നാളെ ഇന്ത്യ അസാധാരണമായ ഒരു സമരത്തിന് വേദിയാവുകയാണ്. പടിപടിയായുള്ള, ആസൂത്രിതനടപടികളിലൂടെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ബിജെപിയും സഖ്യകക്ഷികളും അടങ്ങുന്ന കേന്ദ്ര ഭരണകൂടം അട്ടിമറിച്ചതിനെ അടിമുടി തിരുത്തുവാനും പരമാവധി കുറ്റമറ്റ ചട്ടക്കൂട് പുനഃസ്ഥാപിക്കുവാനും വേണ്ടി കോക്രോച് ജനത പാർട്ടിയുടെ (CJP) നേതൃത്വത്തിൽ യുവത , ജാതിമത വർഗ്ഗ വ്യത്യാസങ്ങൾ ഇല്ലാതെ പ്രതിപക്ഷ കക്ഷികളോടൊപ്പം നടത്തുന്ന ഐതിഹാസികമായ സമരം.

ലക്ഷ്യങ്ങൾ :

SIR റദ്ദു ചെയ്യുക. 13 കോടി വോട്ടർമാർക്ക് വോട്ട് നിഷേധിച്ച കാര്യപരിപാടി ഒരു ഭാഗിക കൂട്ടിച്ചേർക്കൽ കൊണ്ടോ തിരുത്തൽ കൊണ്ടോ കുറ്റം തീർത്തു ശരിയാക്കാൻ കഴിയുകയില്ല.
ഇത് നടപ്പിലാക്കിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമത്തിൽ നിന്ന് സംരക്ഷിക്കുന്ന 2023ലെ നിയമം റദ്ദ് ചെയ്യുക.

സർക്കാരും മന്ത്രിസഭയും അനുവദിക്കുകയും പിന്താങ്ങുകയും സംരക്ഷണം നൽകുകയും ചെയ്യും എന്നുള്ള ഉറപ്പ് ഒരുവശത്ത് നിൽക്കുമ്പോഴും രാജ്യത്തിന്റെ ഭാഗധേയത്തെ തിരിച്ചെടുക്കാൻ പറ്റാത്ത വിധം അപകടപ്പെടുത്തുന്ന വോട്ടർ രേഖ തിരുത്തലിന് നേതൃത്വം വഹിച്ച്‌ രാജ്യത്തിനെയും ജനതയെയും വഞ്ചിച്ച സിവിൽ സെർവന്റിനെ – മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നിലവിലുള്ള നിയമത്തിനനുസൃതമായി ശിക്ഷാനടപടികൾക്ക് വിധേയനാക്കുക.

സർവീസിൽ പ്രവേശിക്കുന്ന അന്ന് തൊട്ട് അഴിമതിക്കും കൃത്രിമത്വത്തിനും ആരോപണങ്ങൾ നേരിട്ട ഉദ്യോഗസ്ഥനെ ചീഫ് ഇലക്ഷൻ കമ്മീഷണറായി നിയമിക്കാൻ പറ്റിയ സാഹചര്യം ആവർത്തിക്കാതിരിക്കാൻ വേണ്ടി ഇലക്ഷൻ കമ്മീഷണെ തിരഞ്ഞെടുക്കുന്ന ബോഡിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ നെ മാറ്റി സർക്കാർ നോമിനിയെ ഉൾക്കൊള്ളിച്ച ഉത്തരവ് തിരുത്തുക. അടുത്തകാലങ്ങളിൽ സുപ്രീംകോടതി ജഡ്ജി പ്രദർശിപ്പിച്ച ഒത്തുതീർപ്പുകൾ പരിഗണിക്കുമ്പോൾ സിവിൽ സൊസൈറ്റിയിൽ നിന്ന് ഒരു പ്രതിനിധിയെക്കൂടി ആ ബോഡിയിൽ ഉൾപ്പെടുത്തുന്നത് ആലോചിക്കാവുന്നതാണ്.

എസ്ഐആറിനു ശേഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം, പാർലമെന്റിൽ കേന്ദ്രസർക്കാറിന് ഭരണഘടനാമാറ്റംവരെ പാസാക്കി എടുക്കാനുള്ള നിലയിലേക്ക് നീങ്ങുന്നുണ്ട് . പുറമേ പല നിയമസഭകളിലും വൻതോതിൽ floor-crossing നടക്കുന്നുമുണ്ട്. ഇത് സംഭവിക്കാതിരിക്കാനും സമ്മതിദാനത്തിന്റെ അന്തസത്ത പരിരക്ഷിക്കപ്പെടാനും തിരഞ്ഞെടുപ്പിന് ശേഷമുള്ള കൂറുമാറ്റങ്ങൾ നിരോധിക്കണം. അങ്ങനെ ചെയ്യുന്നവരെ നിശ്ചിതകാലത്തേക്ക് തിരഞ്ഞെടുപ്പുകളിൽ നിന്ന് പുറത്താക്കണം. ഇതിനുള്ള നിയമഭേദഗതി കൊണ്ടുവരണം.

കഴിഞ്ഞ പാർലമെന്റ് ഉൾപ്പെടെ നടന്ന തിരഞ്ഞെടുപ്പുകളിൽ ഇവിഎമ്മിന്റെ പ്രവർത്തനത്തിൽ അനധികൃത ഇടപെടലുകൾ പലതരത്തിൽ നടന്നിട്ടുണ്ട് എന്ന് ആരോപണം ഉയർന്നിരുന്നു. സാങ്കേതിക വിദഗ്ധരും ഇത് ഉയർത്തിക്കാട്ടിയിട്ടുണ്ട്. രാഹുൽ ഗാന്ധി രേഖീയമായ തെളിവുകൾ പരസ്യമായി ഹാജരാക്കിയിരുന്നു. പലയിടത്തും വോട്ടിംഗ് സമയം കഴിഞ്ഞു വോട്ടുകൾ വൻതോതിൽ രേഖപ്പെടുത്തിയതായി പുറത്തുവന്നിരുന്നു. ഒരു ജനാധിപത്യത്തിന് ഒട്ടും ചേർന്നതല്ല സംശയത്തിന്റെയും ദുരുഹതയുടെയും നിഴലിൽ വിശ്വാസ്യത നഷ്ടപ്പെട്ട യാന്ത്രിക ഇലക്ടറൽ പ്രോസസ്. അത് നിർത്തലാക്കി രാജ്യം പല മുൻനിര രാജ്യങ്ങളും തുടരുന്നതുപോലെ പേപ്പർ ബാലറ്റിലേക്ക് തിരിച്ചുപോകണം.

ഇത്രയും ലക്ഷ്യങ്ങൾ കൈവരിക്കുവാൻ ഇന്ത്യയെ പിടിച്ചു കുലുക്കുന്നു ഈ ജനകീയ സമരത്തിന് സാധ്യമാവട്ടെ! ഒരു രാഷ്ട്രീയപ്പാർട്ടിയിൽ നിന്നോ സർക്കാരിൽ നിന്നോ എന്നതിലുപരി പ്രതിലോമപരവും യാഥാസ്ഥിതികവുമായ ഒരു ഐഡിയോളജിയുടെ നീരാളി പ്പിടുത്തത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ഏറെ വൈകിപ്പോയ അവസരം കൂടിയാണിത്.

+ posts

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