ഇന്നലെ കാശ്മീർ പ്രതിഷേധങ്ങൾ കൊണ്ട് മുഖരിതമായിരുന്നു.
“ഞങ്ങൾ ഇന്ത്യക്കാരാണ്. തീവ്രവാദികൾക്കെതിരെയുള്ള യുദ്ധത്തിൽ തങ്ങൾ സൈന്യത്തിനൊപ്പമാണ്. ഈ അക്രമം ഞങ്ങൾക്കെതിരെ ആയിരുന്നു. നിങ്ങൾ അകപ്പെട്ടുപോയി എന്നുമാത്രം. ഞങ്ങൾ അഗാധമായി ദുഃഖിക്കുന്നു. ഇത് വരുമാനത്തെക്കുറിച്ചോ ബിസിനസ്സിനെ കുറിച്ചോ അല്ല. ഇത് സന്ദർശകർക്കു നേരെ നടന്ന കുരുതിയെ കുറിച്ചാണ്. ഞങ്ങളുടെ ഹൃദയം അവർക്കൊപ്പമാണ്, എല്ലാം നഷ്ടപ്പെട്ട ആ കുടുംബങ്ങൾക്കൊപ്പം”.
ഇത് കാശ്മീരിന്റെ ശബ്ദമാണ്. വർഷങ്ങൾ നീണ്ട സംഘർഷങ്ങൾക്കും കലാപങ്ങൾക്കും കൂട്ടക്കുരുതികൾക്കും, ഭരണകൂട/സൈനിക ബലപ്രയോഗങ്ങൾക്കും നിരോധനാജ്ഞയുടെ വാഴ്ചക്കും അപ്പുറം ക്രിയാത്മകമായ വീണ്ടെടുപ്പിലൂടെ ഇന്ത്യയുടെ ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം പുനരടയാളപ്പെടുത്താൻ ഉദ്യമിക്കുന്ന കാശ്മീരിന്റെ ശബ്ദം. വിദേശികളുടേതടക്കം സന്ദർശകരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ അകന്നു തുടങ്ങി. കാശ്മീരിന്റെ പ്രകൃതി സൗന്ദര്യത്തെയും, ആതിഥ്യ മര്യാദയെയും വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഊഷ്മളസൗഹൃദത്തെയും കുറിച്ച് വാർത്തകളും റിപ്പോർട്ടുകളും പുറത്തുവരുന്ന സമയം.
പ്രത്യാശയുടെ പുതു പിറവികളാണല്ലോ തീവ്രവാദികളെ വിറളി പിടിപ്പിക്കുക. അവരുടെ ഇടങ്ങൾ ഭീഷണിയിലാണെന്നും പ്രാദേശികജനത അവരെ പുറന്തള്ളുമെന്നും ഉള്ള ഭീതി പിടികൂടുമ്പോൾ തീവ്ര ഭീരുത്വത്താൽ അവർ അക്രമികളാവുന്നു. സ്വാതന്ത്ര്യലബ്ധി തൊട്ട്, ഇന്ത്യയെ അനാരോഗ്യകരമായ മത്സരബുദ്ധിയോടെയും അസൂയയോടെയും അസഹിഷ്ണുതയുടെയും കാണുന്ന പാകിസ്ഥാൻ അത്തരം വിള്ളലുകൾ ദുരുപയോഗപ്പെടുത്തുക സ്വാഭാവികം. പാകിസ്ഥാനെ സംബന്ധിച്ച് കാശ്മീർ മാത്രമല്ല ബംഗ്ലദേശും ഉണങ്ങാത്ത മുറിവാണ്. അത് ഇന്ത്യയുടെ ഭാഗത്ത് നിതാന്തജാഗ്രത അനിവാര്യമാക്കിയിരിക്കുന്നു.
