സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് അസന്നിഗ്ദ്ധമായി വിജയിച്ചു. Ldf ൽ സീറ്റുകൾ കിട്ടാതെ പുറത്തു പോയി നിന്നവരും ജയം കണ്ടു. LDF ന്റെ മന്ത്രിമാരുൾപ്പെടെ തോൽവിയിൽ. ഒരു ക്ഷീണവും തട്ടാതെ മുസ്ലിം ലീഗ്. NDA ക്ക് 3 സീറ്റുകൾ. വൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന് തിരഞ്ഞെടുപ്പിന് അല്പം മുൻപ് വെളിപ്പെട്ടയാളും അടിമുടി കേരള വിരോധിയും ആയ രാജീവ് ചന്ദ്രശേഖറി ലൂടെ NDA തലസ്ഥാനത്തു വിജയം നേടി.
ബംഗാളിലെ വിധി ജനവിധിയാണെന്നു വിശ്വസിക്കുന്നതിനു ബുദ്ധിമുട്ടുണ്ട്.മാസങ്ങളായി അവിടെ നടന്ന സംഭവപരമ്പര ആണ് കാരണം. മാധ്യമങ്ങൾ അത് ഭരണവിരുദ്ധവികാരം എന്നു പൊതുവായി അടയാളപ്പെടുത്തുന്നതിനോട് വിയോജിക്കുന്നു. ബംഗാളിന്റെ പതനം ഇന്ത്യയുടെ നിവൃത്തികേടാണ്. ഗുരുതരവും ദൂരവ്യാപകവും ആയിരിക്കും അതിന്റെ തുടർ പ്രകമ്പനങ്ങൾ.
തമിഴ്നാടിലെ പുതിയ പാർട്ടിയെ കുറിച്ച് എന്തെങ്കിലും പറയാൻ ഇപ്പോൾ നിവൃത്തിയില്ലല്ലോ..
ഇതോടെ കേന്ദ്ര സർക്കാരിനോടും മോദി – ഷാ അധികാര കേന്ദ്രത്തിനോടും നേർക്കുനേർ എന്തെങ്കിലും പറയാൻ മുതിർന്ന മുഖ്യമന്ത്രിമാർ പുറത്താക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യം കൂടുതൽ ദുർബലമാവാനുള്ള അനുകൂല സാഹചര്യം ആണ് അതുമൂലം വന്നു ചേർന്നിട്ടുള്ളത്.
ഇടതു കക്ഷികൾ രാജ്യത്തു ഭരണപക്ഷത്തു നിന്നു പൂർണമായും ഒഴിവായിരിക്കുന്നു. തൊഴിലും തൊഴിലാളിയും ബാഹ്യവും ആന്തരികവും ആയ നിരവധി പ്രാതികൂല്യങ്ങൾ നേരിടുന്ന സാഹചര്യത്തിൽ അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും
കഴിഞ്ഞതവണ തുടർഭരണം ലഭിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ തിരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ സാമ്പ്രദായിക വിധിയെഴുത്തായി സ്വീകരിക്കപ്പെടുമായിരുന്നു. വിമർശകർ എത്ര നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചാലും എടുത്ത് കാണിക്കാവുന്ന പല ഭരണനേട്ടങ്ങളും പിണറായി സർക്കാറിന് അവകാശപ്പെട്ടതായി ഉണ്ട്. എങ്കിലും ഒരു സർക്കാർവിരുദ്ധ വികാരം നിലവിൽ ഉണ്ടായിരുന്നു എന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ആദ്യ റൗണ്ടുകളിൽ പിണറായി പിന്നോക്കം പോയത് അദ്ദേഹത്തിന് എതിരെ ജനവികാരം ഉണ്ടെന്ന് മാധ്യമങ്ങളും വിമർശകർരും ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നതിൽ വാസ്തവം ഉണ്ടെന്ന് തെളിയിച്ചിരിക്കുന്നു.
മുതിർന്ന പല നേതാക്കളെയും മാറ്റിനിർത്തുകയും തന്റെ സ്ഥാനാർത്ഥിത്വത്തിന് പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമായി തുടർച്ച കല്പിക്കുകയും ചെയ്തത് പിണറായിയുടെ രാഷ്ട്രീയ വ്യക്തിത്വത്തിന് മങ്ങൽ ഏൽപ്പിച്ചു. നല്ല പ്രവർത്തന റെക്കോർഡും അഴിമതി വിരുദ്ധരെന്ന ജനസമ്മതിയും ഉള്ള നേതാക്കൾ തഴയപ്പെടുമ്പോൾ പ്രകടിപ്പിക്കുന്ന നൈരാശ്യം ലാഘ വത്തോടെ അവഗണിച്ചതും വിനയായി.
