പൂമുഖം LITERATUREകഥ അനാമിക

അനാമിക

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ക്ലാസ്സുകൾ തുടങ്ങുന്നതിൻ്റെ ഏതാനും മിനുട്ടുകൾക്ക് മുമ്പാണ് അയാൾ പഠിപ്പിക്കേണ്ട വിഷയത്തെ കുറിച്ച് കൂടുതൽ അറിയാനെന്നോണം ഓൺലൈൻലൈബ്രറി റെഫറൻസ് ഗ്രന്ഥങ്ങളിൽ മുഖം പൂഴ്ത്തിയത്. ഡെസ്ക് ടോപ്പിന് അരികിലായി ചാർജിൽ വെച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നും ഈയിടെ വൈറലായിമാറിയ റാസ്പുട്ടിൻ സം​ഗീതത്തിന്റെ റിങ്ങ്ടോൺ കേൾക്കുന്നുണ്ടായിരുന്നു. സ്റ്റാഫ് മുറിയിലെ കനത്ത നിശബ്ദതയെ ഭഞ്ജിച്ചതും അകലം പാലിച്ചിരുന്ന അനുഷ്ക ടീച്ചർ ഇടം കണ്ണിട്ട് അയാളെ നോക്കി ഊറിച്ചിരിച്ചു. മനസ്സിൽ എന്നും നൃത്തച്ചുവടുകളെ ആരാധിച്ചിരുന്ന അയാൾക്ക് മെ‍ഡിക്കൽ വിദ്യാർത്ഥികളുടെ റാസ്പുട്ടിൻ നൃത്തം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം എത്രയോ വലുതാണെന്നറിയാമായിരുന്നു. സംഗീത നൃത്താദി കലകൾക്ക് അതിർവരമ്പുകൾ നിശ്ചയിക്കുന്ന പുതിയ കാലത്തെ ചിന്താരീതികളെ എതിർത്തേ പറ്റൂ. കാലത്തു തന്നെ ആരാണ് വിളിക്കുന്നതെന്നറിയാനുള്ള ജിഞ്ജാസയാൽ മൊബൈൽ കാതോടു ചേർത്തു.

അങ്ങേ തലക്കൽ സ്കൂൾ കൗൺസിലർ.

“മിസ്റ്റർ ദേവൻ “

“യെസ് മാം “

“ഇന്ന് താങ്കൾക്ക് 3 B ക്ലാസ്സുണ്ടല്ലോ അല്ലേ”

“അതെ മേം നാലാമത്തെ പിരിയഡ് “

“ഉം.ആ ക്ലാസ്സിലൊരു പെൺകുട്ടിയുണ്ട് സ്റ്റുഡന്റ് ഓഫ് ഡിറ്റർമിനേഷൻ. ഒന്നു പ്രത്യേകം ശ്രദ്ധിച്ചേക്കണം.”അത്തരം കുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് പ്രത്യേക പരിഗണനയാണെന്ന് അയാൾക്കറിയാവുന്നതാണ്.. ഇൻസ്പെക്ഷൻ ഉണ്ടാകുമ്പോഴൊക്കെ അവരുടെ റിപ്പോർട്ട് നിർബന്ധമായും ഫയൽ ചെയ്തു വെക്കണമായിരുന്നു.

പതിനെട്ടു വർഷമായി വിവിധ എമിറേറ്റ് സുകളിലെ സ്കൂളുകളിൽ പ്രവൃത്തി പരിചയമുണ്ടെന്നൊന്നും അയാൾ അവരോട് പറഞ്ഞില്ല.

“അറിയാം മാം. ആ കുട്ടിയുടെ പേരൊന്ന് പറയോ?”

“അനഘ വാസുദേവ്”

“മറ്റുള്ള കുട്ടികളെ പോലെയല്ല, അവളിച്ചിരി ഹൈപ്പർ ആക്ടീവാണ് “

“ഓകെ ടീച്ചർ അക്കാര്യം ഞാനേറ്റു.”

