അവനിത്തുടിപ്പിൽ ഞാനും നിങ്ങളുമില്ല
ഒരു പുല്ലിന്റെ വിളർച്ചയും
പുഴുവിന്റെ പിടച്ചിലും
ഇലയുടെ ആത്മഹത്യയും
അഴുക്കുകലരുന്ന പുഴയുടെ ദൈന്യവും
മരക്കൊമ്പിൽ
പാതി ചത്ത കുരലുമായിപ്പിടയുന്ന
പക്ഷിപ്പാട്ടും
തുടിപ്പിന്റെ വേദനാംശമാണ്.
മറ്റുള്ളതിനായി നിറയുന്ന കണ്ണുകൾ
ഭൂമിയുടേതാണല്ലോ;
പിടപ്പേറുന്ന ഹൃദയം,
അല്പം അലിവ്,
ആഴമുള്ള കരുണ.

ഞാൻ ഭൂമിയായെങ്കിൽ; നിങ്ങളും.
വിത്തുകൾ അടയിരിക്കുന്ന
ഗർഭപാത്രം മുളച്ചെങ്കിൽ…

പൊക്കിൾച്ചുഴിയിൽ നിന്നൊരു തളിർപ്പ്
രോമരാജികൾ പച്ചപ്പുല്ലുകൾ
നാവിലൊരു കുയിൽപ്പാട്ട്
കാതുകളിൽ അരുവിയുടെ ഇരമ്പം
രക്തക്കുഴലുകൾ ചുവന്ന വേരുകൾ
തലച്ചോറ് മലമടക്കുകളുടെ സംസ്ക്കാരം.

ആയിരം ശിഖരങ്ങളായി ഞാൻ വിരിയട്ടെ
ആയിരം കിളിക്കൂടുകൾ
ആയിരം സ്വപ്നങ്ങളുടെ മുട്ടകൾ
ആയിരമായിരം സ്നേഹക്കുരുവികൾ
പതിനായിരം അവനീവർണ്ണങ്ങൾ.

ഞാൻ ഞാനല്ലാതാകുമ്പോൾ
ഭൂമിയെന്നിൽ ചുരക്കുന്നു
നിങ്ങൾ നിങ്ങളുടെ പടം പൊഴിക്കുമ്പോൾ
ഭൂമി നിങ്ങളിൽ മണക്കുന്നു
അപ്പോൾ മാത്രം
അപ്പോൾ മാത്രം
കണ്ണുനീരിന് നനവ് വരുന്നു.

+ posts

കൊല്ലം സ്വദേശി. കേരള ഗ്രാമീണ ബാങ്ക് ജീവനക്കാരൻ. ദലമർമ്മരങ്ങൾ എന്ന കവിതാ സമാഹാരത്തിലേക്ക് ആറ് കവിതകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
"ഇരിപ്പിടമില്ലാത്ത കവിതകൾ" എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.