5 ലക്ഷം ലൈഫ് ഭവനങ്ങൾ നിർമ്മിച്ചു നൽകുകയും ആയിരക്കണക്കിന് പട്ടയങ്ങൾ വിതരണം ചെയ്യുകയും വയനാട്ടിലെ ദുരന്തബാധിതരെ മാതൃകാപരമായി പുനരധിവസി പ്പിക്കുന്നതിന് തുടക്കമിടുകയും ചെയ്ത മുഖ്യമന്ത്രി, പാർട്ടിയോടൊപ്പം നിന്നവരും അല്ലാത്തവരുമായ സാധാരണക്കാർ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്രൂരമായ ജീവിതാനുഭവങ്ങൾ നേരിട്ടപ്പോൾ അടിസ്ഥാന വർഗ്ഗത്തിന്റെ മുഖ്യമന്ത്രിയായി അവരുടെ അടുത്തെത്തിയില്ല. താഹ,ശുഹൈബ്, മധു, ജിഷ്ണു, നിധിൻ രാജ്എന്നിവ ചില പേരുകൾ മാത്രം.അത്തരം സന്ദർഭങ്ങളിൽ പാർട്ടി അതിർത്തികൾ അവഗണിച്ചു വി എസ് സ്വീകരിച്ച മാനുഷികസമീപനം കൈവിട്ടു. കരിങ്കൊടി പ്രകടനം ഉൾപ്പെടെയുള്ള ജനാധിപത്യ പതിഷേധങ്ങളോട് പോലും അസഹിഷ്ണുവായി. RSS സ്വാധീനം ആരോപിക്കപ്പെട്ട പോലീസ് സേനയെ തിരുത്തുന്നത് പോയിട്ട് വിമർശിക്കാൻ പോലും തയ്യാറായില്ല. സ്വന്തം വകുപ്പ് ഏറ്റവും വിമർശിക്കപ്പെട്ട വകുപ്പായി മാറുന്നതു വക വെയ്ക്കാതെ പോലീസ് അക്രമങ്ങളെ ന്യായീകരിച്ചു.
തിരഞ്ഞെടുപ്പിന് മുൻപും പിൻപും നടന്ന സർവേകളിൽ, രണ്ടാം ഊഴത്തിൽ അടിസ്ഥാന തലത്തിൽ സിപിഎം പ്രവർത്തകർ അവരുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ പോലും ജനകീയ പ്രശ്നങ്ങളിൽ ഇടപെടാതെയും ജനങ്ങളിൽ നിന്നകന്നും നിലകൊണ്ടു എന്ന് പൊതുവെ നിരീക്ഷിക്കപ്പെട്ടു. കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് അത്തരം അവഗണനകൾ പൊറുക്കുകയില്ല എന്ന് ഈ ഫലത്തിൽ നിന്ന് ഇടതുപാർട്ടികൾ പഠിച്ചെടുക്കണം.
നാനാവിഭാഗങ്ങളും മതാലസ്യത്തിൽ മുഴുകാൻ വെമ്പുന്ന ഒരു സമൂഹത്തിൽ മതനിരപേക്ഷ നിലപാട് മുറുകെപ്പിടിക്കുക വോട്ട് രാഷ്ട്രീയത്തിന് വലിയ വെല്ലുവിളിയാണ്. പക്ഷേ ഇടത് രാഷ്ട്രീയ കക്ഷികൾ അതിൽ ഒരിക്കലും വിട്ടുവീഴ്ചയോ അവസരവാദിത്തമോ കൈക്കൊള്ളരുത് . രണ്ടാം പിണറായി സർക്കാറിന് പലതവണ ഈ വിഷയത്തിൽ കാൽ വഴുതി. മുന്നോക്ക സംവരണം വെള്ളാപ്പിള്ളിയുമായുള്ള ചാർച്ച , അയ്യപ്പ സംഗമം എന്നിവ ഇടത് അനുഭാവികൾക്ക് പോലും പിന്താങ്ങുവാൻ കഴിയാത്ത വ്യതിചലനങ്ങളായിരുന്നു. ഹ്രസ്വകാല നേട്ടങ്ങൾക്കു വേണ്ടി ഒരു ജനതയുടെ സ്ഥായിയായ അനുഭാവങ്ങളെയും , രാഷ്ട്രീയ അവബോധത്തെയും അവഗണിക്കുന്നത് ആത്മഹത്യാപരമാണ്.