സംസാരത്തിനിടയിൽ എന്താണ് ആ കുട്ടിയുടെ യഥാർഥ പ്രശ്നമെന്ന് ചോദിക്കാൻ മറന്നു. സാരമില്ല. വരുന്നിടത്ത് വെച്ച് കാണാം. അയാളുടെ നെഞ്ചിടിപ്പ് ദ്രുതഗതിയിലായി. കമ്പ്യൂട്ടർ കീപാഡിൽ ചലിച്ചിരുന്ന വിരലുകളിൽ വിയർപ്പ് കിനിഞ്ഞു.

കഴിഞ്ഞ പത്തു പതിനാല് വർഷമായി സീനിയർ സെക്കൻ്ററിയിലായിരുന്നു. കൊറോണക്കാലം വരുത്തിയ അനിശ്ചിതത്വത്തിനിടയിലാണ് അപ്രതീക്ഷിതമായി ജോലി നഷ്ടമാകുന്നത്. ദൈവാനുഗ്രഹം കൊണ്ടൊന്നു മാത്രമാണ് പെട്ടെന്ന് തന്നെ മറ്റൊരു ജോലി തരപ്പെട്ടത്. ഇന്നത്തെ കാലത്ത് ജോലി നഷ്ടമായ ഉടനെത്ത ന്നെ മറ്റൊന്ന് ശരിയാകുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇതിപ്പോൾ ചെറിയ കുഞ്ഞുങ്ങൾക്കാണ് ക്ലാസ്സെടുക്കേണ്ടത്. അവരുടെ നിലവാരത്തിലേക്ക് ഇറങ്ങണം. ഹയർ സെക്കൻ്ററി ക്ലാസ്സിലെ കുട്ടികൾക്ക് മുന്നിൽ പ്രകടമാക്കിയിരുന്ന കൃത്രിമ ഗൗരവഭാവമൊന്നും പുറത്തെടുക്കരുത്.. അയാൾ പഴയ ‘ഡിസിപ്ലിനറി ഓഫീസറെ’ സ്വയം മെരുക്കിയെടുക്കാൻ ശ്രമിച്ചു.

ക്ലോക്കിലേക്ക് നോക്കി. ഇനി അഞ്ചു മിനുട്ടുകൂടി ബാക്കിയുണ്ട്.പ്രിൻസിപ്പാളിന്റെ മൊട്ടത്തല വരാന്തയിൽ പ്രത്യക്ഷമായതും സ്റ്റാഫ് റൂം നിശബ്ദമായി.

രാജ്യത്തിൻ്റെ വിവിധ എമിരേറ്റ്സുകളിൽ നാലു ചുമരുകൾക്കിടയിലായി വീർപ്പുമുട്ടുന്ന കുട്ടികൾ. അവരിൽ ഇന്നേവരെ സ്കൂൾപടി എന്തെന്നു കാണാത്ത കുട്ടികളുമുണ്ട്. സത്യം പറഞ്ഞാൽ ഓൺലൈൻ ക്ലാസ്സുകൾ ഒരുതരം ഞാണിന്മേൽ കളിയാണ്. കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും അധ്യാപകരുടെ പെടാപ്പാടുകൾ കാണുന്നുണ്ട്. നാട്ടിലേത് പോലെയല്ല, ഈ മരുഭൂനഗരത്തിൽ അധ്യാപകർ വല്ലാതെ സമ്മർദ്ദങ്ങൾ അനുഭവിക്കുന്നുണ്ട്. ഓൺലൈൻ ക്ലാസ്സുകളാണെങ്കിലും ഇൻസ്പെക്ഷന് ഒരുകുറവുമില്ല. ടെക്‌നോഫോബിയ പ്രകടമാക്കിയിരുന്ന എത്രയോ അധ്യാപകരാണ് പൊടുന്നനെ എല്ലാം പഠിച്ചെടുത്തത്.

