമരങ്ങളെ ഏത് പാർട്ടിയിൽ ആയാലും ജയിപ്പിച്ചുവിടണോ എന്ന് മലയാളികൾ തീരുമാനിക്കേണ്ട സമയമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ്. ഇല്ലെങ്കിൽ പതിയെ ഭരണവും അധികാരവും കക്ഷിഭേദമെന്യേ ചുരുക്കം ചിലരിലേക്ക് കേന്ദ്രീകരിക്കപ്പെടും. ജനാധിപത്യം വെറും നോക്കുകുത്തിയാവും.
പി എൽ ലതിക: രാഷ്ട്രീയ നൈതികത ഒരു പുരാവൃത്തവും.
ജ്യോതിസ് പരവൂർ: ഈ അവസ്ഥയിൽ കോൺഗ്രസ് ഒരു ബദൽ ആണെന്ന് എനിക്ക് തോന്നുന്നില്ല. തിരഞ്ഞെടുപ്പിന് മുന്നേ തന്നെ ഫണ്ട് മുക്കലും, സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള അടിപിടിയും ഒക്കെ നല്ല സൂചനകൾ അല്ല.അധികാരത്തിൽ എത്തിയാൽ ഒരുപാട് വിസ്മയങ്ങൾ കാണേണ്ടി വരും എന്ന് ഉറപ്പാണ്.ആര് അധികാരത്തിൽ വന്നാലും ഒരു ബിജെപിക്കാരൻ പോലും നിയമസഭയിൽ ഉണ്ടാവരുത് അതാണ് എൻ്റെ ആഗ്രഹം.
കവർ : വിൽസൺ ശാരദ ആനന്ദ്