മാധ്യമങ്ങൾ പൊതുവെ രണ്ടാം ഇടതു സർക്കാരിന്റെ ശത്രുപക്ഷത്തായിരുന്നു എന്ന് വിമർശകർ പോലും സമ്മതിക്കും. ഒരാഴ്ചക്കുള്ളിൽ ഒരു ഡസനിലധികം മാധ്യമങ്ങളെ സമചിത്തതയോടെ അഭിമുഖീകരിച്ചു, ജനാധിപത്യ ഉത്തരവാദിത്തം പ്രകടിപ്പിച്ച മുഖ്യമന്ത്രി ഒരു പൊതു സമ്മേളനത്തിൽ സദസ്സിലെ ഒരംഗത്തിനോട് നടത്തിയ പ്രതികരണത്തിന്റെ പേരിൽ ആഴ്ചകളോളം വേട്ടയാടപ്പെട്ടത് ഉദാഹരണം. കടുത്ത പരിമിതികളിലും എടുത്തു പറയാവുന്ന കണക്കുകളോടെ മികവിലേയ്ക്ക് എത്താൻ അത്യധ്വാനം ചെയ്യുന്ന ആരോഗ്യ വകുപ്പ് വിരലിൽ എണ്ണാവുന്ന പിഴവുകളുടെ പേരിൽ നിശിതമായി ആക്രമിക്കപ്പെടുകയുണ്ടായി. കേന്ദ്രത്തിന്റെ fund വിഹിത നിഷേധങ്ങൾക്കെതിരെ ഒരു വാക്ക് എഴുതുകയോ ചർച്ചചെയ്യുകയോ ചെയ്യാത്തവർ സംസ്ഥാന സർക്കാരിന്റെ വിതരണത്തിലെയും വിനിയോഗത്തിലെയും കുടിശ്ശികക്കണക്കുകൾ നിരത്തുന്നതിൽ നിർലോഭരായി.
അതതു ദേശങ്ങളിലെ പരിത സ്ഥിതിക്കനുസൃതമായി ബാഹ്യ ഇടപാടുകൾ ക്രമപ്പെടുത്തുകയും സ്ഥാപിത ലക്ഷ്യം ഒളിപ്പിച്ചു വെയ്ക്കുകയും ചെയ്യുന്ന ജമാ അത്ത് ഇസ്ലാമിക്കെതിരെയുള്ള നിലപാട് മുസ്ലിം വിരുദ്ധതയായി ദുർവ്യാഖ്യനിക്കാൻ കോൺഗ്രസ് , മുസ്ലിം ലീഗ് എന്നിവർക്കൊപ്പം മുൻ കമ്മ്യൂണിസ്റ്റുകളും ഉണ്ടായി.
കേരളത്തെ നാണം കെടുത്തിയ ചലച്ചിത്ര രംഗത്തെ സ്ത്രീപീഡനങ്ങൾ നിയമാ നുസൃതം നേരിടുമെന്ന് ആദ്യഘട്ടത്തിൽ തോന്നിപ്പിച്ചുവെങ്കിലും അവിടത്തെ നായക മേധാവിത്വത്തിന് കീഴടങ്ങി. ഹേമ കമ്മിറ്റി റിപ്പോർട്ട് ചവറ്റു കുട്ടയിലെറിഞ്ഞത് പൊറുക്കാനാവാത്ത സ്ത്രീവിരുദ്ധതയായി.
സർക്കാരിന്റെ നേട്ടങ്ങൾക്ക് പിന്നിൽ കഠിനാധ്വാനം ചെയ്ത ശിവശങ്കർ, നവീൻ ബാബു തുടങ്ങിയ ഉദ്യോഗസ്ഥർ നേരിട്ട നീതി നിഷേധവും സർക്കാരിന്റെ നിലപാടുകളെ സംശയത്തിന്റെ നിഴലിലാക്കി
കേന്ദ്രത്തിൽ നിന്നും അഭൂതപൂർവമായ നിസ്സഹകരണവും നിഷേധാത്മകതയും നേരിട്ട ഭരണകാലം കൂടി ആയിരുന്നു കഴിഞ്ഞ അഞ്ച് വർഷങ്ങൾ. ഇത് ഉയർത്തിക്കാട്ടുവാൻ ഭരണകക്ഷി വേണ്ടത്ര ഊർജ്ജം വിനിയോഗിച്ചില്ല എന്നത് തിരിച്ചടിയായി. കേന്ദ്രത്തിനെതിരെ ശക്തവും പ്രകടവുമായ അവകാശസമരങ്ങൾ സംഘടിപ്പിക്കുന്നതിൽ ഇടതു സർക്കാർ പരാജയപ്പെട്ടുകൂടാ. അത് സ്വാഭാവികമായും സർക്കാറിന്റെ ദൗർബല്യമായി വിലയിരുത്തപ്പെടും.
വികസനം പ്രധാനമാണ്.അതോടൊപ്പം സർവതലസ്പർശിയായ സുസ്ഥിതിയും നൈതികതയും പുലരുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയും വേണം എന്ന് ജനം ആഗ്രഹിക്കുന്നു.
ആശങ്കപ്പെട്ടത് പോലെ വോട്ട് കൃത്രിമങ്ങൾ സംസ്ഥാനത്ത് സംഭവിച്ചില്ല എന്നത് ആശ്വാസകരമാണ്. ഇപ്പോഴും പൗരന്മാർ തങ്ങളുടെ വോട്ടവകാശം തിരിച്ചറിവോടെയും ബോധപൂർവ്വമായും ഉപയോഗിക്കാൻ ബദ്ധശ്രദ്ധരാണെന്നതും സംസ്ഥാനത്തെ സംബന്ധിച്ച് ജനാധിപത്യത്തിൽ ഉള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ്.