അയാൾ മൊബൈലിൽ നോക്കി. രണ്ട് മിനുട്ടുകൂടി ബാക്കിയുണ്ട്. ഇത്തിരി നേരത്തെ കയറിയേക്കാം. ഹാജർ എടുക്കുമ്പോഴേക്കും എല്ലാവരും വന്നു ചേരും. അയാൾ മൈക്രോസോഫ്റ്റ് ടീംസിലെ 3 B ക്ലാസ്സ് ക്ലിക്ക് ചെയ്തു. മിന്നൽവേഗത്തിൽകുട്ടികൾ ഓരോന്നായി സൈൻ ഇൻ ചെയ്തു. മുപ്പതോളം ക്യാമറകൾ ഒരൊറ്റ സ്ക്രീനിൽ വെളിവായി. സ്ക്രീനിന് പിറകിലെ മിന്നായങ്ങൾ. നിഴൽ രൂപങ്ങൾ. കുട്ടികൾക്കരികിലെ സ്ക്രീനിൽ മുഖം തരാതെ അടുക്കളക്കരിപുരണ്ട അമ്മമാരും വീട്ടിലിരുന്നു ജോലി ചെയ്യുന്ന അച്ഛന്മാരും ഒളിഞ്ഞിരിക്കുന്നുണ്ടാകാം. ഓരോ വാക്കുകളും അളന്നു മുറിച്ചു പറയാൻ ഇതിനകം പഠിച്ചു കഴിഞ്ഞിരുന്നു.

ചില സ്ക്രീനുകൾക്ക് മുന്നിലൂടെ നിഴൽ പോലെ രക്ഷിതാക്കൾ കടന്നു പോയി. കണ്ണാടിയും ക്യാമറയും നാം കാണാത്ത കോണുകളിലൂടെ ദൃശ്യങ്ങളെ ഒപ്പിയെടുക്കും. അതിനിടയിലെപ്പോഴാണ് സൂപ്പർവൈസറുടെ എഴുന്നള്ളത്ത് ഉണ്ടാവുകയെന്ന് അനുമാനിക്കാനാവില്ല.

“ഹായ്. സ്റ്റുഡൻസ് വെരി ഗുഡ് മോണിംഗ്.”

ഉച്ചാരണത്തിൽ പ്രത്യേകം ശ്രദ്ധവരുത്തി അയാൾ കുട്ടികളെ അഭിവാദ്യം ചെയ്തു.

“വെരി ഗുഡ് മോണിംഗ് സർ”

മുപ്പതു കുട്ടികളുടെ പ്രത്യഭിവാദ്യത്തിന് മരുക്കാറ്റിൻ്റെ താളമുണ്ടായിരുന്നു. ശബ്ദതരംഗങ്ങളുടെ മിന്നലുകൾ. റീഡിംഗ് പിരിയഡ് ആയതുകൊണ്ട് പന്ത്രണ്ടു കുട്ടികളെയെങ്കിലും മുപ്പത്തിയഞ്ച് മിനുട്ട്ക്ലാസ്സിൽ വായിപ്പിക്കാം. അതിൽ നാലാമതാണ് സുഖമില്ലെന്നു പറഞ്ഞ ആ കുട്ടി. അനഘ. അപ്പോഴും അയാളുടെ കണ്ണുകൾ ആധിയോടെ തിരഞ്ഞിരുന്നത് അനഘ വാസുദേവനെന്ന കുട്ടിയെ ആയിരുന്നു. നാലഞ്ച് കുട്ടികളെ വായിപ്പിച്ചതിന് ശേഷം അയാൾ അനഘയെ പേരെടുത്ത് വിളിച്ചു. മൈക്ക് അൺമ്യൂട്ട് ചെയ്ത് ക്യാമറ ഓൺ ചെയ്യുവാൻ നിർദ്ദേശിച്ചു.

ചുണ്ടും ചിരിയും ഒരു ഭാഗത്തേക്ക് വക്രീകരിച്ച്, തേത്തോലയും തുപ്പലും തെറിപ്പിച്ച് ചിരിച്ചാർത്തെന്നപോലെ ഒരു പെൺകുട്ടിയുടെ വിളറിയ മുഖം സ്ക്രീനിൽ തെളിഞ്ഞു..ദൈവമേ. സ്കൂൾ കൗൺസിലർ മേം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഓർമപ്പെടുത്തിയ സെൻക്കുട്ടി. സ്പെഷൽ എഡ്യുക്കേഷൻ നീഡഡ് (SEN) – ഗൂഗിൾ സേർച്ച് ചെയ്തപ്പോൾ കിട്ടിയ വിവരങ്ങൾ അയാളെ നിർവ്വികാരനാക്കി. ദൈവത്തിന്റെ സംരക്ഷണവലയമുള്ള മാലാഖക്കുട്ടികൾ എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു.