യുദ്ധങ്ങളുടേയും വംശീയ ഉന്മൂലനത്തിന്റെയും വർത്തമാനലോകത്ത് അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ തെല്ലും അപ്രതീക്ഷിതമല്ല. ആവുകയുമരുത്. ഇന്ത്യയെപ്പോലെ ഒരു സൈനികശക്തി അതിർത്തിയിൽ അലംഭാവമോ ജാഗ്രതക്കുറവോ വഴങ്ങി എന്നതിന്റെ സൂചനപോലും ഗുരുതരമായ കൃത്യവിലോപമാവും. ദുരന്തമേഖലയിൽ ആവശ്യത്തിന് സുരക്ഷയോ, അത്യാഹിതങ്ങൾ നേരിടാനുള്ള അടിയന്തിര സംവിധാനമോ ഉണ്ടായിരുന്നില്ല എന്ന്, ‘സാധാരണക്കാരായ കാശ്മീരികളാണ് തങ്ങളുടെ രക്ഷയ്ക്കെത്തിയത്’ എന്ന അതിജീവിതരുടെ സാക്ഷ്യപ്പെടുത്തൽ തെളിയിക്കുന്നു. അതിർത്തിയിൽ നിന്ന് ഏറെ ഉള്ളിലുള്ള പ്രദേശത്തേക്ക് തീവ്രവാദികൾക്ക് എത്തുവാനും ആക്രമണത്തിനുശേഷം പിടി കൊടുക്കാതെ രക്ഷപ്പെടാനും കഴിഞ്ഞു! എന്ത് കൊണ്ട് ഈ കൃത്യ വിലോപം? ആരാണുത്തരവാദികൾ? അഥവാ നിരുത്തരവാദികൾ? അവർക്കെതിരെ കേന്ദ്ര സർക്കാർ എന്തു നടപടിയെടുക്കും? അതാണ് രാജ്യം ഇന്ന് ചോദിക്കാതിരുന്ന ചോദ്യം.
കേന്ദ്രസർക്കാർ പാകിസ്ഥാനെതിരെ കടുത്ത നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ സൈനിക നടപടിയും ഉണ്ടായിട്ടുണ്ട്. വൻശക്തികൾ ട്രേഡ് യുദ്ധങ്ങൾ അഴിച്ചുവിട്ടു പോർവിളി നടത്തുന്ന ആഗോളസാമ്പത്തിക പ്രതിസന്ധിയിൽ അവ എത്രമാത്രം പ്രയോഗികമാവും? അത് ഭരണകൂടത്തിന്റെ പരിഗണനാവിഷയമാണ്.
അതെസമയം ഇന്ത്യയിലെ പൊതുജനങ്ങൾ ഏറ്റെടുത്തു നടത്തേണ്ട ബൃഹത്തായ ഒരു നയതന്ത്രപദ്ധതിയുണ്ട്. പഹൽഗാമിലെ കൂട്ടക്കുരുതിയും സമാനമായ തീവ്രവാദപ്രവർത്തനങ്ങളും മൊത്തത്തിൽ ഈ രാജ്യത്തിനെതിരെ ഉള്ളതാണെന്ന് തിരിച്ചറിയുകയും വിഘടന ശ്രമങ്ങളെ ഒന്നിച്ചെതിർക്കുകയും ചെയ്യേണ്ട ദൗത്യമാണത്. ഇന്നത്തെയും നാളത്തേയും ഇന്ത്യ, ആഗോള സാഹചര്യത്തിൽ അതിജീവനം കണ്ടെത്താൻ കുതികൊള്ളുന്ന പുതുതലമുറകളുടെ ഇന്ത്യയാണ്. കൂടാതെ, ഈ മണ്ണിൽ തന്നെ കൊടുത്തും വാങ്ങിയും പങ്കിട്ടും ജീവിക്കേണ്ട, താങ്ങായും തണലായും അതിജീവിക്കേണ്ട മനുഷ്യരുടെ ഇന്ത്യയാണ്.
ഹിന്ദുത്വവാദിയുടെയോ ഇസ്ലാമികതീവ്രവാദിയുടെയോ അല്ല. അവർ രണ്ടും യാഥാർഥ്യബോധം കൈമോശം വന്ന നിർഭാഗ്യവാന്മാരാണ്. ഇന്ത്യയുടെ ആന്തരിക ശത്രുക്കൾ. അവർ ഈ രാജ്യത്തെ ഭിന്നിപ്പിക്കാതിരിക്കാൻ നമ്മൾ ഐക്യപ്പെടുക. തങ്ങളുടെ എഴുത്തും വായനയും വിനിമയവും കൊണ്ട് ആ വിഷവൃത്തത്തിൽ നിന്ന് ഒരാളെയെങ്കിലും വെളിച്ചത്തിലേക്കും സത്യത്തിലേക്കും കൊണ്ടുവരാൻ കഴിഞ്ഞാൽ അതിനുപയോഗിച്ച അക്ഷരങ്ങൾ സാർത്ഥകമായി.
കവർ : വിൽസൺ ശാരദ ആനന്ദ്