“ഹായ് അനഘ!”

അവൾ മിണ്ടിയില്ല, തലയും ചിലപ്പോൾ ഉടലാകെയും എപ്പോഴും ഇളകി ക്കൊണ്ടിരിക്കുന്നു..

“അനഘ വാസുദേവ്.”

അയാൾ ശബ്ദം കുറച്ചു കൂടെ ഉച്ചത്തിലാക്കി.

“ഇൻഡ്രഡ്യൂസ് യുവർ സെൽഫ്” അനഘ”

അയാൾ ചിരിച്ചു കൊണ്ട് അവളെ പ്രചോദിപ്പിച്ചു.ചന്ദനക്കുറി തൊട്ട് ചുരുളൻ മുടി രണ്ടു ഭാഗത്തേക്കുമായി മെടഞ്ഞിട്ട് വെളുത്ത യൂണിഫോമും പച്ച ടൈയുമണിഞ്ഞ് അവൾ സ്ക്രീനിൽ പ്രത്യക്ഷമായി. കഴിയുന്ന പോലെ ക്യാമറയെ അഭിമുഖീകരിച്ചു. തുപ്പൽ തെറി പ്പിച്ചും, ഇടക്കിടെ ബലംപിടിച്ച കൈവിരലുകൾ കൊണ്ട് മൂക്ക് ചൊറിഞ്ഞും. വക്രിച്ചുള്ള ചിരിയിൽ ആ പെൺകുട്ടി അയാളെ അതിശയിപ്പിച്ചു. ആ ചിരിക്ക് വല്ലാത്തൊരു നിഷ്കളങ്കതയുണ്ടായിരുന്നു.

“അനഘ എന്നോടു പറയു .മോൾക്ക് ഇഷ്ടമുള്ള പുസ്തകമേതാണ്?”

മേശപ്പുറത്ത് വെച്ചിരിക്കുന്ന ജെഫ് കെന്നിയുടെ വിംപി കിഡ് പുസ്തകത്തിൽ നിന്നും പ്രയാസപ്പെട്ടാണെങ്കിലും തത്തമ്മ ചീട്ടെടുക്കുന്ന പോലെ അനിയന്ത്രിതമായ ചലനത്തോടെ അവൾ പുസ്തകം കയ്യിലെടുക്കാൻ ശ്രമിച്ചു. ഒന്നു രണ്ടു പുസ്തകങ്ങൾ താഴെ വീഴുന്നത് അയാൾ സങ്കടത്തോടെ കണ്ടു.അറിയാതെ അയാളുടെ കൈകൾ കമ്പ്യൂട്ടറിലേക്കാഞ്ഞു. അതിനിടയിലാണ് മനോഹരമായ കുപ്പിവളകൾ അണിഞ്ഞ രണ്ടു കൈകൾ വീണുപോയ പുസ്തകങ്ങൾ പെറുക്കിയെടുത്ത് അനഘയുടെ കൈയ്യിൽ ബലമായി പിടിപ്പിക്കാൻ ശ്രമിക്കുന്നതു കണ്ടതും കുട്ടികളുടേതല്ലാത്ത ഹൃദ്യമായ സ്വരം കേട്ടതും.

“എക്സ്ക്യൂസ് മി സർ.. ഞാൻ അനഘയുടെ അമ്മയാണ്, എൻ്റെ മോൾ സുഖല്യാത്ത കുട്ട്യാണ് “

അവരുടെ ശബ്ദത്തിലെ നനവ് അയാൾ അനുഭവിച്ചു.

“ഇറ്റ്സ് ഓ കെ . അറിയാം, അവൾ സ്വയം വായിക്കട്ടെ”

അയാൾ ഭവ്യതയോടെ സ്വരം താഴ്ത്തിയെന്നോണം പറഞ്ഞു അതു കേട്ടതും അനഘ ആഹ്ലാദത്തോടെ എന്തൊക്കെയോ ശബ്ദം പുറപ്പെടുവിച്ചു.

“സർ. എനിക്ക് ജോലിയാവശ്യാർഥം ഒന്നു പുറത്ത് പോകേണ്ടതുണ്ട്. അവളെ നോക്കാനിവിടെ ഒരു സുഡാനി ആയയുണ്ട്”

“സാരല്യ മാം.. പൊക്കോളൂ. ഞാൻ ശ്രദ്ധിച്ചോളാം”

അവർ പോയപ്പോഴാണ് സ്ക്രീനിൽ വീട്ടിലെ ചുമർ അലമാരയിൽ നിരത്തി വെച്ചിരിക്കുന്ന ഫോട്ടോകൾ അയാളുടെ ശ്രദ്ധയിൽ പതിഞ്ഞത്. അവിടെ നൃത്തവേഷത്തിലുള്ള പലതരം ഫോട്ടോകൾ കൃത്യമായി അടുക്കി വെച്ചിരുന്നു. ചെറിയ മുറിയാണെങ്കിലും ഒരു കലാകാരിയുടെ കൈവിരുത് പ്രകടമായിരുന്നു. അയാൾ സൂക്ഷിച്ചു നോക്കി. ആ ഫോട്ടോയിൽ കാണുന്നത് അനാമികയല്ലേ.?

അനാമിക രവി. രവി മാഷുടെ മകൾ. അല്ല. മനസ്സ് നിറയെ ആരാധിച്ചിരുന്ന തൻ്റെ അനു. അവളെങ്ങനെ ഇവിടെ ഈ മരുഭൂമിയിൽ? സുഖമില്ലാത്ത മകളുമൊത്ത്? അന്ന് കോളേജിൽ നിന്നും പോന്നതിന് ശേഷം എത്രയോ സ്ഥലങ്ങളിൽ അവളെ തിരഞ്ഞു. സത്യത്തിൽ അവളുടെ തിരോധാനത്തിന് ഞാനായിരുന്നില്ലേ കാരണം? കൂട്ടുകാരുടെ പൊള്ളയായ വാക്കുകൾ വിശ്വസിച്ച് നഷ്ടപ്പെടുമെന്നായപ്പോൾ ഞാനവളെ നശിപ്പിക്കുകയായിരുന്നില്ലേ…

പെട്ടെന്ന് അയാളെ ഓർമ്മകളിൽ നിന്നും ഉണർത്തി ഒരു നിഴലായി സുഡാനി സ്ത്രീയുടെ മുഖം സ്ക്രീനിൽ തെളിഞ്ഞു. ഇത്തരം കുട്ടികളുടെ രക്ഷിതാക്കൾക്കോ കെയർടേക്കർക്കോ കുട്ടിയുടെ കൂടെ ഇരിക്കാം അധ്യാപകൻ്റെ ക്ലാസിൽ ഇടപെടാം. വിദ്യാഭ്യാസ മന്ത്രാലയം അത് പ്രത്യേകം അനുവദിക്കുന്നുണ്ട്.

മുറിയൻ ഇംഗ്ലീഷിൽ സുഡാനി സ്ത്രീ എന്തൊക്കെയോ പറഞ്ഞു.ഇടക്കിടെ അവർ ടവ്വൽ കൊണ്ട് അനഘയുടെ തുപ്പൽ തുടക്കുന്നുണ്ടായിരുന്നു. ശക്തമായി ഉലയുന്ന അവളുടെ കൈകളിൽ സുഡാനി സ്ത്രീ മുറുകെ പിടിച്ചിരുന്നു. മറ്റു കുട്ടികൾ അനഘയുടെ ചെയ്തികൾ കണ്ട് ഭീതിയോടെ നിശബ്ദരായി. ചിലർ ഇളകിച്ചിരിച്ചു. അയാൾ എന്തൊക്കെയോ തമാശകൾ പറഞ്ഞ് അവരെ വായനാ ലോകത്തേക്ക്തിരിച്ചു കൊണ്ടുവന്നു. ക്ലാസ് അവസാനിച്ചതും അയാൾ മേശപ്പുറത്ത് തലതാഴ്ത്തി അൽപനിമിഷം കിടന്നു.

അനഘയുടേയും അനാമികയുടേയും മുഖങ്ങൾ അയാളുടെ മനസ്സിൽ ആൽബചിത്രം പോലെ താൾ മറിഞ്ഞു. എയർക്കണ്ടീഷൻ്റെ കൃത്രിമത്തണുപ്പിലും അയാൾ വിയർത്തു.. തൊട്ടടുത്തിരുന്ന അനുഷ്ക ടീച്ചർ ചോദിച്ചു

“സർ എന്തു പറ്റി..എന്താ മുഖത്തൊരു ഒരു പരിഭ്രമം”

“നത്തിംഗ് ഒന്നൂല്യ”

വർഷങ്ങൾക്കു മുമ്പുള്ള നാട്ടിലെ കോളേജ് വാർഷികം അയാളുടെ മനസ്സിലൂടെ കടന്നുപോയി. ആർട്സ് ക്ലബ്ബ് സെക്രട്ടറി, കവി.

“ഒരു കവിയായിട്ടു പോലും അവൾ നിന്നെ മൈൻ്റ് ചെയ്യുന്നില്ലല്ലോ.എന്തിനാടാ ഇങ്ങനെ പുറകെ നടക്കുന്നത്”

സഹപാഠികളുടെ കളിയാക്കലിൽ തൊലിയുരിയപ്പെട്ട നിമിഷങ്ങൾ. നൃത്തം കഴിഞ്ഞിറങ്ങി വാഷ്റൂമിലേക്ക് പോയ അവളെ ക്രൂരമായി പ്രാപിക്കുകയായിരുന്നില്ലേ . കഞ്ചാവിൻ്റെ ലഹരിയോടൊപ്പം ഒന്നാം വർഷഡിഗ്രിയിലെ പിള്ളേർ ഒഴിച്ചു തന്ന മദ്യവും കൂടെയായപ്പോൾ തല പെരുത്തിരുന്നു. അതിശയം അതായിരുന്നില്ല. കരഞ്ഞു ഒച്ചവെക്കുമെന്നു കരുതിയ അവൾ പ്രാഥമിക എതിർപ്പുകൾക്കപ്പുറം തനിക്ക് വഴങ്ങിത്തരികയായിരുന്നു. പൂർണ്ണ സമ്മതമല്ലങ്കിലും അനാമികയും തന്നെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. അവളുടെ ചുണ്ടിലെ വിയർപ്പുതുള്ളികൾ.. പവിത്രമെന്നു കരുതിയ ആ ചിലങ്കകൾ.. വേണ്ടെന്ന് പറഞ്ഞിട്ടും താനവളെ…

എത്ര ക്രൂരനാണ് താൻ. ഒരിക്കൽ പോലും അധ്യാപകനാകാൻ യോഗ്യതയില്ലാത്തവൻ നൃത്തമണ്ഡപത്തിൽ നിന്നും ഇറങ്ങി വന്ന ആ ദേവിയെ നിഷ്കരുണമായി…പിന്നീട് ഒരിക്കലും അവൾ കോളേജിൽ വന്നിട്ടില്ല. അന്വേഷിച്ചപ്പോൾ കോർട്ടേഴ്സ് ഉപേക്ഷിച്ച് അവർ ഉത്തരേന്ത്യയിലേക്ക് പോയെന്നാണ് അറിഞ്ഞത്. കുറ്റബോധം അയാളെ കൊണ്ടെത്തിച്ചത് മാനസിക രോഗാശുപത്രിയിലായിരുന്നു. ചുറ്റുപാടുകളിൽ നിന്നുള്ള ഒരു മാറ്റമായിരുന്നു ഡോക്ടർമാർ നിർദ്ദേശിച്ചത്. പ്രവാസം. വീടും നാടുമുപേക്ഷിച്ചു പോകാൻ മാറ്റൊരു കാരണവുമുണ്ടായിരുന്നില്ല. വിഷാദ ഭാവങ്ങളിൽ നിന്നും സ്വയം തിരിച്ചറിയുവാനുള്ള തീർത്ഥയാത്രയാണ് ഓരോ പ്രവാസവും.

കൊറോണയുടെ വകഭേദ തരംഗം ഈ നഗരത്തെ കാർന്നുതിന്നുന്നതിന് മുമ്പാണ് സ്കൂൾ ടാലൻ്റ് ഡേ നടന്നത്. മറ്റുകുട്ടികൾക്കൊപ്പം ഇത്തരം വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കേണ്ടത് ഒഴിച്ചുകൂടാനാകാത്തതാണ്. അനഘയുടെ നൃത്തവും ഉണ്ടായിരുന്നു. അമ്മയായ അനാമികക്കൊപ്പം ചുവടുകൾ വെക്കുമ്പോൾ മാത്രമാണ് അനഘ ഒരു യഥാർഥ നർത്തകിയെപോലെ ചുവടുകൾ വെച്ചത്. ആ നിമിഷങ്ങളിൽ അവളുടെ ശരീരത്തിന് വിറയലുകൾ ഉണ്ടായില്ല എന്നത് അയാളെ അതിശയിപ്പിച്ചു. സമ്മാനം സ്വീകരിച്ചു നടന്നു വരുന്ന അനഘയെ പ്രിൻസിപ്പലും മറ്റു അധ്യാപകരും ആശീർവദിച്ചു.

തിരക്കിനിടയിൽ അയാളും ആ പെൺക്കുട്ടിയെ ചേർത്തു പിടിക്കാനാഞ്ഞു. പക്ഷെ സെക്യൂരിറ്റിയുടെ നിയന്ത്രണത്താൽ അയാൾ വേച്ചു വീണു. ഹാളിനു പുറത്തെ വരാന്തയിൽ വെച്ച് വർഷങ്ങൾക്കു ശേഷം അവർ നേർക്കുനേർ കണ്ടു. കത്തുന്ന കണ്ണുകളുമായി അനാമിക.

“അനുവിന് എന്നെ മനസ്സിലായോ” കവിത വറ്റിയ കണ്ണുകൾ എന്തിനോ വേണ്ടി പ്രകാശിച്ചു.

“അറിയാം. പക്ഷെമോൾ.. അവളറിയേണ്ട.”

“അനാമികയുടെ ഭർത്താവ് ?”

“ഇല്യ. എനിക്കീ ലോകത്ത് സ്വന്തമെന്ന് പറയാൻ ഒരാളേയുള്ളൂ. എൻ്റെ അനഘമോൾ “

“അപ്പോൾ വാസുദേവൻ? “

“അയാൾ ഒരിക്കൽ എൻ്റെ കാണപ്പെട്ട ദൈവമായിരുന്നു. ആ ദൈവത്തിൻ്റെ സമ്മാനമാണ് എൻ്റെ മോൾ.”

മറ്റൊന്നും പറയാതെ അവർ ചുറ്റും കൂടിയ ആളുകൾക്കിടയിലൂടെ അയാളെ തീക്ഷ്ണമായൊന്നു നോക്കി അനഘയെ ചേർത്തുപിടിച്ച് മുന്നോട്ട് നീങ്ങി. അനഘ അയാളെ നോക്കി എന്തൊക്കെയോ അപശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. കണ്ണുകൾ തുറിപ്പിച്ച്, ചുണ്ടുകൾ വക്രീകരിച്ചു. വെള്ളപ്പതയുള്ള തേത്തോല പുറത്തേക്കാഞ്ഞു തുപ്പി…

അകലെനിന്നും വീശിയ മരുക്കാറ്റിൽ അയാളൊന്നാടിയുലഞ്ഞു. അ​ഗ്നിപർവ്വത​മുഖത്തുനിന്നെന്ന പോലെ പ്രവഹിച്ച കഠിനചൂട് എന്നെന്നേക്കുമായി അയാളെ ദഹിപ്പിച്ചു.

കവർ ഡിസൈൻ : ആദിത്യ സായിഷ്

വര : പ്രസാദ് കാനത്തിങ്കൽ

Comments
Print Friendly, PDF & Email

You may also like